This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെലിവിഷന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

ടെലിവിഷന്‍

Television

ആധുനിക യുഗത്തിലെ പ്രധാനപ്പെട്ട ഒരു ദൃശ്യ-ശ്രാവ്യ മാധ്യമം. വിദൂരത്തെ സൂചിപ്പിക്കുന്ന ഗ്രീക്കു പദമായ 'ടെലി'യും കാഴ്ചയെന്നര്‍ഥം വരുന്ന ലാറ്റിന്‍ പദമായ 'വിദെറെ'യും (വിഷന്‍) ചേര്‍ന്നാണ് 'ടെലിവിഷന്‍' എന്ന പദം രൂപം കൊണ്ടിട്ടുള്ളത്. ഒരു സ്ഥലത്തെ ദൃശ്യങ്ങളേയും ശബ്ദങ്ങളേയും വൈദ്യുത സിഗ്നലുകളാക്കി മാറ്റി മറ്റൊരിടത്തേക്കു പ്രേഷണം ചെയ്ത് അവിടെ അവയെ വീണ്ടും ദൃശ്യ-ശ്രാവ്യ സിഗ്നലുകളാക്കി പുനരാവിഷ്ക്കരിക്കുന്ന ഇലക്ട്രോണിക് സംവിധാനമാണിത്.

ആമുഖം

സ്ക്രീനായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക് പിക്ചര്‍ ട്യൂബടങ്ങിയ ഒരു പെട്ടിയാണ് 'ടെലിവിഷന്‍ സെറ്റ്'. ദൂരെ നിന്ന് വൈദ്യുത സിഗ്നലുകളായെത്തുന്ന ദൃശ്യങ്ങള്‍ (വിഷ്വല്‍സ്) ടെലിവിഷന്‍ സ്ക്രീനില്‍ തെളിയുന്നതോടൊപ്പം അവയുമായി ബന്ധപ്പെട്ട ശബ്ദങ്ങള്‍ കേള്‍ക്കുകയും ചെയ്യുന്നു.

ചരിത്രം

ടെലിഗ്രാമും ടെലിഫോണും നിലവില്‍ വന്നശേഷം ദൃശ്യ പരിധി കൂടി വികസിപ്പിക്കാനുള്ള മനുഷ്യ പ്രയത്നങ്ങള്‍ 1883-ലാണ് ആരംഭിച്ചതെന്നു പറയാം. ഇതിനും മുമ്പ്, 1875-ല്‍, ജോര്‍ജ് ക്യാരി എന്ന അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ ഈ മേഖലയില്‍ ചില പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. ടെലിവിഷന്റെ ഒരു ആദ്യകാല മാതൃക അദ്ദേഹം ഭാവനയില്‍ കണ്ടു. മനുഷ്യശബ്ദം കമ്പിയില്ലാക്കമ്പി വഴി വളരെ ദൂരേക്ക് എത്തിക്കുവാനാകുമെങ്കില്‍ ചിത്രങ്ങളും എന്തുകൊണ്ട് ഇപ്രകാരം ദൂരസ്ഥലങ്ങളില്‍ എത്തിച്ചുകൂടാ എന്ന് ഇദ്ദേഹം ചിന്തിച്ചു. ഈ ചിന്ത ഒരു ചെറിയ യന്ത്ര സംവിധാനത്തിന്റെ രൂപകല്പനയില്‍ കൊണ്ടെത്തിച്ചു. ഇദ്ദേഹം ഏതാനും സെല്ലുകള്‍ രൂപപ്പെടുത്തി. പ്രകാശ രശ്മികളെ വൈദ്യുത തരംഗങ്ങളാക്കി മാറ്റുവാന്‍ ഈ സെല്ലുകള്‍ക്ക് കഴിഞ്ഞു. ഈ സെല്ലുകള്‍ക്കു മുന്നില്‍ ഒരു ലെന്‍സും ഘടിപ്പിച്ചു. ഒരു വസ്തുവില്‍ നിന്ന് വരുന്ന പ്രകാശത്തെ ഈ ലെന്‍സിലൂടെ കടത്തിവിട്ടു. ഈ പ്രകാശ രശ്മികള്‍ അവയുടെ തീവ്രതയ്ക്കനുസൃതമായി വൈദ്യുത തരംഗങ്ങളായി മാറി. ഇപ്രകാരം സൃഷ്ടിച്ച വൈദ്യുതിയെ ഒരു കമ്പിയിലൂടെ കടത്തി ബള്‍ബുകളില്‍ എത്തിക്കുകയും ചെയ്തു. ചില ബള്‍ബുകള്‍ നന്നായി കത്തി; മറ്റു ചിലവ മങ്ങിയും. ഇതിലൂടെ പ്രകാശം ഉത്ഭവിച്ച വസ്തുവിന്റപ്രതിരൂപം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുമെന്നാണ് ക്യാരി കണക്കുകൂട്ടിയത്. ഇങ്ങനെ ഒന്നിലേറെ പ്രേക്ഷണ ചാനലുകള്‍ ഉപയോഗിച്ച് ടെലിവിഷന്‍ സൃഷ്ടിക്കാമെന്ന് ഇദ്ദേഹം തെളിയിച്ചു. പക്ഷേ, ഇത് പരിപൂര്‍ണ വിജയത്തില്‍ എത്തിയില്ല. എങ്കിലും, ക്യാരിയുടെ ഈ ആദ്യ ചിന്തയുടെ പരിഷ്കൃത രൂപമാണ് ടെലിവിഷന്റെ തത്ത്വത്തിന് പിന്നിലുള്ളത്.

1880-ല്‍ യു.എസ്സിലെ ഡബ്ളിയു. ഇ. സ്വായര്‍, ഫ്രാന്‍സിലെ മൌറിസ് ലെബ്ളാക്ക് തുടങ്ങിയവര്‍ ദ്രുതവേഗ സ്കാനിങ് സമ്പ്രദായം അവതരിപ്പിച്ചു. ഒരു ചാനല്‍ മാത്രം ഉപയോഗിച്ച് ടെലിവിഷന്‍ പ്രേഷണം നടത്താമെന്നു ഇവര്‍ക്ക് ബോധ്യമായി. 1883-ല്‍ പോള്‍ നിപ്ക്കോവ് എന്ന റഷ്യന്‍ വംശജനായ ജര്‍മന്‍ ശാസ്ത്രകാരന്‍ ഒരു പ്രത്യേക സ്കാനിങ് സംവിധാനം ആവിഷ്ക്കരിച്ചു. ഒരു പ്രതിച്ഛായയെ അതിസൂക്ഷ്മ ചിത്രശകലങ്ങളുടെ പരമ്പരയാക്കി (sequence) മാറ്റിയെടുക്കാനുള്ള സംവിധാനമായിരുന്നു അത്. സുഷിരങ്ങളുള്ളതും കറങ്ങുന്നതും ലെന്‍സ് ഘടിപ്പിച്ചതുമായ വൃത്താകാര ഡിസ്ക് ഉപയോഗിച്ചാണ് പോള്‍ നിപ്കോവ് സ്കാനിങ് സംവിധാനത്തിന് രൂപം നല്‍കിയത്. ഈ യാന്ത്രിക സ്കാനര്‍ പ്രകാശത്തെ വൈദ്യുത തരംഗങ്ങള്‍ ആക്കി മാറ്റുന്ന ഒരു ഫോട്ടോഇലക്ട്രിക് സെല്ലുമായി ചേര്‍ത്താണ് ഇദ്ദേഹം ഉപയോഗപ്പെടുത്തിയത്.

ടെലിവിഷന്‍ ക്യാമറയിലും റിസീവറിലും കാഥോഡ് റേ ട്യൂബ്, ഒരുപോലെ ഉപയോഗിക്കാം എന്ന കണ്ടുപിടിത്തമാണ് (1908; ഇലക്ട്രിക്കല്‍ എന്‍ജിനീയറായ എ.എ. കാംബെന്‍ സ്വിന്റണ്‍), ആധുനിക ടെലിവിഷന്റെ ആഗമനത്തിന്റെ തന്നെ അടിത്തറയായി വര്‍ത്തിച്ചത്. അതുപോലെ ആദ്യകാലത്തെ ഫോട്ടോഇലക്ട്രിക് സെല്ലുകളിലെ സെലീനിയത്തിന് പ്രകാശത്തോട് പ്രതികരിക്കാനുള്ള ശേഷിക്കുറവിന് ഒരു പരിഹാരമായി കണ്ടുപിടിക്കപ്പെട്ട (1913) പ്രതികരണ ശേഷി കൂടിയ പൊട്ടാഷ്യം ഹൈഡ്രൈഡ് പൂശിയ ഫോട്ടോഇലക്ട്രിക് സെല്ലുകള്‍, ടെലിവിഷന്റെ വ്യാപകമായ ഉപയോഗം സാധ്യമാക്കി.

