This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെല്‍സ്റ്റാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടെല്‍സ്റ്റാര്‍

Telstar

വാണിജ്യാവശ്യത്തിനുള്ള യു.എസ്. വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളുടെ പരമ്പര. ഇവ സമന്വയിപ്പിച്ചു രൂപീകരിച്ച വാര്‍ത്താവിനിമയ ശൃംഖല ലോകം മുഴുവന്‍ വ്യാപിച്ചിട്ടുണ്ട്. ടെലിവിഷന്‍ സംപ്രേഷണത്തിനും ഇന്റര്‍നെറ്റ് ഉപയോഗത്തിനും കായികവിനോദങ്ങളുടെ തത്സമയ സംപ്രേഷണത്തിനും ഗൃഹങ്ങളിലേക്കു നേരിട്ടുള്ള സംപ്രേഷണത്തിനും (DTH) വിഡിയൊ കോണ്‍ഫറന്‍സിനും ടെലിഫോണ്‍ സംവിധാനത്തിനും ഈ ശൃംഖലയുടെ ഉപയോഗവും പ്രാധാന്യവും വളരെ വലുതാണ്.

ടെല്‍സ്റ്റാര്‍

1963 വരെ വാര്‍ത്താവിനിമയ ഉപഗ്രഹങ്ങള്‍ ഭൂമിക്കടുത്ത സഞ്ചാരപഥത്തിലേക്കു മാത്രമേ വിക്ഷേപിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. ഇവയ്ക്ക് ഭൂമിയില്‍ ഒരു സ്ഥലത്തു നിന്നുള്ള റേഡിയൊ തരംഗങ്ങളെ മറ്റൊരു സ്ഥലത്തേക്കു പ്രതിഫലിപ്പിക്കാന്‍ മാത്രമേ സാധ്യമായിരുന്നുള്ളൂ. ഇന്ന് വാര്‍ത്താവിനിമയ ഉപഗ്രഹങ്ങള്‍ ഭൂമധ്യരേഖയ്ക്കു മുകളില്‍ 36,000 കി.മീ. ഉയരത്തിലുള്ള സ്ഥിര സഞ്ചാരപഥത്തിലേക്കാണ് വിക്ഷേപിക്കപ്പെടുന്നത്. 36,000 കി.മീ. ഉയരത്തില്‍ ഭൂമിയെ ചുറ്റുന്ന ഉപഗ്രഹത്തിന് ഒരു പ്രാവശ്യം ഭൂമിയെ വലംവയ്ക്കാന്‍ 24 മണിക്കൂര്‍ വേണ്ടിവരുന്നതുകൊണ്ട് ഉപഗ്രഹം സ്ഥിരസ്ഥാനിയായി ദൃശ്യമാകുന്നു. ഭൂമിയില്‍നിന്നും ഉപഗ്രഹത്തിലേക്കുള്ള സഞ്ചാരത്തിനിടയ്ക്ക് റേഡിയൊ തരംഗങ്ങള്‍ക്കു സംഭവിക്കുന്ന തീവ്രതാക്ഷയത്തെ ഇല്ലാതാക്കാന്‍ സിഗ്നലുകളെ സ്വീകരിച്ച് അവയുടെ തീവ്രത കൂട്ടി ഭൂമിയിലേക്ക് തിരിച്ചയയ്ക്കാന്‍ ഇത്തരം വാര്‍ത്താവിനിമയ ഉപഗ്രഹങ്ങള്‍ക്കു കഴിയുന്നു.

