This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെറേറിയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടെറേറിയം

Terrarium

ചെറുസസ്യങ്ങളെയും ജന്തുക്കളെയും വളര്‍ത്തുന്നതിനുപയോഗിക്കുന്നതും ഗ്ലാസോ പ്ലാസ്റ്റിക്കോ കൊണ്ട് നിര്‍മിച്ചിട്ടുള്ളതുമായ സുതാര്യ പാത്രം. ഇവ പല വലുപ്പത്തിലും ആകൃതിയിലും ലഭ്യമാണ്. ഭൂമി എന്നര്‍ഥമുള്ള ഒരു ലാറ്റിന്‍പദത്തില്‍നിന്നാണ് ടെറേറിയം എന്ന വാക്ക് നിഷ്പന്നമായിട്ടുള്ളത്.

ടെറേറിയം

ക്രിസ്തുവിന് 500 വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ മണിയുടെ ആകൃതിയിലുള്ള ജാറുകളില്‍ ചെടികളെ പ്രദര്‍ശനത്തിനായി സൂക്ഷിച്ചിരുന്നു. എന്നാല്‍ ഇന്നു കാണുന്ന രീതിയിലുള്ള ആധുനിക ടെറ്റിേയങ്ങള്‍ 1827-ല്‍ ലണ്ടനിലെ നഥാനിയേല്‍ വാര്‍ഡ് എന്ന ഭിഷഗ്വരന്റെ കണ്ടുപിടുത്തത്തിലൂടെയാണ് ഉടലെടുത്തിട്ടുള്ളത്. സസ്യങ്ങളോടു കമ്പമുള്ള ഈ ഡോക്ടര്‍ തന്റെ വീടിന്റെ പിന്‍ഭാഗത്ത് പന്നല്‍ ചെടികളെ (Ferns) വളര്‍ത്തുവാനായി പാറകള്‍ പാകിയിരുന്നു. എന്നാല്‍ സമീപത്തുള്ള ഫാക്ടറികളിലെ വിഷപ്പുക കാരണം ചെടികള്‍ നശിക്കുവാന്‍ തുടങ്ങി. വാര്‍ഡിന് ചിത്രശലഭങ്ങളുടെയും, നിശാശലഭങ്ങളുടെയും പുഴുക്കളേയും കൊക്കൂണുകളേയും ശേഖരിച്ച് ജാറിനകത്തു സൂക്ഷിച്ചു നിരീക്ഷിക്കുന്ന സ്വഭാവം ഉണ്ടായിരുന്നു. ആ ജാറിന്റെ അടിഭാഗത്ത് നേരിയ തോതില്‍ ഉണ്ടായിരുന്ന മണ്ണില്‍ പല സസ്യങ്ങളും ഭംഗിയായി വളരുന്നത് ഇദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇക്കൂട്ടത്തില്‍ പന്നല്‍ച്ചെടികളും നന്നായി വളര്‍ന്നുവരുന്നത് ഇദ്ദേഹത്തെ അത്ഭുതപ്പെടുത്തി. മലിന വായുവിന്റെ സമ്പര്‍ക്കമില്ലാതെ പന്നല്‍ ചെടികളെ ജാറുകളില്‍ സംരക്ഷിക്കാം എന്ന് ഇദ്ദേഹം കണ്ടെത്തി. തുടര്‍ന്ന് പന്നല്‍ച്ചെടികളെ വളര്‍ത്തുന്നതിനായി ഇദ്ദേഹം പ്രത്യേകതരം പാത്രങ്ങളും തയ്യാറാക്കി. ഇതു പില്ക്കാലത്ത് വാര്‍ഡിയന്‍ കേയ്സ് അഥവാ ടെറേറിയം എന്ന് അറിയപ്പെട്ടു.

ടെറേറിയങ്ങളില്‍ സസ്യങ്ങള്‍ക്കും ചെറുജന്തുക്കള്‍ക്കും വളരുന്നതിനാവശ്യമായ അന്തരീക്ഷം നിലനിര്‍ത്തേണ്ടതാണ്. ഈ പാത്രങ്ങളില്‍നിന്നും വെള്ളം നഷ്ടപ്പെട്ടു പോകാതിരിക്കുന്നതിനായി ഇവയെ സാധാരണ മൂടിവയ്ക്കുകയാണ് പതിവ്.

ഒരു ടെറേറിയം ഉണ്ടാക്കുമ്പോള്‍ പാത്രത്തിന്റെ ഏറ്റവും അടിയില്‍, നീര്‍വാര്‍ച ലഭിക്കുന്നതിനായി ഒരു പാളി ചരല്‍ക്കല്ലുകള്‍ നിരത്തേണ്ടതാണ്. അതിനുശേഷം കരിക്കഷണങ്ങള്‍ ഇടുന്നത് ദുര്‍ഗന്ധം അകറ്റുന്നതിനും നീര്‍വാര്‍ച കൂടുതല്‍ ഫലപ്രദമാക്കുന്നതിനും സഹായിക്കും. തുടര്‍ന്ന് മണ്ണ്, മണല്‍, അഴുകിയ ഇലകള്‍ എന്നിവ ചേര്‍ത്ത മിശ്രിതം 93°Cല്‍ ചൂടാക്കി അണുവിമുക്തമാക്കിയശേഷം പാത്രത്തിന്റെ മൂന്നിലൊന്നു ഭാഗത്ത് നിറയ്ക്കുന്നു.

ഒരേ കാലാവസ്ഥയില്‍ ഒരുമിച്ചു വളരുന്ന സസ്യങ്ങളെയാണ് ടെറ്റിേയങ്ങളില്‍ വളര്‍ത്തുന്നതിനു തിരഞ്ഞെടുക്കേണ്ടത്. വളരെ സൂക്ഷ്മതയോടെ വേണ്ടത്ര അകലത്തില്‍ വേണം സസ്യങ്ങളെ പാത്രത്തിനകത്ത് നടേണ്ടത്. മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്തുന്നതിനോടൊപ്പം, വെള്ളം അധികമാകാതിരിക്കുവാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

ടെറ്റിേയത്തിനകത്തു ചെടികളോടൊപ്പം ചെറിയ പാമ്പുകള്‍, പല്ലികള്‍, ഓന്തുകള്‍, തവളകള്‍ എന്നിവയേയും വളര്‍ത്തുവാന്‍ സാധിക്കും.

ടെറേറിയം ഉണ്ടാക്കിക്കഴിഞ്ഞാല്‍ നല്ല സൂര്യപ്രകാശം ലഭിക്കുന്നതും എന്നാല്‍ സൂര്യരശ്മികള്‍ നേരിട്ടു പതിക്കാത്തതുമായ സ്ഥലത്താണ് സൂക്ഷിക്കേണ്ടത്. ടെറ്റിേയത്തിനകത്ത് സസ്യങ്ങളെ ശരിയായ രീതിയില്‍ ക്രമീകരിച്ചു നട്ടാല്‍ താപവും ഈര്‍പ്പവും വേണ്ടതോതില്‍ നിലനിര്‍ത്താനും വളരുന്നതിനാവശ്യമായ അന്തരീക്ഷം സൃഷ്ടിക്കാനും സാധിക്കും.

ബാഷ്പീകരണത്താല്‍ പാത്രങ്ങള്‍ക്കുള്ളില്‍ ജലസാന്ദ്രത കൂടി വരുമ്പോള്‍ മൂടി അല്പസമയം തുറന്നുവയ്ക്കുന്നത് ജലസാന്ദ്രത കുറയ്ക്കുന്നതിനു സഹായകമാകും.

(ഡോ. ഡി.വിത്സന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