വ്ളാഡിമര്‍ കെ.സ്വോറികിന്‍

അമേരിക്കന്‍ പൗരനായി മാറിയ റഷ്യന്‍ വംശജന്‍ വ്ളാഡിമര്‍ കെ. സ്വോറികിന്‍ പ്രകാശ തരംഗങ്ങളെ നേരിട്ട് വൈദ്യുത തരംഗങ്ങളാക്കി മാറ്റുന്നതില്‍ വിജയിച്ചു (1923). ഒരു വസ്തുവില്‍ നിന്ന് വരുന്ന പ്രകാശ രശ്മികളെ ഒരു ലെന്‍സിലൂടെ കടത്തിവിട്ട്, നിരവധി ചെറിയ വൈദ്യുത തരംഗങ്ങളാക്കി മാറ്റി, ഈ തരംഗങ്ങളെ ഐക്ണോസ്കോപ്പ് എന്ന ഉപകരണത്തിലൂടെ കടത്തി വീണ്ടും പ്രകാശ രശ്മികളാക്കി മാറ്റുകയായിരുന്നു, ഇദ്ദേഹത്തിന്റെ ലക്ഷ്യം. ഇപ്രകാരം ഈ വൈദ്യുത തരംഗങ്ങള്‍ വീണ്ടും പ്രകാശ രശ്മികളായി മാറി മറ്റൊരു സ്ഥലത്ത് പതിയുമ്പോള്‍ അവിടെ ആ വസ്തുവിന്റെ പ്രതിച്ഛായ മിന്നിത്തെളിയും എന്ന് സ്വോറികിന്‍ മനസ്സിലാക്കി. വൈദ്യുതി ഉണ്ടാക്കുന്ന ഇലക്ട്രോണുകളെത്തന്നെ സ്വോറികിന്‍ ഇതിനായി പ്രയോജനപ്പെടുത്തി. പക്ഷേ, ദൃശ്യങ്ങള്‍ ദൂരെ പ്രേഷണം ചെയ്യുവാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞില്ല.

ഐക്ണോസ്കോപ്പ്

അമേരിക്കക്കാരനായ ചാള്‍സ് ഫ്രാന്‍സിസ് ജെന്‍കിന്‍സ് ആണ് പിന്നീട് ഈ രംഗത്തെത്തിയ ശാസ്ത്രകാരന്‍. ഇദ്ദേഹം നിപ്ക്കോവിന്റെ കറങ്ങുന്ന ഡിസ്ക്കിനെ പരിഷ്കരിക്കുകയും 1925-ല്‍ വാഷിംഗ്ടണിലുള്ള തന്റെ വര്‍ക്ക്ഷോപ്പില്‍ ചിത്ര സംപ്രേഷണ ശ്രമങ്ങള്‍ നടത്തുകയും ചെയ്തു.

ജോണ്‍ എല്‍.ബയോര്‍ഡ്

സ്കോട്ട്ലന്‍ഡുകാരനായ ജോണ്‍ ലോഗ് ബയേര്‍ഡും ഈ മേഖലയിലുള്ള പരീക്ഷണങ്ങളില്‍ വ്യാപൃതനായിരുന്നു. നിരവധി വിചിത്രങ്ങളായ പരീക്ഷണ പഠനങ്ങള്‍ നടത്തി ജനശ്രദ്ധ ആകര്‍ഷിച്ച യുവ ശാസ്ത്രജ്ഞനായിരുന്നു ഇദ്ദേഹം. ധനശേഷിയില്ലാത്ത ഇദ്ദേഹം പഴയ സാധനങ്ങള്‍ വില്ക്കുന്ന ആക്രിക്കടകളില്‍ നിന്നും മറ്റും വേണ്ട സാധനങ്ങള്‍ ശേഖരിച്ച് സുഹൃത്തിന്റെ വീട്ടിലെ ഒരു മുറി പരീക്ഷണശാലയാക്കി മാറ്റി തന്റെ യജ്ഞം തുടര്‍ന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് പോള്‍ നിപ്ക്കോവ് കണ്ടെത്തിയതുപോലുള്ള ഒരു ഡിസ്ക് തന്നെയാണ്, ബയേര്‍ഡും ഉപയോഗിച്ചത്. നിറയെ സുഷിരങ്ങളുള്ളതും വൃത്താകൃതിയിലുള്ളതുമായ ഒരു കാര്‍ഡ്ബോര്‍ഡ് ഡിസ്ക്കായിരുന്നു ഇത്. ഒരു പഴയ ഫാനിന്റെ മോട്ടോറുമായി ഈ ഡിസ്ക്കിനെ ഇദ്ദേഹം ബന്ധിപ്പിച്ചു. അതിനുശേഷം ഡിസ്ക്കിനു പിറകിലായി ഒരു ലെന്‍സും ഉറപ്പിച്ചു. ഈ സംവിധാനം ഒരു ടെലിവിഷന്‍ ക്യാമറയുടെ ഫലം ഉണ്ടാക്കി. പിന്നീട് ഇദ്ദേഹം കുറെ റേഡിയൊ വാല്‍വുകളും ട്രാന്‍സ്മിറ്ററുകളും ഒരു സ്ക്രീനും സംഘടിപ്പിക്കുകയും അവയെ ക്യാമറാ സംവിധാനവുമായി യോജിപ്പിക്കുകയും ചെയ്തു. ഇതിനു ശേഷം കാര്‍ഡ്ബോര്‍ഡില്‍ വെട്ടിയുണ്ടാക്കിയ ഒരു കുരിശ് ലെന്‍സിന്റെ മുന്‍പില്‍ സ്ഥാപിച്ചു. ഒരു നിയോണ്‍ ബള്‍ബിന്റെ ശക്തിയേറിയ പ്രകാശവും കൂട്ടിനുണ്ടായിരുന്നു. യന്ത്രം പ്രവര്‍ത്തിപ്പിക്കുകയും കാര്‍ഡ്ബോര്‍ഡ് കറക്കുകയും ചെയ്തപ്പോള്‍ കുരിശില്‍ തട്ടി പ്രതിഫലിച്ച പ്രകാശ രശ്മികള്‍ യന്ത്രത്തിലൂടെ കടന്ന് വൈദ്യുത തരംഗങ്ങളായി. അവയെ വീണ്ടും പ്രകാശ രശ്മികളാക്കി മാറ്റിയപ്പോള്‍ പിന്നിലുള്ള സ്ക്രീനില്‍ കുരിശിന്റെ രൂപം തെളിഞ്ഞു. തന്റെ പരീക്ഷണങ്ങള്‍ വിജയകരമാണെന്നു ബോധ്യമായതോടെ ഈ വഴിക്കു തന്നെ കൂടുതല്‍ ശ്രദ്ധേയമായ പഠനങ്ങള്‍ നടത്തുവാന്‍ ഇദ്ദേഹം സമയം കണ്ടെത്തി. ഈ ഘട്ടത്തില്‍ ഒരു യാദൃച്ഛിക സംഭവം നടന്നു. ക്യാമറയ്ക്കു മുന്നില്‍ വച്ചിരുന്ന ഒരു രൂപം സ്ക്രീനില്‍ നന്നായി തെളിയുന്നതായി ഇദ്ദേഹം കണ്ടു. ഓടി റോഡിലിറങ്ങി. ആദ്യം കണ്ട ആളിനെ, ഒരു ബാലനെ, പിടിച്ചു വലിച്ച് തന്റെ പരീക്ഷണശാലയില്‍ ഇദ്ദേഹം കൊണ്ടുവന്നു. മുറിയില്‍ തിരിച്ചെത്തിയ ബയേര്‍ഡ് ആ ബാലനെ തന്റെ ക്യാമറയ്ക്കു മുന്നില്‍ പിടിച്ചുനിര്‍ത്തി. അതിനു ശേഷം യന്ത്രം പ്രവര്‍ത്തിപ്പിച്ചു. അടുത്ത മുറിയിലെ സ്ക്രീനില്‍ ആ ബാലന്റെ നിഷ്കളങ്ക മുഖം തെളിഞ്ഞുവന്നു. 1925 ഒ. 2-ന് അങ്ങനെ വില്യം ടെന്റണ്‍ എന്ന ബാലന്‍ ടെലിവിഷനിലെ ആദ്യ അഭിനേതാവായി. 1926-ല്‍ ടെലിവിഷന്‍ സംപ്രേഷണത്തിന്റെ ഒരു പൊതു പ്രദര്‍ശനവും ബയേര്‍ഡ് നടത്തുകയുണ്ടായി.

സാങ്കേതിക വശങ്ങള്‍

ദൃശ്യ മാപ്പിങ് (image mapping)

ജോണ്‍ എല്‍.ബയോര്‍ഡ് നിര്‍മ്മിച്ച ടെലിവിഷന്‍ ട്രാന്‍സ്മിറ്റര്‍

സാധാരണയായി നാം ഒരു ദൃശ്യത്തെ വീക്ഷിക്കുമ്പോള്‍ അതിലെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്നുള്ള സിഗ്നലുകള്‍ ആയിരക്കണക്കിനു 'ചാനലു'കളിലൂടെ ഒരേ സമയം നമ്മുടെ കണ്ണുകളിലെത്തുന്നു. എന്നാല്‍ ഇതേ ദൃശ്യം ടെലിവിഷനിലൂടെ പകര്‍ത്തിക്കാണിക്കുമ്പോള്‍ ഈ ദൃശ്യത്തെ സംബന്ധിച്ച സകല വിവരങ്ങളും ഒരു ചാനലിലൂടെ മാത്രമേ പ്രേഷണം ചെയ്യാനാവൂ. ഇതിനായി ടെലിവിഷന്‍ ക്യാമറ ഉപയോഗിച്ച് 'ദൃശ്യ'ത്തെ അനവധി ചെറിയ 'കഷണ'ങ്ങളാക്കി (ഇവയാണ് പിക്ചര്‍ എലിമെന്റ്) അവയോരോന്നിന്റേയും പ്രകാശ തീവ്രതക്കനുസൃതമായ വൈദ്യുത സിഗ്നലുകള്‍ രൂപപ്പെടുത്തുന്നു. ഈ സിഗ്നലുകളെല്ലാം ചേര്‍ന്നതാണ് ദൃശ്യ മാപ്പിങ്. മുകളില്‍ സൂചിപ്പിച്ച വൈദ്യുത സിഗ്നലുകളെ ടെലിവിഷന്‍ ചാനലിലൂടെ മറ്റൊരിടത്തേക്ക് പ്രേഷണം ചെയ്ത് ടെലിവിഷന്‍ സെറ്റിനുള്ളിലെ റിസീവറില്‍ വച്ച് അവയെ വീണ്ടും പ്രകാശ സിഗ്നലുകളാക്കി മാറ്റി പിക്ച്ചര്‍ ട്യൂബിന്റെ (സ്ക്രീനില്‍) ദൃശ്യത്തെ പുനഃസൃഷ്ടിക്കുന്നു.

