This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടോങ്ഗ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടോങ്ഗ

Tong

ദക്ഷിണ പസിഫിക് സമുദ്രത്തിലെ ഒരു സ്വതന്ത്ര ദ്വീപരാഷ്ട്രം. ഔദ്യോഗിക നാമം: കിങ്ഡം ഒഫ് ടോങ്ഗ. ന്യൂസിലന്‍ഡിന് 1920 കി.മീ. വ. പ. മാറി സ്ഥിതിചെയ്യുന്നു. ടോങ്ഗയില്‍ ഏകദേശം 169 ദ്വീപുകളും അനേകം ചെറുദ്വീപുകളും ഉള്‍പ്പെടുന്നു. തെ. വ. ആയി ഏകദേശം 640 കി.മീ. ചുറ്റളവില്‍ വ്യാപിച്ചിരിക്കുന്ന ഈ ദ്വീപസമൂഹത്തെ നിയൂസ് (Niuas), വാവവ് (Vavau), ഹാപയ് (Ha'apai), ടോങ്ഗടാപു (Tongatapu), യൂവ (Eua) എന്നീ ഡിവിഷനുകളായി വിഭജിച്ചിരിക്കുന്നു. ഓരോ ഡിവിഷനും ഓരോ ചെറു ദ്വീപസമൂഹമാണ്. ഉള്‍നാടന്‍ ജലാശയങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ പരമാവധി വിസ്തീര്‍ണം : 748 ച.കി.മീ.; സ്ഥാനം: അക്ഷ. തെ. 15°-23°30'. രേഖാ. പ.: 173° - 177°. തലസ്ഥാനം : നുക്കുവാലോഫ (Nuku'alofa); ജനസംഖ്യ: 103,000 (1991).

ഭൂപ്രകൃതിയും കാലാവസ്ഥയും. ഹാപയ്, ടോങ്ഗടാപു, വാവവ് എന്നീ മൂന്നു പ്രധാന ദ്വീപസമൂഹങ്ങള്‍ ഉള്‍പ്പെടുന്നതാണ് ടോങ്ഗ. ഇവയിലെ ഭൂരിഭാഗം ദ്വീപുകളും പവിഴ ദ്വീപുകളാണ്. ജനങ്ങളില്‍ ഭൂരിഭാഗവും ഇവിടെയാണ് നിവസിക്കുന്നത്. പവിഴദ്വീപുകള്‍ക്ക് പ. അഗ്നിപര്‍വതജന്യദ്വീപുകളുടെ ഒരു ശൃംഖല സ്ഥിതിചെയ്യുന്നുണ്ട്. ഇവയില്‍ ചിലത് സജീവമാണ്. വളക്കൂറുള്ള ചെളിമണ്ണ് ടോങ്ഗയുടെ പ്രത്യേകതയാണ്. തീരദേശത്ത് മണല്‍ കലര്‍ന്ന മണ്ണിന്റെ തിട്ടുകള്‍ കാണാം. കരഭാഗത്തിന്റെ 14 ശ.മാ. വനമാണ്. ടോങ്ഗടാപു ദ്വീപിലാണ് തലസ്ഥാനനഗരമായ നുക്കുവാലോഫ സ്ഥിതിചെയ്യുന്നത്. ദ്വീപസമൂഹത്തിന് തൊട്ടു കി. സ്ഥിതിചെയ്യുന്ന 'ടോങ്ഗ ട്രെഞ്ചി'ന് 35,598 അടിയോളം ആഴമുണ്ട്. പസിഫിക് സമുദ്രത്തിലെ ആഴമേറിയ ഭാഗങ്ങളില്‍ ഒന്നാണിത്.

