This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടൈഫസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടൈഫസ്

Typhus

റിക്കെറ്റ്സിയ വിഭാഗത്തില്‍പ്പെട്ട സൂക്ഷ്മാണുക്കള്‍ മൂലമുണ്ടാവുന്ന വിവിധ രോഗങ്ങള്‍. ചെള്ളുകളും ഈച്ചകളും വഴിയാണ് ഈ രോഗങ്ങള്‍ സംക്രമിക്കുന്നത്. ടിക്കുകള്‍ (Ticks) പടര്‍ത്തുന്ന ടിക് ഫീവര്‍ ഒരിനം ടൈഫസ് രോഗമാണ്. 1846-ല്‍ അയര്‍ലണ്ടില്‍ ഉണ്ടായ ക്ഷാമം (potato famine) മൂലം കാനഡയിലേക്കും അമേരിക്കയിലേക്കും കുടിയേറിയവര്‍ക്കിടയില്‍ ഉണ്ടായ പകര്‍ച്ചവ്യാധിയെന്ന നിലയില്‍'ക്ഷാമപ്പനി' എന്ന പേരിലും ടൈഫസ് രോഗങ്ങള്‍ അറിയപ്പെട്ടിരുന്നു.

ടൈഫോസ് (typhos) എന്ന ഗ്രീക്കു പദത്തില്‍ നിന്നാണ് ടൈഫസ് നിഷ്പന്നമായത്. രോഗിയുടെ വ്യാമിശ്രമായ മനോനിലയെയാണ് ഈ വാക്ക് സൂചിപ്പിക്കുന്നത്. ശക്തമായ തലവേദനയാണ് പ്രാരംഭലക്ഷണം; തുടര്‍ന്ന് പനിയും അനുഭവപ്പെടുന്നു. ആദ്യ ആഴ്ചയില്‍ ത്വക്കിലെ രക്തധമനികളിലുണ്ടാവുന്ന രക്തസ്രാവം മൂലം ചുവന്ന കുരുക്കള്‍ പ്രത്യക്ഷപ്പെടുന്നു. രോഗത്തിന്റെ രണ്ടും മൂന്നും ആഴ്ചകളാണ് ഏറ്റവും നിര്‍ണായകം. ഈ ഘട്ടത്തില്‍ ചിത്തഭ്രമം ബാധിച്ചവരെപ്പോലെ രോഗി പെരുമാറുന്നു. ടെട്രാസൈക്ലീന്‍, ക്ളോറാംഫെനിക്കോള്‍ തുടങ്ങിയ ആന്റിബയോട്ടിക്കുകള്‍ കൊണ്ടുള്ള ചികിത്സ മൂലം പനി കുറഞ്ഞാല്‍ മനോനിലയും സാധാരണമാകുന്നു. രോഗം മൂര്‍ച്ഛിക്കുകയാണെങ്കില്‍ പക്ഷാഘാതം, ബാധിര്യം, ത്രോംബോസിസ്, ഹൃദയാഘാതം, മനോവിഭ്രാന്തി മൂലമുള്ള മരണം എന്നിവ സംഭവിക്കാം.

വിവിധ ടൈഫസ് രോഗങ്ങള്‍, രോഗഹേതുവായ റിക്കറ്റെസിയ സംക്രമിപ്പിക്കുന്ന പ്രാണികള്‍, പ്രധാന സംഭരണികള്‍, ലക്ഷണങ്ങള്‍, ബാധിക്കുന്ന പ്രദേശങ്ങള്‍ എന്നിവ പട്ടികയില്‍ കാണിച്ചിരിക്കുന്നു. ടൈഫസ് രോഗങ്ങള്‍ പലവിധമുണ്ട്.

1. എപിഡെമിക് ടൈഫസ് - ചെള്ളോ അല്ലെങ്കില്‍ പേനോ പടര്‍ത്തുന്ന ഈ സാംക്രമിക രോഗം മനുഷ്യചരിത്രവുമായി വളരെ ബന്ധപ്പെട്ടു കിടക്കുന്നു. ടൈഫസ് രോഗങ്ങളില്‍ ഏറ്റവും മാരകമാണിത്. റിക്കെറ്റ്സിയ പ്രോവാസ്കി (Rickettsia prowazeki) എന്ന സൂക്ഷ്മാണുവാണ് രോഗഹേതു. യുദ്ധം, ക്ഷാമം, തുടങ്ങിയ കെടുതികളിലൊക്കെ അതിഭീകരമാംവിധം ടൈഫസ് സംക്രമിച്ചിരുന്നു. 1915-ല്‍ ബാല്‍ക്കന്‍ പ്രവിശ്യകളില്‍ സു. 150,000 പേരും 1918-നും 22-നും ഇടയില്‍ പോളന്‍ഡിലും റഷ്യയിലുമായി 3 ദശലക്ഷം പേരും ടൈഫസ് മൂലം മരണമടഞ്ഞതായി കണക്കാക്കപ്പെടുന്നു. നാസി ക്യാമ്പുകളില്‍ ടൈഫസ് മരണങ്ങള്‍ സാധാരണമായിരുന്നു. രണ്ടാം ലോക യുദ്ധാനന്തരം ജപ്പാനിലും കൊറിയയിലുമായി 26,000-ത്തോളം മരണങ്ങളുണ്ടായി.

