This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെന്നിസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടെന്നിസ്

Tennis

ബോള്‍, റാക്കറ്റ്, നെറ്റ് എന്നിവ ഉപയോഗിച്ചുള്ള കളി. നെറ്റിന്റെ ഇരുവശത്തും ഓരോ കളിക്കാരോ ഒരു ജോഡി കളിക്കാരോ അണിനിരന്ന് നെറ്റിനു മുകളിലൂടെ റാക്കറ്റ് ഉപയോഗിച്ച് പന്തടിക്കുന്നു. ആദ്യകാലത്ത് ലാണ്‍ ടെന്നീസ് (Lawn Tennis) എന്നാണ് ഇതറിയപ്പെട്ടിരുന്നത്.

ടെന്നീസ് കോര്‍ട്ടിന്റെ അംഗീകൃത മാതൃക

14-ാം നൂറ്റാണ്ടില്‍ തുടങ്ങിയതെന്നു വിശ്വസിക്കപ്പെടുന്ന ഈ കളി ആരംഭിച്ചതെങ്ങിനെ എന്നതിനെക്കുറിച്ച് ആധികാരികമായ രേഖകളില്ല. 'ടെന്നെസ്' എന്ന ഫ്രഞ്ച് വാക്കില്‍ നിന്നാണ് ടെന്നിസ് എന്ന പദം ഉണ്ടായതെന്നു കരുതപ്പെടുന്നു. ഇംഗ്ലണ്ടില്‍ റീയല്‍ ടെന്നിസ്, ആസ്റ്റ്രേലിയയില്‍ റോയല്‍ ടെന്നിസ്, അമേരിക്കയില്‍ കോര്‍ട്ട് ടെന്നിസ് എന്നിങ്ങനെ ഈ കളി അറിയപ്പെട്ടിരുന്നു. 1873-ല്‍ മേജര്‍ വാള്‍ട്ടര്‍ വിങ്ങ്ഫീല്‍ഡ് ആരംഭിച്ച സ്പൈറിസ്റ്റിക്ക് എന്ന കളിയില്‍ നിന്നാണ് ആധുനിക ടെന്നിസ് രൂപംകൊണ്ടത്. വിംബിള്‍ഡണിനെ ഓള്‍ ഇംഗ്ലണ്ട് ക്രോക്കറ്റ് ക്ലബ്ബ് അവരുടെ മത്സരങ്ങളോടൊപ്പം ലോണ്‍ ടെന്നിസ് എന്ന പേരും ചേര്‍ത്തു. 1877-ല്‍ അവര്‍ ആദ്യത്തെ ലോക ടെന്നിസ് ചാമ്പ്യന്‍ഷിപ്പും സംഘടിപ്പിച്ചു. അമേരിക്കയില്‍ യു.എസ്. പ്രൊഫഷണല്‍ ലോണ്‍ ടെന്നിസ് അസോസിയേഷന്‍ 1927-ല്‍ രൂപീകരിച്ചതോടെ പ്രൊഫഷണല്‍ ടെന്നിസിന് ആരംഭം കുറിച്ചു. 1913-ല്‍ സ്ഥാപിതമായ അന്താരാഷ്ട്ര ടെന്നിസ് ഫെഡറേഷന്‍ 1968 മുതല്‍ ഒരേ ടൂര്‍ണമെന്റില്‍ പ്രൊഫഷണല്‍ കളിക്കാര്‍ക്കെതിരെ മത്സരിക്കാന്‍ അമച്വര്‍ കളിക്കാര്‍ക്ക് അനുവാദം നല്‍കി.

ഒരു ടെന്നീസ് താരം 18-ാം ശ. -ത്തിലെ ഫ്രഞ്ചു ചിത്രം

78 അടി (23.77 മീ.) നീളവും 27 അടി (8.23 മീ.) വീതിയുമുള്ള കോര്‍ട്ടാണ് സിംഗിള്‍സ് മത്സരങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. ഡബിള്‍സ് മത്സരങ്ങള്‍ക്ക് കോര്‍ട്ടിന്റെ നീളത്തില്‍ വ്യത്യാസമില്ലെങ്കിലും വീതി 36 അടി (10.97 മീ.) ആയി കൂടും. മധ്യത്തിലെ നെറ്റിന്റെ ഉയരം മൂന്നടി ആണ്. കോര്‍ട്ടിന്റെ മൂന്നടി പുറത്ത് മൂന്നര അടി ഉയരത്തിലുള്ള രണ്ട് പോസ്റ്റുകളിലാണ് നെറ്റ് ഘടിപ്പിക്കുന്നത്. ടെന്നിസ് പന്തിന്റെ വ്യാസം 68 മില്ലി മീറ്ററും ഭാരം 56.7 ഗ്രാമും ആണ്.

