This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടെഥിസ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ടെഥിസ്
Tethys
നൂറ് ദശലക്ഷത്തില്‍പ്പരം വര്‍ഷങ്ങള്‍ക്കുമുമ്പ് ഭൂമുഖത്തുണ്ടായിരുന്നതായി കരുതപ്പെടുന്ന ഒരു അതിപുരാതന സമുദ്രം. പൂര്‍വാര്‍ധഗോളത്തിലെ ഉത്തര-ദക്ഷിണ വന്‍കരകള്‍ക്കിടയിലായിട്ടാണ് ഇത് സ്ഥിതിചെയ്തിരുന്നത്. ഇപ്പോഴത്തെ മെഡിറ്ററേനിയന്‍ കടലിന്റെ സ്ഥാനത്തുണ്ടായിരുന്ന ഈ പുരാതന ജലാശയം പെര്‍മിയന്‍ കല്പത്തിന്റെ ആരംഭത്തില്‍ രൂപമെടുത്തുവെന്ന് വിശ്വസിക്കപ്പെടുന്നു. ടെര്‍ഷ്യറി കല്പത്തിന്റെ ആരംഭംവരെയും ഇതു നിലനിന്നിരുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. മീസോസോയിക് മഹാകല്പത്തില്‍ ഈ സമുദ്രം ഇന്നത്തെ തെക്കന്‍ യൂറോപ്പ്, മെഡിറ്ററേനിയന്‍, വടക്കേ അമേരിക്ക, ഇറാന്‍, ഹിമാലയം, തെ. കി. ഏഷ്യ എന്നിവയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും വ്യാപിച്ചിരുന്നു എന്നാണ് വിശ്വാസം.
ആസ്ത്രിയന്‍ ഭൗമശാസ്ത്രജ്ഞനായിരുന്ന എഡ്വേഡ് സൂയസ് ആണ് ഈ പുരാതന സമുദ്രത്തിന് ടെഥിസ് എന്നു നാമകരണം ചെയ്തത്. ഗ്രീക്കു പുരാണങ്ങളനുസരിച്ച് സമുദ്രദേവനായ ഓഷ്യാനസിന്റെ പത്നിയാണ് ടെഥിസ്. ഇന്നത്തെ ആല്‍പ്സ് - ഹിമാലയ പര്‍വതനിരകള്‍ സ്ഥിതിചെയ്യുന്ന ഈസ്റ്റ് ഇന്‍ഡ്യന്‍ തീരദേശം മുതല്‍ അത്ലാന്തിക് തീരം വരെ വ്യാപിക്കുന്ന തെക്കന്‍ യൂറേഷ്യയുടെ ഭാഗങ്ങളും പടിഞ്ഞാറേയറ്റത്തുള്ള വെസ്റ്റിന്‍ഡീസും ഉള്‍പ്പെട്ട പ്രദേശങ്ങളിലായി ടെഥിസ് സമുദ്രം വ്യാപിച്ചിരുന്നുവെന്ന് എഡ്വേഡ് സൂയസ് അഭിപ്രായപ്പെടുന്നു.
