This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടൂപ്പര്‍, ചാള്‍സ് (1821-1915)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടൂപ്പര്‍, ചാള്‍സ് (1821-1915)

Tupper,Charles

കാനഡയിലെ രാഷ്ട്രീയനേതാവും മുന്‍ പ്രധാനമന്ത്രിയും. റവ. ചാള്‍സ് ടൂപ്പറുടെയും മറിയം ലോവിയുടെയും മകനായി 1821 ജൂല. 2-ന് ഇദ്ദേഹം നോവാ സ്കോഷ്യയില്‍ ജനിച്ചു. ജന്മനാട്ടിലുള്ള ഹോര്‍ട്ടന്‍ അക്കാദമിയിലെ പഠനശേഷം സ്കോട്ട്ലണ്ടിലെ എഡിന്‍ബറോ സര്‍വകലാശാലയില്‍ വൈദ്യശാസ്ത്ര വിദ്യാഭ്യാസം പൂര്‍ത്തിയാക്കി (1843). നാട്ടില്‍ തിരിച്ചെത്തിയ ചാള്‍സ് ടൂപ്പര്‍ പന്ത്രണ്ടു വര്‍ഷക്കാലം ഡോക്ടറായി സേവനമനുഷ്ഠിച്ചിരുന്നു. തുടര്‍ന്നിദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തകനാവുകയാണുണ്ടായത്. യാഥാസ്ഥിതിക കക്ഷി സ്ഥാനാര്‍ഥിയായി ഇദ്ദേഹം 1855-ല്‍ നോവാ സ്കോഷ്യയിലെ പ്രാദേശിക അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 1856 മുതല്‍ 60 വരെ ഇദ്ദേഹം പ്രവിശ്യാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 1864 മുതല്‍ 67 വരെ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിക്കുകയുണ്ടായി. ഈ പദവിയിലിരിക്കെ കാനഡ ഫെഡറേഷന്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇദ്ദേഹം നേതൃത്വം നല്‍കിയിരുന്നു. ഇതിനോടനുബന്ധിച്ച് ലണ്ടനിലും ക്യുബെക്കിലും വച്ചുനടന്ന സമ്മേളനങ്ങളില്‍ ഇദ്ദേഹം പങ്കെടുക്കുകയുമുണ്ടായി. ഈ പ്രവര്‍ത്തനങ്ങളെത്തുടര്‍ന്ന് കോണ്‍ഫെഡറേഷന്റെ പിതാവ് എന്ന് ഇദ്ദേഹം കാനഡയില്‍ അറിയപ്പെടാന്‍ തുടങ്ങി. കുംബര്‍ലാന്‍ഡ് കൗണ്ടിയെ പ്രതിനിധീകരിച്ച് കാനഡയിലെ കോമണ്‍സ് സഭയില്‍ 1867 മുതല്‍ 84 വരെ ഇദ്ദേഹം അംഗവുമായിരുന്നു. ഇതോടെ ജോണ്‍ എ. മക്ഡൊണാള്‍ഡിന്റെ യാഥാസ്ഥിതിക മന്ത്രിസഭയില്‍ 1870 മുതല്‍ 73 വരെയും 1879 മുതല്‍ 84 വരെയും പല ക്യാബിനറ്റ് പദവികളില്‍ അവരോധിതനാവുകയും ചെയ്തു. 1884-നും 96-നും മധ്യേ ലണ്ടനില്‍ കാനഡയുടെ ഹൈക്കമ്മീഷണറായി സേവനമനുഷ്ഠിക്കുകയുണ്ടായി. 1896 ഏ.-ല്‍ ചാള്‍സ് ടൂപ്പര്‍ കാനഡയിലെ പ്രധാനമന്ത്രിയായി ചുമതലയേറ്റു. എന്നാല്‍ തുടര്‍ന്നുനടന്ന തെരഞ്ഞെടുപ്പില്‍ യാഥാസ്ഥിതിക കക്ഷിക്കുണ്ടായ പരാജയം മൂലം ഇദ്ദേഹം ജൂല.-ല്‍ പ്രധാനമന്ത്രിപദം രാജിവയ്ക്കുകയാണുണ്ടായത്. പിന്നീട് പ്രതിപക്ഷ നേതാവായി പ്രവര്‍ത്തിച്ചു. 1900-ല്‍ ടൂപ്പര്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ചു. ഇംഗ്ലണ്ടിലെ ബക്സ്ലീ ഹീത്തില്‍ ഇദ്ദേഹം 1915 ഒ. 15-ന് നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