ബ്ലാക്ക് & വൈറ്റ് ടെലിവിഷനിലെ ഭാഗങ്ങള്‍

ഒരു ദൃശ്യ ഭാഗത്തിന്റെ സിഗ്നല്‍ കണ്ണുകളിലെത്തിയ ശേഷം ആ ദൃശ്യം അപ്രത്യക്ഷമായാലും അതിന്റെ പ്രതിഫലനം നേത്രാന്തര പടലത്തില്‍ (റെറ്റിന) ഏകദേശം പത്തിലൊന്നു സെക്കന്‍ഡ് നേരം കൂടി തങ്ങി നില്‍ക്കുമെന്നതിനാല്‍ ദൃശ്യത്തിലെ എല്ലാ പിക്ചര്‍ എലിമെന്റുകളേയും പത്തിലൊരു സെക്കന്‍ഡിനുള്ളില്‍ ഒന്നിനു പിറകെ മറ്റൊന്നായി നേത്രാന്തര പടലത്തിലെത്തിച്ചാല്‍ അവയെല്ലാം ഒന്നിച്ചു കാണുന്ന പ്രതീതിയുളവാകും. ഒരു നിശ്ചല ദൃശ്യം 1/10 സെക്കന്‍ഡ് സമയമെങ്കിലും ടെലിവിഷന്‍ സ്ക്രീനിലുണ്ടാവും. ഇത്തരം 24 വ്യത്യസ്ത നിശ്ചല ദൃശ്യങ്ങള്‍ ഒരു സെക്കന്‍ഡിനുള്ളില്‍ തുടര്‍ച്ചയായി സ്ക്രീനില്‍ തെളിയുമ്പോള്‍ അവ മൊത്തത്തില്‍ രൂപം നല്‍കുന്ന പ്രവൃത്തിയോ സംഭവമോ പ്രേക്ഷകന് കാണാന്‍ കഴിയുന്നു. അങ്ങനെ മറ്റൊരിടത്തെ ചിത്രങ്ങളും ശബ്ദങ്ങളും അതേപടി ടെലിവിഷനിലൂടെ നമുക്ക് ദൃശ്യശ്രാവ്യമാകുന്നു.

സ്കാനിങ്

ഒരു ടെലിവിഷന്‍ ക്യാമറയിലെ ദൃശ്യത്തെ പിക്ചര്‍ എലിമെന്റുകളായി വിഭജിക്കുന്നതും പ്രസ്തുത എലിമെന്റുകളെ ടെലിവിഷന്‍ റിസീവറില്‍ വച്ച് പുനസംയോജിപ്പിക്കുന്നതും സ്കാനിങ് വഴിയാണ്. ദൃശ്യ ചിത്രത്തെ (ഒരു ഫ്രെയിമിനെ) ബഹുശതം തിരശ്ചീന രേഖകളാക്കി (horizontal lines) അവയോരോന്നിന്റേയും പ്രകാശ തീവ്രതാവ്യതിയാനത്തിനനുസരിച്ച് വൈദ്യുത സിഗ്നല്‍ സൃഷ്ടിക്കുന്നതാണ് സ്കാനിങ്. ദൃശ്യത്തെ പ്രതിനിധീകരിക്കാന്‍ എത്ര പിക്ചര്‍ എലിമെന്റുകളായി വിഭജിക്കണം എന്നതിനെ ആശ്രയിച്ചാണ് സ്കാന്‍ രേഖകളുടെ എണ്ണം നിശ്ചയിക്കുന്നത്. നാഷണല്‍ ടെലിവിഷന്‍ സിസ്റ്റം കമ്മിറ്റി (NTSC) നിര്‍ദേശിച്ച രീതി പിന്തുടരുന്ന പടിഞ്ഞാറെ ഗോളാര്‍ധ രാജ്യങ്ങളില്‍ മിക്കവയിലും, ജപ്പാനിലും, 525 'രേഖകള്‍' (ഏകദേശം 15,000 പിക്ചര്‍ എലിമെന്റുകള്‍) ആയി ഒരു ഫ്രെയിമിനെ വിഭജിക്കുമ്പോള്‍ ഫേസ് ആള്‍ട്ടറേഷന്‍ ബൈ ലൈന്‍ (PAL) സംവിധാനം നിലവിലുള്ള പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍, സീക്വന്‍ഷ്യല്‍ കളര്‍ വിത്ത് മെമ്മറി (SECAM) രീതി പ്രാബല്യത്തിലുള്ള ഫ്രാന്‍സ്, കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍, ചൈന എന്നിവിടങ്ങളില്‍ ഫ്രെയിമിനെ 625 'രേഖകള്‍' (ഏകദേശം 20,000 പിക്ച്ചര്‍ എലിമെന്റുകള്‍) ആയിട്ടാണ് മാറ്റുന്നത്. ടെലിവിഷന്‍ സിഗ്നല്‍ പ്രേഷണവും സ്വീകരണവും പൊരുത്തപ്പെട്ടുപോകാനായി ടെലിവിഷന്‍ ട്രാന്‍സ്മിറ്ററിലേയും റിസീവറിലേയും സ്കാനിങ് നിരക്ക് ഒരുപോലെ നിലനിര്‍ത്തുന്നു. റിസീവറില്‍ ദൃശ്യങ്ങളുടെ ചാഞ്ചല്യം (flicker) ഒഴിവാക്കാനായി ഒരു ഫ്രെയിമിനെ തന്നെ രണ്ടു തവണ സ്കാന്‍ ചെയ്യുന്ന 'ഇന്റര്‍ലേസ്ഡ്' സ്കാനിങ് രീതിയാണ് ട്രാന്‍സ്മിറ്ററില്‍ സ്വീകരിക്കുന്നത്.

ചാനല്‍

ദൃശ്യ സിഗ്നലിനെ 'ആംപ്ളിറ്റ്യൂഡ് മോഡുലേറ്റഡ്' (AM) രീതിയില്‍ പ്രേഷണം ചെയ്യുമ്പോള്‍ അതിനോട് ബന്ധപ്പെട്ട ശബ്ദ സിഗ്നലിനെ 'ഫ്രിക്വന്‍സി മോഡുലേറ്റഡ്' (FM) രീതിയിലാണ് പ്രേഷണം ചെയ്യുന്നത്. ദൃശ്യ, ശബ്ദ സിഗ്നലിന്റെ ഏകകാല പ്രേഷണത്തിനായി ടെലിവിഷന്‍ സംപ്രേഷണ കേന്ദ്രം (സ്റ്റേഷന്‍) ഉപയോഗപ്പെടുത്തുന്ന സിഗ്നല്‍ ബാന്‍ഡിനെ 'ടെലിവിഷന്‍ ചാനല്‍' എന്ന് വിളിക്കുന്നു. ഓരോ സ്റ്റേഷനും വ്യത്യസ്ത ആവൃത്തി (frequency) ബാന്‍ഡുകള്‍ അടങ്ങിയ ചാനലുകള്‍ ഇതിനായി തിരഞ്ഞെടുക്കുന്നു.

കളര്‍ ടെലിവിഷന്‍

ഓരോ പിക്ചര്‍ എലിമെന്റിലും പച്ച/ചുവപ്പ്/ നീല എന്നീ പ്രാഥമിക വര്‍ണങ്ങളുടെ (primary colours) അളവ് എത്ര എന്ന് നിശ്ചയിച്ച് അതേ അനുപാതത്തില്‍ മൂന്നു പ്രതിബിംബങ്ങള്‍ വീതം സൃഷ്ടിച്ചാണ് കളര്‍ ടെലിവിഷന്‍ പ്രേഷണം നടത്തുന്നത്. ഇവ മൂന്നിനേയും ഒന്നിനു മുകളില്‍ മറ്റൊന്ന് എന്ന രീതിയില്‍ റിസീവറില്‍ ക്രമീകരിച്ച് ഓരോ പിക്ചര്‍ എലിമെന്റിലേയും കളര്‍ അനുപാതം ആദ്യ ദൃശ്യത്തിലേതുപോലെ (orginal scene) പുനരാവിഷ്കരിക്കുമ്പോള്‍ റിസീവറില്‍ കളര്‍ ചിത്രങ്ങള്‍ ലഭിക്കുന്നു.

