This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടോളമി രാജാക്കന്മാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടോളമി രാജാക്കന്മാര്‍

Ptolemy Kings

ബി.സി. 323 മുതല്‍ 30 വരെ ഈജിപ്തില്‍ ഭരണം നടത്തിയ മാസിഡോണിയന്‍ രാജാക്കന്മാര്‍. അലക്സാണ്ടര്‍ ചക്രവര്‍ത്തി ബി.സി. 332-ല്‍ ഈജിപ്ത് ആക്രമിച്ചു കീഴടക്കിയിരുന്നു. അലക്സാണ്ടറുടെ മരണം മുതല്‍ റോമാക്കാര്‍ ഈജിപ്ത് കയ്യടക്കുന്നതുവരെയുള്ള കാലഘട്ടത്തിലാണ് ടോളമി രാജാക്കന്മാര്‍ ഭരണം നടത്തിയത്. അലക്സാണ്ടറുടെ സേനാനായകനായ ടോളമി ഒന്നാമന്‍ ഈ വംശത്തിന്റെ ഭരണത്തിനു തുടക്കം കുറിച്ചു. വില്യം ഷെയ്ക്സ്പിയര്‍ തന്റെ ആന്റണിയും ക്ലിയോപാട്രയും എന്ന നാടകത്തില്‍ മുഖ്യ കഥാപാത്രമായി സ്വീകരിച്ച ക്ളിയോപാട്രയാണ് ഈ വംശത്തിലെ അവസാനത്തെ ഭരണാധിപ. മാസിഡോണിയയില്‍ നിന്നുമെത്തിയ ടോളമി രാജാക്കന്മാരെ ഫറോവമാരുടെ പിന്‍ഗാമികളായി ഈജിപ്തുകാര്‍ അംഗീകരിച്ചു. ടോളമി വംശാധിപത്യത്തിന്റെ ആദ്യ ദശകങ്ങളില്‍ ഗ്രീസില്‍ നിന്നും മാസിഡോണിയയില്‍നിന്നും ധാരാളം പേര്‍ കച്ചവടക്കാരായും സൈനികരായും ഈജിപ്തില്‍ കുടിയേറിക്കൊണ്ടിരുന്നു. ഇവരില്‍ പലരും പിന്നീട് ഈജിപ്തിലെ സ്ഥിരം പൗരന്മാരായി മാറി. കാലാന്തരത്തില്‍ ഈജിപ്തിന്റെ ഭാഷയും സംസ്കാരവും ഗ്രീക്ക് സ്വാധീനത്തിന് വശംവദമായിത്തീര്‍ന്നു.

അലക്സാണ്ടര്‍ ബി.സി.332-ല്‍ നൈല്‍ നദീതീരത്തു സ്ഥാപിച്ച അലക്സാണ്ട്രിയാ നഗരം തന്നെയാണ് ടോളമി രാജാക്കന്മാരും തങ്ങളുടെ ഭരണകേന്ദ്രമായി സ്വീകരിച്ചത്. ഇവര്‍ കേന്ദ്രീകൃത ഭരണസമ്പ്രദായം അവിടെ ശക്തമാക്കി. രാജ്യത്തിലെ സാമ്പത്തിക വ്യവസ്ഥിതി രാജാക്കന്മാരുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു. ഈജിപ്തിലെ വിഭവങ്ങള്‍ പരമാവധി ചൂഷണം ചെയ്യുന്ന രീതിയാണ് ഇവര്‍ പിന്തുടര്‍ന്നത്. പുറം രാജ്യങ്ങളില്‍നിന്ന് കൂലിപ്പണിക്കാരെ ഇവിടെ എത്തിച്ചു. ശ്രദ്ധാപൂര്‍വമായ സാമ്പത്തിക പരിപാടികളിലൂടെ ഇവര്‍ വമ്പിച്ച സമ്പത്തു സമ്പാദിച്ചു. സൈനിക സജ്ജീകരണത്തിനും, മറ്റു രാജ്യങ്ങളുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതിനും, കല, സാഹിത്യം, ശാസ്ത്രം തുടങ്ങിയവയെ പരിപോഷിപ്പിക്കുന്നതിനുമായി ഈ സമ്പത്ത് ഇവര്‍ വിനിയോഗിച്ചു. അലക്സാണ്ട്രിയ നഗരം പുരാതന ലോകത്തിന്റെ സാംസ്കാരികവും ബൗദ്ധികവുമായ സങ്കേതമാക്കി മാറ്റി. ജ്യാമിതിയില്‍ അഗ്രഗണ്യനായ യൂക്ളിഡും, ജ്യോതിശ്ശാസ്ത്രജ്ഞരായ അരിസ്റ്റാര്‍ക്കസ്, ഇറാത്തോസ്ത്തനിസ് തുടങ്ങിയ പ്രമുഖ ശാസ്ത്രജ്ഞരും ഇക്കാലത്താണ് ഇവിടെ ജീവിച്ചിരുന്നത്.

