This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടോഗോ റിപ്പബ്ളിക്ക്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ടോഗോ റിപ്പബ്ളിക്ക്
Republic of Togo
പശ്ചിമാഫ്രിക്കയിലെ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രം. ഔദ്യോഗിക നാമം, റിപ്പബ്ളിക് ഒഫ് ടോഗോളീസ്. 'ടോഗോ' എന്ന പദത്തിന്റെ അര്‍ഥം 'കടലിനപ്പുറം' എന്നാണ്. 1919 മതുല്‍ 1960 വരെ ഫ്രാന്‍സിന്റെ അധീനതയിലായിരുന്ന ടോഗോ 1960 ഏ. 27-ന് സ്വാതന്ത്ര്യം നേടി. അത് ലാന്തിക് സമുദ്രത്തിന്റെ ശാഖയായ ഗുനിയന്‍ ഉള്‍ക്കടലില്‍നിന്ന് 587 കി.മീ. ദൈര്‍ഘ്യത്തില്‍ വ്യാപിച്ചുകിടക്കുന്ന ടോഗോയുടെ ശ.ശ. വീതി 64 കി.മീ. ഉം, ഏറ്റവും കൂടിയ വീതി 145 കി.മീ. ഉം ആകുന്നു. വിസ്തീര്‍ണം : 56785 ച.കി.മീ.; അതിരുകള്‍ : പ. ഘാന, വ. ബുര്‍കിന ഫാസോ (Burkina Faso), കി. ബെനിന്‍ (Benin), തെ. ഗുനിയ ഉള്‍ക്കടല്‍. ഔദ്യോഗിക ഭാഷ ഫ്രഞ്ച്; മുഖ്യ വ്യവഹാര ഭാഷ 'ഈവ്' (Ewe); ജനസംഖ്യ 2700982 (1981); തലസ്ഥാനം: ലൊമെ (Lome).
ഭൂപ്രകൃതിയും കാലാവസ്ഥയും. ഭൂപ്രകൃതിയനുസരിച്ച് ടോഗോയെ അഞ്ച് വ്യത്യസ്ത മേഖലകളായി വിഭജിച്ചിരിക്കുന്നു. ഗുനിയന്‍ തീരപ്രദേശത്തിനു സമാന്തരമായി വ്യാപിച്ചിരിക്കുന്നതും ഉയരം കൂടിയ മണല്‍ത്തിട്ടകള്‍ നിറഞ്ഞതുമായ രാജ്യത്തിന്റെ ദക്ഷിണാഗ്രമാണ് ആദ്യത്തേത്. ആഴം കുറഞ്ഞ തടാകങ്ങളും ചതുപ്പുനിലങ്ങളും ഈ ഭൂപ്രദേശത്തിന്റെ സവിശേഷതയാണ്. തീരദേശതടാകങ്ങള്‍ക്ക് വ. 30 മുതല്‍ 60 കി.മീ. വരെ വീതിയിലും, സമുദ്രനിരപ്പില്‍നിന്ന് 90 മീ. ഉയരത്തിലും സ്ഥിതിചെയ്യുന്ന 'വറ്റി' (Watyi) പീഠഭൂമിയാണ് രണ്ടാമത്തേത്. 450 മീ. വരെ ഉയരം ഉള്ള നിമ്നോന്നത പീഠഭൂമിയാണ് മൂന്നാമത്തെ മേഖല. ഈ പീഠഭൂമിയുടെ വ. ഭാഗത്തുകൂടി ഒരു പര്‍വതം ടോഗോയെ മുറിച്ചുകടക്കുന്നുണ്ട്. ഇതിന്റെ തെക്കന്‍ ഭാഗമായ ടോഗോപര്‍വതം നാലാമത്തേയും 'അറ്റകോറ പര്‍വതം' എന്ന പേരില്‍ അറിയപ്പെടുന്ന വടക്കന്‍ ഭാഗം അഞ്ചാമത്തേയും മേഖലകളെ പ്രതിനിധാനം ചെയ്യുന്നു.