സിംഗിള്‍സില്‍ രണ്ടു കളിക്കാര്‍ തമ്മിലും ഡബിള്‍സില്‍ ഒരു ജോഡി കളിക്കാര്‍ തമ്മിലുമാണ് മത്സരിക്കുന്നത്. പുരുഷന്മാരുടെ പ്രധാനപ്പെട്ട ടൂര്‍ണമെന്റുകളില്‍ ഒരു മത്സരം അഞ്ച് സെറ്റ് നീണ്ടതായിരിക്കും. അഞ്ചില്‍ മൂന്ന് സെറ്റ് നേടുന്ന കളിക്കാരന്‍ മത്സരത്തിലെ വിജയിയായി പ്രഖ്യാപിക്കപ്പെടും. വനിതകളുടെ മത്സരത്തിലെ വിജയിയെ പ്രഖ്യാപിക്കുന്നത് മൂന്ന് സെറ്റില്‍ രണ്ടെണ്ണം നേടുന്നത് അനുസരിച്ചാണ്. മത്സരം വളരെയധികം നീണ്ടു പോകാതിരിക്കാനായി രണ്ട് കളിക്കാരും ആറ് ഗെയിം വീതം നേടിയാല്‍, 1970-കള്‍ മുതല്‍ ടൈ ബ്രേക്കര്‍ സമ്പ്രദായം നിലവില്‍ വന്നു. രണ്ട് പോയിന്റ് വ്യത്യാസത്തില്‍ ആദ്യം ഏഴ് പോയിന്റ് നേടുന്ന കളിക്കാരന്‍ ടൈ ബ്രേക്കറും ആ സെറ്റും നേടുന്നു.

മറ്റു കളികളെപ്പോലെ ടെന്നിസിലും കളിയുടെ ദൈര്‍ഘ്യം കുറയ്ക്കാനും ആവേശം കൂട്ടാനുമായി നിയമങ്ങളില്‍ കാലാകാലത്ത് വ്യത്യാസം വരുത്തുന്നുണ്ട്.

ടെന്നിസില്‍ ധാരാളം അന്താരാഷ്ട്ര ടൂര്‍ണമെന്റുകള്‍ ഉണ്ടെങ്കിലും ഗ്രാന്‍ഡ് സ്ലാം ചാമ്പ്യന്‍ഷിപ്പുകള്‍ എന്ന പേരില്‍ അറിയപ്പെടുന്ന വിംബിള്‍ടണ്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍, യു.എസ്. ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍ എന്നിവയും ഡേവിസ് കപ്പ്, ഫെഡറേഷന്‍ കപ്പ് എന്നിവയും ഒളിംബിക്സിലെ ടെന്നിസ് ചാമ്പ്യന്‍ഷിപ്പുമാണ് ഏറ്റവുമധികം പ്രാധാന്യമര്‍ഹിക്കുന്നതും ജനശ്രദ്ധ ആകര്‍ഷിക്കുന്നതുമായ മത്സരങ്ങള്‍. ഡേവിസ് കപ്പ്, ഫെഡറേഷന്‍ കപ്പ്, ഗ്രാന്‍സ് സ്ലാം ടൂര്‍ണമെന്റുകളായ വിംബിള്‍ഡണ്‍ ചാമ്പ്യന്‍ഷിപ്പ്, യു.എസ് ഓപ്പണ്‍ എന്നിവയാണ് ടെന്നിസിലെ ഏറ്റവും പ്രമുഖമായ ടൂര്‍ണമെന്റുകള്‍. ഒളിംബിക്സില്‍ 1896 മുതല്‍ 1924 വരെ ടെന്നിസ് ഉള്‍പ്പെടുത്തിയിരുന്നു. 1988 മുതല്‍ ടെന്നിസ് വീണ്ടും ഒളിമ്പിക്സിലെ ഒരിനമായി.

