This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടൂളിങ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടൂളിങ്

Tooling

നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കുന്ന സഹായകോപകരണങ്ങള്‍. ഡ്രില്ലിങ് പ്രസ്സ്, മില്ലിങ് മെഷീന്‍, പ്ലയ്നെര്‍, ഷേപ്പെര്‍ എന്നിവയിലാണ് ഇവ കൂടുതലായി ഉപയോഗിക്കാറുള്ളത്. തൊഴിലാളികളുടെ പ്രവര്‍ത്തനങ്ങളെ മെച്ചപ്പെട്ട രീതിയില്‍ ക്രമീകരിക്കാനും, നിര്‍ദിഷ്ട യന്ത്ര ഭാഗങ്ങള്‍ നിര്‍മിക്കാന്‍വേണ്ടി യന്ത്രോപകരണങ്ങളെ പ്രത്യേകമായി സജ്ജീകരിക്കാനും, ഇതുമൂലം കഴിയും.

ഉപയോഗമനുസരിച്ച് ടൂളിങ്ങിനെ ജിഗ്, ഫിക്സ്ചര്‍, ഡൈ, ഗേജ് എന്നിങ്ങനെ തരംതിരിക്കാറുണ്ട്.

കൈപണിയായുധങ്ങളായ ചുറ്റിക, റെഞ്ച്, പ്ളെയര്‍, സ്ക്രൂ ഡ്രൈവര്‍, കാലിപ്പെര്‍, മൈക്രോമീറ്റര്‍, സ്കെയില്‍ തുടങ്ങിയവയേയും, ഉപയോഗംമൂലം തേഞ്ഞ് നശിച്ചുപോകുന്ന ഉപകരണങ്ങളേയും (ഉദാഹരണത്തിന് ഡ്രില്ല്, റീമര്‍, മില്ലിങ് കട്ടര്‍, കാര്‍ബൈഡ് ടൂള്‍ബിറ്റ് തുടങ്ങിയവ) പൊതുവേ ടൂളിങ് വിഭാഗത്തില്‍ ഉള്‍പ്പെടുത്താറില്ല.

ത്രിജ്യ ഡ്രില്‍ പ്രസ്സിലെ ടൂണിയന്‍ ഡ്രില്‍

ടൂളിങ് മൂലം നിരവധി പ്രയോജനങ്ങളുണ്ട്. യന്ത്രോപകരണങ്ങള്‍ ഓരോ ആവശ്യത്തിനും നേരിട്ട് ഉപയോഗിക്കുമ്പോള്‍ യന്ത്ര ഭാഗങ്ങള്‍ക്ക് തേയ്മാനം സംഭവിച്ചാല്‍ ആ യന്ത്രം തന്നെ മാറ്റേണ്ടിവരുന്നു. അതുപോലെ ഓരോ പ്രവൃത്തിക്കും അനുയോജ്യമായ രീതിയില്‍ പ്രത്യേകം യന്ത്രോപകരണങ്ങള്‍ നിര്‍മിക്കുന്നത് അധികചെലവിനും ഇടയാകുന്നു. എന്നാല്‍ ടൂളിങ് മൂലം ഇത്തരം പ്രശ്നങ്ങള്‍ തരണം ചെയ്യാനാകുന്നു. ഓരോ പ്രവര്‍ത്തനത്തിനും സ്വീകാര്യമായ തരത്തിലുള്ള ടൂളിങ് ഭാഗങ്ങള്‍ ആദ്യം നിര്‍മിക്കുന്നു. പിന്നീട് ഇവയെല്ലാം ആവശ്യാനുസരണം പ്രവര്‍ത്തിപ്പിക്കാനാകുന്ന എതാനും യന്ത്രങ്ങള്‍ മാത്രം നിര്‍മിച്ചാല്‍ മതിയാകും. അതുപോലെ ഉപയോഗംകൊണ്ട് ടൂളിങിന് തേയ്മാനം വരുമ്പോള്‍ ടൂളിങ് മാത്രം മാറ്റി മറ്റൊരെണ്ണം ഘടിപ്പിച്ചാല്‍ മതിതാനും. ഉപയോഗരീതിക്കനുസൃതമായി ടൂളിങ്ങിനെ വിവിധ രീതിയില്‍ യന്ത്രത്തില്‍ ഉറപ്പിക്കുകയുമാവാം. യന്ത്രം പെട്ടെന്ന് കാലഹരണപ്പെടുന്നതും ഇതുമൂലം ഒരു പരിധിവരെ തടയാനാകുന്നു. സാങ്കേതിക വികസനം മൂലം പുതിയ രീതിയിലുള്ള നടപടിക്രമങ്ങള്‍ ആവിഷ്ക്കരിക്കുമ്പോള്‍ അതിനാവശ്യമായ നവീന ടൂളിങ്ങുകള്‍ നിര്‍മിച്ചാല്‍ മാത്രം മതിയാകും.