ടോഗോപര്‍വതം രാജ്യത്തെ രണ്ട് പ്രധാന നൈസര്‍ഗിക മേഖലകളായി വിഭജിക്കുന്നു. ടോഗോയുടെ തെ. പ. നിന്ന് ആരംഭിച്ച് വ. കി. വരെ വ്യാപിച്ചിരിക്കുന്ന പര്‍വതസാനുക്കള്‍ പശ്ചിമടോഗോയുടെ ഭൂരിഭാഗവും ഉള്‍ക്കൊള്ളുന്നു. ഈ പ്രദേശത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടി 'ബൗമാന്‍' (980 മീ.) ആണ്. ടോഗോ പര്‍വതത്തിന്റെ കി. തെ. ഭാഗങ്ങള്‍ ചരിഞ്ഞിറങ്ങുന്ന പീഠഭൂമിയിലൂടെ കടന്ന് മണല്‍ നിറഞ്ഞ തീരപ്രദേശത്തേക്ക് വ്യാപിക്കുന്നു. പീഠഭൂമിയുടെ ഭൂരിഭാഗവും ഉയരംകൂടിയ പ്രത്യേകയിനം പുല്ലുകളും കടുപ്പമേറിയ വൃക്ഷങ്ങളുംകൊണ്ട് നിബിഢമാണ്. 'മൊണൊ' (Mono) ആണ് ഇവിടത്തെ പ്രധാന നദി. ജനസാന്ദ്രതയേറിയ തീരപ്രദേശത്ത് നിരവധി ചതുപ്പുനിലങ്ങളും, ആഴം കുറഞ്ഞ തടാകങ്ങളും കാണാം. ടോഗോ പര്‍വതത്തിന്റെ വടക്കന്‍ മേഖല ഗോളിംഗ് പുല്‍മേടു മുതല്‍ ബുര്‍കിനഫാസോ അതിര്‍ത്തിവരെ ചായ്മാനം പ്രദര്‍ശിപ്പിക്കുന്നു. ഓട്ടിയാണ് ഈ മേഖലയിലെ മുഖ്യനദി. പുല്‍മേടുകളില്‍ മുള്ളുകളുള്ള പ്രത്യേകയിനം വൃക്ഷങ്ങള്‍ വളരുന്നു. ഇവിടെ ജനസാന്ദ്രത വളരെ കുറവാണ്.
ഉഷ്ണമേഖലാ കാലാവസ്ഥ അനുഭവപ്പെടുന്ന രാജ്യമാണ് ടോഗോ. രാജ്യത്തിന്റെ തെക്കന്‍ മേഖലകളില്‍ മാ.-ജൂലൈ, ഒ.-ന. കാലയളവുകളിലും, വടക്കന്‍ മേഖലകളില്‍ ഏ.-ജൂലൈ കാലയളവിലും മാത്രമേ മഴ ലഭിക്കുന്നുള്ളൂ. തെക്കന്‍ മേഖലകളില്‍ 180 സെ.മീ. -ഉം വടക്കന്‍ ഭാഗങ്ങളില്‍ 100 സെ.മീ. -ഉം വാര്‍ഷിക വര്‍ഷപാതം ലഭിക്കുന്നതായി കണക്കാക്കിയിട്ടുണ്ട്. വരണ്ടതും ഈര്‍പ്പമുള്ളതുമായ തെക്കന്‍ തീരപ്രദേശങ്ങളെക്കാള്‍ (760 മി.മീ.) പര്‍വതചരിവുകളിലാണ് കൂടുതല്‍ മഴ ലഭിക്കുന്നത് (1520 മി. മീ.). മേയ്-ജൂണ്‍, ഒ. മാസങ്ങളില്‍ വര്‍ഷപാതം ശക്തിപ്രാപിക്കുന്നു. 27° സെ. ആണ് താപനിലയുടെ ശരാശരി.
ജനങ്ങളും ജീവിതരീതിയും. വര്‍ഗ-ഭാഷാവൈവിധ്യങ്ങളുടെ നാടാണ് ടോഗോ. വ്യത്യസ്ത ഗോത്രഭാഷകള്‍ സംസാരിക്കുന്ന മുപ്പത്തേഴ് വംശീയ വിഭാഗങ്ങള്‍ ടോഗോയിലുണ്ട്. തെക്കന്‍ ടോഗോയിലെ 'ഈവ്'-ഉം അനുബന്ധ വംശജരുമാണ് ഏറ്റവും വലിയ വംശീയ വിഭാഗം (47ശ.മാ.). കാബ്രി (kabre) ഭാഷാവിഭാഗങ്ങള്‍ക്കാണ് വടക്കന്‍ ടോഗോയില്‍ പ്രാമുഖ്യം (22 ശ.മാ.). ഗുര്‍മ (14 ശ.മാ.), ടെം (Tem) (4 ശ.മാ.) എന്നീ ഭാഷകള്‍ സംസാരിക്കുന്നവരും ഇവിടെ നിവസിക്കുന്നുണ്ട്. വിദ്യാലയങ്ങളില്‍ ഔദ്യോഗികഭാഷയായ ഫ്രഞ്ചിന് പുറമേ 'ഈവ്' -ഉം കാബ്രിയും പഠിപ്പിക്കുന്നുണ്ട്.
