This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടോറിസെല്ലി, എവാന്‍ജലിസ്റ്റ (1608-47)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടോറിസെല്ലി, എവാന്‍ജലിസ്റ്റ (1608-47)

Torricelli, Evangelista

ബാരോമീറ്റര്‍ പരീക്ഷണങ്ങളുടെ പേരില്‍ അറിയപ്പെടുന്ന ഇറ്റാലിയന്‍ ശാസ്ത്രജ്ഞന്‍. 1608-ല്‍ ഇറ്റലിയിലെ ഫെന്‍സായില്‍ ജനിച്ചു. റോമിലാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 1641-ല്‍ ഗലീലിയോയുടെ ക്ഷണപ്രകാരം ഫ്ളോറന്‍സിലെത്തി. കുറച്ചുനാളുകള്‍ക്കകം ഗലീലിയോ മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ സ്ഥാനത്ത് രാജകീയ ഗണിതജ്ഞനായി ടോറിസെല്ലി അവരോധിക്കപ്പെട്ടു.

1643-ല്‍ ടോറിസെല്ലി മെര്‍ക്കുറി ബാരോമീറ്റര്‍ കുപിടിച്ചു. 1644-ല്‍ ജ്യാമിതീയ പഠനങ്ങളെയും, ചലനത്തെയും അധികരിച്ച് ഇദ്ദേഹം ഒരു ഗ്രന്ഥം രചിച്ചു. അത് ഗലീലിയോയുടെ ഗവേഷണങ്ങള്‍ക്ക് പ്രതിഷ്ഠ നല്‍കാന്‍ സഹായകമായി. വായുവിന് ഭാരമുണ്ടെന്ന് ടോറിസെല്ലി പരീക്ഷണങ്ങളിലൂടെ തെളിയിച്ചു. ഭാരവും മര്‍ദവും ഒന്നല്ലെന്നു സ്ഥാപിക്കാനും ഇദ്ദേഹത്തിനു കഴിഞ്ഞു. ദൂരദര്‍ശിനിയുടേയും സൂക്ഷ്മദര്‍ശിനിയുടേയും നിര്‍മാണത്തില്‍ ഇദ്ദേഹം ചില പരിഷ്കാരങ്ങള്‍ വരുത്തി. ടോറിസെല്ലിയുടെ ഗവേഷണഫലങ്ങള്‍ മുഴുവനും അദ്ദേഹത്തിന്റെ ജീവിതകാലത്ത് പ്രസിദ്ധീകരിക്കുകയുണ്ടായില്ല. പലതും പില്ക്കാലത്ത് കലനം (Calculus) എന്ന ഗണിതശാഖയില്‍ പ്രത്യക്ഷപ്പെട്ടെങ്കിലും അതിനുള്ള അംഗീകാരം അദ്ദേഹത്തിനു ലഭിക്കാതെപോയി.

എവാന്‍ജലിസ്റ്റ ടോറിസെല്ലി

'ഹൈ വാക്വം ടെക്നോളജി'യില്‍ ടോറിസെല്ലിയുടെ നാമധേയത്തില്‍ മര്‍ദത്തിന്റെ ഒരു യൂണിറ്റ് പ്രചാരത്തിലുണ്ട്. ടോര്‍ (Torr) എന്ന ഈ യൂണിറ്റ് 1 മി.മീ. മെര്‍ക്കുറി നാളത്തിന്റെ മര്‍ദത്തിനു തുല്യമാണ് (അന്തരീക്ഷമര്‍ദം 760 മി.മീ. മെര്‍ക്കുറിക്കു തുല്യമാണ്). S.I.യൂണിറ്റ് സമ്പ്രദായത്തില്‍ ഇത് 133.322 ന്യൂട്ടണ്‍/ച.മീ. ആകുന്നു. വായുമര്‍ദം സംബന്ധിച്ച ടോറിസെല്ലിയുടെ പഠനങ്ങള്‍ക്കുള്ള മറ്റൊരംഗീകാരമെന്ന നിലയില്‍ ബാരോമീറ്ററില്‍ മെര്‍ക്കുറി നിരപ്പിനു മുകളില്‍ കാണുന്ന ശൂന്യസ്ഥലത്തെ 'ടോറിസെല്ലി വാക്വം' എന്ന് നാമകരണം ചെയ്തിരിക്കുന്നു.

ഹൈഡ്രോഡൈനമിക്സില്‍ ടോറിസെല്ലിയുടെ പേരിലറിയപ്പെടുന്ന പ്രസിദ്ധമായൊരു സിദ്ധാന്തം ഉണ്ട് ഒരു ടാങ്കില്‍ നിറച്ച ദ്രാവകം, ടാങ്കിന്റെ വശത്തുള്ള സുഷിരത്തിലൂടെ പുറത്തേക്ക് ഒഴുകുമ്പോള്‍ അതിന്റെ നിര്‍ഗമന വേഗത (ബഹിര്‍സ്രാവ പ്രവേഗം -velocity of efflux) ദ്രാവകനിരപ്പിന്റെ ഉയരത്തെ ആശ്രയിച്ചിരിക്കും. അത് ദ്രാവക നിരപ്പിന്റെ തലത്തില്‍ നിന്നും സുഷിരത്തിന്റെ തിരശ്ചീന തലത്തിലേക്ക് ഒരു വസ്തു സ്വതന്ത്രമായി നിപതിച്ചാല്‍ ആ വസ്തു ആര്‍ജിക്കുന്ന വേഗതയ്ക്ക് തുല്യമായിരിക്കും. ഈ ലംബദൂരം h ആണെങ്കില്‍ വേഗത v = 2gh, g = ഗുരുത്വബലം മൂലം വസ്തുവിനുണ്ടാകുന്ന ത്വരണം (acceleration). ഈ തത്ത്വം ടോറിസെല്ലി തിയറം എന്ന പേരിലറിയപ്പെടുന്നു.

1647 ഒ. 25-ന് ടോറിസെല്ലി ഫ്ളോറന്‍സില്‍ അന്തരിച്ചു ഇദ്ദേഹത്തിന്റെ അക്കാദമിക് ലക്ചേഴ്സ് എന്ന കൃതി 1715-ല്‍ പ്രസിദ്ധീകൃതമായി.

(ഡോ. എം. എന്‍. ശ്രീധരന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