This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടൂവമോട്ടു ദ്വീപസമൂഹം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ടൂവമോട്ടു ദ്വീപസമൂഹം
Tuamotu Archipelago
ദക്ഷിണ പസിഫിക് സമുദ്രത്തിലെ ഒരു പവിഴ ദ്വീപസമൂഹം. ഫ്രാന്‍സിന്റെ അധീനതയിലുള്ള ഫ്രഞ്ച് പോളിനേഷ്യയുടെ ഭാഗമാണ് ഈ ദ്വീപസമൂഹം. തെ. അക്ഷാ. 14° - 25& deg; -യ്ക്കും പ. രേഖാ. 135° - 149°-യ്ക്കും മധ്യേ സ്ഥിതിചെയ്യുന്നു. എഴുപത്തിയെട്ട് പവിഴപ്പുറ്റുകളുടെ രണ്ടു സമാന്തര നിരകള്‍ ഉള്‍പ്പെട്ട ടൂവമോട്ടു ദ്വീപസമൂഹത്തിന് 690 ച.കി.മീ. വിസ്തീര്‍ണമുണ്ട്. സൊസൈറ്റി ദ്വീപസമൂഹത്തിന് വടക്കും കിഴക്കുമായാണ് ടൂവമോട്ടു ദ്വീപസമൂഹത്തിന്റെ സ്ഥാനം. റങ്ഗിറാവ, ഹാവോ , ടൂറിയ എന്നിവ ഈ ദ്വീപസമൂഹത്തിലെ ജനസാന്ദ്രതയേറിയ അറ്റോളുകളാണ്. ദ്വീപസമൂഹത്തിന്റെ തെ.കി. ഭാഗത്തുള്ള മുറുറോവ (Mururoa), ഫങ്ഗാറ്റോഫ (Fangatoufa) അറ്റോളുകള്‍ 1966 മുതല്‍ ഫ്രഞ്ച് അണ്വായുധ പരീക്ഷണങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുന്നു. 1964ലാണ് പ്രാദേശിക അസംബ്ലി ഇവയെ ഫ്രാന്‍സിന് കൈമാറിയത്. പോളിനേഷ്യരാണ് ദ്വീപസമൂഹത്തിലെ പ്രധാന ജനവിഭാഗം. കടല്‍ കയറിക്കിടക്കുന്ന മണല്‍ നിറഞ്ഞ പ്രദേശങ്ങളില്‍ ഉപ്പു കലര്‍ന്ന വെള്ളമാണുള്ളത്. വളരെ കുറച്ചു സസ്യങ്ങള്‍ മാത്രമേ ഇവിടെ വളരുന്നുള്ളു. തെങ്ങ് കൃഷിക്കാണ് ഇവിടെ പ്രാമുഖ്യം. പ്രധാന കയറ്റുമതി ഉത്പന്നമായ കൊപ്രയെ കൂടാതെ വിറകിനും നാരിനും പാനീയങ്ങള്‍ക്കും വേണ്ടി ജനങ്ങള്‍ തെങ്ങ് കൃഷിയെ ആശ്രയിക്കുന്നു. തെങ്ങിനു പുറമേ പന്‍ഡുനാസ് (Pandunas), ശീമച്ചക്ക എന്നിവയും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. പവിഴമാണ് ധനാഗമമാര്‍ഗത്തിന്റെ മറ്റൊരു പ്രധാന സ്രോതസ്സ്. മുമ്പ് മുത്തു ശേഖരണത്തില്‍ പ്രസിദ്ധമായിരുന്നെങ്കിലും അടുത്ത കാലത്ത് മുത്തുത്പാദനം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കടല്‍ വിഭവങ്ങളുടെ ഉപയോഗവും ഏറെ വര്‍ധിച്ചിരിക്കുന്നു.
ടൂവമോട്ടു ദ്വീപസമൂഹം പമോട്ടു, ലോ, ഡേഞ്ചറസ് എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്. താഴ്ന്നതും കണ്ടെത്താന്‍ ബുദ്ധിമുട്ടുള്ളതുമായ പവിഴപ്പുറ്റുകളുടെ ഉപസ്ഥിതിമൂലം ഈ ഭാഗത്ത് കപ്പല്‍ സഞ്ചാരം സുഗമമല്ല. ഇടയ്ക്കിടെ ഉണ്ടാകാറുള്ള ഉഷ്ണമേഖലാ കൊടുങ്കാറ്റുകള്‍ ഈ ദ്വീപസമൂഹത്തില്‍ വന്‍ നാശനഷ്ടങ്ങള്‍ വരുത്താറുണ്ട്.
1606-ല്‍ സ്പെയിന്‍കാരാണ് ദ്വീപുകള്‍ ആദ്യമായി കണ്ടെത്തിയത്. 1881-ല്‍ ഫ്രാന്‍സിന്റെ അധീനതയിലാകുന്നതുവരെ ഒരു ഗോത്രരാജാവാണ് ഇവിടം ഭരിച്ചിരുന്നത്. 1947-ല്‍ പെറു തീരത്തു നിന്നാരംഭിച്ച പ്രസിദ്ധമായ ചങ്ങാടയാത്ര (കോണ്‍-തികി)ടുവമോട്ടു ദ്വീപസമൂഹത്തിലെ റാറോയിയ (Raroia)യിലാണ് അവസാനിച്ചത്. ടുവമോട്ടുവിലെ ഫ്രഞ്ചുഭരണാസ്ഥാനം ആപതാകി (Apataki)യില്‍ പ്രവര്‍ത്തിക്കുന്നു.