This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെലിമാന്‍, ജോര്‍ജ് ഫിലിപ്പ് (1681 - 1767)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടെലിമാന്‍, ജോര്‍ജ് ഫിലിപ്പ് (1681 - 1767)

Telemann,Georg Philip

ജര്‍മന്‍ സംഗീതജ്ഞന്‍. മാഗ്ഡേബര്‍ഗില്‍ 1681 മാ. 14-ന് ജനിച്ചു. പറയത്തക്ക സംഗീതവിദ്യാഭ്യാസമൊന്നും ചെറുപ്പത്തില്‍ ലഭിച്ചിരുന്നില്ല. പിന്നീട് എല്ലാം സ്വയം പഠിക്കുകയായിരുന്നു. 12-ാം വയസ്സില്‍ത്തന്നെ ഒരു ഓപ്പറ രചിച്ചു. 16-ാം വയസ്സില്‍ ഹില്‍ഡെഷെയിമിലെ ഒരു പള്ളിയില്‍ സംഗീതപ്രകടനനിര്‍വഹണം നടത്തി. 1704-ല്‍ ഓര്‍ഗനിസ്റ്റാവുകയും യുവാക്കളുടെ ഒരു സംഘം (കൊളീജിയം മ്യൂസിക്കം) രൂപീകരിച്ച് തന്റെ സംഗീതപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കുകയും ചെയ്തു. 1711 മുതല്‍ ഹാംബര്‍ഗില്‍ സ്ഥിരതാമസമാക്കിക്കൊണ്ട് മുഴുവന്‍ സമയ സംഗീതസേവനത്തിലേര്‍പ്പെട്ടു.

ടെലിമാന്‍ നാല്പതോളം ഓപ്പറകള്‍ രചിച്ചിട്ടുണ്ട്. അവയില്‍ 21 എണ്ണം ലീപ്സിഗിനുവേണ്ടിയും 4 എണ്ണം റീസന്‍ഫെല്‍സിനുവേണ്ടിയും ആയിരുന്നു. പന്ത്രണ്ടിലേറെ മോട്ടറ്റ് പരമ്പരകളും 44 പാഷനുകളും 32 ഇന്‍സ്റ്റലേഷന്‍ നമ്പറുകളും കൂടി ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഇദ്ദേഹം രചിച്ച 14 വിവാഹഗാനങ്ങളും 12 മരണശുശ്രൂഷാഗാനങ്ങളും പ്രശസ്തങ്ങളായി. 600-ലേറെ ചേംബര്‍ സംഗീതശകലങ്ങള്‍ക്കും ടെലിമാന്‍ ജന്മം നല്‍കിയിട്ടുണ്ട്. പിംപിനോണ്‍ തുടങ്ങി നിരവധി രചനകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സദാ ക്രിയോന്മുഖനായിരുന്ന ഇദ്ദേഹത്തിന്റെ ഓരോ രചനയും അവയുടെ സ്വച്ഛമായ പ്രവാഹഗതിയാല്‍ സവിശേഷ ശ്രദ്ധയാര്‍ജിച്ചവയായിരുന്നു. ജീവിച്ചിരുന്ന കാലഘട്ടത്തില്‍ ബാക്കിനെക്കാളും പ്രസിദ്ധനായിരുന്നു ഇദ്ദേഹം. ഹാന്‍ഡലിനും കീസര്‍ക്കുംശേഷം വിശ്വപ്രസിദ്ധനായ ഈ ജര്‍മന്‍ സംഗീതജ്ഞന്‍ 1767 ജൂ. 25-ന് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