പശ്ചിമാഫ്രിക്കന്‍ നെഗ്രിറ്റോയ്ഡ് വര്‍ഗത്തില്‍ ഉള്‍പ്പെടുന്നവരാണ് ടോഗോളീസ് ജനത. ചരിത്രാതീത കാലഘട്ടത്തില്‍ വേട്ടയാടിയും കായ്കനികള്‍ ഭക്ഷിച്ചും ജീവിച്ചിരുന്ന സന്‍ഗോവന്‍ (sangoan) വര്‍ഗത്തിന്റെ പിന്‍ഗാമികള്‍ മധ്യ-ദക്ഷിണ ടോഗോയുടെ വനാന്തരങ്ങളില്‍ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. വോള്‍ട്ടായിക് ഉപകുടുംബത്തില്‍പ്പെട്ട ഗോത്രഭാഷ സംസാരിക്കുന്ന ചെറിയൊരു ശ.മാ. സുഡാനിക് വംശജര്‍ ടോഗോയുടെ വടക്കന്‍ മേഖലകളിലുണ്ട്. 'ഈവ്' (Ewe), 'മിന' (Mina), 'വറ്റി' (Waity) എന്നിവയാണ് ഇവിടത്തെ മുഖ്യ വംശീയ വിഭാഗങ്ങള്‍.
ഭാഷയ്ക്കു പുറമേ ജീവിതരീതി, വസ്ത്രധാരണം, ആഹാരക്രമം എന്നിവയില്‍ സങ്കീര്‍ണതയും വൈജാത്യവും പ്രകടമായി നിലനില്‍ക്കുന്ന ജനസമൂഹമാണ് ടോഗോയിലുള്ളത്. ഉത്തരമേഖലയിലെ ജനജീവിതത്തിലാണ് വൈവിധ്യം അതിന്റെ പാരമ്യതയില്‍ എത്തി നില്‍ക്കുന്നത്. യൂറോപ്യന്‍ സ്വാധീനത്തിന്റെ പ്രതിഫലനമാണ് ദക്ഷിണ ടോഗോളീസ് സമൂഹത്തിന്റെ പ്രത്യേകത. വേഷവിധാനം, തൊഴില്‍, മതം എന്നിവയില്‍ ഇവിടത്തെ ജനങ്ങള്‍ യൂറോപ്യന്‍ പാരമ്പര്യം പിന്‍തുടരുന്നു. റോമന്‍ കത്തോലിക്ക മതവിഭാഗത്തിനാണ് ഇവിടെ കൂടുതല്‍ സ്വാധീനം. പശ്ചിമാഫ്രിക്കന്‍ സാവന്നാ പ്രദേശങ്ങളില്‍ നിന്നും കുടിയേറിയവരുടെ പിന്‍ഗാമികള്‍ക്കാണ് ഉത്തര ടോഗോ ജനസംഖ്യയില്‍ പ്രാമുഖ്യം. വോള്‍ട്ടാ, നൈജര്‍ സാംസ്കാരിക പാരമ്പര്യം ഇവരുടെ സവിശേഷതയാണ്.
ജനസംഖ്യയില്‍ ഭൂരിഭാഗവും (90 ശ.മാ.) ഗ്രാമങ്ങളില്‍ താമസിക്കുന്നു. കൃഷിയാണ് ജനങ്ങളുടെ പ്രധാന തൊഴില്‍. ഗ്രാമീണര്‍ അധികവും സംഘം ചേര്‍ന്നാണ് ജീവിക്കുന്നത്. ഒന്നിലധികം മുറികള്‍ ഒരു പൂമുഖത്തേക്കു തുറക്കാന്‍ കഴിയുന്ന പ്രത്യേക മാതൃകയില്‍ നിര്‍മിച്ചവയാണ് ഗ്രാമീണരുടെ വീടുകളധികവും. ചോളം, കിഴങ്ങുവര്‍ഗങ്ങള്‍ തുടങ്ങിയവ ഇവരുടെ മുഖ്യാഹാരത്തില്‍ ഉള്‍പ്പെടുന്നു. ഗ്രാമീണര്‍ വിവിധ ഗോത്രഭാഷകള്‍ സംസാരിക്കുന്നു. ഇവര്‍ പൊതുവേ വെള്ള പരുത്തിവസ്ര്തങ്ങളാണ് ധരിക്കുന്നത്.