മെഡിറ്ററേനിയന്‍ പ്രദേശത്ത് മേല്‍ക്കോയ്മ നിലനിറുത്തുന്നതിനായി ടോളമി രാജാക്കന്മാര്‍ക്ക് നിരവധി യുദ്ധങ്ങള്‍ ചേയ്യേണ്ടിവന്നു. സെല്യുസിദുകളായിരുന്നു ഇവരുടെ പ്രധാന ശത്രുക്കള്‍. പാലസ്തീനിന്റെയും ഫിനീഷ്യയുടെയും നിയന്ത്രണത്തിനായി സെല്യുസിദുകളുമായി അരഡസനോളം യുദ്ധങ്ങള്‍ നടത്തേണ്ട സാഹചര്യമുണ്ടായി. ഈ യുദ്ധങ്ങളില്‍ മിക്കതിലും വിജയം വരിക്കുവാനും ഇവര്‍ക്കു സാധിച്ചു.

ബി.സി. 3-ാം ശ. ആയപ്പോഴേക്കും ടോളമി വംശത്തിന്റെ ശക്തി ക്ഷയിച്ചുതുടങ്ങി. സെല്യുസിദ് രാജാവായ ആന്റിയോക്കസ് കകകാമന്‍ ബി.സി. 217-ല്‍ നടത്തിയ ആക്രമണത്തിനെതിരായി പിടിച്ചുനില്‍ക്കുവാന്‍ ടോളമി രാജാവിന് തദ്ദേശീയരായ ഈജിപ്തുകാരുടെ സഹായം വേണ്ടിവന്നു. ഇതുമുതല്‍ക്കാണ് ടോളമി രാജാക്കന്മാരുടെ വിശാലലോക വീക്ഷണം ദേശീയ സമീപനത്തിനു വഴിമാറിയത്. ടോളമി വംശം ദുര്‍ബലമായിക്കൊണ്ടിരിക്കെ, ബി.സി.30 ആയപ്പോഴേക്കും, ഈജിപ്ത് റോമാസാമ്രാജ്യത്തിന്റെ ഭാഗമായി മാറി.

ടോളമി വംശത്തിലെ പ്രധാന രാജാക്കന്മാര്‍.

