This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെയ്ലര്‍, ജോണ്‍ (1790 - 1862)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടെയ്ലര്‍, ജോണ്‍ (1790 - 1862)

Tylor,John

അമേരിക്കന്‍ ഐക്യനാടുകളിലെ (യു.എസ്.എ.) 10-ാമത്തെ പ്രസിഡന്റ് (1841-45). വെര്‍ജീനിയയിലെ ഗവര്‍ണറായിരുന്ന (1808-11) ജോണ്‍ ടെയ്ലറുടെ (1747-1813) മകനായി ഇദ്ദേഹം 1790 മാ. 29-ന് വെര്‍ജീനിയയിലെ ചാള്‍സ് സിറ്റി കൗണ്ടിയില്‍ ജനിച്ചു. വില്യം ആന്‍ഡ് മേരി കോളജില്‍ നിന്ന് 1807-ല്‍ ബിരുദം നേടി. തുടര്‍ന്ന് നിയമപഠനം നടത്തിയ ഇദ്ദേഹം 1809-ല്‍ അഭിഭാഷകനായി. 21-ാമത്തെ വയസ്സില്‍ ഇദ്ദേഹം വെര്‍ജീനിയ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇവിടെ 5 വര്‍ഷം (1811-16) സേവനമനുഷ്ഠിച്ച ഇദ്ദേഹം 1817 മുതല്‍ 21 വരെ അമേരിക്കന്‍ പ്രതിനിധി സഭയില്‍ അംഗമായിരുന്നു. പിന്നീട് 1827 മുതല്‍ 36 വരെ സെനറ്റിലും അംഗത്വം വഹിച്ചു. ഇതിനിടയ്ക്ക് 1825 മുതല്‍ 27 വരെ ഇദ്ദേഹം വെര്‍ജീനിയയിലെ ഗവര്‍ണറായി പ്രവര്‍ത്തിച്ചു.

ജോണ് ടെയ്ലര്

ഭരണഘടനാനുസൃതമായ അധികാരങ്ങള്‍ മാത്രമേ ഫെഡറല്‍ ഗവണ്‍മെന്റ് പ്രയോഗിക്കാവൂ എന്ന നിലപാടാണ് ഇദ്ദേഹത്തിനുണ്ടായിരുന്നത്. സ്റ്റേറ്റിന്റെ അവകാശങ്ങളിലും അധികാരങ്ങളിലും ഫെഡറല്‍ ഗവണ്‍മെന്റ് ഇടപെടുന്നതിനെതിരായിരുന്നു ഇദ്ദേഹം. ഒരു ഡെമോക്രാറ്റ് ആയിട്ടാണ് ഇദ്ദേഹം രാഷ്ട്രീയത്തില്‍ വന്നത്. എങ്കിലും ഡെമോക്രാറ്റ് ആയിരുന്ന പ്രസിഡന്റ് ജാക്സന്റെ സാമ്പത്തിക നയങ്ങളോടുള്ള വിയോജിപ്പു കാരണം ഡെമോക്രാറ്റിക് പക്ഷത്തുനിന്നു ഒഴിഞ്ഞുനിന്നു (1836). തുടര്‍ന്ന് ടെയ്ലര്‍ വിഗ് പക്ഷത്തായി (പ്രസിഡന്റ് ആന്‍ഡ്രൂ ജാക്സനും ഡെമോക്രാറ്റിക് പാര്‍ട്ടിക്കും എതിരായി 1834-ല്‍ രൂപപ്പെട്ട ഈ പാര്‍ട്ടി 1856-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെത്തുടര്‍ന്നു ശിഥിലമായി). 1839 ആയപ്പോഴേക്കും വിഗ് പാര്‍ട്ടി ശക്തിപ്രാപിച്ചിരുന്നു. 1841-ല്‍ വില്യം ഹെന്റി ഹാരിസണ്‍ യു.എസ്. പ്രസിഡന്റായും ജോണ്‍ ടെയ്ലര്‍ വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. ഒരു മാസമായപ്പോഴേക്കും പ്രസിഡന്റ് ഹാരിസണ്‍ മരണമടഞ്ഞു. തുടര്‍ന്ന് ടെയ്ലര്‍ 1841 ഏ. 6-ന് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. അമേരിക്കയില്‍, പ്രസിഡന്റിന്റെ മരണത്തെത്തുടര്‍ന്ന് വൈസ്പ്രസിഡന്റു സ്ഥാനത്തുനിന്നും പ്രസിഡന്റു പദവിയിലേക്ക് അവരോധിതനായ ആദ്യ വ്യക്തിയാണ് ഇദ്ദേഹം. പ്രസിഡന്റായ ഇദ്ദേഹം വിഗ് പാര്‍ട്ടിയുടെ പല നയങ്ങളോടും പാര്‍ട്ടി നേതാവായ ഹെന്റി ക്ളേയോടും വിയോജിപ്പു പ്രകടിപ്പിച്ചു. അമേരിക്കന്‍ ഐക്യനാടുകളുടെ ഒരു പുതിയ ബാങ്കു തുടങ്ങുന്നതു സംബന്ധിച്ച് കോണ്‍ഗ്രസ് പാസ്സാക്കിയ രണ്ടു ബില്ലുകളെയും ഇദ്ദേഹം വീറ്റോ ചെയ്തു. ഇതേത്തുടര്‍ന്നുണ്ടായ രാഷ്ട്രീയ പ്രക്ഷുബ്ധതയില്‍ ഇദ്ദേഹത്തിന്റെ ക്യാബിനറ്റിലുണ്ടായിരുന്ന വെബ്സ്റ്റര്‍ ഒഴികെയുള്ളവര്‍ രാജിവച്ചു. രണ്ടു ദിവസത്തിനുള്ളില്‍ ടെയ്ലര്‍ പുതിയ ക്യാബിനറ്റിനെ നിയമിച്ചു. ഇതോടെ വിഗ് കക്ഷി ഇദ്ദേഹത്തോടുള്ള ബന്ധം വിഛേദിച്ചു. 1845 മാ.-ല്‍ ഒരു താരിഫ് ബില്ലിന്മേല്‍ ഇദ്ദേഹം പ്രയോഗിച്ച വീറ്റോയെ കോണ്‍ഗ്രസ് മറികടന്നത് അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യ സംഭവമായിരുന്നു.

