This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെറ്റന്‍സ്, ജോഹന്‍ നികൊളസ് (1736-1807)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടെറ്റന്‍സ്, ജോഹന്‍ നികൊളസ് (1736-1807)

Tetens,Johann Nicolaus

ജര്‍മന്‍ തത്ത്വചിന്തകനും മനഃശാസ്ത്രജ്ഞനും. 1736-ല്‍ ഷെല്‍സ്വിഗ് (Schleswig)ലെ ടെറ്റന്‍ബ്യൂളി(Tetenbull)ല്‍ ജനിച്ചു. (1738-ല്‍ ഷെല്‍സ്വിഗിലെ ട്യോണിംഗിലാണ് ഇദ്ദേഹം ജനിച്ചതെന്നു വാദിക്കുന്നവരുമുണ്ട്). റോസ്റ്റോക്, കോപ്പന്‍ഹേഗന്‍ എന്നീ സര്‍വകലാശാലകളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1759-ല്‍ റോസ്റ്റോക് സര്‍വകലാശാലയില്‍ അധ്യാപകനായി (Magister) ചേര്‍ന്നു. 1760 മുതല്‍ 1765 വരെ ബ്യൂട്ട്സൗ (Butzow) അക്കാദമിയില്‍ ഊര്‍ജതന്ത്ര അധ്യാപകനായും 1776 മുതല്‍ 1789 വരെ കീല്‍ സര്‍വകലാശാലയില്‍ തത്ത്വശാസ്ത്രത്തിന്റെ പ്രൊഫസറായും സേവനം അനുഷ്ഠിച്ചു. 1789 മുതല്‍ 1807-ല്‍ മരിക്കുന്നതുവരെയും കോപ്പന്‍ഹേഗനില്‍ സാമ്പത്തികരംഗത്ത് സമുന്നതപദവി വഹിച്ചിരുന്നു.

ഹ്യൂമിന്റെ തത്ത്വശാസ്ത്രവീക്ഷണങ്ങളെക്കുറിച്ച് ആധികാരിക പഠനം നടത്തിയ ആദ്യത്തെ ജര്‍മന്‍ പണ്ഡിതന്‍ എന്ന നിലയിലാണ് ഇദ്ദേഹം പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. ജര്‍മന്‍ ആത്മീയവാദത്തെ നവീകരിക്കുന്നതിനുവേണ്ടിയാണ് ഇദ്ദേഹം പ്രധാനമായും യത്നിച്ചത്. ആത്മീയമായ ഓരോ ആശയത്തിന്റെയും ആവിര്‍ഭാവവും വികാസവും സൂക്ഷ്മപഠനത്തിനു വിധേയമാക്കുകവഴി ആത്മീയവാദത്തെ നവീകരിക്കാമെന്നായിരുന്നു ഇദ്ദേഹത്തിന്റെ വിശ്വാസം. ആത്മപരിശോധനയാണ് ഇതിനുള്ള മാര്‍ഗമായി ഇദ്ദേഹം നിര്‍ദേശിച്ചത്. മനുഷ്യന്റെ ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍ക്കും അതിഭൗതിക ശാസ്ത്രത്തെ സംബന്ധിച്ച പ്രശ്നങ്ങള്‍ക്കും മനഃശാസ്ത്രപരമായ സമീപനത്തിലൂടെയുള്ള പരിഹാരമാര്‍ഗമാണ് ടെറ്റന്‍സ് നല്‍കിയിരുന്നത്. അറിവിന്റെ ഉത്ഭവത്തെയും ഘടനയെയും സംബന്ധിച്ച അന്വേഷണമാണ് ഇതിനായി ഇദ്ദേഹം അവലംബിച്ച മാര്‍ഗം. മനുഷ്യമനസ്സിന് മൂന്നു പ്രവര്‍ത്തന മേഖലകള്‍ ഉള്ളതായി ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു: ഗ്രഹണശക്തി, ഇച്ഛാശക്തി, സന്തോഷവും വേദനയും അനുഭവിച്ചറിയാനുള്ള സംവേദനശക്തി. സംവേദന ശക്തി ഗ്രഹണശക്തിയില്‍ നിന്നും ഇച്ഛാശക്തിയില്‍നിന്നും സ്വതന്ത്രമാണെന്നും ഇദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

മനുഷ്യമനസ്സ് സദാ കര്‍മനിരതമാണ്. വസ്തുക്കളോടുള്ള മനസ്സിന്റെ പ്രതികരണമാണ് സംവേദനം. പ്രതിനിധീകരണത്തിനുള്ള മൂന്നു അടിസ്ഥാന പ്രവര്‍ത്തനങ്ങളാണ് പ്രത്യക്ഷണം (perception), പ്രതിഫലനം (reflection), കല്പനാസൃഷ്ടി (fiction) എന്നിവ. പ്രതിനിധീകരണത്തിനുള്ള അടിസ്ഥാന പ്രവര്‍ത്തനങ്ങളും രൂപവും ചേര്‍ന്നാണ് 'വസ്തു എന്ന ആശയത്തിനു' ജന്മം നല്‍കുന്നത്.

ആത്മീയവാദത്തിന്റെ തത്ത്വങ്ങള്‍ അഹം ബോധത്തില്‍ അധിഷ്ഠിതമായിരിക്കുന്നതിനാല്‍ അതിനെ നിഷേധിക്കുക സാധ്യമല്ല. ബുദ്ധിയെ സംബന്ധിച്ചിടത്തോളം അവ പ്രകൃതിനിയമങ്ങളെപ്പോലെയാണ്. ബുദ്ധിയും യുക്തിയും വ്യത്യസ്തനിയമങ്ങള്‍ക്കനുസരണമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്; ഇതുമൂലം ഉണ്ടാകുന്ന ആശയക്കുഴപ്പം ചിലപ്പോള്‍ ഇവ തമ്മിലുള്ള സംഘര്‍ഷത്തിനും കാരണമാകും.

അതിഭൗതികശാസ്ത്രം, ധര്‍മശാസ്ത്രം, വിദ്യാഭ്യാസത്തിന്റെ തത്ത്വശാസ്ത്രം, ഭാഷയുടെ തത്ത്വശാസ്ത്രം എന്നിവയില്‍ അടങ്ങിയിട്ടുള്ള അതിസങ്കീര്‍ണമായ പ്രശ്നങ്ങളെക്കുറിച്ച് ഉള്‍ക്കാഴ്ചയോടുകൂടിയ ചര്‍ച്ചകള്‍ ടെറ്റന്‍സ് തന്റെ രചനകളില്‍ നടത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ആശയങ്ങള്‍ കാന്റിന്റെ രചനകളെ ശക്തമായി സ്വാധീനിച്ചിരുന്നു. പ്രധാന കൃതികള്‍: ഓണ്‍ ജനറല്‍ സ്പെക്യുലേറ്റീവ് ഫിലോസഫി (1775) ഫിലോസഫിക്കല്‍ എസ്സേയ്സ് ഓണ്‍ ഹ്യൂമന്‍ നേച്ചര്‍ ആന്‍ഡ് ഇറ്റ്സ് ഡെവലപ്പ്മെന്റ് (1777). 1807-ല്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