ഈ രോഗനിര്‍ണയത്തിന്റെ ആദ്യമുന്നേറ്റമുണ്ടായത് 1837-ല്‍ വില്യം വുഡ് ജെറാര്‍ഡ് (William Wood Gerhard) റ്റൈഫോയിഡുമായി താരതമ്യം ചെയ്ത് ഈ രോഗത്തിന്റെ പ്രത്യേകതകള്‍ ചൂണ്ടിക്കാട്ടിയതോടെയാണ്.

പേനുകള്‍ മുഖാന്തിരമാണ് കുരങ്ങുകളില്‍ ഈ രോഗം സംക്രമിക്കുന്നതെന്ന് കണ്ടെത്തിയത് ചാള്‍സ് നിക്കോളാണ് (1909). സ്റ്റാന്‍നിസ്ലാസ് ജോസഫ് മത്തിയാസ് വൊണ്‍ പ്രോവാസ്ക് (Stanislus Joseph Mathaias Von Prowazek) (1914), ഹെന്റിക്വിദ റോച്ച-ലിമ (Henriquida Rocha -Lima) (1916) എന്നീ ശാസ്ത്രജ്ഞര്‍ ടൈഫസ് രോഗികളുടെ ശരീരത്തില്‍ നിന്നുശേഖരിച്ച പേനുകളുടെ ശരീരകലകളില്‍ നിന്ന് ഒരു സൂക്ഷ്മാണുവിനെ കണ്ടെത്തി. റുഡോള്‍ഫ് വെയ് ല്‍(Rudolph Weigl) (1930) പേനുകളുടെ കുടലില്‍ നിന്ന് ഒരു വാക്സിന്‍ ഉണ്ടാക്കി എപിഡെമിക് ടൈഫസ് രോഗികളില്‍ കുത്തിവച്ചു. ഹെറാള്‍ഡ് ആര്‍. കോക്സ് കോഴിമുട്ടയുടെ മഞ്ഞയില്‍ റിക്കെറ്റ്സിയ അണുക്കള്‍ ധാരാളമായി വളരുന്നതായി കണ്ടെത്തു (1941)കയും പിന്നീട് ഇതില്‍ നിന്ന് വാക്സിനുകള്‍ ഉത്പാദിപ്പിക്കുകയും ചെയ്തു. പേനുകളും ചെള്ളുകളും നശിപ്പിക്കുന്നതിനായി ഡി ഡി റ്റി കണ്ടുപിടിച്ചതോടെ നേപിള്‍സിലുണ്ടായ ടൈഫസ് ബാധ ഏതാനും ആഴ്ചകള്‍ കൊണ്ട് നിയന്ത്രണ വിധേയമായി. 1948-ല്‍ ക്ളോറാംഫെനിക്കോളും 1951-52-ല്‍ ടെറാമൈസിനും കണ്ടുപിടിച്ചത് രോഗനിയന്ത്രണത്തില്‍ നാടകീയമായ മാറ്റങ്ങള്‍ക്ക് കാരണമായി.

എപിഡെമിക് ടൈഫസ് രോഗത്തിന് വളരെ കാലങ്ങള്‍ക്കുശേഷം വീണ്ടും ആവര്‍ത്തിക്കാനുള്ള പ്രവണതയുണ്ട് (relapsing fever). പേനുകളുമായി വീണ്ടും സമ്പര്‍ക്കമുണ്ടാവാതെ തന്നെയാണിത് സംഭവിക്കുന്നത്. ഇപ്രകാരം ആവര്‍ത്തിച്ചുവരുന്ന ടൈഫസ് ബാധ വളരെ ലഘുവായിരിക്കും. ഈ രോഗത്തേക്കുറിച്ച് പഠനങ്ങള്‍ നടത്തിയ നാഥന്‍ എല്‍. ബ്രില്‍ (Nathan L. Brill) (1898), ഹാന്‍സ് സിന്‍സര്‍ (Hans Zinsser) (1934) എന്നീ ശാസ്ത്രജ്ഞരുടെ ബഹുമാനാര്‍ഥം ഈ ആവര്‍ത്തന ടൈഫസ് ബ്രില്‍ സിന്‍സര്‍ രോഗം എന്നും അറിയപ്പെടുന്നു.