ലാണ്‍ ടെന്നീസ് ഹാരിങൊ വരച്ച ചിത്രം

ടെന്നിസ് ടൂര്‍ണമെന്റുകളില്‍ ഇന്നും മുന്‍പന്തിയില്‍ നില്‍ക്കുന്നത് വിംബിള്‍ഡണ്‍ ആണ്. വിംബിള്‍ഡണില്‍ ചാമ്പ്യനാകുക എന്നത് ഏത് ടെന്നിസ് താരത്തിന്റെയും സ്വപ്നമാണ്. ലണ്ടനിലെ വിംബിള്‍ഡണില്‍ ആദ്യത്തെ ടെന്നിസ് ചാമ്പ്യന്‍ഷിപ്പ് നടന്നത് 1877-ലാണ്. ലോണ്‍ ടെന്നിസിന്റെ നിയമങ്ങള്‍ രൂപീകൃതമായതും ഈ ടൂര്‍ണമെന്റിനു വേണ്ടിയാണ്. ഫീല്‍ഡ് എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്ററായിരുന്ന വാല്‍ഷ് നല്‍കിയ വെള്ളിക്കപ്പാണ് ആദ്യ വിംബിള്‍ഡണ്‍ ജേതാവിന് ലഭിച്ചത്. 200 കാണികളെ മാത്രം സാക്ഷി നിര്‍ത്തി 22 കളിക്കാര്‍ പങ്കെടുത്ത ആദ്യ വിംബിള്‍ഡണ്‍ ടൂര്‍ണമെന്റില്‍ സ്പെന്‍സര്‍ ഗോറെ ചാമ്പ്യനായി. തുടര്‍ന്ന് കളിക്കാരുടെയും കാണികളുടേയും എണ്ണത്തില്‍ വര്‍ധനയുണ്ടായി. ഒപ്പം കളിയുടെ നിയമങ്ങളിലും പരീക്ഷണാടിസ്ഥാനത്തില്‍ ധാരാളം മാറ്റങ്ങള്‍ വന്നു. 1884-ല്‍ വിംബിള്‍ഡണില്‍ വനിതകളുടെ മത്സരങ്ങള്‍ ആരംഭിച്ചു. മോഡ് വാട്സണായിരുന്നു ആദ്യ വനിതാചാമ്പ്യന്‍. 1927-ല്‍ 'റേഡിയോദൃക്സാക്ഷി വിവരണ'ത്തിലൂടെ വിംബിള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്റ് ശ്രോതാക്കളിലേക്കെത്തിത്തുടങ്ങി. പത്തു വര്‍ഷങ്ങള്‍ക്കു ശേഷം ഈ ടൂര്‍ണമെന്റ് ടെലിവിഷനിലൂടെ പ്രേക്ഷകര്‍ നേരിട്ട് കാണാനും കഴിഞ്ഞു. ഇപ്പോള്‍ അഞ്ഞൂറില്‍ കൂടുതല്‍ മാധ്യമ പ്രവര്‍ത്തകര്‍ വിംബിള്‍ഡണ്‍ റിപ്പോര്‍ട്ട് ചെയ്യാനായി എത്താറുണ്ട്.

ഓസ്ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ തുടക്കം ഓസ്ട്രലേഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് എന്ന പേരിലായിരുന്നു. പിന്നീട് ഇതിന്റെ പേര് ഓസ്ട്രേലിയന്‍ ഓപ്പണ്‍ എന്നാക്കി മാറ്റി. ആദ്യത്തെ ഓസ്ട്രലേഷ്യന്‍ സിംഗിള്‍സ് ചാമ്പ്യന്‍ഷിപ്പ് നടന്നത് 1905-ലായിരുന്നു. റോഡ്നി ഹീത്ത് ഈ മത്സരത്തില്‍ ജേതാവായി. 1907 മുതല്‍ അന്താരാഷ്ട്രതലത്തില്‍ ഓസ്ട്രേലിയന്‍ താരങ്ങള്‍ പ്രമുഖ സ്ഥാനം നേടിത്തുടങ്ങി.

യുണൈറ്റഡ് സ്റ്റേറ്റ്സ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങിയത് 1881-ലായിരുന്നു. ആര്‍.ഡി.സീയഴ്സ് ആയിരുന്നു ആദ്യ പുരുഷ ചാമ്പ്യന്‍. വനിതാ വിഭാഗം മത്സരങ്ങള്‍ ആരംഭിച്ചത്, 1887-ല്‍ ആണ്. ഹാന്‍സലായിരുന്നു ആദ്യ ജേതാവ്. ഈ ചാമ്പ്യന്‍ഷിപ്പ് യു.എസ്. ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പായി മാറിയത്. 1968-ലാണ് ആദ്യ യു.എസ്. ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പ് നേടിയത് പുരുഷവിഭാഗത്തില്‍ ആര്‍തര്‍ ആഷും വനിതാവിഭാഗത്തില്‍ എസ്.വി. പെയ്ഡുമായിരുന്നു.

