This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടോമോനാഗ, ഷിന്‍ഇചിറോ (1906 - 79)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടോമോനാഗ, ഷിന്‍ഇചിറോ (1906 - 79)

Tomonaga,Shinichiro

ജാപ്പനീസ് ഭൗതികശാസ്ത്രജ്ഞന്‍. ക്വാണ്ടം ഇലക്ട്രോഡൈനമിക്സില്‍ അടിസ്ഥാന കണികകളെക്കുറിച്ചുള്ള മൗലിക ഗവേഷണ ഫലങ്ങള്‍ക്ക് 1965-ലെ നോബല്‍സമ്മാനം പങ്കിട്ടു.

ടോമോനാഗ 1906 മാ. 31-ന് ടോക്യോയില്‍ ജനിച്ചു. ക്യോട്ടോ സര്‍വകലാശാലയില്‍നിന്ന് 1929-ല്‍ ബിരുദം നേടി. ടോക്യോയിലെ ഫിസിക്കല്‍ ആന്‍ഡ് കെമിക്കല്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ യോഷിയൊ നിഷിനയുടെയും ലെയ്പ്സിഗില്‍ വെര്‍നര്‍ ഹെയ്സന്‍ബര്‍ഗിന്റെയും കീഴില്‍ ഇലക്ട്രോഡൈനമിക്സില്‍ ഗവേഷണം നടത്തി. ഇലക്ട്രോണ്‍ പോലുള്ള ചാര്‍ജിത കണങ്ങള്‍ക്ക് മറ്റു ചാര്‍ജിത കണങ്ങളോടോ പ്രകാശ ക്വാണ്ടങ്ങളായ ഫോട്ടോണുകളോടോ ഉള്ള പ്രതിപ്രവര്‍ത്തനത്തെ ഗണിതീയമായി വിശദീകരിക്കുന്നതാണ് ഈ ശാസ്ത്രശാഖ. 1940-കളില്‍ ഇദ്ദേഹം രൂപംനല്‍കിയ സിദ്ധാന്തങ്ങള്‍ അത്യന്തം കൃത്യതയുള്ളവയായിരുന്നു. ക്വാണ്ടം ഫീല്‍ഡ് സിദ്ധാന്തത്തില്‍ അവതരിപ്പിച്ച കോവേരിയന്റ് ഫോര്‍മലിസവും പ്രോട്ടോണ്‍, ന്യൂട്രോണ്‍ എന്നിവയുടെ ഘടനാവിശദീകരണാര്‍ഥം ആവിഷ്ക്കരിച്ച ഇന്റര്‍മീഡിയറ്റ് കപ്ലിങ് തിയറിയും സമന്വയിപ്പിച്ച് ഡൈവേര്‍ജന്‍സ് പ്രശ്നം നിര്‍ധാരണം ചെയ്യാന്‍ ടോമോനാഗയ്ക്കു കഴിഞ്ഞു. ഇത് വിശിഷ്ട ആപേക്ഷികതാസിദ്ധാന്തവുമായി പൊരുത്തപ്പെടുകയും ചെയ്തു. ഫെര്‍മിയോണ്‍ വ്യൂഹമാതൃക, മൈക്രോവേവ് സിസ്റ്റം, മാഗ്നട്രോണ്‍ ദോലന ക്രിയാവിധി തുടങ്ങിയ ഇതര മേഖലകളിലും ഇദ്ദേഹത്തിന്റെ സംഭാവനകള്‍ വിലപ്പെട്ടവയാണ്.

ഷിന്‍ഇചിറോ ടോമോനാഗ

രണ്ടാം ലോകയുദ്ധകാലത്ത് സ്വന്തം ഗവേഷണങ്ങളിലൂടെ ക്വാണ്ടം ഇലക്ട്രോഡൈനമിക്സില്‍ വികസിപ്പിച്ചെടുത്ത നിരീക്ഷണഫലങ്ങള്‍ 1943-ല്‍ ജാപ്പനീസ് ഭാഷയിലാണ് ടോമോനാഗ പ്രസിദ്ധീകരിച്ചത്. യുദ്ധാനന്തരം 1947-ല്‍ മാത്രമാണ് പാശ്ചാത്യര്‍ ഇതറിയുന്നത്. എന്നാല്‍ ഇതേ കാലഘട്ടത്തില്‍ത്തന്നെ അമേരിക്കക്കാരായ റിച്ചാര്‍ഡ് ഫിലിപ്സ് ഫെയ് ന്‍മാന്‍, ജൂലിയന്‍ ഷ്വിന്‍ഗെര്‍ എന്നിവരും ഇതേ രംഗത്ത് വ്യത്യസ്ത സമീപനങ്ങളോടെ നടത്തിയ സ്വതന്ത്ര ഗവേഷണങ്ങളും ടോമോനാഗയുടെ കുപിടിത്തങ്ങളോടു സമാനസ്വഭാവമുള്ളവയായിരുന്നു. 1965-ലെ ഭൌതികശാസ്ത്രത്തിനുള്ള നോബല്‍സമ്മാനം മൂവരും ചേര്‍ന്നു പങ്കുവയ്ക്കുകയും ചെയ്തു.

ടോമോനാഗയുടെ അക്കാദമിക പ്രവര്‍ത്തനരംഗം മുഴുവനും ടോക്യോയിലെ ക്യോയ്കു സര്‍വകലാശാലയില്‍ ആയിരുന്നു. 1941 മുതല്‍ അവിടത്തെ ഫിസിക്സ് പ്രൊഫസറും 1956 മുതല്‍ '62 വരെ യൂണിവേഴ്സിറ്റി പ്രസിഡന്റുമായി ഇദ്ദേഹം സേവനമനുഷ്ഠിച്ചു. ഓപ്റ്റിക്കല്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍, സയന്‍സ് കൗണ്‍സില്‍ ഒഫ് ജപ്പാന്റെ പ്രസിഡന്റ് എന്നീ പദവികള്‍ക്കുശേഷം 1969-ല്‍ സര്‍വീസില്‍നിന്നു വിരമിച്ചു. നോബല്‍ സമ്മാനത്തിനുപുറമേ, ജപ്പാന്‍ അക്കാദമി പ്രൈസ് (1948), ദി ഓര്‍ഡര്‍ ഒഫ് കള്‍ച്ചര്‍ ഒഫ് ജപ്പാന്‍ (1952), ലൊമൊനൊസോവ് മെഡല്‍ ഒഫ് ദ് യു.എസ്.എസ്.ആര്‍. പ്രസിഡിയം ഒഫ് ദി അക്കാദമി ഒഫ് സയന്‍സസ് (1964) എന്നീ ബഹുമതികള്‍ക്കും ടോമോനാഗ അര്‍ഹനായി. 1962-66 വര്‍ഷങ്ങളിലായി ഇദ്ദേഹം പ്രസിദ്ധപ്പെടുത്തിയ കൃതിയാണ് രണ്ടു വാല്യങ്ങളിലായുള്ള ക്വാണ്ടം മെക്കാനിക്സ്. 1979 ജൂല. 8-ന് ടോക്യോയില്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