This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടീക

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടീക

വ്യാഖ്യാനഗ്രന്ഥം. ടീക എന്ന പദത്തിന് വിഷമപദ വ്യാഖ്യാന രൂപത്തിലുള്ള ഗ്രന്ഥം എന്നാണ് വാചസ്പത്യം-സംസ്കൃത കോശം അര്‍ഥം നല്‍കുന്നത്. 'ടീക്യതേ ഗമ്യതേ ഗ്രന്ഥാര്‍ഥഃ അനയാ' (ഇതിനാല്‍ ഗ്രന്ഥാര്‍ഥം ജ്ഞാതമാകുന്നു) ഇങ്ങനെ പദനിഷ്പത്തി പറയാം. ഒരു ഗ്രന്ഥത്തില്‍ അങ്ങിങ്ങുകാണുന്ന വിഷമപദങ്ങള്‍ക്കുമാത്രം കൊടുക്കുന്ന വ്യാഖ്യാനം ടിപ്പണം അഥവാ ടിപ്പണി എന്ന പേരിലും, വിശദമായ അര്‍ഥവിവരണത്തോടുകൂടിയ വ്യാഖ്യാനം ടീക എന്ന പേരിലും അറിയപ്പെടുന്നു. ഒരു വ്യാഖ്യാനത്തിന്റെ ഉപരിവ്യാഖ്യാനമായി രചിക്കുന്ന ഗ്രന്ഥത്തിനാണ് 'ടീക' എന്ന പേര് കൂടുതല്‍ അനുയോജ്യമാകുന്നത് എന്ന് മോണിയര്‍ വില്യംസിന്റെ സംസ്കൃത-ഇംഗ്ലീഷ് നിഘണ്ടുവില്‍ രേഖപ്പെടുത്തിയിരിക്കുന്നു. വാക്യത്തിന്റെയോ പദത്തിന്റെയോ അര്‍ഥം സ്പഷ്ടമാക്കുന്ന ഗ്രന്ഥത്തിനും ഈ നാമമുള്ളതായി ഹിന്ദി വിശ്വകോശകാരന്‍ അഭിപ്രായപ്പെടുന്നു.

ഗ്രന്ഥത്തിന്റെ അര്‍ഥവിവരണം നല്‍കുന്ന രചനകള്‍ വ്യാഖ്യ, വ്യാഖ്യാനം, ഭാഷ്യം, വാര്‍ത്തികം, വിവരണം, വിവൃതി, വൃത്തി, ചര്‍ച്ച, ടിപ്പണി, ടിപ്പണം, ടിപ്പണിക, ടീക, വിമര്‍ശം, വിമര്‍ശിനി, ദീപിക, പ്രദീപം, ആലോകം, ലോചനം, പ്രകാശം, കൗമുദി, ഉദ്ഘാടനം (ഉദാ: അമരകോശോദ്ഘാടനം), പഞ്ജിക, വിവേകം, ചിന്താമണി, ചന്ദ്രിക, സുബോധിനി, സംഗ്രഹം, സാരം തുടങ്ങിയ പല പേരുകളില്‍ അറിയപ്പെടുന്നു. അര്‍ഥവിവരണത്തിന്റെ സ്വഭാവമനുസരിച്ചാണ് ഈ വ്യാഖ്യാന നാമങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്.