ഡിജിറ്റല്‍ ടെലിവിഷന്‍

ടെലിവിഷന്‍ സിഗ്നലുകളെ അനലോഗ് രീതിയിലല്ലാതെ ഡിജിറ്റല്‍ രൂപത്തില്‍ പ്രേഷണം ചെയ്യുന്നതാണിതിലെ രീതി. ഉയരമുള്ള കെട്ടിടങ്ങള്‍ പോലുള്ള തടസ്സങ്ങളില്‍ തട്ടി പ്രേഷണ സിഗ്നലുകള്‍ പ്രതിഫലിക്കുന്നതും ടെലിവിഷന്‍ സിഗ്നലിനെ മറ്റുതരത്തിലുള്ള വൈദ്യുത തരംഗങ്ങള്‍ സ്വാധീനിക്കുന്നതും തടയുന്നതിന് ഡിജിറ്റല്‍ രീതി അനുയോജ്യമാണ്. ഡേറ്റ കംപ്രഷന്‍ വഴി ആവശ്യമില്ലാത്ത വിവരങ്ങള്‍ നീക്കം ചെയ്യാവുന്നതിനാല്‍ പ്രേഷിത (transmitted) സിഗ്നലില്‍ കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്താനുമാകും. ഉദാഹരണമായി ഒരു സിനിമ പ്രേഷണം ചെയ്യുന്നതായി കരുതുക. ഇതില്‍ അടുത്തടുത്തുള്ള രണ്ട് ഫ്രെയിമിലെ ദൃശ്യ വിവരങ്ങള്‍ തമ്മില്‍ വളരെ ചെറിയ വ്യത്യാസമേ കാണൂ. രണ്ട് ഫ്രെയിമിലേയും ദൃശ്യ വിവരങ്ങള്‍ പൂര്‍ണമായും പ്രേഷണം ചെയ്യുന്നതിനു പകരം പ്രഥമ ഫ്രെയിമിലെ വിവരങ്ങളേയും അതിനും രണ്ടാമത്തെ ഫ്രെയിമിനും തമ്മിലുള്ള വ്യത്യാസങ്ങളേയും പ്രേഷണം ചെയ്താല്‍ സ്വീകരണ സ്ഥാനത്ത് ഈ വ്യത്യാസങ്ങള്‍ പ്രയോജനപ്പെടുത്തി പ്രഥമ ഫ്രെയിമില്‍ നിന്ന് രണ്ടാമത്തെ ഫ്രെയിമിനെ പുനഃസൃഷ്ടിക്കാനാകും.

ഹൈ-ഡെഫിനിഷന്‍ ടിവി (HDTV)

വളരെ ഉയര്‍ന്ന ദൃശ്യ സ്പഷ്ടതയുള്ള പ്രതിബിംബങ്ങള്‍ ടിവി സ്ക്രീനില്‍ ലഭ്യമാക്കുന്ന ടെലിവിഷന്‍. ഇതിലെ ക്യാമറ എല്ലായ്പ്പോഴും ദൃശ്യ പ്രതിബിംബത്തിലെ എല്ലാ രേഖകളേയും സ്കാന്‍ ചെയ്യുന്നതാണ് ഉയര്‍ന്ന സ്പഷ്ടതയ്ക്കു നിദാനം. ആയിരത്തിലേറെ സ്കാനിങ് രേഖകള്‍, ഓരോന്നിലും കൂടുതല്‍ വിവരം, വീതിയേറിയ ടെലിവിഷന്‍ സ്ക്രീന്‍, ഡിജിറ്റല്‍ രീതിയിലുള്ള ഓഡിയൊ/വിഡിയൊ പ്രേഷണം, പ്രോഗ്രസീവ് സ്കാനിങ് എന്നിവയാണിതിന്റെ ഇതര സവിശേഷതകള്‍.

നൂതന പ്രവണതകള്‍

ടെലിവിഷന്‍ രംഗത്ത് വലിയൊരു വിപ്ലവം സൃഷ്ടിച്ചതാണ് പാശ്ചാത്യ രാജ്യങ്ങളില്‍ ഇതിനകം പ്രചാരം നേടിക്കഴിഞ്ഞ ഡയറക്റ്റ് ബ്രോഡ്കാസ്റ്റിങ് സാറ്റ്ലൈറ്റ് (DBS). ചെറിയ ഡിഷ് ആന്റിന ഉപയോഗിച്ച് പ്രേഷകനു തന്നെ കേബിള്‍ സഹായം കൂടാതെ ഇതില്‍ ചാനലുകള്‍ തിരഞ്ഞെടുക്കാനാവും.

ഭാരം കുറഞ്ഞതും ഊര്‍ജം ലാഭിക്കാവുന്നതുമായ 'ലിക്വിഡ് ക്രിസ്റ്റല്‍ ഡിസ് പ്ലേ' (LCD) സ്ക്രീന്‍ ഉപയോഗിച്ചുള്ള ഫ്ളാറ്റ് ടെലിവിഷന്‍ അഥവാ പ്ലാസ്മ ടെലിവിഷന്‍ വിപണിയില്‍ വന്നു തുടങ്ങിയിട്ടുണ്ട്. ഇവയെ ചുമരില്‍ ചിത്രം പോലെ തൂക്കിയിട്ട് 'ടെലിവിഷന്‍' കണ്ടാസ്വദിക്കാം. അതുപോലെ ടെലിവിഷന്‍ സെറ്റിന്റെ മുകളില്‍ സെറ്റ് ടോപ്പ് ബോക്സ് ഘടിപ്പിച്ച് അതിലൂടെ ടെലിഫോണ്‍/കേബിള്‍ ബന്ധം വഴി വേള്‍ഡ് വൈഡ് വെബ് ബ്രൗസിങ്, ഇ-മെയില്‍ തുടങ്ങിയവ ലഭ്യമാക്കുന്ന വെബ് ടെലിവിഷനും ഇന്ന് ലഭ്യമാണ്.

ടെലിവിഷന്‍ വ്യവസായം

1930-കളുടെ മധ്യത്തോടെയാണ് ആസൂത്രിതവും സംഘടിതവുമായ രീതിയില്‍ ടെലിവിഷന്‍ നിര്‍മാണവും സംപ്രേഷണവും ആരംഭിച്ചത്. എന്നാല്‍, രണ്ടാം ലോകയുദ്ധത്തിന്റെ ഫലമായി ഈ രംഗത്തെ വികാസം തടസ്സപ്പെട്ടു. തുടര്‍ന്ന് 1940-കളുടെ അന്ത്യത്തിലും 50-കളുടെ ആദ്യവര്‍ഷങ്ങളിലുമാണ് നിര്‍മാണ-സംപ്രേഷണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചത്.

ടെലിവിഷന്റെ വികാസ ചരിത്രത്തില്‍ ഗണ്യമായ സ്വാധീനം ചെലുത്തിയ ബി.ബി.സി. സ്ഥാപിതമായത് 1927-ലാണ്. 1938 വരെ ബി.ബി.സിയുടെ ഡയറക്ടര്‍ ജനറല്‍ ആയിരുന്ന സര്‍ ജോണ്‍ റീത്ത് ആണ് ബ്രിട്ടനിലെ ടെലിവിഷന്‍ സംപ്രേഷണത്തിന്റെ ദിശയേയും സ്വഭാവത്തേയും നിര്‍ണയിച്ചത്. പ്രേക്ഷക വിദ്യാഭ്യാസം, ദേശീയോദ്ഗ്രഥനം, യുക്തിസഹമായ ജനാധിപത്യമൂല്യങ്ങളുടെ പ്രചാരം എന്നിവയായിരിക്കണം ടെലിവിഷന്റെ ലക്ഷ്യങ്ങളെന്ന് ഇദ്ദേഹം നിഷ്കര്‍ഷിച്ചു.

ടെലിവിഷന്‍ സ്റ്റേഷനുകള്‍ രണ്ടുതരമുണ്ട്-വാണിജ്യ ടെലിവിഷന്‍ സ്റ്റേഷനുകളും പൊതു ടെലിവിഷന്‍ സ്റ്റേഷനുകളും. വാണിജ്യ ടെലിവിഷനുകള്‍ നടത്തുന്നത് സ്വകാര്യ കമ്പനികളാണ്. പൊതുചാനലുകള്‍ നടത്തുന്നത് ഗവണ്‍മെന്റ് നേരിട്ടോ ബി.ബി.സി പോലുള്ള കോര്‍പ്പറേഷനുകളോ ആണ്. രണ്ടു വിഭാഗം ചാനലുകളും പരസ്യങ്ങളില്‍ നിന്നു ലഭിക്കുന്ന വരുമാനം ഉപയോഗിച്ചാണ് പൊതുവായ വിനോദ വിജ്ഞാന പരിപാടികള്‍ക്കാവശ്യമായ പണം സമാഹരിക്കുന്നത്. വിഡിയൊ കാസറ്റ് റിക്കാര്‍ഡറുകള്‍, വിഡിയൊ ഡിസ്ക് പ്ളെയറുകള്‍, പെഴ്സണല്‍ കംപ്യൂട്ടറുകള്‍ തുടങ്ങിയവയുടെ പ്രചാരം മൂലം ടെലിവിഷന്റെ ഉപയോഗത്തില്‍ അടുത്ത കാലത്ത് വമ്പിച്ച മാറ്റങ്ങളുണ്ടായി. ഇലക്ട്രോണിക് ഗെയിംസ്, ടെലിവൈസ്ഡ് ഇന്‍ഫര്‍മേഷന്‍ സര്‍വീസ് എന്നിവയ്ക്കു വേണ്ടിയും ടെലിവിഷന്‍ ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു.

