This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടൊറൂയ / ടൊറൂണ്‍യ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടൊറൂയ / ടൊറൂണ്‍യ

Torun

മധ്യപോളണ്ടിലെ ടൊറൂയ പ്രവിശ്യയുടെ ചരിത്രപ്രസിദ്ധമായ തലസ്ഥാനവും തുറമുഖ നഗരവും. വാഴ്സായ്ക്ക് സു. 190 കി.മീ. വ. പ. വിസ്റ്റ്യൂല നദീതീരത്ത് സ്ഥിതിചെയ്യുന്നു. പോളണ്ടിലെ ഒരു പ്രമുഖ ഗതാഗത-വ്യാവസായിക കേന്ദ്രമാണിത്. പ്രവിശ്യാ വിസ്തീര്‍ണം : 5348 ച.കി.മീ; ജനസംഖ്യ: 668000 (1993); നഗര ജനസംഖ്യ 204300 (1995).

മധ്യകാലഘട്ടത്തില്‍ ഒരു വ്യാപാര-വാണിജ്യകേന്ദ്രമെന്ന നിലയിലാണ് ഈ നഗരത്തിന്റെ വികസനം ആരംഭിച്ചത്. 13-ാം ശ.-ത്തില്‍ ട്യൂടോണിക് ഭടന്‍മാര്‍ ഭരിച്ച ടൊറൂയ നഗരം 14-ാം ശ.-ത്തില്‍ ഹാന്‍സിയാറ്റിക് ലീഗില്‍ അംഗമായി. ഈ കാലഘട്ടത്തില്‍ ടൊറൂയ പോളണ്ടിലെ പ്രധാന വാണിജ്യനഗരമായി വികസിച്ചു. സമ്പല്‍സമൃദ്ധിയുടെ ഇക്കാലത്താണ് ഗോഥിക് മാതൃകയിലുള്ള അനേകം മന്ദിരങ്ങള്‍ ഇവിടെ പണികഴിപ്പിക്കപ്പെട്ടത്. മധ്യകാലത്തെ പല മന്ദിരങ്ങളുടെയും അവശിഷ്ടങ്ങള്‍ ഇന്നും ഇവിടെ കാണാം. 35 മീ. ഉയരമുള്ള ചരിഞ്ഞ ഗോപുരം നഗരത്തിലെ ഒരു പ്രധാന ആകര്‍ഷണമാണ്.

1454 മുതല്‍ പോളണ്ടിന്റെ ഭരണത്തിന്‍ കീഴിലായിരുന്ന ഈ നഗരം 1793-ല്‍ പ്രഷ്യയുടെ അധീനതയിലായി. 1807 മുതല്‍ 1815 വരെ വാഴ്സയിലെ ഡ്യൂക്കുമാരാണ് നഗരം ഭരിച്ചത്. വീണ്ടും പ്രഷ്യന്‍ ഭരണത്തിന്‍കീഴിലായ ടൊറൂയ ഒന്നാം ലോകയുദ്ധത്തിനുശേഷം പോളണ്ടിന്റെ നിയന്ത്രണത്തിലായി (1919). രണ്ടാം ലോകയുദ്ധക്കാലത്ത് ഈ നഗരം ജര്‍മന്‍ ഭരണത്തിന്റെ കീഴിലായിരുന്നു.

തടി, യന്ത്രസാമഗ്രികള്‍, രാസവസ്തുക്കള്‍, ഭക്ഷ്യ വസ്തുക്കള്‍ എന്നിവയുടെ ഉത്പാദനത്തിനും അച്ചടിക്കും പേരുകേട്ടതാണ് ഈ നഗരം. വിശ്വപ്രസിദ്ധ പോളിഷ് ജ്യോതിശ്ശാസ്ത്രജ്ഞന്‍ കോപ്പര്‍നിക്കസ്സിന്റെ (1473-1543) സ്മാരകം, ഇദ്ദേഹത്തിന്റെ പേരിലുള്ള സര്‍വകലാശാല (1945), ടൗണ്‍ ഹാള്‍, മ്യൂസിയം, തിയേറ്റര്‍, ഗോഥിക് മാതൃകയിലുള്ള മന്ദിരങ്ങള്‍ തുടങ്ങിയവ ടൊറൂയ നഗരത്തിലെ മുഖ്യ ആകര്‍ഷണങ്ങളാകുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