ജനസംഖ്യയില്‍ 85 ശതമാനവും പരമ്പരാഗത ആഫ്രിക്കന്‍ മതം (Animism) പിന്‍തുടരുന്നു. 22 ശ.മാ. ക്രിസ്തുമത വിശ്വാസികളും 20 ശ.മാ. മുസ്ലീങ്ങളും ടോഗോയിലുണ്ട്.
വിദ്യാഭ്യാസം. സാക്ഷരതാനിരക്ക് വളരെ കുറഞ്ഞ രാജ്യമാണ് ടോഗോ. സാക്ഷരത ശ.മാ. ഉയര്‍ത്തുന്നതിനും 2-നും 15-നും മധ്യേ പ്രായമുള്ള കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുന്നതിനും വേണ്ടി എഴുപതുകളില്‍ ടോഗോളിസ് ഗവണ്‍മെന്റ് ഒരു ദേശീയ വിദ്യാഭ്യാസ പ്രചാരണ പരിപാടി സംഘടിപ്പിച്ചു. ഈ പദ്ധതിയുടെ അടിസ്ഥാനത്തില്‍ ഹൈസ്കൂള്‍ തലംവരെ വിദ്യാഭ്യാസം സൗജന്യമാക്കി. 1980-കളുടെ അവസാനത്തില്‍ 90 ശ.മാ. കുട്ടികളും പ്രൈമറി സ്കൂളുകളില്‍ പ്രവേശനം നേടിയിരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ബെനിന്‍ (1965) ആണ് ഏക സര്‍വകലാശാല. 5200-ല്‍ പരം വിദ്യാര്‍ഥികള്‍ ഇവിടെ ഉപരിപഠനം നടത്തുന്നു. ധാരാളം വിദ്യാര്‍ഥികള്‍ വിദേശരാജ്യങ്ങളില്‍, പ്രത്യേകിച്ചും ഫ്രാന്‍സില്‍ ഉപരിപഠനം നടത്തുന്നുണ്ട്. രാജ്യത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഭൂരിഭാഗവും മിഷണറിമാരുടെ അധീനതയിലാണ്.
സമ്പദ്ഘടന. ഒരു കാര്‍ഷിക രാജ്യമാണ് ടോഗോ. കാര്‍ഷികോത്പാദനമാണ് ടോഗോളിസ് സമ്പദ്വ്യവസ്ഥയുടെ അടിസ്ഥാനം. ജനസംഖ്യയില്‍ 80 ശ.മാ. കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നു. കൃഷിയിടങ്ങളില്‍ ഭൂരിഭാഗത്തിനും 3 ഹെ. -നു താഴെ മാത്രമേ വിസ്തൃതിയുള്ളൂ. വളക്കൂറുള്ള മണ്ണിന്റെ ദൗര്‍ലഭ്യവും, ജലസേചന-ഗതാഗതസൗകര്യങ്ങളുടെ അപര്യാപ്തതയും കാര്‍ഷിക സമ്പദ്വ്യവസ്ഥയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു.വിദേശസഹായത്തെ ആശ്രയിക്കേണ്ടിവരുന്നതിനാല്‍ മിക്കപ്പോഴും കാലാനുസൃതമായി കൃഷി ചെയ്യുവാന്‍ കഴിയാതെ വരുന്നുമുണ്ട്. മൊത്ത ഗാര്‍ഹിക ഉത്പാദനത്തിന്റെ 30 ശ.മാ. കാര്‍ഷിക മേഖലയില്‍ നിന്ന് ലഭിക്കുന്നു. കയറ്റുമതി ഉത്പന്നങ്ങളുടെ 70 ശ. മാനവും ഗാര്‍ഹികോപയോഗത്തിന്റെ 50 ശ.മാനവും കാര്‍ഷികോത്പന്നങ്ങള്‍ തന്നെ. കാപ്പി, പാം ഓയില്‍, കൊക്കോ, കസ്സാവ, പരുത്തി, കോള എന്നിവയാണ് മുഖ്യ ഉത്പന്നങ്ങള്‍. പ്രാചീന രീതിയിലുള്ള കൃഷിസമ്പ്രദായമാണ് ടോഗോയില്‍ അവലംബിച്ചിട്ടുള്ളത്. മില്ലെറ്റ്, ചോളം, സോര്‍ഗം എന്നിവയാണ് മുഖ്യ ധാന്യവിളകള്‍. കാപ്പി, പാം ഓയില്‍ കുരു, കൊക്കോ, പരുത്തി എന്നിവയാണ് മുഖ്യമായും കയറ്റുമതി ചെയ്യുന്ന കാര്‍ഷികോത്പന്നങ്ങള്‍. 39000 ച.കി.മീ. വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്ന വനം ടോഗോയുടെ ഭൂഭാഗത്തിന്റെ 22.9 ശ.മാ. ഉള്‍ക്കൊള്ളുന്നു. വനസമ്പത്തില്‍ പ്രധാനമായ തടി, വ്യവസായത്തിനും ഗാര്‍ഹികോപയോഗത്തിനും ഉപയോഗിക്കുന്നു. കന്നുകാലി വളര്‍ത്തലും വ്യാപകമായിട്ടുണ്ട്. 1998-ലെ കണക്കനുസരിച്ച് 1000-ത്തിലധികം കന്നുകാലികള്‍ ടോഗോയിലുണ്ടായിരുന്നു. തീരദേശവാസികളില്‍ നല്ലൊരു ശ.മാ. മത്സ്യബന്ധനം ഉപജീവനമാര്‍ഗമായി സ്വീകരിച്ചിരിക്കുന്നു. മല്‍സ്യോത്പാദനത്തിന്റെ 65 ശ.മാ.വും കടലില്‍ നിന്നാണ് ലഭിക്കുന്നത്.