വാണിജ്യ ചാനലുകളുടെ മുഖ്യ വരുമാനമാര്‍ഗം പരസ്യങ്ങളാണ്. ഓരോ ചാനലും പരസ്യം നല്‍കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അതിനായി നീക്കിവെച്ചിട്ടുള്ള സമയം വില്‍ക്കുകയാണ് ചെയ്യുന്നത്. പ്രേക്ഷകരുടെ എണ്ണത്തെ ആശ്രയിച്ചാവും പരസ്യ നിരക്ക് നിര്‍ണയിക്കുക. ഏറ്റവുമധികം പ്രേക്ഷകര്‍ കാണുന്ന സമയങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന പരസ്യങ്ങള്‍ക്ക് നിരക്ക് കൂടുതലായിരിക്കും. പ്രേക്ഷകര്‍ വളരെയേറെയുള്ള പരിപാടികള്‍ക്ക് സ്പോണ്‍സര്‍ ചെയ്യുന്ന രീതിയാണ് വന്‍കിട കമ്പനികള്‍ ചെയ്യുന്നത്. പൊതു ഉടമസ്ഥതയിലുള്ള ചാനലുകള്‍ വിദ്യാഭ്യാസ- വിജ്ഞാനാധിഷ്ഠിത വിഷയങ്ങളെ ആസ്പദമാക്കിയുള്ള പരിപാടികള്‍ക്ക് പ്രാധാന്യം നല്‍കുന്നു. ഡിസ്ക്കവറി, നാഷണല്‍ ജോഗ്രഫിക് ചാനല്‍, ആനിമല്‍ പ്ളാനറ്റ് തുടങ്ങിയ ചാനലുകള്‍ പരിസ്ഥിതി പ്രശ്നങ്ങള്‍ ഉള്‍പ്പെടെയുള്ള ശാസ്ത്ര-സാങ്കേതിക പരിപാടികളാണ് മുഖ്യമായും സംപ്രേഷണം ചെയ്യുന്നത്.

കേബിള്‍ ടെലിവിഷനുകള്‍ സംപ്രേഷണം ചെയ്യുന്ന പരിപാടികള്‍ക്ക് പ്രതിഫലമായി പ്രേക്ഷകരില്‍ നിന്ന് ഒരു നിശ്ചിത ഫീസ് ഈടാക്കാറുണ്ട്. ചില കേബിള്‍ ടിവി നിലയങ്ങള്‍ നൂറിലധികം ചാനലുകള്‍ വരെ വരിക്കാര്‍ക്ക് ലഭ്യമാക്കുന്നുണ്ട്. ഓരോ കേബിള്‍ ടിവി ശൃംഖലയും അതു സ്ഥിതിചെയ്യുന്ന കേന്ദ്രങ്ങളിലെ പ്രാദേശികമായ വാര്‍ത്തകള്‍ക്കും പരിപാടികള്‍ക്കും പ്രാധാന്യം നല്‍കുന്നു എന്നതാണ് കേബിള്‍ ടിവിയുടെ പ്രത്യേകത.

ബാഹ്യാകാശത്തു സ്ഥാപിച്ചിട്ടുള്ള ഉപഗ്രഹം വഴി അയയ്ക്കുന്ന ടെലിവിഷന്‍ സിഗ്നലുകള്‍ ഒരു ഭൂതല കേന്ദ്രത്തില്‍ എത്തുന്നതിലൂടെയാണ് ഉപഗ്രഹ സംപ്രേഷണം നടക്കുന്നത്. ഭൂതല കേന്ദ്രത്തില്‍ നിന്ന് ഡിഷ് ആന്റിനയോ ഡിഷ് റിസീവറോ ഉപയോഗിച്ച് പരിപാടികള്‍ ടിവി സെറ്റിലേക്ക് എത്തിക്കുന്ന രീതിയാണ് ഉപഗ്രഹ സംപ്രേഷണത്തില്‍ നിലവിലുള്ളത്. നിര്‍മാണച്ചെലവ് കൂടുതലാണെങ്കിലും കൂടുതല്‍ സ്ഥലങ്ങളില്‍ പരിപാടികള്‍ എത്തിക്കാന്‍ കഴിയുമെന്നതാണ് വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളുടെ സവിശേഷത.

വന്‍കിട കമ്പനികള്‍, ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ എന്നിവ തത്സമയ സംപ്രേഷണ സമ്പ്രദായം ഉപയോഗിച്ച് ടെലികോണ്‍ഫറന്‍സ് നടത്താറുണ്ട്. യാത്രാചെലവും സമയവും ഇതുമൂലം ലാഭിക്കാന്‍ കഴിയുന്നു. ജയിലുകള്‍, ആശുപത്രികള്‍, വ്യാപാര സ്ഥാപനങ്ങള്‍, ഫാക്ടറികള്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ക്ലോസ്ഡ് സര്‍ക്യൂട്ട് ടിവികളിലൂടെ അവിടത്തെ വിവിധ പ്രവര്‍ത്തനങ്ങള്‍ ഒരിടത്തു നിന്നു നിരീക്ഷിക്കാന്‍ സാധിക്കും.

ടെലിവിഷന്‍ പരിപാടികളുടെ നിര്‍മാണം

മുന്‍കൂട്ടി റിക്കാര്‍ഡു ചെയ്തതിനുശേഷം പിന്നീട് സംപ്രേഷണം ചെയ്യുന്ന രീതിയാണ് മിക്ക ടിവി പരിപാടികളിലും സാധാരണയായി അവലംബിക്കുന്നത്. ടിവി നിലയങ്ങളും ശൃംഖലകളുമടങ്ങുന്ന പ്രോഗ്രാമിങ് ഡിപ്പാര്‍ട്ടുമെന്റില്‍ ടെലിവിഷന്‍ ദൃശ്യങ്ങളുടെ നിര്‍മാണം സംബന്ധിച്ച ആസൂത്രണം ആരംഭിക്കുന്നു. സ്വതന്ത്ര നിര്‍മാതാക്കള്‍ നിര്‍മിക്കുന്ന പരിപാടികള്‍ ടിവി ചാനലുകള്‍ വിലയ്ക്കു വാങ്ങുകയും ചെയ്യാറുണ്ട്. ടിവി സ്ക്രിപ്റ്റ് (തിരക്കഥ) തയ്യാറാക്കുകയും സംവിധായകനെ തിരഞ്ഞെടുക്കുകയും ചെയ്യുക എന്നതാണ് നിര്‍മാണത്തിന്റെ ആദ്യഘട്ടം. കലാസംവിധായകന്‍, വസ്ത്രാലങ്കാര ഡിസൈനര്‍, ഗാനരചയിതാവ്, ഗാനസംവിധായകന്‍, ഗായകര്‍ എന്നീ വിദഗ്ദ്ധരുടെ സേവനവും ആവശ്യമാണ്. ഒരു ടെലിവിഷന്‍ പരിപാടിയില്‍ മുഖ്യഘടകം അതിന്റെ നിര്‍മാതാവാണ്. അതുകൊണ്ടാണ് ടെലിവിഷനെ 'നിര്‍മാതാവിന്റെ മാധ്യമ'മെന്ന് വിശേഷിപ്പിക്കുന്നത്.

ഒരു ടെലിവിഷിന്‍ സ്റ്റുഡിയൊ ഫ്ളോര്‍

വാണിജ്യ ടെലിവിഷന്‍ ചാനലുകള്‍ ഏറ്റവുമധികം നിര്‍മിക്കുന്നത് വിനോദ പരിപാടികളാണ്. 'സിറ്റ്വേഷന്‍ കോമഡീസ്' എന്നറിയപ്പെടുന്ന ലഘു നാടകങ്ങള്‍, ഹാസ്യ-ഗാന പരിപാടികള്‍ എന്നിവയ്ക്കു പുറമേ ടെലിഫിലിമുകള്‍, കായിക വിനോദം, ക്വിസ് തുടങ്ങിയ പരിപാടികള്‍, സോപ്പ് ഓപ്പറകള്‍ അഥവാ 'മസാല'കള്‍, കാര്‍ട്ടൂണുകള്‍, കുട്ടികള്‍ക്കു വേണ്ടിയുള്ള പരമ്പരകള്‍ എന്നിവയൊക്കെ വിനോദ പരിപാടികളുടെ ഗണത്തില്‍പ്പെടുന്നു. വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ഡോക്യുമെന്ററികളുമുണ്ട്. വിനോദപരമായ ഡോക്യുമെന്ററികള്‍ക്കു പുറമേ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ-ശാസ്ത്രീയ പ്രശ്നങ്ങളെക്കുറിച്ചും ഭൂപ്രദേശങ്ങളെക്കുറിച്ചുമുള്ള ഡോക്യുമെന്ററികളുംചാനലുകള്‍ അവതരിപ്പിക്കുന്നുണ്ട്. 'ഇന്‍ഫോടെയ് ന്‍മെന്റ്' (infotainment) എന്നൊരു വാക്കു തന്നെ ഇന്നു പ്രചാരത്തില്‍ വന്നിട്ടുണ്ട്. ഇന്‍ഫര്‍മേഷന്‍ (information), വിനോദം (entertainment) എന്നീ പദങ്ങളെ സംയോജിപ്പിച്ചാണ് ഇന്‍ഫോടെയ്ന്‍മെന്റ് എന്ന വാക്ക് സൃഷ്ടിച്ചത്. വിജ്ഞാനത്തിനും വിനോദത്തിനും നല്‍കുന്ന പ്രാധാന്യമാണ് ഇത്തരമൊരു ആശയത്തിനു പിന്നിലുള്ളത്.