പ്രക്രിയകള്‍. ടൂളിങ് ഉപയോഗിച്ചുള്ള പ്രക്രിയകളെ ലൊക്കേറ്റിങ് അഥവാ സ്ഥാന നിര്‍ണയം, പൊസിഷനിങ് അഥവാ ഘടിപ്പിക്കല്‍ രീതി, ക്ലാംപിങ്, കട്ടര്‍ ഗൈഡിങ് എന്നിങ്ങനെ പൊതുവേ നാലായി തരംതിരിക്കാം.


1. സ്ഥാന നിര്‍ണയം. വര്‍ക്ക്പീസും, ടൂളിങ്ങും തമ്മില്‍ ശരിയായി ബന്ധപ്പെടുത്തുകയാണിതിന്റെ ലക്ഷ്യം. ടൂളിങ് രൂപകല്‍പ്പനാവേളയില്‍ത്തന്നെ ഇതിനായിട്ടുള്ള ക്രമീകരണങ്ങള്‍ നടത്തുന്നു.

സമാന കേന്ദ്ര സ്ഥാന നിര്‍ണയം, സമതല സ്ഥാന നിര്‍ണയം, റേഡിയല്‍ സ്ഥാന നിര്‍ണയം എന്നിങ്ങനെ സ്ഥാന നിര്‍ണയം മൂന്നു വിധത്തിലുണ്ട്.

വിവിധ ഇനം വര്‍ക്ക്പീസുകള്‍

വര്‍ക്ക്പീസിന്റെ മധ്യത്തില്‍ വരുന്ന രീതിയില്‍ ടൂളിങ് വയ്ക്കുന്നതാണ് സമാന കേന്ദ്ര (concentric) സ്ഥാന നിര്‍ണയം. ഉപയോഗവേളയില്‍ ടൂളിങ് ഒരു തിരശ്ചീന (horizontal) തലത്തില്‍ ചാഞ്ചാടാതിരിക്കാനായിട്ടാണ് ഇപ്രകാരം ചെയ്യുന്നത്. ഇവിടെ ടൂളിങ്ങിന്റെ പ്രതലവും വര്‍ക്ക്പീസിന്റെ പ്രതലവും പരസ്പരം സ്പര്‍ശിക്കുന്ന രീതിയില്‍ ഘടിപ്പിക്കുന്നു. ഇതിനായി ക്ലാപ്പുകള്‍ ഉപയോഗിക്കാറുണ്ട്. ടൂളിങ് ഒരു പ്രത്യേക കോണത്തില്‍ ആണ് ഉറപ്പിക്കേണ്ടതെങ്കില്‍ റേഡിയല്‍ സ്ഥാന നിര്‍ണയമാണ് നടത്തേണ്ടത്.

2. ക്ലാംപിങ് ടൂളിങിനെ ഉറപ്പിച്ചു നിറുത്താനും ആവശ്യാനുസരണം ഒരു നിശ്ചിത ദിശയില്‍ ക്ളാംപിങ് ബലം സൃഷ്ടിക്കാനുമാണിത് പ്രയോജനപ്പെടുത്തുന്നത്; എന്നാല്‍ ക്ലാംപിങ് മൂലം ടൂളിങ്ങിനു ക്ഷതമേല്‍ക്കാനും പാടില്ല. ടൂളിങ് ഉപയോഗിക്കുമ്പോള്‍ ടൂളിങ്ങിനേയും വര്‍ക്ക്പീസിനേയും ബന്ധിപ്പിക്കുന്ന ഭാഗങ്ങള്‍ മുഴുവനും കര്‍ഷണ ബലത്തെ (cutting force) സ്വാംശീകരിക്കുന്ന രീതിയില്‍ വേണം ക്ലാംപിങ് നടത്തേണ്ടത്.

