This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടേണര്‍, നാറ്റ് (1800-31)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടേണര്‍, നാറ്റ് (1800-31)

Turner,Nat

അമേരിക്കയിലെ നീഗ്രോ നേതാവ്. അടിമകളുടെ മോചനത്തിനായി 1831-ല്‍ സംഘടിപ്പിക്കപ്പെട്ട 'സൌത്താംപ്റ്റണ്‍ പ്രക്ഷോഭ'ത്തിന്റെ നേതാവെന്ന നിലയില്‍ വിശ്രുതനാണിദ്ദേഹം. അമേരിക്കയിലെ സൌത്താംപ്റ്റണ്‍ കൌണ്ടിയില്‍ ഒരു കൃഷിത്തോട്ടത്തിലെ അടിമ ജോലിക്കാരിയായിരുന്ന നാന്‍സി എന്ന ആഫ്രിക്കക്കാരിയുടെ മകനായി 1800 ഒ. 2-ന് ഇദ്ദേഹം ജനിച്ചു. യജമാനന്റെ പുത്രന്മാരെ അപേക്ഷിച്ച് നാമമാത്രമായ വിദ്യാഭ്യാസമേ ഇദ്ദേഹത്തിനു ലഭിച്ചുള്ളൂ. കുട്ടിയായിരിക്കുമ്പോള്‍ത്തന്നെ അസാധാരണ ബുദ്ധിവൈഭവവും നേതൃഗുണവും ഇദ്ദേഹം പ്രകടിപ്പിച്ചിരുന്നു. ഒരു ക്രിസ്തുമത പ്രഭാഷകന്‍ ആകാനാണ് ആഗ്രഹിച്ചതെങ്കിലും പ്രതികൂല സാഹചര്യം നിമിത്തം അടിമപ്പണിതന്നെ സ്വീകരിക്കേണ്ടിവന്നു. എങ്കിലും ചെറുപ്പം മുതലേ അടിമത്തത്തെ ശക്തിയായി എതിര്‍ത്തിരുന്നു. അടിമകളെ മോചിപ്പിക്കുന്നതിനുവേണ്ടി ദൈവം തന്നെ നിയോഗിച്ചതാണെന്നും സ്വാതന്ത്യ്രത്തിന്റെ മഹത്ത്വം പ്രചരിപ്പിക്കുകയെന്നതാണ് തന്റെ ജീവിതലക്ഷ്യമെന്നും ഇദ്ദേഹം നീഗ്രോകളെ ഉദ്ബോധിപ്പിച്ചു. തന്റെ യജമാനനായ ട്രാവിസിന്റെ കൃഷിത്തോട്ടങ്ങളിലും പരിസരങ്ങളിലുമുള്ള നീഗ്രോകളുടെ നേതാവായിത്തീര്‍ന്ന ടേണര്‍ അടിമകളുടെ വിമോചന പ്രവര്‍ത്തനങ്ങള്‍ക്കായി ഏതാനും നീഗ്രോകളെ തന്നോടൊപ്പം ചേര്‍ത്തു. ഇവരെ സംഘം ചേര്‍ത്തുകൊണ്ട്, 1831 ജൂല. 4-ന് കലാപം നടത്താന്‍ ഇദ്ദേഹം പദ്ധതിയിട്ടിരുന്നുവെങ്കിലും പ്രാവര്‍ത്തികമാക്കാനുള്ള പ്രയാസംമൂലം ഉടനേ അതു വേണ്ടെന്നുവച്ചു. പിന്നീട് ആഗ. 21 രാത്രി ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വെള്ളക്കാര്‍ക്കെതിരായ കലാപം ആരംഭിച്ചു. ടേണറുടെതന്നെ ഉടമയായിരുന്ന ട്രാവിസ് കുടുംബത്തെ വധിച്ചുകൊണ്ടാണ് പ്രക്ഷോഭം തുടങ്ങിയത്. തുടര്‍ന്ന് കൂടുതല്‍ ആയുധങ്ങള്‍ ശേഖരിച്ചുകൊണ്ട് മറ്റ് അടിമകളേയുംകൂട്ടി പരിസരങ്ങളിലുള്ള മറ്റു വെള്ളക്കാര്‍ക്കെതിരെയും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കലാപം വ്യാപൃതമാക്കി. 23-ാം തീയതി രാത്രിയായപ്പോഴേക്കും കുട്ടികളും സ്ത്രീകളുമുള്‍പ്പെടെ അന്‍പതില്‍പ്പരം വെള്ളക്കാരെ ഇവര്‍ കൊലപ്പെടുത്തിക്കഴിഞ്ഞിരുന്നു. സമീപപ്രദേശങ്ങളില്‍ ഭീതി പരത്തി കൌണ്ടിയുടെ ആസ്ഥാനം കയ്യടക്കുകയെന്നതായിരുന്നു കലാപകാരികളുടെ ലക്ഷ്യം. എന്നാല്‍ സമീപ കൌണ്ടികളില്‍ നിന്നും ഉത്തര കരോലിനയില്‍ നിന്നും സൈന്യവും വോളന്റിയര്‍മാരും മറ്റു വെള്ളക്കാരും സംഘടിച്ച് 300-ഓളം വരുന്ന സേന രണ്ടു ദിവസം നീണ്ടുനിന്ന ഈ കലാപം അടിച്ചമര്‍ത്തി. ഇതില്‍ അനവധി നീഗ്രോകള്‍ കൊല്ലപ്പെട്ടു.

നിരവധിപേര്‍ വെള്ളക്കാരുടെ പിടിയിലായി. ഒളിവുസങ്കേതത്തിലേക്ക് രക്ഷപെട്ടെങ്കിലും ടേണറും ആറാഴ്ചയ്ക്കുള്ളില്‍ വെള്ളക്കാരുടെ പിടിയില്‍പ്പെട്ടു. ഇദ്ദേഹത്തെ വിചാരണ ചെയ്ത് വധശിക്ഷയ്ക്കു വിധിച്ചു. 1831 ന. 11-ന് ശിക്ഷ നടപ്പാക്കി. 1967-ല്‍ പ്രസിദ്ധീകൃതമായ വില്യം സ്റ്റൈറന്റെ ദ കണ്‍ഫെഷന്‍സ് ഒഫ് നാറ്റ് ടേണര്‍ എന്ന നോവലാണ് അമേരിക്കന്‍ അടിമത്തവിരുദ്ധ വിപ്ലവത്തിന്റെ ചരിത്രത്തില്‍ നാറ്റിന്റെ നാമം അവിസ്മരണീയമാക്കിയത്.

(ഡോ. എ. പസ്ലിത്തില്‍, എസ്. കൃഷ്ണയ്യര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