നുക്കുവാലോഫയിലെ കൊട്ടാരം

ഈര്‍പ്പമുള്ള ഉഷ്ണമേഖലാപ്രദേശത്തെ സ്ഥാനം ടോങ്ഗയ്ക്ക് ഊഷ്മളമായ കാലാവസ്ഥ പ്രദാനം ചെയ്യുന്നു. സ്ഥാനത്തിനനുസൃതമായ കാലാവസ്ഥാവ്യതിയാനം ഈ ദ്വീപരാഷ്ട്രത്തിന്റെ പ്രത്യേകതയാണ്. രാജ്യത്തിന്റെ തെക്കന്‍ ഭാഗങ്ങളില്‍ സാമാന്യം വരണ്ട തണുത്ത കാലാവസ്ഥയും വടക്കന്‍ ഭാഗങ്ങളില്‍ മിക്കപ്പോഴും ചൂടും, ഈര്‍പ്പവും കൂടിയ കാലാവസ്ഥയും അനുഭവപ്പെടുന്നു. ജനു.-മാ. കാലയളവിലാണ് ഇവിടെ പൊതുവേ ചൂടും ഈര്‍പ്പവും കൂടുതല്‍ അനുഭവപ്പെടുന്നത്. വാര്‍ഷിക വര്‍ഷപാതത്തിന്റെ തോത് വളരെ കൂടുതലുള്ള ഈ പ്രദേശത്ത് ഡി.-മാ. കാലയളവില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നു. വാര്‍ഷിക വര്‍ഷപാതത്തിന്റെ ശ.ശ. 1,643 മി.മീ. മിക്കപ്പോഴും ഈ ദ്വീപസമൂഹം വിനാശകാരികളായ 'ഹരിക്കേനുകള്‍'ക്ക് വിധേയമാകാറുണ്ട്.

സമ്പദ് വ്യവസ്ഥ. പ്രധാനമായും ഒരു കാര്‍ഷികരാജ്യമാണ് ടോങ്ഗ. കൃഷിയാണ് സമ്പദ്വ്യവസ്ഥയുടെ അടിത്തറ. മത്സ്യബന്ധനവും, കയറ്റുമതി വിഭവങ്ങളായ തേങ്ങ, വാഴപ്പഴം എന്നിവയുടെ ഉത്പാദനവും പ്രധാനംതന്നെ. തൊഴിലാളികളില്‍ ഭൂരിഭാഗവും കര്‍ഷകരാണ്. ഭൂമി പൂര്‍ണമായും ദേശസാത്ക്കരിക്കപ്പെട്ടിരിക്കുന്ന ടോങ്ഗയില്‍ പതിനാറു വയസ്സു തികഞ്ഞ ഏതൊരു പൌരനും കൃഷിഭൂമി പാട്ടത്തിനു ലഭിക്കുന്നു. ചെറുകിട ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുവാന്‍ നിരവധി സര്‍ക്കാര്‍ പദ്ധതികള്‍ നിലവിലുണ്ട്. വിനോദസഞ്ചാരമാണ് രാജ്യത്തിന്റെ മറ്റൊരു പ്രധാന ധനാഗമമാര്‍ഗം. ആഭ്യന്തര ഭക്ഷ്യോത്പാദനത്തില്‍ ടോങ്ഗ സ്വയം പര്യാപ്തത കൈവരിച്ചിട്ടുണ്ട്. കൊപ്ര, പഴം, ചേമ്പ്, എന്നിവയ്ക്കു പുറമേ നാളികേര ഉല്പന്നങ്ങള്‍, തണ്ണിമത്തന്‍, തുണിത്തരങ്ങള്‍, കസാവ, മധുര ഉരുളക്കിഴങ്ങ്, തുകല്‍ ഉത്പന്നങ്ങള്‍ തുടങ്ങിയവയും ഇവിടെനിന്നും കയറ്റുമതി ചെയ്യുന്നുണ്ട്. ജപ്പാന്‍, യു.എസ്., ആസ്റ്റ്രേലിയ, ന്യൂസിലന്‍ഡ്, യു.കെ. എന്നിവയാണ് ടോങ്ഗയുടെ വിദേശവാണിജ്യ പങ്കാളികള്‍. നുക്കുവാലോഫ, നീയാഫു എന്നിവ രാജ്യത്തെ പ്രധാന നഗരങ്ങളും തുറമുഖങ്ങളുമാണ്. പാങ്ഗയാണ് ഔദ്യോഗിക നാണയം.