300 ദശലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പ് പാലിയോസോയിക് മഹാകല്പത്തിന്റെ അവസാനഘട്ടത്തില്‍ ടെഥിസ് സമുദ്രം ബൃഹത് വന്‍കരകളായിരുന്ന ഗോണ്ട്വാനയ്ക്കും ലാറേഷ്യക്കും മധ്യേ ഒരു നൈസര്‍ഗികാതിര്‍ത്തിയായി വര്‍ത്തിച്ചിരുന്നു. കൂടാതെ ആര്‍ട്ടിക്-പസിഫിക് സമുദ്രങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചിരുന്നതും ഇതേ ജലാശയമായിരുന്നുവെന്ന് ഭൌമശാസ്ത്രജ്ഞര്‍ അനുമാനിക്കുന്നു. മേല്‍ പറഞ്ഞ രണ്ടു ബൃഹത് വന്‍കരകള്‍ക്കും തികച്ചും സവിശേഷമായ സസ്യജാലമുണ്ടായിരുന്നു എന്ന വസ്തുത ഇവയുടെ വേര്‍പെടലിനെ സൂചിപ്പിക്കുന്നു. അക്കാലത്തെ സമുദ്ര ജീവജാലങ്ങളുടെ സാദൃശ്യം ഈ ഭാഗത്ത് ഒരു സമുദ്രമുണ്ടായിരുന്നു എന്ന വസ്തുതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
ട്രയാസിക് കല്പത്തില്‍ രൂപമെടുത്ത ജിയോസിന്‍ക്ളൈനിനും ടെഥിസ് എന്ന പേരുതന്നെയാണ് ഭൗമശാസ്ത്രജ്ഞര്‍ നല്‍കിയിരിക്കുന്നത്. ഇന്നത്തെ ആല്‍പ്സ് ഹിമാലയ ശൃംഖല രൂപം കൊള്ളുവാന്‍ കാരണമായ അവസാദങ്ങള്‍ അടിഞ്ഞത് ഈ ഭാഗത്തായിരുന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇവിടെ രൂപംകൊണ്ട കനം കൂടിയ അവസാദശിലാപാളികള്‍ ടെര്‍ഷ്യറി കല്പത്തില്‍ ആല്‍പൈന്‍ ഓറോജനിക് വലയത്തിന്റെ സ്ഥാനം നിര്‍ണയിച്ചു. ടെര്‍ഷ്യറി കല്പത്തില്‍ ഉണ്ടായ വന്‍കരാവിസ്ഥാപനം പുരാതന ബൃഹത് വന്‍കരകളുടെ ഭാഗങ്ങളെ തമ്മില്‍ അടുപ്പിക്കുവാന്‍ സഹായകമായി. ടെഥിസ് സമുദ്രം നാമാവശേഷമാകുവാനും അതിന്റെ അവസാദപാളികള്‍ക്ക് വലനം സംഭവിച്ച് മടക്കുപര്‍വതങ്ങളായി രൂപാന്തരം പ്രാപിക്കുവാനും ഇത് കാരണമായി എന്നാണ് ആധുനിക ഭൗമശാസ്ത്രജ്ഞരുടെ അനുമാനം.
ഭൂവല്‍ക്കം നിരവധി ഫലകങ്ങളായാണ് നിര്‍മിതമായിരിക്കുന്നത്. ഇവയുടെ സ്ഥാനചലനങ്ങള്‍ നിരവധി പര്‍വത രൂപീകരണ പ്രക്രിയകള്‍ക്ക് കാരണമായിരിക്കുന്നു. ആഫ്രിക്ക-യുറോപ്പ് ഭൂഖണ്ഡങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭൗമ പാളികള്‍ തമ്മില്‍ അടുത്തപ്പോള്‍ ടെഥിസ് എന്ന പുരാതന സമുദ്രത്തിലെ അവശിഷ്ടങ്ങള്‍ ഞെരിഞ്ഞമരുകയും അവ മടക്കുകളായി രൂപാന്തരം പ്രാപിക്കുകയും ചെയ്തു. വന്‍കരകളുടെ അതിരുകളിലുണ്ടായിരുന്ന പാറകള്‍ ആല്‍പൈന്‍ മടക്കു പര്‍വത ഭാഗങ്ങളായി മാറി. ആല്‍പ്സ് പര്‍വതനിരകളെ കൂടാതെ ഹിമാലയം, സ്പെയിന്‍ മുതല്‍ ചൈന വരെ വ്യാപിച്ചിരിക്കുന്ന വിശാല പര്‍വത ശൃംഖല എന്നിവയുടെ രൂപീകരണത്തിനും ഇതു കാരണമായിത്തീര്‍ന്നു.
ആല്‍പൈന്‍ - ഹിമാലയന്‍ വന്‍കരകളുടെ കൂട്ടിമുട്ടല്‍ മെഡിറ്ററേനിയന്‍ സമുദ്രമൊഴികെയുള്ള ടെഥിസ് സമുദ്രത്തിന്റെ എല്ലാ അവശിഷ്ടങ്ങളെയും തുടച്ചുമാറ്റി. ഇപ്പോള്‍ തമ്മിലടുത്തുകൊണ്ടിരിക്കുന്ന ആഫ്രിക്കന്‍, യൂറേഷ്യന്‍ ഫലകങ്ങളുടെ പ്രവര്‍ത്തനംമൂലം മെഡിറ്ററേനിയന്‍ സമുദ്രം ക്രമാനുഗതമായി ചുരുങ്ങി വരുകയാണെന്ന് പഠനങ്ങള്‍ ചൂണ്ടികാണിക്കുന്നു.