ടെലിവിഷന്‍ പരിപാടികളില്‍ ഏറ്റവുമധികം പ്രേക്ഷകരുള്ളത് വാര്‍ത്തകള്‍ക്കാണെന്നൊരു പക്ഷമുണ്ട്. ഒരര്‍ഥത്തില്‍ വാര്‍ത്തയുടെ മുഖ്യ സ്രോതസ്സു തന്നെ ടെലിവിഷനാണ്. ലോകത്തില്‍ എന്തു നടക്കുന്നു എന്നതിനെക്കുറിച്ചുള്ള ആശയങ്ങള്‍ ഉത്പാദിപ്പിക്കുന്നത് പ്രധാനമായും ടെലിവിഷന്‍ വാര്‍ത്തകളാണ്. ദേശീയവും അന്തര്‍ദേശീയവുമായ സംഭവങ്ങളുടെ ഏറ്റവും സൂക്ഷ്മവും കൃത്യവും നിഷ്പക്ഷവും സമഗ്രവുമായ ചിത്രമാണ് ടെലിവിഷന്‍ വാര്‍ത്തകള്‍ നല്‍കുന്നതെന്ന പ്രതീതി സൃഷ്ടിക്കുന്നു. അതിനാല്‍ ഇതര മാധ്യമങ്ങളെ അപേക്ഷിച്ച് കൂടുതല്‍ വിശ്വസനീയമാണ് ടെലിവിഷന്‍ വാര്‍ത്തകളെന്ന് പ്രേക്ഷകര്‍ കരുതുന്നുണ്ട്. ലോകത്തിനു നേരെ പിടിച്ചിരിക്കുന്ന കണ്ണാടിയാണ് അതെന്ന ധാരണ സൃഷ്ടിക്കാന്‍ സാധിച്ചതു കൊണ്ടാണിത്തരമൊരു വിശ്വാസം വളര്‍ത്തിയെടുക്കുവാന്‍ കഴിഞ്ഞിട്ടുള്ളത്. എന്നാല്‍, ലോകത്തിലെ യഥാര്‍ഥ സംഭവങ്ങളും വാര്‍ത്താപരിപാടികളും തമ്മിലുള്ള ബന്ധം പരിശോധിച്ചാല്‍, ചാനലുകള്‍ അവകാശപ്പെടുന്നതുപോലെ തികച്ചും നിഷ്പക്ഷവും സമഗ്രവുമല്ല വാര്‍ത്തകള്‍ എന്നു വ്യക്തമാവും. യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി കൃത്രിമമായി നിര്‍മിക്കുന്ന വാര്‍ത്തകളും ചിലപ്പോഴൊക്കെ പ്രസാരണം ചെയ്യപ്പെടുന്നുണ്ട്. ലോകത്തില്‍ നടക്കുന്ന അസംഖ്യം സംഭവങ്ങളില്‍ ഏതൊക്കെ വാര്‍ത്തയാകണം എന്നു തീരുമാനിക്കുന്നതിനു പിന്നില്‍ ചാനലുകളുടെയും നിര്‍മാതാക്കളുടെയും രാഷ്ട്രീയ-പ്രത്യയശാസ്ത്ര താത്പര്യങ്ങളും മുന്‍വിധികളുമുണ്ടായിരിക്കും.

അതേ സമയം വാര്‍ത്തകള്‍ പൂര്‍ണമായും ഒഴിവാക്കി, നിലവാരം കുറഞ്ഞ സീരിയലുകളില്‍- സോപ്പ് ഓപ്പറകളില്‍- സദാസമയവും മുഴുകിയിരിക്കുന്ന ബഹുസഹസ്രം പ്രേക്ഷകരുണ്ട്. ഇവരില്‍ ഭൂരിപക്ഷവും സ്ത്രീകളും കുട്ടികളുമാണുതാനും. ഇലക്ട്രോണിക് മാധ്യമത്തിന്റെ ഈ കടന്നുകയറ്റം പലരേയും ഗ്രന്ഥപാരായണത്തില്‍, എന്തിന് പത്രപാരായണത്തില്‍പ്പോലും താത്പര്യം നഷ്ടപ്പെട്ടവരാക്കുന്നു. ബഹുഭൂരിപക്ഷം പ്രേക്ഷകര്‍ക്കും ചിന്തിക്കാനുള്ള അവസരം പോലും നല്‍കാത്ത ടെലിവിഷന്റെ ഈ പ്രത്യേകത കൊണ്ടാണ് 'ടെലിവിഷന്‍ സെറ്റിനെ' പരിഹാസ്യമായി വിഡ്ഢിപ്പെട്ടി (Idiot Box) എന്നു വിളിച്ചുവരുന്നത്.

1980-കള്‍ക്കുശേഷം ഇലക്ട്രോണിക്സ് രംഗത്തും വാര്‍ത്താവിനിമയത്തിന്റെ സാങ്കേതിക രംഗത്തുമുണ്ടായ സ്ഫോടനാത്മകമായ പരിവര്‍ത്തനങ്ങള്‍ ടെലിവിഷന്‍ പരിപാടികളെ ആഗോളവല്‍ക്കരിക്കുകയുണ്ടായി. ഗള്‍ഫ് യുദ്ധം, ടിയാനെന്‍മെന്‍ കൂട്ടക്കൊല, മുന്‍ യുഗോസ്ലാവ്യയിലെ വിപ്ലവം, ഒളിമ്പിക്സ്, അഫ്ഗാന്‍ യുദ്ധം, ഇറാഖ് യുദ്ധം എന്നിവയുടെ തത്സമയ സംപ്രേഷണം ഒരു 'ആഗോളപ്രേക്ഷക സമൂഹ'ത്തിന്റെ സൃഷ്ടിക്കു കാരണമായിട്ടുണ്ട്. വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളുടെ സഹായത്തോടെ ലോകത്തെവിടെ നടക്കുന്ന സംഭവങ്ങളും തത്സമയം തന്നെ ലോകം മുഴുവനും എത്തിക്കാനുള്ള സാങ്കേതിക മുന്നേറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. 'ആഗോള വാര്‍ത്താമുറി' എന്നൊരു പ്രയോഗം തന്നെ ഇപ്പോള്‍ നിലവില്‍ വന്നു കഴിഞ്ഞിട്ടുണ്ട്. മാധ്യമ ഗുരു എന്നറിയപ്പെടുന്ന മാര്‍ഷല്‍ മക്ലൂഹാന്‍ ആവിഷ്ക്കരിച്ച 'ആഗോള ഗ്രാമം' എന്ന പ്രയോഗം ടെലിവിഷന്‍ രംഗത്തുണ്ടായിക്കൊണ്ടിരിക്കുന്ന ദൂരവ്യാപകമായ മാറ്റങ്ങളെ സൂചിപ്പിക്കുന്നു. അച്ചടി മാധ്യമങ്ങള്‍ സമൂഹത്തെ പല സംഘങ്ങളാക്കി വിഭജിക്കുന്നുവെങ്കില്‍, ഇലക്ട്രോണിക് മാധ്യമങ്ങള്‍ സമൂഹത്തെ ഒരു വലിയ ഗോത്രമായി അഥവാ ഒരു 'ആഗോള ഗ്രാമ'മായി പുനര്‍നിര്‍മിക്കുകയാണ് ചെയ്യുന്നതെന്ന് മക്ലൂഹാന്‍ സിദ്ധാന്തിച്ചു.

1980-കളിലും 1990 കളിലും ടെലിവിഷന്‍ ഉളവാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള പഠനം ഒരു പുതിയ വിജ്ഞാന ശാഖയായി വികസിക്കുകയുണ്ടായി. ടെലിവിഷനുമായി ബന്ധപ്പെട്ട പ്രത്യയശാസ്ത്ര രൂപീകരണങ്ങള്‍, വ്യാവസായിക ഘടനകള്‍, പാഠവിശകലനം, പ്രേക്ഷക പ്രതികരണം എന്നിവ തമ്മിലുള്ള പരസ്പര ബന്ധവും പ്രതിപ്രവര്‍ത്തനങ്ങളും ഗൌരവമായ ഗവേഷണ പഠനങ്ങള്‍ക്ക് വിഷയമായിട്ടുണ്ട്. 'ഘടനാവാദ'ത്തിന്റെയും 'മനോവിശ്ലേഷണ'ത്തിന്റെയും രീതിശാസ്ത്രങ്ങളുപയോഗിച്ച്, ടെലിവിഷന്‍ പരിപാടികളെ ഒരു 'പാഠമായി' അപഗ്രഥിക്കുന്ന സമ്പ്രദായവും നിലവിലുണ്ട്. പരിപാടികളുടെ നിര്‍മാണത്തെയും പാഠങ്ങളുത്പാദിപ്പിക്കുന്ന അര്‍ഥ തലങ്ങളെയും വിസങ്കേതനം (decoding) ചെയ്യുമ്പോള്‍ തൊഴില്‍ സംഘാടനം, സാങ്കേതിക ഉപകരണങ്ങള്‍, ചാനലുകളുടെ നയങ്ങള്‍, ഉടമസ്ഥത എന്നീ ഘടകങ്ങളെല്ലാം കണക്കിലെടുക്കേണ്ടതാണ്. ഇതര മാധ്യമങ്ങളില്‍ നിന്ന് ടെലിവിഷനെ വ്യതിരിക്തവും സവിശേഷവുമാക്കുന്നത് അതിന്റെ ഗാര്‍ഹികതയും ദൃശ്യാത്മകതയുമാണെന്ന് പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

വികസിത രാജ്യങ്ങളോടൊപ്പം അവികസിത രാജ്യങ്ങളിലും ടെലിവിഷന്റെ സാമൂഹിക പ്രാധാന്യം വര്‍ധിച്ചിട്ടുണ്ട്. അമേരിക്കയിലെ 98% ഭവനങ്ങളിലും കുറഞ്ഞത് ഒരു ടെലിവിഷന്‍ സെറ്റെങ്കിലുമുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഒരു ടിവി സെറ്റ് ഉണ്ടായിരിക്കുകയെന്നത് അമേരിക്കയില്‍ ഒരു പൌരാവകാശമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട് എന്നത് ടെലിവിഷന്റെ പ്രാധാന്യത്തെയാണ് സൂചിപ്പിക്കുന്നത്.

