This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെക്നീഷ്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടെക്നീഷ്യം

Technetium

ഗ്രൂപ്പ് VII B ആ യിലെ ഒരു റേഡിയോ ആക്ടീവ് ലോഹ മൂലകം. പരീക്ഷണശാലയില്‍ കൃത്രിമമായി ഉത്പാദിപ്പിക്കപ്പെട്ട ആദ്യത്തെ മൂലകമാണിത്. അതിനാലാണ് 'കൃത്രിമം' എന്ന് അര്‍ഥം വരുന്ന ടെക്നിറ്റോസ് എന്ന ഗ്രീക്ക് പദത്തില്‍ നിന്ന് നിഷ്പാദിപ്പിച്ച ടെക്നീഷ്യം എന്ന പേര് മൂലകത്തിന് നല്‍കിയത്. സൈക്ളോട്രോണ്‍ ഉപയോഗിച്ച് ഉത്പാദിപ്പിക്കപ്പെടുന്ന ഡ്യൂട്രോണുകള്‍ കൊണ്ട് മോളിബ്ഡിനം അണു ഭേദിച്ചാണ് സി. പെറിയര്‍ (C.Perrier), ഇ.ജി. സെഗര്‍ (E.G.Segre) എന്നിവര്‍ ആദ്യമായി ടെക്നീഷ്യം ഉത്പാദിപ്പിച്ചത് (1937).

ന്യൂട്രോണുകളുപയോഗിച്ച് മോളിബ്ഡിനവും, ഹീലിയം അയോണുകള്‍ ഉപയോഗിച്ച് നിയോബിയവും ഭേദിച്ചും യുറേനിയം അണുഭേദനം വഴിയും ടെക്നീഷ്യം പിന്നീട് ഉത്പാദിപ്പിക്കാന്‍ സാധിച്ചു.

സിം. Tc, അ. സ. 43, അ. ഭാ. 99. ഏതാണ്ട് 13 സമസ്ഥാനീയങ്ങള്‍ വേര്‍തിരിച്ചിട്ടുണ്ട്. ഇവയെല്ലാം തന്നെ രാദശക്തിയുള്ളവയാണ്. Tc99 ആണ് ഏറ്റവും പ്രധാനപ്പെട്ടത്. ഈ സമസ്ഥാനീയങ്ങള്‍ ഒന്നുംതന്നെ പ്രകൃതിജന്യമല്ല. മാന്‍ഗനീസ്, റീനിയം എന്നിവയാണ് ഈ ഗ്രൂപ്പിലെ മറ്റ് രണ്ട് മൂലകങ്ങള്‍. ഈ മൂലകങ്ങളുടെ പൊതുവായ ഇലക്ട്രോണ്‍ വിന്യാസം [(n-1)d5 ns2] എന്നാണ്. സ്പോഞ്ചു പോലെ മാര്‍ദവമുള്ള ഈ ലോഹം ഈര്‍പ്പമുള്ള വായുവില്‍ നിറം മങ്ങുന്നു. ദ്ര. അ. 2140°C.

സംയുക്തങ്ങള്‍. ടെക്നീഷ്യം, സംയുക്തങ്ങളില്‍ +4, +6, +7 എന്നീ സംയോജകതകള്‍ പ്രദര്‍ശിപ്പിക്കുന്നു.

ഓക്സൈഡുകള്‍. TcO2,TcO3,Tc2O7 എന്നീ മൂന്ന് ടെക്നീഷ്യം ഓക്സൈഡുകളാണുള്ളത്. ഇവയില്‍ TcO2 ആണ് ഏറ്റവും സ്ഥിരതയുള്ളത്. അമോണിയം പെര്‍ടെക്നേറ്റ് (NH4TcO4) ചൂടാക്കുമ്പോഴാണ് ഇത് ലഭിക്കുന്നത്.

1000°Cല്‍ TcO2 ഉത്പതിക്കുന്നു TcO3Br ചൂടാക്കുമ്പോഴാണ് ടെക്നീഷ്യം ട്രൈ ഓക്സൈഡ് ഉണ്ടാവുന്നത്. ടെക്നീഷ്യം ലോഹം മറ്റ് ഓക്സൈഡുകളും ചേര്‍ത്ത് വായുവിന്റെ സാന്നിധ്യത്തില്‍ സു. 200°C ചൂടാക്കുമ്പോള്‍ ടെക്നീഷ്യം ഹെപ് റ്റോക്സൈഡ് (Tc2O7) ഉണ്ടാവുന്നു.

പെര്‍ടെക്നിക് അമ്ലവും പെര്‍ടെക്നേറ്റുകളും. ടെക്നീഷ്യം ഹെപ്റ്റോക്സൈഡ് ജലത്തില്‍ ലയിപ്പിക്കുമ്പോള്‍ പെര്‍ടെക്നിക് അമ്ലം ഉണ്ടാവുന്നു.

Tc2O7+H2O→2HTcO4

ഈ ലായനി ബാഷ്പീകരിക്കുമ്പോള്‍ ജലരഹിതമായ അമ്ലത്തിന്റെ കടുംചുവപ്പു നിറത്തിലുള്ള പരലുകള്‍ ലഭിക്കുന്നു. ക്ഷാര ലോഹങ്ങളുടെ പെര്‍ടെക്നേറ്റ് ലവണങ്ങള്‍ (ഉദാ: KTcO44) ലഭ്യമാണ്. ടെക്നീഷ്യം ഹെപ്റ്റോക്സൈഡ് ക്ഷാരലായനികളില്‍ ലയിച്ചാണ് പെര്‍ടെക്നേറ്റുകള്‍ രൂപീകരിക്കുന്നത്. പെര്‍മാന്‍ഗനേറ്റുകളേക്കാള്‍ ഇവയ്ക്ക് സ്ഥിരതയുണ്ടെങ്കിലും ഓക്സീകരണ സ്വഭാവം ഇല്ല.

ഹാലൈഡുകള്‍. TcCl4,TcF6,TcCl6 എന്നിവയാണ് ടെക്നീഷ്യത്തിന്റെ ഹാലൈഡുകള്‍. ഇവയില്‍ ഏറ്റവും കൂടുതല്‍ പഠനവിധേയമായിട്ടുള്ളത് TcF6 ആണ്. 33°C-ല്‍ ഉരുകുന്ന സ്വര്‍ണനിറമുള്ള പരലുകളായാണ് TcF6 സ്ഥിതിചെയ്യുന്നത്. ടെക്നീഷ്യം ഫ്ളൂറിനുമായി ചേര്‍ത്ത് ചൂടാക്കുമ്പോഴാണ് ടെക്നീഷ്യം ഫ്ളൂറൈഡ് ഉണ്ടാകുന്നത്. ടെക്നീഷ്യം ഡൈ ഓക്സൈഡ് ഫ്ളൂറിനുമായി 150°C-ല്‍ ചൂടാക്കുമ്പോള്‍ ടെക്നീഷ്യം ഓക്സി ഫ്ളൂറൈഡ് (TcOF3) ഉണ്ടാകുന്നു. വളരെ താഴ്ന്ന ദ്രവണാങ്കമുള്ള ഒരു ഖര പദാര്‍ഥമാണിത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