2. എന്‍ഡെമിക് ടൈഫസ് -മ്യൂറൈന്‍ ടൈഫസ് എന്ന പേരിലും അറിയപ്പെടുന്ന ഈ രോഗം എലികളില്‍ നിന്ന് ഈച്ചകള്‍ വഴി മനുഷ്യനിലേക്ക് സംക്രമിക്കുന്നു. ഇത് എപിഡെമിക് ടൈഫസിന് സമാനമായ ഒരു രോഗമാണെങ്കിലും അത്ര തന്നെ മാരകമല്ല. 20-ാം ശ.-ത്തില്‍ യു.എസ്സിന്റെ പല പ്രദേശങ്ങളിലും ടൈഫസ് രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടെങ്കിലും എപിഡെമിക് ടൈഫസില്‍നിന്ന് വ്യത്യസ്തമായ ഒരു റിക്കെറ്റ്സിയ - റിക്കെറ്റ്സിയ മൂസെറി-യാണ് ഈ രോഗം പരത്തുന്നതെന്ന് കണ്ടെത്തിയത് 1931-ലാണ്. എലികളെയാണ് ഈ റിക്കെറ്റ്സിയ ആദ്യം ബാധിക്കുന്നത്. അതിനാല്‍ ഹെര്‍മന്‍ മൂസര്‍ "മ്യൂറൈന്‍ ടൈഫസ് എന്ന് ഈ ടൈഫസിന് പേര്‍ നല്‍കി (1932). എലികളെ നശിപ്പിക്കുകയും ഡിഡിറ്റി പോലുള്ള കീടനാശിനികളുപയോഗിച്ച് ഈച്ചകളെ നശിപ്പിക്കുകയുമാണ് രോഗം തടയുന്നതിനുള്ള നടപടികള്‍.

3. ടിക് ടൈഫസ് - ടിക്കുകള്‍ പടര്‍ത്തുന്ന ടൈഫസ് ഇനങ്ങളെ ടിക്ഫീവര്‍ എന്നും പറയുന്നു. പട്ടികളെയും കരണ്ടുതീനികളെയും ബാധിക്കുന്ന റിക്കെറ്റ്സിയ റിക്കെറ്റീസിയുണ്ടാക്കുന്ന പുള്ളിപ്പനി റോക്കി പര്‍വത പ്രവിശ്യകളിലാണ് ആദ്യം കണ്ടെത്തിയത്. കൈകാലുകളിലുള്ള ചുവന്ന പുള്ളികളാണ് ഈ ടൈഫസിന്റെ സവിശേഷ ലക്ഷണം. ആഫ്രിക്കന്‍ ടിക്ക് ടൈഫസ് അഥവാ ബൗടോന്യൂസ് പനി (Boutonneuse fever)ക്കുകാരണം റിക്കെറ്റ്സിയ കോണറി എന്ന മറ്റൊരിനം ടിക് ടൈഫസാണ്. ചെറു പ്രാണികള്‍ (സ്ക്രബുകള്‍) മുഖാന്തിരം പടരുന്ന മറ്റൊരിനം ടൈഫസാണ് സ്ക്രബ് ടൈഫസ്. രണ്ടാം ലോകയുദ്ധകാലത്ത് അസ്സമില്‍ നിന്നും പശ്ചിമ ബംഗാളില്‍ നിന്നും വേര്‍തിരിച്ച ഒരിനമാണിത്. ട്രോമ്പികുലിഡ് മൈറ്റുകള്‍ എന്ന പ്രാണികളെ ബാധിക്കുന്ന റിക്കെറ്റ്സിയ സുസുഗാമുഷി (R.tsutsugamushi)യാണ് രോഗഹേതു. പ്രാണിയുടെ കടിയേല്‍ക്കുന്നതോടെ ശരീരത്തില്‍ കറുത്ത നിറത്തിലുള്ള തടിപ്പോ പൊള്ളലോ പ്രത്യക്ഷപ്പെടുന്നു. തുടര്‍ന്ന് പനിയും ലസികാ ഗ്രന്ഥികളുടെ വീക്കവും ഉണ്ടാവുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9F%E0%B5%88%E0%B4%AB%E0%B4%B8%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