ടെലിവിഷന്‍ ഇന്ത്യയില്‍

ടെലിവിഷന്‍ സംപ്രേഷണം ലക്ഷ്യമാക്കി ന്യൂഡല്‍ഹി ആസ്ഥാനമായി ദൂരദര്‍ശന്‍ എന്ന സ്ഥാപനം ആരംഭിച്ചത് 1959-ലാണ്. ദൂരദര്‍ശനുവേണ്ടി വിദ്യാഭ്യാസപരവും വിജ്ഞാനാധിഷ്ഠിതവുമായ പരിപാടികള്‍ ആദ്യകാലങ്ങളില്‍ നിര്‍മിച്ചു നല്‍കിയത് ആകാശവാണിയായിരുന്നു. 1965- ലാണ് ദൂരദര്‍ശന്‍ സ്ഥിര പ്രക്ഷേപണം ആരംഭിച്ചത്. 1968-ല്‍ വിക്രം സാരാഭായിയുടെ നേതൃത്വത്തിലുണ്ടായിരുന്ന നാസ്ക്കോം (നാഷണല്‍ സാറ്റ്ലൈറ്റ് കമ്യൂണിക്കേഷന്‍സ് ഗ്രൂപ്പ്) ഭൂതല മൈക്രോവേവ് സംപ്രേഷണ ട്രാന്‍സ്മിറ്ററുകളുള്ള വാര്‍ത്താവിനിമയ ഉപഗ്രഹങ്ങള്‍ ഉപയോഗിച്ച് ടിവി സംപ്രേഷണ സംവിധാനം സ്ഥാപിക്കണമെന്ന് ശുപാര്‍ശ ചെയ്തു. അങ്ങനെയാണ് ഇന്‍സാറ്റ് (ഇന്ത്യന്‍ നാഷണല്‍ സാറ്റ്ലൈറ്റ്) സ്ഥാപിച്ചത്.

കേന്ദ്ര ഗവണ്‍മെന്റിന്റെ നിയന്ത്രണങ്ങള്‍ മൂലം 1982 വരെയും ഇന്ത്യയില്‍ ടെലിവിഷന്റെ വികാസം വളരെ മന്ദഗതിയിലായിരുന്നു. യു.എസ്സില്‍ നിന്ന് കടം വാങ്ങിയ ഉപഗ്രഹം ഉപയോഗിച്ച് 1975-76-ല്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐ.എസ്.ആര്‍.ഒ., 2400 ഗ്രാമങ്ങളില്‍ പരിപാടികള്‍ സംപ്രേഷണം ചെയ്തു. പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ച കമ്യൂണിറ്റി ടെലിവിഷന്‍ സെറ്റുകളിലൂടെ ഗ്രാമീണ ജനതയ്ക്ക് പരിപാടികള്‍ കാണാനുള്ള അവസരം ഇതുവഴി ലഭിച്ചു. നിയന്ത്രിത സാമൂഹിക മാറ്റത്തിന് ടെലിവിഷന്‍ ഉപയോഗിക്കുകയെന്ന പദ്ധതി തുടര്‍ന്നുള്ള നയ രൂപീകരണത്തെ ഗണ്യമായി സ്വാധീനിച്ചു. വിവിധ ഭാഷകളില്‍ ടെലിവിഷന്‍ സംപ്രേഷണം ആരംഭിക്കുന്നതിനും ഇത് പ്രചോദകമായി. 1982-ല്‍ ഡല്‍ഹിയില്‍ നടന്ന ഏഷ്യന്‍ ഗെയിംസ് (ഏഷ്യാഡ്) ഇന്ത്യയില്‍ ടെലിവിഷന്റെ വളര്‍ച്ചയെ ഗണ്യമായി സഹായിച്ചിട്ടുണ്ട്. തുടര്‍ന്ന് ടെലിവിഷന്‍ ട്രാന്‍സ്മിറ്ററുകളുടെ രംഗത്ത് കാര്യമായ വര്‍ദ്ധനയാണുണ്ടായത്. മൊത്തം ജനസംഖ്യയുടെ 33.3% അച്ചടി മാധ്യമവും 19.7% റേഡിയോവും ഉപയോഗിക്കുമ്പോള്‍, 44.5 ശതമാനം പേര്‍ ടിവി പരിപാടികള്‍ കാണുന്നുവെന്ന് കണക്കാക്കപ്പെടുന്നു.

പൊതു ടെലിവിഷന്‍ ശൃംഖലയായ ദൂരദര്‍ശന്‍ 1997-ല്‍ നിലവില്‍ വന്ന പ്രസാര്‍ ഭാരതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. 40 കേന്ദ്രങ്ങളില്‍ പരിപാടികള്‍ നിര്‍മിക്കുന്ന 19 ചാനലുകള്‍ ദൂരദര്‍ശനുണ്ട്. 12 ഭാഷകളില്‍ പരിപാടികള്‍ നിര്‍മിക്കുന്ന ദൂരദര്‍ശന്റെ പരിധിയില്‍ ഇന്ത്യയുടെ മൊത്തം ഭൂപ്രദേശത്തിന്റെ 70% വും ജനസംഖ്യയുടെ 87% വൂം ഉള്‍ക്കൊള്ളുന്നുണ്ട്. ദൂരദര്‍ശന്റെ മുഖ്യചാനലായ ഡി.ഡി. 1-ന് ഏതാണ്ട് 30 കോടി പ്രേക്ഷകരുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഇത് അമേരിക്കയിലെ മൊത്തം ജനസംഖ്യയേക്കാള്‍ കൂടുതലാണ്. മൂന്ന് ഉപഗ്രഹങ്ങളും 900 ട്രാന്‍സ്മിറ്ററുകളും ദൂരദര്‍ശന്‍ ഉപയോഗിക്കുന്നു. യുണെസ്ക്കോയുടെ 1999-ലെ സ്ഥിതിവിവര ഇയര്‍ബുക്ക് അനുസരിച്ച് ഇന്ത്യയില്‍ ഏതാണ്ട് 63 ദശലക്ഷം ഭവനങ്ങളില്‍ ടിവി സെറ്റുണ്ട്. എങ്കിലും ഇന്ത്യയിലെ ടെലിവിഷന്‍ സാന്ദ്രത 100 പേര്‍ക്ക് 6.5 എന്ന തോതില്‍ മാത്രമാണ്.

ലോകത്തിലെ ഇതര രാഷ്ട്രങ്ങളില്‍ പൊതു ടെലിവിഷന്റെ ഭാഗമായി അംഗീകരിച്ചിട്ടുള്ളവയോട് സമാനമാണ് ദൂരദര്‍ശന്റെ ലക്ഷ്യങ്ങള്‍. ദേശീയോല്‍ഗ്രഥനത്തെ പ്രോത്സാഹിപ്പിക്കുക, സാമൂഹിക മാറ്റത്തിനു പ്രചോദകമാവുക, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള പരിപാടികള്‍ക്ക് മുന്‍ഗണന നല്‍കുക, സാംസ്കാരിക പൈതൃകത്തിന്റെ സംരക്ഷണവും പ്രോത്സാഹനവും ഉറപ്പാക്കുക, ശാസ്ത്ര സാങ്കേതിക രംഗത്തുണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ച് പ്രേക്ഷകര്‍ക്ക് അറിവ് നല്‍കുക, കുടുംബാസൂത്രണം, കൃഷി, വിദ്യാഭ്യാസം മുതലായ രംഗങ്ങളെക്കുറിച്ചുള്ള വിജ്ഞാനം വര്‍ധിപ്പിക്കുന്ന പരിപാടികള്‍ നിര്‍മിക്കുക തുടങ്ങിയവയാണ് ദൂരദര്‍ശന്റെ ലക്ഷ്യങ്ങള്‍. 1990-ല്‍ നിലവില്‍ വന്ന പ്രസാര്‍ഭാരതി ബില്ലിന്റെ അടിസ്ഥാനത്തില്‍ സ്വയംഭരണ സ്ഥാപനമായ പ്രസാര്‍ഭാരതി കോര്‍പ്പറേഷന്‍ രൂപീകരിച്ചത് 1997-ലാണ്.

സ്വകാര്യ വാണിജ്യ ചാനലുകള്‍ വ്യാപകമായതോടെ ദൂരദര്‍ശന്‍ കടുത്ത പ്രതിസന്ധിയെ നേരിടുകയാണ്. തത്ത്വത്തില്‍ സ്വയംഭരണ സ്ഥാപനമെന്ന് അവകാശപ്പെടുന്നുവെങ്കിലും ഫലത്തില്‍ ദൂരദര്‍ശന്‍ ഗവണ്‍മെന്റിന്റെ ഒരു പ്രചരണോപാധിയായിട്ടാണ് മിക്കപ്പോഴും പ്രവര്‍ത്തിക്കുന്നത്. തൊഴില്‍ വൈദഗ്ധ്യത്തിന്റെ അഭാവവും വിഭവ ദൗര്‍ലഭ്യവുമാണ് ദൂരദര്‍ശന്‍ നേരിടൂന്ന മറ്റു പ്രശ്നങ്ങള്‍. വാണിജ്യാടിസ്ഥാനത്തില്‍ പ്രേക്ഷകരെ ആകര്‍ഷിക്കുന്നതിനുവേണ്ടി 1984-ല്‍ ഡി.ഡി.-2 ആരംഭിച്ചിരുന്നു. എങ്കിലും, ദേശീയവും അന്തര്‍ദേശീയവുമായ സ്വകാര്യ ടിവി ചാനലുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍, ദൂരദര്‍ശന്‍ ഇപ്പോഴും പിന്നിലാണ്.