ജനങ്ങളും ജീവിതരീതിയും. ജനങ്ങളില്‍ ഭൂരിഭാഗവും പോളിനേഷ്യന്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരും ക്രിസ്തുമത വിശ്വാസികളുമാണ്. ഭൂരിഭാഗം ജനങ്ങളും ഗ്രാമീണരും കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നവരുമാണ്. മത്സ്യബന്ധനവും പ്രധാന ഉപജീവനമാര്‍ഗം തന്നെ. മിക്ക ദ്വീപുകളിലും വൈദ്യുതിയും ശുദ്ധജലവിതരണവും ലഭ്യമായിട്ടില്ല. ഭരണഘടനാപ്രകാരം ഞായറാഴ്ച പൊതു അവധിയാണ്. 2500 വര്‍ഷം പോളിനേഷ്യക്കാര്‍ ടോങ്ഗയെ അധിവസിച്ചിരുന്നതായി ചരിത്രകാരന്മാര്‍ വിശ്വസിക്കുന്നു. 1822-45 കാലഘട്ടത്തില്‍ ജനങ്ങളിലധികവും ക്രിസ്തുമതം സ്വീകരിച്ചു. വര്‍ധിച്ച ജനസാന്ദ്രതയും ഉയര്‍ന്ന ജനസംഖ്യാപ്പെരുപ്പവുമാണ് വര്‍ത്തമാന ടോങ്ഗയുടെ പ്രധാന സാമൂഹ്യ പ്രശ്നങ്ങള്‍.

ടോങ്ഗ നിയമം 6 മുതല്‍ 14 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്ക് നിര്‍ബന്ധിത വിദ്യാഭ്യാസം നിഷ്ക്കര്‍ഷിക്കുന്നു. ഏകദേശം 125 പ്രൈമറി സ്കൂളുകളും 45 സെക്കന്‍ഡറി സ്കൂളുകളും ടോങ്ഗയിലുണ്ട്. 15 വയസ്സിനു മേല്‍ പ്രായമുള്ള 90 ശ. മാ. ജനങ്ങളും സാക്ഷരരാണ്. ടോങ്ഗയില്‍ സര്‍വകലാശാലകള്‍ ഒന്നുംതന്നെയില്ല. സര്‍വകലാശാലാവിദ്യാഭ്യാസത്തിനു തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികളെ ന്യൂസിലന്‍ഡ്, ആസ്റ്റ്രേലിയ, ഫിജി തുടങ്ങിയ രാജ്യങ്ങളിലേക്ക് അയയ്ക്കുന്നു. നുക്കുവാലോഫയില്‍ ഒരു അധ്യാപക പരിശീലനകോളജ് പ്രവര്‍ത്തിക്കുന്നുണ്ട്. ടോങ്ഗന്‍, ഇംഗ്ളീഷ് എന്നിവയാണ് ഔദ്യോഗിക ഭാഷകള്‍.

ടോങ്ഗടാപുവില്‍ ഒരു അന്തര്‍ദേശീയ വിമാനത്താവളം [ഫൂവ അമോട്ടു (Fuae Amotu)] പ്രവര്‍ത്തിക്കുന്നു.