ടോളമി I (സോട്ടര്‍ - soter; ബി.സി. സു.367-283). ടോളമി രാജവംശത്തിന് ഈജിപ്തില്‍ രാഷ്ട്രീയവും സൈനികവുമായ അടിത്തറ പാകിയ ഭരണാധികാരി. ഭ.കാ.ബി.സി. 323-285. മാസിഡോണിയയിലെ കുലീന കുടുംബാംഗമായ ലാഗോസിന്റെ മകനായി സു. 367-ല്‍ ഇദ്ദേഹം ജനിച്ചു. അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ വിശ്വസ്ത സേനാനായകരില്‍ ഒരാളായിരുന്നു ഇദ്ദേഹം. ഇന്ത്യയുള്‍പ്പെടെയുള്ള ഏഷ്യന്‍ പ്രദേശങ്ങളില്‍ അലക്സാണ്ടര്‍ നടത്തിയ ആക്രമണങ്ങളില്‍ ഇദ്ദേഹം പ്രധാന പങ്കുവഹിച്ചു. ബി.സി.323-ല്‍ അലക്സാണ്ടര്‍ മരണമടഞ്ഞു. റീജന്റായിരുന്ന പെര്‍ഡിക്കാസ് (Perdiccas) അലക്സാണ്ടറുടെ സാമ്രാജ്യത്തെ ഭരണനടത്തിപ്പിന് പിന്‍ഗാമികള്‍ക്കായി വീതിച്ചുകൊടുത്തപ്പോള്‍ ഈജിപ്തിലെ സത്രപ് (ഗവര്‍ണര്‍) ആയി ടോളമിയെ നിയമിച്ചു (323). തന്റെ അധികാരം ഉറപ്പിക്കുകയും വ്യാപിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഇദ്ദേഹം ഈജിപ്ഷ്യന്‍ മുഖ്യരുമായി ദീര്‍ഘകാലം യുദ്ധം ചെയ്തു. ആന്റിഗോണസുമായും ഡിമിത്രിയസുമായും യുദ്ധമുണ്ടായി. ബി.സി. 305- ല്‍ ഇദ്ദേഹം രാജാവായി സ്വയം പ്രഖ്യാപനം നടത്തി. ഈജിപ്തിനു പുറമേ പലസ്തീനും, സിറ്നെയ്കയും (Cyrenaica; ഇപ്പോഴത്തെ ലിബിയയില്‍) സൈപ്രസും, ഫിനീഷ്യയും സിറിയയുടെ ഭാഗങ്ങളും പലപ്പോഴായി തന്ത്രപൂര്‍വം കയ്യടക്കി. പക്ഷേ, ചിലയിടങ്ങളില്‍ ഈ ആധിപത്യം തുടര്‍ച്ചയായി നിലനിറുത്തുവാന്‍ സാധ്യമായില്ല. ഇന്ത്യയും കിഴക്കേ ആഫ്രിക്കയും മെഡിറ്ററേനിയനും തമ്മില്‍ ബന്ധപ്പെടുത്തിക്കൊണ്ടുള്ള ഒരു വാണിജ്യ ശൃംഖല ഇദ്ദേഹം ഉണ്ടാക്കിയിരുന്നു. ക്ഷേത്ര സ്വത്തുക്കളൊഴികെയുള്ള എല്ലാ സ്വത്തുക്കളും പല മാര്‍ഗങ്ങളിലൂടെ ഇദ്ദേഹം പിടിച്ചെടുത്തു. നികുതിയിനത്തിലൂടെയും വളരെയധികം സമ്പത്ത് ഗവണ്‍മെന്റിന്റെ പക്കലെത്തിക്കുവാന്‍ കഴിഞ്ഞു. ഭരണകാര്യങ്ങളും സൈനികകാര്യങ്ങളും കൂടുതല്‍ കാര്യക്ഷമമാക്കിത്തീര്‍ക്കുവാന്‍ ഗ്രീക്കുകാരെയും മാസിഡോണിയക്കാരെയും പ്രത്യേകം നിയോഗിച്ചു. ഈജിപ്തുകാര്‍ക്ക് തന്നോടുള്ള മനോഭാവം കൂടുതല്‍ സൌഹൃദസാന്ദ്രവും അനുകൂലപ്രദവുമാക്കിത്തീര്‍ക്കുവാനും ജനവിശ്വാസം നേടുവാനും വേണ്ടി, ടോളമി അവരുടെ മതം സ്വീകരിച്ച് അവരിലൊരാളാണെന്ന ധാരണയുളവാക്കി. അലക്സാണ്ട്രിയയിലെ വിഖ്യാതമായ ലൈബ്രറി ഇദ്ദേഹമാണ് സ്ഥാപിച്ചത്. അലക്സാണ്ടറുടെ ആക്രമണങ്ങളെപ്പറ്റി ഗ്രന്ഥം തയ്യാറാക്കിയെങ്കിലും പില്ക്കാലത്ത് അതു നഷ്ടപ്പെട്ടുപോയി. ബി.സി. 285-ല്‍ പുത്രന്‍ ടോളമി IIാമനുവേണ്ടി സിംഹാസനം ഒഴിഞ്ഞുകൊടുത്തു.