1980 കളുടെ മധ്യത്തിലാണ് സ്വകാര്യ മേഖലയില്‍ കേബിള്‍- ഉപഗ്രഹ ചാനലുകള്‍ പ്രവര്‍ത്തനമാരംഭിച്ചത്. വന്‍ നഗരങ്ങളിലെ ഫ്ളാറ്റുകളില്‍ ക്ലോസ്ഡ് സര്‍ക്യൂട്ട് ടെലിവിഷനായിട്ടാണ് കേബിള്‍ ടിവിയുടെ തുടക്കം. ഇപ്പോള്‍ സ്വന്തമായി ടെലിവിഷന്‍ സെറ്റുള്ള കുടുംബങ്ങളുടെ 40 ശതമാനത്തിലും കേബിള്‍ ശൃംഖലയുണ്ടെന്ന് കണക്കാക്കുന്നു. സ്റ്റാര്‍ ടിവി, സിഎന്‍എന്‍, ബിബിസി, ഡിസ്ക്കവറി, നാഷണല്‍ ജ്യോഗ്രഫിക് ചാനല്‍, ടി എന്‍ ടി, കാര്‍ട്ടൂണ്‍ നെറ്റ്വര്‍ക്, എം ടി വി തുടങ്ങിയ വിദേശചാനലുകള്‍ ഇന്ത്യയില്‍ 24 മണിക്കൂറും സംപ്രേഷണം നടത്തുന്നുണ്ട്. ഏഷ്യാനെറ്റ്, എടിഎന്‍, സിഎന്‍ബിസി, ചാനല്‍ V, ഈനാട് ടിവി, ജെമിനി ടിവി, ഹോം ടിവി, മ്യൂസിക് ഏഷ്യ, രാജ് ടിവി, സോണി ടിവി, സഹാറ ടിവി, സൂര്യാ ടിവി, സണ്‍ ടിവി, ഉദയ ടിവി, വിജയ് ടിവി മുതലായ ഇന്ത്യന്‍ ചാനലുകള്‍ വിവിധ ഭാഷകളില്‍ സംപ്രേഷണം നടത്തുന്നു. ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് ന്യൂസ്, സൂര്യ, കൈരളി, ഏഷ്യാനെറ്റ് കേബിള്‍ വിഷന്‍, ജീവന്‍ ടിവി, ഇന്ത്യാ വിഷന്‍ എന്നിവയാണ് കേരളത്തിലെ സ്വകാര്യ ടിവി ചാനലുകള്‍.

ടെലിവിഷന്‍ ചാനലുകളുടെ രംഗത്തുണ്ടായ വളര്‍ച്ചയുടെ ഫലമായി വന്‍കിട മാധ്യമ സ്ഥാപനങ്ങള്‍, പൊതു-സ്വകാര്യ ചാനലുകള്‍ക്ക് വേണ്ടി പരിപാടികള്‍ നിര്‍മിക്കാനും വിതരണം ചെയ്യാനും തുടങ്ങിയിട്ടുണ്ട്. ടൈംസ് ടെലിവിഷന്‍, ഹിന്ദുസ്ഥാന്‍ ടെലിവിഷന്‍ ബസാര്‍, ദുര്‍ഗാ ഖോട്ടെ പ്രൊഡക്ഷന്‍സ്, യുണൈറ്റഡ് ടെലിവിഷന്‍, സിനിവിസ്റ്റ കമ്യൂണിക്കേഷന്‍സ്, മനോരമ വിഷന്‍, മാതൃഭൂമി വിഷന്‍ എന്നിവയാണ് ഈ രംഗത്തെ പ്രമുഖ സ്ഥാപനങ്ങള്‍.

ടെലിവിഷന്‍ വിമര്‍ശനം

ടെലിവിഷന്റെ ദുഷിച്ച സ്വാധീനത്തിനെതിരായി പാശ്ചാത്യ രാജ്യങ്ങളില്‍ ടിവി വിരുദ്ധ പ്രസ്ഥാനങ്ങള്‍ തന്നെ ഇതിനകം രൂപം പ്രാപിച്ചിട്ടുണ്ട്. അമേരിക്കയില്‍ 1978 ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ജെറിമാന്‍ഡറുടെ 'ടിവി യ്ക്കെതിരായ നാലു ന്യായങ്ങള്‍' എന്ന പുസ്തകം ലോക ശ്രദ്ധ പിടിച്ചുപറ്റി. പതിനാലാം നിലയിലെ തന്റെ മുറിയില്‍ നിന്ന് സ്വന്തം ടിവി സെറ്റ് പുറത്തേക്ക് വലിച്ചെറിഞ്ഞിട്ടാണ് ഇദ്ദേഹം കുറെ കാര്യങ്ങള്‍ ലോകത്തോട് തുറന്നു പറഞ്ഞത്. പ്രകൃതിയില്‍ നിന്നും യാഥാര്‍ഥ്യങ്ങളില്‍ നിന്നും തികച്ചും അകന്നതും കൃത്രിമവുമായ ജീവിത ചിത്രീകരണത്തിലൂടെ ടിവി നമ്മുടെ ദിശാബോധത്തെപ്പോലും അവതാളത്തിലാക്കുന്നു. ടിവി നമ്മെ ഉപഭോക്തൃ സംസ്കാരത്തിന്റെ ചിന്താശൂന്യരായ അടിമകളാക്കുന്നു, പരസ്യങ്ങളിലൂടെ നമ്മില്‍ പുതിയ ആഗ്രഹങ്ങള്‍ (അസംതൃപ്തിയും) സൃഷ്ടിക്കുകയും അവയുടെ ഫലപ്രാപ്തിക്കായി നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നു, കാഴ്ചക്കാരുടെ നിരന്തരമായ മസ്തിഷ്ക്കപ്രക്ഷാളനം ടി.വി. നടത്തുന്നു, സ്വന്തമായ ഇച്ഛാശക്തിയില്ലാത്ത പച്ചപ്പാവങ്ങളാക്കി (ഇഡിയറ്റുകളാക്കി) അത് നമ്മെ മാറ്റുന്നു, സ്വന്തമായി ചിന്തിക്കാനോ കളിക്കാനോ ക്രിയാത്മകമായി പ്രവര്‍ത്തിക്കാനോ ശക്തിയില്ലാത്തവരാക്കി കുട്ടികളെ ടിവി മാറ്റുന്നു. ജീവിതത്തിലെ സന്ദര്‍ഭങ്ങളില്‍പ്പോലും ടിവി കഥാപാത്രങ്ങളുടെ പ്രതികരണങ്ങളെ നാം അബോധപൂര്‍വമായി അനുകരിക്കുന്ന സ്ഥിതി ടിവി വരുത്തുന്നു. കണ്ണിനെയും കാതിനെയും മാത്രം ആകര്‍ഷിക്കുന്ന ടിവി നമ്മുടെ മറ്റ് ഇന്ദ്രിയങ്ങളെ നിഷ്ക്രിയമാക്കുന്നു. പരസ്യം കേള്‍പ്പിക്കാനും കാണിക്കാനുമുള്ള ഒരുപാധി മാത്രമായി ടിവി മാറിയിരിക്കുന്നു- ഇങ്ങനെ നിഷേധിക്കാനാവാത്ത പലതും തുറന്നു പറഞ്ഞു ജെറി മാന്‍ഡര്‍.

ഇന്‍ഫര്‍മേഷന്‍ കമ്യൂണിക്കേഷന്‍ എന്റര്‍റ്റെയിന്‍മെന്റ് (ICE)

ഇന്റര്‍നെറ്റിലൂടെ പരസഹസ്രം വിവരങ്ങള്‍ നമുക്കിന്ന് ലഭ്യമാണ്. വെബ് ടിവി കൂടി സമാഗതമായതോടെ ലോകമെങ്ങുമുള്ള വെബിലെ (വേള്‍ഡ് വൈഡ് വെബ്) വിശേഷങ്ങള്‍ വരെ നമുക്കിന്ന് വീട്ടിനുള്ളിലിരുന്ന് കണ്ടറിയാനാകും.

ഇത്തരുണത്തില്‍ ഏറെ പ്രസക്തമായി തീരുന്നു ഐസ് (ICE) എന്ന ആധുനിക ആശയം. മഞ്ഞുരുകി ശുദ്ധജലം ലഭിക്കുന്നതുപോലെ, അജ്ഞതയുടെ അന്ധകാരം മാറി അറിവിന്റെ വെളിച്ചം ലഭിക്കുന്നു. പക്ഷേ, അപഥമാര്‍ഗത്തിലൂടെയുള്ള സഞ്ചാരമാണ് കാഴ്ചക്കാരന്‍ തിരഞ്ഞെടുക്കുന്നതെങ്കില്‍, ശുദ്ധജലം ഉറഞ്ഞ് മഞ്ഞുകട്ടയായിത്തീരുന്നതുപോലെ, അയാള്‍ക്കുള്ള അറിവ് ഘനീഭവിച്ച് ഉപയോഗശൂന്യമായിത്തീരുന്നു. ഇങ്ങനെ വിവര, വാര്‍ത്താവിനിമയ, വിനോദ, ഉപാധിയായി മാറിയിരിക്കുന്ന ഇന്റര്‍നെറ്റ്, ടിവി മാധ്യമങ്ങളില്‍ നിന്നു അവശ്യം വേണ്ട വിവരങ്ങള്‍ ലഭ്യമാകുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