മെയ് ന് (Maine) അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കാനും മറ്റുമായി അമേരിക്കയും ഗ്രേറ്റ് ബ്രിട്ടനും തമ്മില്‍ 1842-ല്‍ ഒപ്പുവച്ച വെബ്സ്റ്റര്‍ - ആഷ്ബര്‍ട്ടന്‍ ഉടമ്പടി ഇദ്ദേഹത്തിന്റെ ഭരണകാലത്തെ ഒരു നേട്ടമാണ്. ടെക്സാസിനെ അമേരിക്കന്‍ ഐക്യനാടുകളോടു ചേര്‍ത്തതും ഇദ്ദേഹത്തിന്റെ കാലത്തെ മറ്റൊരു പ്രധാന നടപടിയാണ്.

പ്രസിഡന്റു പദവിയില്‍നിന്ന് 1845-ല്‍ വിരമിച്ച ഇദ്ദേഹം വെര്‍ജീനിയയ്ക്കു മടങ്ങി. പിന്നീട്, ആഭ്യന്തരയുദ്ധം ഒഴിവാക്കാന്‍ കഴിയുമോ എന്നു പരിശ്രമിച്ച സമാധാനകമ്മിറ്റിയുടെ ചെയര്‍മാനായി 1861-ല്‍ ഇദ്ദേഹം സേവനമനുഷ്ഠിച്ചു. വെര്‍ജീനിയ, യൂണിയനില്‍നിന്നു പിന്മാറിയശേഷം ഇദ്ദേഹം താത്ക്കാലിക കോണ്‍ഫെഡറേറ്റ് കോണ്‍ഗ്രസില്‍ അംഗമായി. പിന്നീട് കോണ്‍ഫെഡറേറ്റ് ഹൗസ് ഒഫ് റെപ്രസെന്റേറ്റീവ്സിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇതില്‍ പങ്കെടുക്കാന്‍ കഴിയുന്നതിനുമുമ്പ് 1862 ജനു. 18-ന് ഇദ്ദേഹം വെര്‍ജീനിയയിലെ റിച്ച്മോണ്ടില്‍ മരണമടഞ്ഞു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