ടോളമി II (ഫിലാഡല്‍ഫസ് - Philadelphus; ബി.സി. 308-246). ടോളമി I-ാമന്റെ മകനും പിന്‍ഗാമിയും (ഭ.കാ. ബി.സി. 285-246). പിതാവിനെപ്പോലെ ഇദ്ദേഹവും വിശാലമായ സാമ്രാജ്യം നിലനിറുത്തി. സെല്യുസിദ് രാജാവായ ആന്റിയോക്കസ് I-ാമനുമായി ഇദ്ദേഹം നടത്തിയ യുദ്ധങ്ങള്‍ ഈജിപ്തിനെ കിഴക്കന്‍ മെഡിറ്ററേനിയനിലെ പ്രമുഖ നാവികശക്തിയാക്കി മാറ്റി. റോമുമായി നയതന്ത്രബന്ധം പുലര്‍ത്തിയ ഇദ്ദേഹത്തിന് സിറ്നെയ്ക പ്രദേശം എല്ലാക്കാലത്തും കൈവശം വയ്ക്കാനായില്ല. ആഭ്യന്തര ഭരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും വാണിജ്യാഭിവൃദ്ധിക്കായി ശ്രമിക്കുകയും ചെയ്തു. സാമ്പത്തിക രംഗത്ത് സ്റ്റേറ്റിന്റെ ആധിപത്യം അതിന്റെ പൂര്‍ണ രൂപത്തിലെത്തിയത് കേന്ദ്രീകൃത ഭരണം നടത്തിയ ഇദ്ദേഹത്തിന്റെ കാലത്താണ്. ജനജീവിതത്തിന്റെ എല്ലാ മേഖലകളിലും അഭിവൃദ്ധിയുണ്ടായ കാലഘട്ടമാണിത്. അലക്സാണ്ട്രിയയിലെ ലൈബ്രറി വികസിപ്പിക്കുകയും കല, സംസ്കാരം, ശാസ്ത്രം എന്നിവയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. കവികളായ കാലിമാക്കസും (ലൈബ്രറിയുടെ ചുമതല വഹിച്ച ആള്‍), തിയോക്രിറ്റസും ഇക്കാലത്തു ജീവിച്ചിരുന്നു. അലക്സാണ്ട്രിയയിലെ പ്രസിദ്ധമായ ദീപസ്തംഭത്തിന്റെ പണി പൂര്‍ത്തിയാക്കിയതും ടോളമി II-നാണ്.

ടോളമി III (യൂര്‍ഗെറ്റസ് - Euergetes; ബി.സി. 282 ? - 221). ടോളമി IIാമന്റെ മകനും തുടര്‍ന്നു ഭരിച്ച രാജാവും. (ഭ.കാ. ബി.സി. 246-21.) വിവാഹബന്ധത്തിലൂടെ സിറ്നെയ്കയെ വീണ്ടും ഈജിപ്തുമായി ചേര്‍ത്തു. ടോളമി വംശത്തിന്റെ ശക്തി അതിന്റെ പാരമ്യതയിലെത്തിയത് ഇദ്ദേഹത്തിന്റെ കാലത്താണ്. തന്റെ സഹോദരിയും, സെല്യൂസിദ് കിരീടാവകാശിയായ അവരുടെ മകനും കൊല്ലപ്പെട്ടതിന്റെ പേരില്‍ ഇദ്ദേഹം സെല്യുസിദ് രാജ്യം ആക്രമിച്ചു കീഴടക്കി. ഈജിയന്‍ കടലില്‍ ഈജിപ്ഷ്യന്‍ നാവികമേധാവിത്വം ഉറപ്പാക്കി. എല്ലാ മേഖലകളിലും പുരോഗതി പ്രാപിച്ചതാണ് ഇദ്ദേഹത്തിന്റെ ഭരണകാലം. ഈജിപ്ഷ്യന്‍ കലണ്ടര്‍ പരിഷ്ക്കരിച്ച്, അത് ടോളമി വംശ ഭരണത്തിന്റെ തുടക്കത്തില്‍ ആരംഭിക്കുന്നതാക്കി മാറ്റി. ലൈബ്രറി വികസനം, കലയുടെയും സംസ്കാരത്തിന്റെയും പ്രോത്സാഹനം എന്നിവ സ്തുത്യര്‍ഹമായി നിര്‍വഹിച്ചു.