അമേരിക്കന്‍ ടെലിഫോണ്‍ ആന്‍ഡ് ടെലിഗ്രാഫിക് കമ്പനി (AT & T)ക്കുവേണ്ടി ബെല്‍ ലബോറട്ടറി നിര്‍മിച്ച് 1962 ജൂലാ. 10-ന് നാസ വിക്ഷേപിച്ച ഇത്തരത്തിലുള്ള സജീവ വാര്‍ത്താവിനിമയ ഉപഗ്രഹമാണ് ടെല്‍സ്റ്റാര്‍-1. ഈ ഉപഗ്രഹത്തിന്റെ ഭ്രമണപഥത്തിന് ഭൂമിയില്‍ നിന്നുള്ള ഏറ്റവും കൂടിയ അകലം (apogee) 5636 കി.മീറ്ററും ഏറ്റവും കുറഞ്ഞ അകലം (perigee) 954 കി.മീറ്ററുമായിരുന്നു. ടെല്‍സ്റ്റാര്‍-1 ഭൂമധ്യരേഖയ്ക്ക് 44.8ത്ഥ ചരിഞ്ഞ സഞ്ചാരപഥത്തിലൂടെ 158 മിനിറ്റിലൊരിക്കല്‍ ഭൂമിയെ വലംവച്ചിരുന്നു. ഭൂമിയില്‍നിന്നും റേഡിയോ തരംഗങ്ങള്‍ സ്വീകരിക്കാനും അവയുടെ തീവ്രത കൂട്ടി തിരിച്ചയയ്ക്കാനും വേണ്ട സജീവ ഉപകരണം (transponder) ഈ ഉപഗ്രഹത്തിലുണ്ടായിരുന്നു. 1963 ഫെ. 21 വരെ പ്രവര്‍ത്തിച്ച ഈ ഉപഗ്രഹം യു.എസ്സില്‍ നിന്നും യൂറോപ്പിലേക്ക് ചിത്രങ്ങളയയ്ക്കാന്‍ ഉപയോഗിച്ചു.

1963 മേയ് 7-ന് വിക്ഷേപിച്ച ടെല്‍സ്റ്റാര്‍-2ന്റെ ഭ്രമണപഥം ഭൂമിയില്‍നിന്നും 10,801 കി.മീ. കൂടിയ അകലത്തിലും 972 കി.മീ. കുറഞ്ഞ അകലത്തിലും ഭൂമധ്യരേഖയോട് 42.7ത്ഥ ചരിഞ്ഞും 225 മിനിറ്റിലൊരിക്കല്‍ ഒരു ഭ്രമണം പൂര്‍ത്തിയാക്കുന്ന വിധവും ആയിരുന്നു. 1963 മുതല്‍ 65 വരെ യു.എസ്സില്‍ നിന്നും യൂറോപ്പിലേക്ക് കളര്‍ ടെലിവിഷന്‍ ചിത്രങ്ങളയയ്ക്കാന്‍ ടെല്‍സ്റ്റാര്‍-2 ഉപയോഗിച്ചിരുന്നു. ടെല്‍സ്റ്റാര്‍-3 1983-ല്‍ വിക്ഷേപിക്കപ്പെട്ടു. ഇത് വാര്‍ത്താവിനിമയരംഗത്ത് വന്‍ നേട്ടങ്ങളുണ്ടാക്കിയ ഉപഗ്രഹമായിരുന്നു. ടെല്‍സ്റ്റാര്‍-4 യു.എസ്സിനുള്ളില്‍ വാര്‍ത്താവിനിമയത്തിനായി ഉപയോഗിക്കുന്നു. ടെല്‍സ്റ്റാര്‍-4, ടെല്‍സ്റ്റാര്‍-5, ടെല്‍സ്റ്റാര്‍-6, ടെല്‍സ്റ്റാര്‍-7, ടെല്‍സ്റ്റാര്‍-8, ടെല്‍സ്റ്റാര്‍-10, ടെല്‍സ്റ്റാര്‍-11, ടെല്‍സ്റ്റാര്‍-12, ടെല്‍സ്റ്റാര്‍-13 എന്നിവയെല്ലാം ചേര്‍ന്ന് ആഗോള വാര്‍ത്താവിനിമയ ശൃംഖല സൃഷ്ടിച്ചിരിക്കുന്നു. നോ: ഇലക്ട്രോണിക വാര്‍ത്താവിനിമയം. (ഡോ. എസ്.ആര്‍. പ്രഭാകരന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