ടോഗോയുടെ സമ്പദ് വ്യവസ്ഥയില്‍ നിര്‍ണായക സ്ഥാനമാണ് ധാതു സമ്പത്തിനുള്ളത്. ഫോസ്ഫേറ്റ് ഉത്പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്ന ചുരുക്കം ചില ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഒന്നാണ് ടോഗോ. ഫോസ്ഫേറ്റിനു പുറമേ ചുണ്ണാമ്പുകല്ല്, ഇരുമ്പയിര്, മാര്‍ബിള്‍ തുടങ്ങിയ ഖനിജങ്ങള്‍ ടോഗോയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഖനനം ചെയ്യുന്നു. ലൊമെയാണ് മുഖ്യ ഫോസ്ഫേറ്റ് ഉത്പാദനകേന്ദ്രം. 1995-ല്‍ 25,00,000 ടണ്‍ ഫോസ്ഫേറ്റ് ഉത്പാദനം നടന്നു. ഉത്പാദനത്തിന്റെ 40 ശ.മാ. -ത്തിലധികവും കയറ്റുമതി ചെയ്യുന്നു. ഖനന വ്യവസായത്തിന്റെ 20 ശ.മാ. ഓഹരികള്‍ ഗവണ്‍മെന്റ് അധീനതയിലാണ്. ബോക്സൈറ്റ്, ക്രോമിയം എന്നിവയുടെ പരിമിതനിക്ഷേപങ്ങളും ടോഗോയിലുണ്ട്. വിദേശക്കമ്പനികളുടെ സഹകരണത്താല്‍ തീരപ്രദേശത്തുനിന്ന് പെട്രോളിയവും ഉള്‍നാടന്‍ മേഖലകളില്‍നിന്ന് ഡോളോമൈറ്റും ഖനനം ചെയ്യുന്നുണ്ട്. ഫോസ്ഫേറ്റ്, പരുത്തി എന്നിവയുടെ പ്രാഥമിക സംസ്കരണം, പഞ്ചസാര, എണ്ണ എന്നിവയുടെ ശുദ്ധീകരണം തുടങ്ങിയവയാണ് മുഖ്യ ഉത്പാദന വ്യവസായങ്ങള്‍. സിമെന്റ്, ധാന്യമാവ്, പാം ഓയില്‍, സോപ്പ്, പാനീയങ്ങള്‍, വസ്ത്രം തുടങ്ങിയവയുടെ നിര്‍മാണവും ഗണ്യമായ തോതില്‍ പുരോഗമിച്ചിട്ടുണ്ട്. ലൊമെയില്‍ ഒരു എണ്ണ ശുദ്ധീകരണശാലയും പ്രവര്‍ത്തിക്കുന്നുണ്ട്.
ഗതാഗതവും വാര്‍ത്താവിനിമയവും. ഗതാഗത-വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ പരിമിതമായ രാജ്യമാണ് ടോഗോ. നിമ്നോന്നതമായ ഭൂപ്രകൃതി രാജ്യത്തിന്റെ ഗതാഗത-വാര്‍ത്താവിനിമയ വികസനത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നു. ഗതാഗതയോഗ്യമായ മൊത്തം റോഡുകളുടെ നീളം : 7520 കി.മീ. (1996) മാത്രമാണ്. 1996-ലെ കണക്കനുസരിച്ച് ടോഗോയില്‍ 79,200 കാറുകള്‍, 59,000 മോട്ടോര്‍ സൈക്കിളുകള്‍, 33,660 ഇതര വാഹനങ്ങള്‍ എന്നിവയുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ തലസ്ഥാനവുമായി ബന്ധിപ്പിക്കുന്ന നാല് മീറ്റര്‍ഗേജ് റെയില്‍പ്പാതകള്‍ ടോഗോയിലുണ്ട് (നീളം 525). ലൊമെയില്‍ ഒരു അന്താരാഷ്ട്ര വിമാനത്താവളവും തുറമുഖവും സ്ഥിതിചെയ്യുന്നു. 'എയര്‍ ടോഗോ'യാണ് ദേശീയ വ്യോമഗതാഗത ഏജന്‍സി.