ടോളമി IV (ഫിലൊപേറ്റര്‍ - Philopator; ബി.സി.സു. 244-205). പിതാവ് ടോളമി III-ാമനെ പിന്തുടര്‍ന്ന് ബി.സി. 221-ല്‍ രാജാവായി. 205 വരെ ഭരണം നടത്തി. ഈജിപ്തിന്റെ കൈവശമുണ്ടായിരുന്ന സിറിയന്‍ പ്രദേശങ്ങള്‍ പലതും ഇദ്ദേഹത്തിന്റെ കാലത്ത് നഷ്ടമായി. ആഭ്യന്തര കലാപങ്ങളുടെ കാലഘട്ടമായിരുന്നു അത്. പെട്ടെന്ന് സ്വാധീനിക്കാവുന്ന പ്രകൃതക്കാരനായിരുന്ന ഇദ്ദേഹം ഉപദേശകരുടെ നിര്‍ദ്ദേശം കേട്ട് മാതാവിനെയും മറ്റു ബന്ധുക്കളെയും കൊലപ്പെടുത്തി. ടോളമിവംശ ഭരണത്തിന്റെ തകര്‍ച്ച തുടങ്ങിയത് ഇദ്ദേഹത്തിന്റെ ഭരണകാലത്താണ്.

ടോളമി V (എപ്പിഫാനസ് - Epiphanes; ബി.സി.സു. 210-180). ടോളമി IVാമന്റെ മകനും പിന്‍ഗാമിയും. അഞ്ചു വയസ്സുള്ളപ്പോള്‍ അധികാരത്തിലെത്തി. പല റീജന്റുമാരും ഇദ്ദേഹത്തിന്റെ പേരില്‍ ഭരണം നടത്തി. പിതാവിന്റെ കാലത്തെ അഭ്യന്തര കലഹങ്ങള്‍ ഇദ്ദേഹത്തിന്റെ കാലത്തും തുടര്‍ന്നിരുന്നു. ഇക്കാലത്ത് സെല്യുസിദ്രാജാവ് ആന്റിയോക്കസ് IIIാമനും മാസിഡോണിയയിലെ ഫിലിപ്പ് Vാമനും കൂടി ഈജിപ്തിന്റെ വകയായി വിദേശത്തുണ്ടായിരുന്ന ഭൂപ്രദേശങ്ങള്‍ തട്ടിയെടുത്തു. സെല്യൂസിദ് രാജകുമാരി ക്ലിയോപാട്ര Iനെ ബി.സി. 193-ല്‍ ഇദ്ദേഹം വിവാഹം കഴിച്ചു.

