This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടൊളന്‍ഡ്, ജോണ്‍ (1670-1722)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടൊളന്‍ഡ്, ജോണ്‍ (1670-1722)

Toland,John

ആസ്തികനായ ഒരു ഐറിഷ് തത്ത്വചിന്തകന്‍. നയതന്ത്രജ്ഞന്‍, രാഷ്ട്രീയ താര്‍ക്കികന്‍, ബൈബിള്‍ പണ്ഡിതന്‍, ഭാഷാ വിദഗ്ധന്‍ എന്നീ നിലകളിലും ഇദ്ദേഹം പ്രശസ്തനാണ്. 1670-ല്‍ ലണ്ടന്‍ ണ്ടെറി (Londonderry)യില്‍ ജനിച്ചു. ജെയ്നസ് ജൂനിയൂസ് (Janus Junius) എന്നാണ് റോമന്‍ കത്തോലിക്കാസഭ ഇദ്ദേഹത്തെ നാമകരണം ചെയ് തിരുന്നത്; പിന്നീടാണ് ജോണ്‍ എന്ന നാമം സ്വീകരിച്ചത്. പതിനാറാം വയസ്സില്‍ സ്കൂളില്‍നിന്ന് ഒളിച്ചോടി പ്രൊട്ടസ്റ്റന്റുകാരുടെ രാഷ്ട്രീയ പാര്‍ട്ടി (Whig)യില്‍ അംഗമായി ചേര്‍ന്നു. 1687-ല്‍ ഗ്ളാസ്ഗോ സര്‍വ കലാശാലയില്‍ ചേര്‍ന്നു പഠനം തുടര്‍ന്നു; 1690-ല്‍ അവിടെ നിന്ന് മാസ്റ്റര്‍ ബിരുദം നേടി. തുടര്‍ന്നു രണ്ടുവര്‍ഷം ലൈഡന്‍ (Leiden) സര്‍വകലാശാലയില്‍ അധ്യയനം നടത്തി. 1694-ല്‍ ഓക്സ്ഫഡില്‍ താമസമാക്കി; ബോഡിലിയന്‍ ലൈബ്രറി (Bodleian Library)യില്‍ ഗവേഷണം നടത്തുകയായിരുന്നു ലക്ഷ്യം. പുസ്തകങ്ങളും ലഘുലേഖകളുമായി ഏതാണ്ട് നൂറോളം പ്രസിദ്ധീകരണങ്ങള്‍ ഇദ്ദേഹത്തിന്റെതായി പുറത്തുവന്നിട്ടുണ്ട്. രൂക്ഷമായ വിവാദങ്ങള്‍ക്കിടയാക്കിയ ഇവയില്‍ അധികവും പേരുവയ്ക്കാതെയും തൂലികാനാമത്തിലുമാണ് ഇദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നത്. ക്രിസ്റ്റ്യാനിറ്റി നോട്ട് മിസ്റ്റീരിയസ്, ലൈഫ് ഒഫ് ജോണ്‍ മില്‍ട്ടണ്‍ എന്നിവ ഇദ്ദേഹത്തിന്റെ പ്രമുഖ കൃതികളില്‍പ്പെടുന്നു.

ജോണ്‍ ടൊളന്‍ഡിന്റെ ക്രിസ്റ്റ്യാനിറ്റി നോട്ട് മിസ്റ്റീരിയസ് എന്ന പുസ്തകത്തിന്റെ ശീര്‍ഷകംപേജ്-1696

നിലവിലിരുന്ന വ്യവസ്ഥിതിയെ പിടിച്ചുലയ്ക്കുന്നവയാണ് ടൊളന്‍ഡിന്റെ രചനകള്‍. 25 വയസ്സ് പ്രായമായപ്പോഴേക്കും ഇംഗ്ലണ്ടിലും അയര്‍ലണ്ടിലുമായി ഏതാണ്ട് 50-ല്‍ അധികം കേസുകള്‍ ഇദ്ദേഹത്തിനെതിരെ കോടതികളില്‍ ഉണ്ടായിരുന്നു. ടൊളന്‍ഡിനെ അറസ്റ്റു ചെയ്യുന്നതിനും ഇദ്ദേഹത്തിന്റെ രചനകള്‍ കണ്ടുകെട്ടി തീ വച്ച് നശിപ്പിക്കുന്നതിനും ഐറിഷ് പാര്‍ലമെന്റ് ഉത്തരവിട്ടു. ഇംഗ്ലണ്ടിലെ പാര്‍ലമെന്റും മതമേധാവികളും ഇദ്ദേഹത്തില്‍ പരസ്യമായ കുറ്റാരോപണം നടത്തി.

സഹിഷ്ണുതയുടെയും പൊതുനന്മയുടെയും പ്രവാചകനായിരുന്ന ടൊളന്‍ഡ് അന്ധവിശ്വാസങ്ങളെയും മതോന്മാദത്തെയും ശക്തമായി എതിര്‍ത്തു. ബ്രൂണോ, ദെക്കാര്‍ത്തെ, സ്പിനോസ, ലൈബ്നിസ് എന്നിവരെപ്പോലെ യുക്തിചിന്തയ്ക്ക് പ്രാമുഖ്യം കല്‍പിച്ച ടൊളന്‍ഡ് ദൈവത്തിന്റെ അസ്തിത്വത്തെ അംഗീകരിക്കുകയും ചെയ്തു. എന്നാല്‍, മതത്തിന്റെ ഉദ്ഭവം ദൈവത്തില്‍ നിന്നാണെന്നുള്ള വാദത്തെ ഇദ്ദേഹം നിഷേധിച്ചു. ജീവിതത്തിന്റെ അവസാനഘട്ടത്തില്‍ കഠിനമായ ദാരിദ്ര്യം അനുഭവിക്കേണ്ടിവന്ന ഇദ്ദേഹത്തെ കലശലായ രോഗവും ഗ്രസിച്ചു. 1722-ല്‍ 52-ാമത്തെ വയസ്സില്‍ ടൊളന്‍ഡ് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