ചരിത്രം. ഏതാണ്ട് 2500-ല്‍പ്പരം വര്‍ഷങ്ങള്‍ക്കു മുമ്പു മുതല്‍ ഇവിടെ ജനവാസമുണ്ടായിരുന്നു എന്ന നിഗമനത്തിലാണ് പുരാവസ്തു ഗവേഷകര്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്. യൂറോപ്യന്മാരുടെ ആഗമനത്തിനു മുമ്പ് ഇവിടെ വസിച്ചിരുന്നവര്‍ പോളിനേഷ്യന്‍ വര്‍ഗക്കാരായിരുന്നു. ടോങ്ഗയില്‍ ആദ്യമായി എത്തിയ യൂറോപ്യന്മാര്‍ ഡച്ചുകാരാണെന്ന് കരുതപ്പെടുന്നു. 17-ാം ശ.-ത്തിന്റെ പ്രാരംഭത്തോടെതന്നെ ഈ സമ്പര്‍ക്കമാരംഭിച്ചു കഴിഞ്ഞിരുന്നു. ജേക്കബ് ലി മെയ് ര്‍ എന്ന ഡച്ചു പര്യവേക്ഷകന്‍ 1616-ല്‍ ടോങ്ഗ ദ്വീപുകളെപ്പറ്റി മനസ്സിലാക്കിയിരുന്നതായി രേഖകളുണ്ട്. ഡച്ചുകാരനായ ആബെല്‍ ജാന്‍സൂണ്‍ ടാസ്മന്‍ 1643-ല്‍ ഇവിടെയെത്തി. ദ്വീപുകളുടെ മിക്ക ഭാഗങ്ങളും ഇദ്ദേഹം സന്ദര്‍ശിച്ചിരുന്നു. ബ്രിട്ടിഷ് പര്യവേക്ഷകനായ ജെയിംസ് കുക്ക് തന്റെ സമുദ്ര സഞ്ചാരമധ്യേ 1773-ല്‍ ഇവിടെയെത്തി. പിന്നീട് 1777 വരെയുള്ള കാലയളവില്‍ പല തവണ ഇദ്ദേഹം ഇവിടം സന്ദര്‍ശിക്കുകയും ദ്വീപിനെയും ദ്വീപുനിവാസികളെയും കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. ദ്വീപു നിവാസികളുടെ നല്ല പെരുമാറ്റത്തില്‍ ആകൃഷ്ടനായ കുക്ക് ഈ ദ്വീപുകളെ സൗഹൃദ ദ്വീപുകള്‍ എന്നര്‍ഥം വരുന്ന 'ഫ്രണ്ട്ലി ഐലന്റ്സ്' എന്നാണ് വിളിച്ചത്. 1797-ഓടുകൂടി ബ്രിട്ടിഷ് മിഷനറിമാര്‍ ഇവിടെ ക്രിസ്തുമത പ്രചാരണമാരംഭിച്ചു. ഇതോടെ ബ്രിട്ടിഷുകാരുടെ രാഷ്ട്രീയ സ്വാധീനവും വ്യാപിച്ചുതുടങ്ങി. 19-ാം ശ.-ത്തിന്റെ ആദ്യകാലത്ത് ദ്വീപ് ആഭ്യന്തര യുദ്ധത്തിന്റെ പിടിയിലമര്‍ന്നു. തന്മൂലം, രാഷ്ട്രീയമായി വിഘടിതമായിത്തീര്‍ന്ന ഈ ദ്വീപുകളില്‍ പരമ്പരാഗത രാജവംശത്തില്‍പ്പെട്ട യോദ്ധാവും ഭരണാധിപനുമായിരുന്ന ടൗഫാഹു ടുബു (Taufa'ahu Tupou) ആണ് 1845-ല്‍ ഏകീകൃതഭരണം നടപ്പിലാക്കിയത്. 1831-ല്‍ ക്രിസ്തുമതത്തില്‍ ചേര്‍ന്ന് ഇദ്ദേഹം ജോര്‍ജ് ടുബു എന്ന പേരു സ്വീകരിച്ചിരുന്നു. ഇദ്ദേഹം ടോങ്ഗയ്ക്ക് 1862-ല്‍ നിയമ സംഹിതയും 1875-ല്‍ ഭരണഘടനയും ഉണ്ടാക്കി. രാജ്യത്ത് ഭരണഘടനാനുസൃതമായ രാജഭരണം നടപ്പിലാക്കിയെന്ന ഖ്യാതി ഇദ്ദേഹത്തിനുണ്ട്. 1870-80-കളില്‍ ജര്‍മനി, ഗ്രേറ്റ് ബ്രിട്ടന്‍, യു.എസ്. എന്നീ രാജ്യങ്ങളുമായുണ്ടായ ഉടമ്പടികളിലൂടെ ടോങ്ഗയുടെ രാഷ്ട്രീയ പരമാധികാരത്തിന് അംഗീകാരം ലഭിച്ചിരുന്നു. ജോര്‍ജ് ടുബു ഒന്നാമന്‍ 1893 വരെ അധികാരത്തിലിരുന്നു. പിന്നീട് ടുബു രണ്ടാമന്‍ ഈ സ്ഥാനത്തെത്തി. ഇദ്ദേഹത്തിന്റെ ഭരണകാലത്ത് 1900-ാമാണ്ടില്‍ ടോങ്ഗ ഒരു ബ്രിട്ടിഷ് സംരക്ഷിത പ്രദേശമായി മാറി. ടോങ്ഗയ്ക്ക് ആഭ്യന്തര കാര്യങ്ങളില്‍ ഭരണസ്വാതന്ത്ര്യം അനുവദിച്ചിരുന്നു. എന്നാല്‍ രാജ്യരക്ഷയും വിദേശബന്ധവും ബ്രിട്ടിഷ് ഗവണ്‍മെന്റിന്റെ മേല്‍നോട്ടത്തിലായിരുന്നു നടന്നിരുന്നത്. 1958-ലെയും 67-ലെയും ഉടമ്പടികളനുസരിച്ച് ബ്രിട്ടിഷ് നിയന്ത്രണങ്ങളില്‍ അയവു വരുത്തി. 1970 ജൂണ്‍ 4-ന് ടോങ്ഗ പൂര്‍ണ സ്വാതന്ത്ര്യം നേടി. തുടര്‍ന്ന് രാജ്യം ബ്രിട്ടിഷ് കോമണ്‍വെല്‍ത്തിലെ അംഗമാവുകയും ചെയ്തു. എങ്കിലും രാജഭരണവ്യവസ്ഥ തന്നെയാണ് തുടര്‍ന്നിരുന്നത്.