ടോളമി VI (ഫിലൊമെറ്റര്‍ - Philometor; ബി.സി.186 ? - 145). ടോളമി Vാമന്റെ മൂത്ത പുത്രന്‍. തീരെ ചെറുപ്പമായിരുന്നപ്പോള്‍ അമ്മ ക്ലിയോപാട്രയുടെ റീജന്‍സിയില്‍ അധികാരമേറ്റു. 181 മുതല്‍ 145 വരെ രാജാവായിരുന്നു. ക്ലിയോപാട്ര 176-ല്‍ മരിക്കുന്നതുവരെ ഭരണം നല്ല രീതിയില്‍ നടന്നു. സെല്യുസിദ് രാജാവ് ആന്റിയോക്കസ് IVാന്‍ 170-ല്‍ ഈജിപ്ത് ആക്രമിച്ച് ഇദ്ദേഹത്തെ തടവുകാരനാക്കി. ഇതോടെ അലക്സാണ്ട്രിയക്കാര്‍ ഇദ്ദേഹത്തിന്റെ സഹോദരന്‍ ടോളമി VIIIാമനെ (യൂര്‍ഗെറ്റസ് II - Euergetes) രാജാവാക്കി. പിന്നീട് സഹോദരന്മാര്‍ രണ്ടുപേരും ഒത്തുചേര്‍ന്ന് ഭരണം നടത്തുകയും ചെയ്തു. ആന്റിയോക്കസ് 168-ല്‍ വീണ്ടും ഈജിപ്ത് ആക്രമിച്ചെങ്കിലും റോമാക്കാര്‍ ഇടപെട്ടതോടെ പിന്‍വാങ്ങി. തുടര്‍ന്ന് സഹോദരന്മാര്‍ തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടാവുകയും ഇവര്‍ തമ്മിലുള്ള സംഘട്ടനം ഒഴിവാക്കാനായി റോമാക്കാര്‍ ഇടപെട്ട് ടോളമി VIIIാമന് 163-ല്‍ സിറ്നെയ്ക പ്രദേശത്തിന്റെ ഭരണം വിട്ടുകൊടുക്കുകയും ചെയ്തു. ടോളമി VIാമന്‍ തന്റെ സഹോദരിയായ ക്ളിയോപാട്ര കകനെ വിവാഹം കഴിച്ചു. ഒരു യുദ്ധത്തിലേറ്റ പരിക്കിനെത്തുടര്‍ന്ന് ടോളമി VIാമന്‍ 145-ല്‍ മരണമടഞ്ഞു. പുത്രന്‍ ടോളമി VIIാമന് ദുര്‍ബലമായ രാജ്യമാണു ലഭിച്ചത്.

ടോളമി VII (ഫിലോപേറ്റര്‍ നിയോസ് - Philopator Neos; ഭ.കാ.ബി.സി. 145). ടോളമി VIാമന്റെ പുത്രനാണ് ഇദ്ദേഹം. പിതാവിന്റെ മരണത്തെത്തുടര്‍ന്ന് മാതാവ് ക്ലിയോപാട്ര IIന്റെ റീജന്‍സിയില്‍ ഇദ്ദേഹം 145-ല്‍ ഭരണാധികാരിയായി. എന്നാല്‍ അധികം കഴിയുംമുമ്പ് പിതൃസഹോദരനും പിതാവിനൊപ്പം സഹചക്രവര്‍ത്തിയുമായിരുന്ന ടോളമി VIIIാമന്‍ (സിറ്നെയ്കയുടെ ഭരണാധികാരി) ഇദ്ദേഹത്തെ പുറത്താക്കുകയും അധികാരം പിടിച്ചെടുക്കുകയും ചെയ്തു. ക്ലിയോപാട്ര IIനെ ടോളമി VIIIാമന്‍ ഭാര്യയാക്കുകയുമുണ്ടായി.

ടോളമി VIII (യൂര്‍ഗെറ്റസ് II- Euergetes II; ബി.സി. 184 ? -116). ടോളമി V-മന്റെ പുത്രനും ടോളമി VI-ന്റെ സഹോദരനുമാണിദ്ദേഹം. ബി.സി.170 മുതല്‍ 164 വരെ ടോളമി VI-ാമന്റെ സഹചക്രവര്‍ത്തിയായി ഭരണം നടത്തി. 163 മുതല്‍ 145 വരെ ഇദ്ദേഹം സിറ്നെയ്കയുടെ ഭരണാധിപനായിരുന്നു. ടോളമി VI-ന്റെ മരണശേഷം അധികാരത്തില്‍ വന്ന ടോളമി VII-നെ അധികാര ഭ്രഷ്ടനാക്കിക്കൊണ്ട് 145-ല്‍ ഈജിപ്തിന്റെ ഭരണം പിടിച്ചെടുത്തു. ടോളമി VI-ന്റെ ഭാര്യയായിരുന്ന ക്ലിയോപാട്ര IIനെ ഇദ്ദേഹം വിവാഹം കഴിച്ചിരുന്നു. അവരുടെ പുത്രിയായ ക്ലിയോപാട്ര IIIനേയും പിന്നീട് ഇദ്ദേഹം വിവാഹം കഴിക്കുകയുണ്ടായി. ഭാര്യമാര്‍ തമ്മിലുണ്ടായ തര്‍ക്കം ഇദ്ദേഹത്തിന്റെ ഭരണകാലത്ത് രാജ്യത്തിന്റെ ആഭ്യന്തര സ്ഥിരതയ്ക്ക് ഭീഷണിയായി ഭവിച്ചു. ബി.സി. 116-ല്‍ മരണമടയുന്നതുവരെ ഇദ്ദേഹം അധികാരത്തില്‍ തുടര്‍ന്നു.