ഫ്രാന്‍സിലെ റോളണ്ട് ഗാരോസില്‍ നടക്കുന്ന ഫ്രഞ്ച് ഓപ്പണ്‍ ടൂര്‍ണമെന്റിനെ ക്ളേ കോര്‍ട്ടിലെ ലോകചാമ്പ്യന്‍ഷിപ്പെന്ന് വിശേഷിപ്പിക്കാറുണ്ട്. 1925-ല്‍ ഫ്രഞ്ച് ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചു. ലക്കോസ്റ്റ് ആദ്യ പുരുഷ ജേതാവും ലെങ്ങ്ലന്‍ ആദ്യ വനിതാ ജേതാവും ആയിരുന്നു. 1968-ലാണ് ഈ ടൂര്‍ണമെന്റ് ഫ്രഞ്ച് ഓപ്പണ്‍ ടൂര്‍ണമെന്റായത്. ആ വര്‍ഷം കെന്‍റോഡ്വാള്‍ പുരുഷവിഭാഗത്തിലും റിച്ചി വനിതാവിഭാഗത്തിലും കിരീടം നേടി.

1881 ലെ വിംബിള്‍ഡന്റെ സ്കെച്ച്

പ്രമുഖ ടെന്നിസ് ടൂര്‍ണമെന്റുകളിലെല്ലാം വ്യക്തികള്‍ തമ്മില്‍ കിരീടത്തിനുവേണ്ടി മത്സരിക്കുമ്പോള്‍ ഡേവിസ് കപ്പില്‍ രാജ്യങ്ങള്‍ തമ്മിലാണ് വിജയിയാകാന്‍ ഏറ്റുമുട്ടുന്നത്. 1900-ല്‍ ആരംഭിച്ച ഈ ചാമ്പ്യന്‍ഷിപ്പില്‍ വിജയികള്‍ക്കുള്ള ട്രോഫി സംഭാവന ചെയ്യുന്നത് സെന്റ് ലൂയിസിലെ ഡ്വൈറ്റ് ഡേവിസാണ്. അങ്ങനെ ഡേവിസ് കപ്പെന്ന പേരു വന്നു. ഡേവിസ് കപ്പില്‍ രാജ്യങ്ങള്‍ തമ്മില്‍ രണ്ട് സിംഗിള്‍സും ഒരു ഡബിള്‍സും രണ്ടു റിവേഴ്സ് സിംഗിള്‍സും കളിക്കുകയും ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ വിജയിക്കുന്ന രാജ്യം ജേതാവാകുകയും ചെയ്യുന്നു.

രാഷ്ട്രങ്ങളെ പ്രതിനിധീകരിച്ച് വനിതകള്‍ പങ്കെടുക്കുന്ന ഫെഡറേഷന്‍ കപ്പ് മത്സരങ്ങള്‍ ആരംഭിച്ചത് 1963-ലാണ്. ആദ്യ വര്‍ഷം ആസ്റ്റ്രേലിയയെ പരാജയപ്പെടുത്തിക്കൊണ്ട് അമേരിക്ക കപ്പ് നേടി. തുടര്‍ന്ന് ആസ്റ്റ്രേലിയയും അമേരിക്കയും മത്സരങ്ങളില്‍ ആധിപത്യം പുലര്‍ത്തിവരുന്നു.

ലോക ടെന്നിസിലെ വിഖ്യാത കളിക്കാര്‍ സ്റ്റെഫി ഗ്രാഫ്, ഗബ്രിയേല സബാത്തിനി, കൊഞ്ചിത മാര്‍ട്ടിനസ്, ബോറിസ് ബെക്കര്‍, ആന്ദ്രേ അഗാസി, ക്രിസ് എവര്‍ട്ട്, മാര്‍ട്ടിന നവരത്തിലോവ, പീറ്റ് സാംപ്രാസ്, അരാന്ത സാഞ്ചസ്, മോണിക്ക സെലസ്, സെറീന വില്യംസ്, ജിമ്മി ആരിയസ്, കാര്‍ലിങ് ബസറ്റ്, പാറ്റ്കാഷ്, മാറ്റ്സ് വിലാന്‍ഡര്‍, ആന്‍ഡ്രിയ ജാഗര്‍ എന്നിവരാണ്.