സ്റ്റേറ്റിന്റെയും ഗവണ്‍മെന്റിന്റെയും തലവന്‍ രാജാവാണ്. രാജാവിനുപുറമേ പ്രിവി കൗണ്‍സിലും ലെജിസ്ലേറ്റിവ് അസംബ്ളിയും ജുഡിഷ്യറിയും ചേര്‍ന്നതാണ് ടോങ്ഗയിലെ ഗവണ്‍മെന്റു സംവിധാനം. പ്രിവി കൌണ്‍സില്‍ ക്യാബിനറ്റിനു സമാനമാണ്. രാജാവ് പ്രിവി കൌണ്‍സിലിനെ നിയമിക്കുകയും അതിന്റെ അധ്യക്ഷനായിരിക്കുകയും ചെയ്യുന്നു. ഇതില്‍ പ്രധാനമന്ത്രിയും മറ്റു മന്ത്രിമാരും രണ്ടു ഗവര്‍ണര്‍മാരുമുണ്ട്. 30 അംഗങ്ങളുള്ള ലെജിസ്ല്റ്റിവ് അസംബ്ലിയില്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ 9 പേര്‍ മാത്രമാണ്; കാലാവധി മൂന്നു വര്‍ഷവും. പാരമ്പര്യമായി രാഷ്ട്രീയപാര്‍ട്ടി നിലവിലില്ലാതിരുന്ന ടോങ്ഗയില്‍ ജനാധിപത്യ പരിഷ്കാരങ്ങളെപ്പറ്റിയും പാര്‍ലമെന്ററി പ്രാതിനിധ്യത്തെപ്പറ്റിയും ജനങ്ങള്‍ കൂടുതല്‍ ബോധവാന്മാരായതോടെ 1992-ല്‍ പ്രൊ ഡെമോക്രസി മൂവ്മെന്റ് എന്ന ജനാധിപത്യ പ്രസ്ഥാനമുണ്ടായി. ഇതിന്റെ ആഭിമുഖ്യത്തില്‍ 1994-ല്‍ പീപ്പിള്‍സ് പാര്‍ട്ടി എന്ന രാഷ്ട്രീയപാര്‍ടി നിലവില്‍വന്നു. 1999 മാ.-ലെ തെരഞ്ഞെടുപ്പില്‍ പീപ്പിള്‍സ് പാര്‍ട്ടിയിലെ അഞ്ചു പ്രതിനിധികള്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ ഭരണസംവിധാനത്തില്‍ ജനാധിപത്യ സ്വഭാവം പ്രതിഫലിച്ചുതുടങ്ങി.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9F%E0%B5%8B%E0%B4%99%E0%B5%8D%E0%B4%97" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