ടോളമി IX- XI. ടോളമി VIIIാമന്റെ പിന്തുടര്‍ച്ചക്കാരായ ടോളമി IX-ാമനും (സോട്ടര്‍ II) ടോളമി Xാമനും (അലക്സാണ്ടര്‍ I) മാതാവ് ക്ലിയോപാട്ര IIIനോടൊപ്പം രാജ്യം ഭരിച്ചിരുന്നു. ടോളമി IX, 116 മുതല്‍ 108 വരെയുള്ള കാലത്താണ് ക്ലിയോപാട്രയോടൊപ്പം ഈജിപ്തു ഭരിച്ചത്. ടോളമി X, 108 മുതല്‍ 101-ല്‍ ക്ലിയോപാട്ര മരണമടയുന്നതുവരെ അവരോടൊപ്പവും അതിനുശേഷം 80 വരെ സ്വതന്ത്രമായും ഭരണം നടത്തി. ടോളമി തന്റെ പുത്രനായ ടോളമി XI (അലക്സാണ്ടര്‍ II) 80ല്‍ അധികാരത്തിലേറി. ഇദ്ദേഹം 20 ദിവസം മാത്രമേ ഭരണത്തിലുണ്ടായിരുന്നുള്ളൂ. അപ്പോഴേക്കും അലക്സാണ്ട്രിയക്കാര്‍ ഇദ്ദേഹത്തെ കൊലപ്പെടുത്തി.

ടോളമി XII (ഓലിറ്റിസ് - Auletes; ബി.സി.സു. 112-51). ടോളമി IX-ാമന്റെ പുത്രന്‍. ബി.സി. 80 മുതല്‍ മരണം വരെ രാജാവ്. റോമാക്കാരുടെ പിന്തുണയെ ആശ്രയിച്ചുള്ള ഇദ്ദേഹത്തിന്റെ ഭരണം അസ്ഥിരമായിരുന്നു. റോമാക്കാരുടെ ആക്രമണങ്ങളെ പണം നല്‍കി ഒഴിവാക്കുകയാണ് ഇദ്ദേഹം ചെയ്തത്. എങ്കിലും, ടോളമി വംശത്തിന്റെ അധീനതയിലുള്ള സൈപ്രസ് റോമാക്കാര്‍ പിടിച്ചെടുത്തു. താന്‍ ഈജിപ്തിന്റെ ഭരണാധികാരിയാണെന്ന അംഗീകാരം ഇദ്ദേഹം റോമില്‍ നിന്ന് ബി.സി. 59-ല്‍ നേടി. തന്റെ കലാപകാരികളായ പ്രജകള്‍ക്കെതിരെ സഹായമഭ്യര്‍ഥിച്ചുകൊണ്ട് അടുത്തവര്‍ഷം ഇദ്ദേഹം ഇറ്റലിയിലെത്തി. കൂടുതല്‍ പണം നല്‍കിയപ്പോള്‍ റോമാക്കാര്‍ മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം (55) ഇദ്ദേഹത്തെ അധികാരത്തില്‍ തിരിച്ചെത്തിച്ചു. ടോളമി ​XII-ാമന്‍ 51-ല്‍ മരണമടഞ്ഞു. ഇദ്ദേഹത്തിന്റെ പുത്രി പ്രസിദ്ധയായ ക്ലിയോപാട്ര VIIഉം അവരുടെ സഹോദരന്‍ ടോളമി XIII-​ഉം തുടര്‍ന്ന് ഭരണാധികാരികളായി.