വികസ്വരമാണ് ടോഗോയുടെ വാര്‍ത്താവിനിമയരംഗം. റേഡിയോ, ടെലിവിഷന്‍ മാധ്യമങ്ങള്‍ തുടങ്ങിയവ ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലാണ്. 0.7 ദശലക്ഷം റേഡിയോകളും 23,000 ടി.വി. റിസീവറുകളും ടോഗോയിലുണ്ട് (1991). ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലുള്ള ഒരു പത്രവും ടോഗോയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്നുണ്ട്. രാജ്യത്തുടനീളം 388 പോസ്റ്റ് ഓഫീസുകളും പ്രവര്‍ത്തിക്കുന്നു.
ഭരണകൂടം. സ്വതന്ത്ര ടോഗോയ്ക്ക് 1963-ലാണ് ആദ്യ ഭരണഘടന നിലവില്‍ വന്നത്. ഇത് 1967-ല്‍ സസ്പെന്‍ഡു ചെയ്യപ്പെട്ടു. തുടര്‍ന്ന് 1979-ല്‍ നിലവില്‍വന്ന ഭരണഘടന ഏക പാര്‍ട്ടി ഭരണത്തെ സാധൂകരിച്ചു. 1992-ലെ ജനഹിത പരിശോധനയുടെ അടിസ്ഥാനത്തില്‍ നിലവില്‍ വന്ന പുതിയ ഭരണഘടന ബഹു പാര്‍ട്ടി ജനാധിപത്യത്തെ അംഗീകരിച്ചു. അഞ്ച് വര്‍ഷത്തേക്ക് നേരിട്ടു തെരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റും 81 അംഗ ഏക മണ്ഡല നിയമസഭയായ നാഷണല്‍ അസംബ്ളിയും ഉള്‍പ്പെടുന്നതാണ് ടോഗോയുടെ ഭരണകൂടം. അസംബ്ളിയിലെ ഭൂരിപക്ഷപാര്‍ട്ടിയില്‍നിന്നും പ്രധാനമന്ത്രിയെ പ്രസിഡന്റ് തെരഞ്ഞെടുക്കുന്നു. പ്രസിഡന്റുമായി ആലോചിച്ചാണ് പ്രധാനമന്ത്രി മറ്റു മന്ത്രിമാരെ നിയമിക്കുന്നത്. ഭരണസൗകര്യത്തിനായി രാജ്യത്തെ അഞ്ച് റീജിയനുകളായും 31 പ്രിഫെക്ചറുകളുമായും (prefecture) വിഭജിച്ചിരിക്കുന്നു. പ്രസിഡന്റ് നേരിട്ടു നിയമിക്കുന്ന ഇന്‍സ്പെക്ടര്‍മാരാണ് മേഖലാഭരണാധികാരികള്‍. തെരഞ്ഞെടുക്കപ്പെടുന്ന ജില്ലാ കൗണ്‍സില്‍ ആണ് പ്രിഫെക്ചറുകളിലെ ഭരണനിര്‍വഹണസമിതിയായി വര്‍ത്തിക്കുന്നത്.
1969 മുതല്‍ 91 വരെ നിലവിലുണ്ടായിരുന്ന ഏക രാഷ്ട്രീയ പാര്‍ട്ടി ടോഗോളീസ് പീപ്പിള്‍സ് റാലി ആയിരുന്നു. പിന്നീട് ടോഗോളീസ് യൂണിയന്‍ ഫോര്‍ ഡെമോക്രസി, ആക്ഷന്‍ കമ്മിറ്റി ഫോര്‍ റിന്യൂവല്‍ തുടങ്ങിയ പാര്‍ട്ടികള്‍ നിലവില്‍വന്നു.