ടെന്നിസ് ഇന്ത്യയില്‍. ഇംഗ്ലീഷുകാരാണ് ഇന്ത്യയില്‍ ടെന്നിസ് പ്രചരിക്കുന്നതിന് കാരണക്കാരായത്. കോളനിവാഴ്ചയുടെ ആദ്യകാലത്ത് സിവില്‍ സര്‍വീസിലുള്ളവര്‍ക്കും പട്ടാളക്കാര്‍ക്കും മാത്രമേ ഈ കളിയില്‍ പങ്കെടുക്കാന്‍ അവസരം നല്‍കിയിരുന്നുള്ളൂ. ഇരുപതാം ശ.-ത്തോടെ ആ സ്ഥിതി മാറി. 1908-ല്‍ വിംബിള്‍ഡണില്‍ ആദ്യമായി ഇന്ത്യ പങ്കെടുത്തു. സര്‍ദാര്‍ നിഹാല്‍ സിങ് ആയിരുന്നു ഇന്ത്യയെ പ്രതിനിധീകരിച്ചത്.

ലിയാന്‍ഡര്‍ പേസും മഹേഷ് ഭൂപതിയും ഏഷ്യാഡില്‍ സ്വര്‍ണ്ണം നേടിയപ്പോള്‍

1920-ല്‍ ആള്‍ ഇന്ത്യാ ലാണ്‍ ടെന്നിസ് അസ്സോസിയേഷന്‍ രൂപീകൃതമായി. അടുത്ത വര്‍ഷം മുതല്‍ ഇന്ത്യ ഡേവിസ് കപ്പില്‍ പങ്കെടുത്തുതുടങ്ങി. 1940-ല്‍ കൊല്‍ക്കത്തയില്‍ വച്ച് നടന്ന പ്രഥമ 'നാഷണല്‍സ്' ഇന്ത്യയിലെ ടെന്നിസ് പ്രചാരത്തിന് ആക്കം കൂട്ടി. അതിനു തൊട്ടുമുന്‍പുള്ള വര്‍ഷം ഇന്ത്യ വിംബിള്‍ഡണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തുകയും ചെയ്തിരുന്നു.

സ്വാതന്ത്ര്യാനന്തരം ടെന്നിസില്‍ ഇന്ത്യ വന്‍ മുന്നേറ്റങ്ങള്‍ നടത്തുകയുണ്ടായി. 1954-ല്‍ കൃഷ്ണന്‍ എന്ന കളിക്കാരന്‍ പ്രഥമ അന്തര്‍ദേശീയ ചാമ്പ്യന്‍ഷിപ്പ് നേടുന്ന ഇന്ത്യാക്കാരനായി. ലോക ജൂനിയര്‍ ചാമ്പ്യനാവുകയായിരുന്നു അദ്ദേഹം. പില്ക്കാലത്ത് കൃഷ്ണന്റെ മകനായ രമേശും ആ പദവി കരസ്ഥമാക്കിയിട്ടുണ്ട് (1979).

ട്രിവാന്‍ഡ്രം ടെന്നീസ് ക്ലബ് -തിരുവന്തപുരം

ഇന്ത്യന്‍ ടെന്നിസിന്റെ അടുത്ത യുഗം ആരംഭിച്ചത് അമൃതരാജ് സഹോദരന്മാര്‍ എന്നറിയപ്പെട്ട വിജയ് അമൃതരാജ്, ആനന്ദ് അമൃതരാജ് എന്നിവരിലൂടെയാണ്. പിന്നീട് മഹേഷ്ഭൂപതി - ലിയാന്‍ഡര്‍ പെയ്സ് സഖ്യം ഇന്ത്യന്‍ ടെന്നിസിന്റെ നടുനായകത്വം വഹിക്കുന്നവരായി. 1999-ല്‍ അവര്‍ വിംബിള്‍ഡണില്‍ റെക്കോഡ് വിജയം കരസ്ഥമാക്കി. ഗ്രാന്‍ഡ് സ്ലാം ബഹുമതിയും അവര്‍ നേടിയിട്ടുണ്ട്. 2002 ഒ. -ല്‍ ദക്ഷിണ കൊറിയയിലെ ബുസാനില്‍ നടന്ന പതിനാലാം ഏഷ്യാഡില്‍ ഈ സഖ്യം ഡബിള്‍സില്‍ കിരീടം നേടി.

കേരളത്തില്‍ കേണല്‍ ഗോദവര്‍മരാജ സ്ഥാപിച്ച തിരുവനന്തപുരം ടെന്നിസ്ക്ളബ്ബാണ് ടെന്നിസ് പ്രചാരണത്തിന് ആക്കം കൂട്ടിയത്. ഇപ്പോള്‍ മിക്ക ജില്ലകളിലും ടെന്നിസ് ക്ലബ്ബുകള്‍ പ്രവര്‍ത്തിച്ചുവരുന്നു.

(സതീഷ്ചന്ദ്രന്‍, സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