3. ടൂളിങ്ങിന്റെ ഘടിപ്പിക്കല്‍ രീതി. വിവിധ ടൂളിങ്ങുകളെ പസ്പരം ആപേക്ഷികമായി ഉറപ്പിക്കുന്ന രീതിയാണിത്. ഒരു ജോലിക്കുള്ള വര്‍ക്ക്പീസില്‍ വ്യത്യസ്ത ടൂളിങ്ങുകള്‍ നിശ്ചിത സ്ഥാനങ്ങളില്‍ ഘടിപ്പിക്കേണ്ടതായി വരും. ഇവയോരോന്നിന്റേയും പരസ്പര സ്ഥാന നിര്‍ണയം ഉറപ്പാക്കുന്നത് പൊസിഷനിങ്ങിലൂടെയാണ്.

4. ഗൈഡിങ്. ടൂളിങ് ഉപകരണത്തെ അനുയോജ്യമായി നയിക്കുന്ന പ്രക്രിയയാണ് ഗൈഡിങ് എന്നറിയപ്പെടുന്നത്. ചില ആവശ്യങ്ങള്‍ക്ക് ടൂളിങ്ങിന്റെ അടിവശം കൊണ്ട് പണി ചെയ്യേണ്ടതായി വരും; മറ്റു ചിലയവസരങ്ങളില്‍ ടൂളിങിന്റെ വശങ്ങള്‍ കൊണ്ടായിരിക്കും പ്രവര്‍ത്തനം നടത്തുന്നത്. ഇതെല്ലാം ഉറപ്പാക്കുകയാണ് ഗൈഡിങിന്റെ ലക്ഷ്യം.

അസെംബ്ലി ലൈന്‍ ഉല്‍പ്പാദനവും ന്യൂമെറിക്കല്‍ കണ്‍ട്രോളും വന്നതോടെ യാന്ത്രിക നിര്‍മാണ രീതിക്ക് പ്രാധാന്യമേറി. ഇതുമൂലം വ്യത്യസ്ത ജോലികള്‍ ചെയ്യാന്‍ പ്രാപ്തിയുള്ള അനവധി യാന്ത്രികോപകരണ നിര്‍മാണ ബ്ളോക്കുകള്‍ വേണ്ടിവന്നു. ഇവയെ വിവിധ വര്‍ക്ക് സ്റ്റേഷനുകള്‍ ഘടിപ്പിക്കുന്നു. ഈ വര്‍ക്ക് സ്റ്റേഷനുകളിലൂടെ കടന്നുപോയിക്കഴിയുമ്പോഴേക്കും ഉപകരണം തയ്യാറാക്കിക്കഴിഞ്ഞിരിക്കും. ഇതിനായി, ആവശ്യമുള്ള എല്ലാ ടൂളിങ് രീതിക്കും അനുയോജ്യമായ, മാസ്റ്റര്‍ ലൊക്കേറ്റിങ് പ്രതലങ്ങളോടുകൂടിയ, ടൂളിങ് പാലെറ്റുകള്‍, നിര്‍മിക്കുന്നു. ഓരോ വര്‍ക്ക് സ്റ്റേഷനിലും അവിടത്തെ പ്രവര്‍ത്തനത്തിനനുയോജ്യമായ രീതിയില്‍ പാലെറ്റിനെ ക്രമീകരിക്കുകയും സ്വചാലിത രീതിയില്‍ പ്രവര്‍ത്തിക്കാനാവും വിധം ഘടിപ്പിക്കുകയും ചെയ്യുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9F%E0%B5%82%E0%B4%B3%E0%B4%BF%E0%B4%99%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