ചരിത്രം. ടോഗോയുടെ ആദ്യകാല ചരിത്രത്തെപ്പറ്റി വ്യക്തമായ അറിവു ലഭ്യമല്ല. കറുത്ത ആഫ്രിക്കക്കാരാണ് ഇവിടത്തെ ആദിമ നിവാസികള്‍. ഇപ്പോഴത്തെ ടോഗോ പ്രദേശം 19-ാം ശ. വരെ ടോഗോയ്ക്കു പുറത്തുള്ള സമീപരാജ്യങ്ങളുടെ സ്വാധീനത്തില്‍ ചിതറിക്കിടക്കുകയായിരുന്നു. 15-ാം ശ.-ത്തില്‍ പോര്‍ച്ചുഗീസ് അടിമക്കച്ചവടക്കാര്‍ ഇവിടെ ആക്രമണം നടത്തുകയും വാണിജ്യകാര്യങ്ങള്‍ക്കായി ഇവിടെ താമസമുറപ്പിക്കുകയും ചെയ്തു. ക്രമേണ, പുറത്തുനിന്നു പല ജനവിഭാഗങ്ങളും ഇവിടെയെത്തി ആവാസമുറപ്പിച്ചു തുടങ്ങി. കിഴക്കു ദിക്കില്‍ നിന്നും 16-ാം ശ.-ല്‍ എത്തിയ ഈവ് (Ewe) വര്‍ഗക്കാരായിരുന്നു ഇവരില്‍ പ്രമുഖര്‍. അഷാന്തികളും ദഹോമി രാജ്യവും ഇവിടേക്കു കടന്നുകയറ്റം നടത്തി യൂറോപ്യന്മാര്‍ക്കു നല്‍കാനായി ഇവിടെനിന്നും അടിമകളെ പിടികൂടിയിരുന്നു. ജര്‍മന്‍കാരും ഫ്രഞ്ചുകാരും 19-ാം ശ.-ല്‍ ടോഗോയിലെത്തി. ജര്‍മന്‍കാരാണ് ഇവിടെ യൂറോപ്യന്‍ കടന്നുകയറ്റത്തിനു തുടക്കമിട്ടത്. ജര്‍മന്‍ പര്യവേക്ഷകനായിരുന്ന ഗുസ്താവ് നാഷിഗാല്‍ (Gustav Nachtigal) 1884-ല്‍ ടോഗോയിലെ തീരദേശ ഈവ് മുഖ്യന്മാരുമായി ഉടമ്പടികളുണ്ടാക്കി. 1885-ല്‍ ബര്‍ലിനില്‍ നടന്ന പശ്ചിമാഫ്രിക്കന്‍ സമ്മേളനം ടോഗോലാന്‍ഡിനെ ജര്‍മന്‍ സംരക്ഷിതപ്രദേശമായി അംഗീകരിച്ചു. ജര്‍മനിയുടെ കൈവശമുള്ള ടോഗോയുടെ അതിര്‍ത്തി നിര്‍ണയത്തിനായി 1897-ല്‍ ഫ്രാന്‍സുമായും 1899-ല്‍ ഇംഗ്ളണ്ടുമായും ഉടമ്പടികളുണ്ടായിട്ടുണ്ട്. ടോഗോയില്‍ ജര്‍മനിയുടെ നേതൃത്വത്തില്‍ പല വികസന പ്രവര്‍ത്തനങ്ങളും തുടര്‍ന്നു നടക്കുകയുണ്ടായി. 1897-ല്‍ ലോമെ (Lome) തലസ്ഥാനമായി നിശ്ചയിച്ചു. ജര്‍മന്‍കാര്‍ ഇവിടെ റോഡുകളും റെയില്‍വേയും സ്ഥാപിച്ചു. ലോമെയില്‍ ഒരു തുറമുഖം നിര്‍മിക്കുകയും ചെയ്തു. ഈ വികസനങ്ങള്‍മൂലം തോട്ടവിളകളെ അടിസ്ഥാനമാക്കിയുള്ള ഒരു സാമ്പത്തിക വ്യവസ്ഥിതി ഉടലെടുത്തു. പനയുത്പന്നങ്ങള്‍, റബര്‍, പരുത്തി, കൊക്കോ തുടങ്ങിയവയുടെ ഉത്പാദനവും കയറ്റുമതിയും വര്‍ധിച്ചു. ടോഗോയിലെ വിദ്യാഭ്യാസ സൌകര്യവും വികസിപ്പിച്ചു. ജര്‍മന്‍ ഭരണകാലത്ത് മറ്റ് ആഫ്രിക്കന്‍ പ്രദേശങ്ങളെ അപേക്ഷിച്ച് ടോഗോയിലെ വിദ്യാഭ്യാസ നിലവാരം വളരെ മെച്ചപ്പെട്ടിരുന്നു. എന്നാല്‍ ജര്‍മനി ഇവിടെ അനുവര്‍ത്തിച്ചുവന്ന തൊഴില്‍ നയവും നികുതി സംവിധാനവും അവരോട് ടോഗോക്കാര്‍ക്ക് എതിര്‍പ്പുളവാക്കുന്നതിനു കാരണമായി ഭവിച്ചു.