ടോളമി XIII (ഫിലോപേറ്റര്‍ - Philopator; ഭ.കാ.ബി.സി.സു.51-47). പിതാവ് ടോളമി XII-ാമന്റെ മരണശേഷം ഇദ്ദേഹം ബി.സി. 51 മുതല്‍ 47 വരെ ഈജിപ്തിലെ രാജാവായി. സഹോദരിയായ ക്ലിയോപാട്ര VII നോടൊപ്പമാണ് ഇദ്ദേഹം ഭരണം നടത്തിയത്. ക്ലിയോപാട്ര 51 മുതല്‍ 30 വരെ ഭരണാധിപയായിരുന്നു. ക്ലിയോപാട്രയെ ടോളമി വിവാഹം കഴിച്ചു. ക്ലിയോപാട്രയുടെ പ്രവര്‍ത്തനങ്ങളില്‍ സംശയാലുവായ ടോളമി ബി.സി.48-ല്‍ ഇവരെ ഈജിപ്തില്‍ നിന്ന് പുറത്താക്കി. എന്നാല്‍ ക്ളിയോപാട്ര സ്വന്തമായി സൈന്യത്തെ സംഘടിപ്പിച്ചുകൊണ്ട് ഈജിപ്തിന്റെ വടക്കു കിഴക്കുള്ള നഗരമായ പെലൂസിയം ആക്രമിച്ചു കീഴടക്കുകയാണുണ്ടായത്. റോമന്‍ ജനറലായിരുന്ന ജൂലിയസ് സീസര്‍ അലക്സാണ്ട്രിയ ആക്രമിച്ചപ്പോള്‍ (ബി.സി. 48-47) ടോളമിയും ക്ലിയോപാട്രയും കുറച്ചുകാലം ഒന്നിച്ചുനിന്നു. തുടര്‍ന്ന് ക്ലിയോപാട്ര സീസറുമായി അടുപ്പത്തിലായി. ടോളമിയും സീസറും തമ്മില്‍ നടന്ന യുദ്ധത്തില്‍ ടോളമി കൊല്ലപ്പെട്ടു.

ടോളമി ​XIV (ഫിലോപേറ്റര്‍ - Philopator; ഭ.കാ.ബി.സി. സു. 47-44). ടോളമി XIII-ാമന്റെ മരണശേഷം അദ്ദേഹത്തിന്റെ സഹോദരനായ ടോളമി XIV- ാമന്‍ കുറച്ചുകാലം (ബി.സി. 44-ല്‍ മരണമടയുന്നതുവരെ) ക്ലിയോപാട്രയോടൊപ്പം ഭരണം നടത്തി.അവസാനത്തെ ടോളമി ഭരണാധിപ ക്ലിയോപാട്രയാണ്. (ഭ.കാ.ബി.സി. 51-30) ഇവരോടൊപ്പം പുത്രന്‍ (സീസറുടെ മകന്‍) ടോളമി XVാമനും (ഫിലോപേറ്റര്‍ ഫിലോമെറ്റര്‍ സീസര്‍- Philopator Philometor) ഭരണത്തില്‍ പങ്കാളിയായി. ക്ലിയോപാട്ര ആദ്യം ജൂലിയസ് സീസറിനോടൊപ്പവും പിന്നീട് മാര്‍ക്ക് ആന്റണിയോടൊപ്പവും ജീവിച്ചു. ക്ലിയോപാട്രയും മാര്‍ക്ക് ആന്റണിയും ബി.സി. 30-ല്‍ മരണമടഞ്ഞതോടെ ഈജിപ്ത് ഒരു റോമന്‍ പ്രവിശ്യയായിത്തീര്‍ന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