ഒന്നാം ലോകയുദ്ധം ആരംഭിച്ചതോടെ ടോഗോയില്‍ ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും ആക്രമണമുണ്ടാകുകയും ജര്‍മനിയെ പരാജയപ്പെടുത്തി അവര്‍ ടോഗോ കൈക്കലാക്കുകയും ചെയ്തു. തുടര്‍ന്ന് ടോഗോലാന്‍ഡിനെ ബ്രിട്ടനും ഫ്രാന്‍സും കൂടി വിഭജിച്ചെടുത്തു. ഈ വിഭജനം അംഗീകരിച്ചുകൊണ്ട് മേഖലകളെ ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും മാന്‍ഡേറ്റ് ടെറിട്ടറികളാക്കി മാറ്റിക്കൊണ്ടുള്ള തീരുമാനം ലീഗ് ഒഫ് നേഷന്‍സ് 1922-ല്‍ പ്രഖ്യാപിച്ചു. പിന്നീട് ഐക്യരാഷ്ട്രസഭ 1946-ല്‍ ഈ മേഖലകളെ ട്രസ്റ്റിഷിപ്പ് സംവിധാനത്തിലാക്കി.
ബ്രിട്ടന്‍ തങ്ങളുടെ ടോഗോ പ്രദേശങ്ങള്‍ ഗോള്‍ഡ് കോസ്റ്റിന്റെ ഭാഗമാക്കി ഭരണം നടത്തി. ഗോള്‍ഡ് കോസ്റ്റ് 1957-ല്‍ സ്വാതന്ത്യ്രം പ്രാപിച്ച് ഘാന ആയിത്തീര്‍ന്നപ്പോള്‍ അഭിപ്രായ വോട്ടെടുപ്പിലൂടെ ബ്രിട്ടന്റെ കൈവശമിരുന്ന ടോഗോയുടെ ഭാഗങ്ങളും ഘാനയില്‍ ചേര്‍ന്നു. ഫ്രഞ്ചു ഭരണത്തിന്‍കീഴിലായിരുന്ന ടോഗോലാന്‍ഡിന് 1955-ല്‍ കൂടുതല്‍ ഭരണസ്വാതന്ത്ര്യമനുവദിച്ചു. ടോഗോയ്ക്ക് സ്വന്തമായി ഒരു ഗവണ്‍മെന്റ് രൂപവത്കരിക്കാനുള്ള പൊതു തെരഞ്ഞെടുപ്പ് 1958 ഏ.-ല്‍ നടന്നു. മേയില്‍ സില്‍വാനസ് ഒളിംപിയോ പ്രധാനമന്ത്രി ആയി. ന.-ല്‍ ട്രസ്റ്റിഷിപ്പ് അവസാനിപ്പിച്ചുകൊണ്ടുള്ള പ്രമേയം ഐക്യരാഷ്ട്രസഭ അംഗീകരിച്ചു. 1960 ഏ. 27-ന് ടോഗോ പൂര്‍ണസ്വാതന്ത്യ്രം പ്രാപിച്ച് ടോഗോ റിപ്പബ്ലിക് രൂപീകരിച്ചു. 1961-ല്‍ ഒളിംപിയോ ആദ്യ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. സ്വതന്ത്ര ടോഗോ ഹ്രസ്വകാലത്തിനുള്ളില്‍ രാഷ്ട്രീയ മത്സരങ്ങള്‍ക്കും ആഭ്യന്തര കുഴപ്പങ്ങള്‍ക്കും വേദിയായി മാറി. 1963-ല്‍ ഒരു അട്ടിമറിയിലൂടെ ഭരണമാറ്റമുണ്ടായി. 1967 ജനു.-ല്‍ സൈന്യം അധികാരം പിടിച്ചെടുത്തു. പിന്നീട് ഏകകക്ഷി രാഷ്ട്രീയ വ്യവസ്ഥിതിയാണ് ഏറെക്കാലം നിലനിന്നത്. 1922-ല്‍ ബഹുകക്ഷി സംവിധാനത്തിന് അംഗീകാരം ലഭിച്ചു. ഇതനുസരിച്ചുള്ള തെരഞ്ഞെടുപ്പും രാഷ്ട്രീയ സംവിധാനവുമാണ് ഇപ്പോള്‍ (2003) തുടര്‍ന്നുവരുന്നത്.