സംസ്കൃതം, പ്രാകൃതം, പാലി എന്നീ ഭാഷകളില്‍ സാഹിത്യഗ്രന്ഥങ്ങള്‍ക്കും ശാസ്ത്രഗ്രന്ഥങ്ങള്‍ക്കും പ്രശസ്തങ്ങളായ ടീകകള്‍ ഉപലബ്ധങ്ങളാണ്. അത്യാവശ്യമുള്ള വാക്കുകള്‍ക്കുമാത്രം അര്‍ഥ വിശദീകരണം നല്കിയുള്ള സംക്ഷിപ്തമായ വ്യാഖ്യാനങ്ങള്‍ക്കും ടീക എന്ന പേരു നല്‍കിക്കാണുന്നുണ്ട്. സാഹിത്യ ഗ്രന്ഥങ്ങളെ അപേക്ഷിച്ച് വ്യാകരണം, ന്യായം തുടങ്ങിയ ശാസ്ത്ര വിഷയങ്ങള്‍ പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങള്‍ക്കാണ് ടീക എന്ന പേരിലുള്ള വ്യാഖ്യാനം കൂടുതല്‍ അനുപേക്ഷണീയമായിത്തീര്‍ന്നിട്ടുള്ളത്. ദുര്‍ഗസിംഹന്‍ കാതന്ത്രവ്യാകരണത്തിന് ഒരു 'വൃത്തി'യും അതിനുപരി ഒരു 'ടീക'യും രചിച്ചിട്ടുണ്ട്. പ്രശസ്ത മീമാംസാഗ്രന്ഥമായ ശബരഭാഷ്യത്തിന് കുമാരിലഭട്ടന്‍ രചിച്ച വ്യാഖ്യാനത്തിലെ ഒരു ഭാഗം ടുപ്ടീകഎന്ന പേരില്‍ പ്രസിദ്ധമാണ്. ശാങ്കരഭാഷ്യത്തിന് ആനന്ദഗിരി എഴുതിയ ടീകയും വിഖ്യാതമാണ്. ഇവ മൂന്നും വ്യാഖ്യാനഗ്രന്ഥങ്ങള്‍ക്ക് ഉപരിവ്യാഖ്യാനം എന്ന നിലയിലുള്ള വിശിഷ്ട പഠനങ്ങള്‍ക്കുദാഹരണമായിപ്പറയാം. ശാരീരകസൂത്രഭാഷ്യത്തിന്റെ വ്യാഖ്യാനമായ പഞ്ചപദിക, ഭാമതി എന്നിവയും, മഹാഭാഷ്യത്തിന് കൈയടന്‍ തയ്യാറാക്കിയ വ്യാഖ്യാനവും, ധര്‍മോത്തരന്റെ ന്യായശാസ്ര്തഗ്രന്ഥമായ ന്യായബിന്ദുവിനുള്ള വ്യാഖ്യാനവും, കൃഷ്ണദത്തന്റെ ദ്രവ്യഗുണശതശ്ലോകീടീകയും ഉപരിപഠനങ്ങള്‍ക്കുള്ള ടീകകള്‍ എന്ന പേരിലാണ് പ്രസിദ്ധങ്ങളായിത്തീര്‍ന്നിട്ടുള്ളത്.

ടീക എന്ന പേര് പദങ്ങളുടെ അര്‍ഥവിവരണത്തിനു പ്രാധാന്യം നല്‍കുന്ന വ്യാഖ്യാനഗ്രന്ഥത്തെയാണ് പ്രധാനമായും പ്രതിനിധാനം ചെയ്യുന്നതെന്നു കരുതാവുന്ന നിലയില്‍, അമരകോശം എന്ന സംസ്കൃത നിഘണ്ടുവിന് നാല്പതില്‍പരം 'ടീക'കള്‍ രചിക്കപ്പെട്ടിട്ടുണ്ട്. അമരകോശടീക എന്ന പേരിലാണ് മിക്കവാറും ഇവ എല്ലാംതന്നെ അറിയപ്പെടുന്നത്. സര്‍വാനന്ദന്റെ (11-ാം ശ.) ടീകാസര്‍വസ്വമാണിവയില്‍ മുഖ്യം. ഗോവിന്ദാനന്ദ, ചതുര്‍ഭുജമിശ്രജാതനുദന്‍, കാശീനാഥന്‍, കൊക്കന്‍, നയനാനന്ദന്‍, നാരായണന്‍, നാഗദേവന്‍, പരമാനന്ദശര്‍മ, ഭരതസേനന്‍, ഭാനുദീക്ഷിതര്‍, ഭാവനാദാസന്‍, മല്ലകവി, മല്ലീനാഥന്‍, മഹാദേവന്‍, മാമിജി വെങ്കടരായ, മുകുന്ദശര്‍മ, രഘുനന്ദന ശര്‍മ, രാഘവേന്ദ്ര, രാമകൃഷ്ണദീക്ഷിതര്‍, രാമനാഥവിദ്യാവാചസ്പതി, രാമപ്രസാദതര്‍കാലങ്കാര, രാമശര്‍മ, രാമസ്വാമി, രാമേശവരന്‍, രായമുക്ത, ലക്ഷ്മണശാസ്ര്തി, ലിംഗഭട്ടന്‍, ലോകനാഥന്‍, വിട്ടലന്‍, വെങ്കടേശന്‍, വൈദ്യനാഥന്‍, വൈദ്യനാഥദീക്ഷിതര്‍, ശ്രീകരന്‍, ശ്രീധരന്‍, ശ്രീനിവാസയജ്വന്‍, സീതാരാമന്‍, സുഭൂതി തുടങ്ങിയ നിരവധി വിദ്വാന്മാര്‍ അമരകോശത്തിനു ടീക രചിച്ചിട്ടുണ്ട്.

സാഹിത്യകൃതികള്‍ക്കും പാണ്ഡിത്യനിര്‍ഭരമായ ടീകകള്‍ രചിച്ചിട്ടുള്ളതായി കാണുന്നു. കുശലന്റെ ഘടകര്‍പരടീക, കൃഷ്ണദത്തന്റെ മഹാനാടകടീക, കൃഷ്ണപണ്ഡിതന്റെ കൃഷ്ണകര്‍ണാ മൃതടീക, കേശവഭട്ടന്റെ ആനന്ദലഹരീടീക, ഗണപതിയുടെ ചൗരപഞ്ചാശികാടീക, ചന്ദ്രശേഖരന്റെ ശാകുന്തളടീക, ഗോപീരമണന്റെ ആനന്ദലഹരീടീക, ചന്ദ്രശേഖരന്റെ ഹനുമന്നാടകടീക, കൃഷ്ണപണ്ഡിതന്റെ കര്‍പ്പൂരസ്തവടീക, ചന്ദ്രശേഖരന്റെ ഛന്ദോമഞ്ജരീടീക തുടങ്ങിയവ സാഹിത്യ ഗ്രന്ഥങ്ങളുടെ ആശയസ്ഫുടീകരണാര്‍ഥം നിര്‍മിതമായ വ്യാഖ്യാനാത്മക ടീകകളാണ്.

ഹിന്ദിയിലും ഉത്തരേന്ത്യന്‍ ഭാഷകളിലും അര്‍ഥവിവരണം, വ്യാഖ്യാനം എന്നീ അര്‍ഥങ്ങളില്‍ ടീകാപദം പ്രയോഗത്തിലുണ്ട്. നെറ്റിയിലും കൈയിലും മറ്റും ചാര്‍ത്തുന്ന തിലകം, വിവാഹബന്ധം അവിച്ഛിന്നമായി നിലനില്‍ക്കണം എന്ന സങ്കല്പത്തോടുകൂടി നടത്തുന്ന മതപരമായ ചടങ്ങ്, ശ്രേഷ്ഠനായ മനുഷ്യന്‍, രാജ്യാഭിഷേകം, യുവരാജാവ്, രാജചിഹ്നം, രാജാവിനു നല്കുന്ന കാഴ്ചദ്രവ്യം, ഒരു ആഭരണം, പ്രതിരോധകുത്തിവയ്പ് എന്നീ അര്‍ഥങ്ങളും ടീകാ പദത്തിനുള്ളതായി ഹിന്ദി വിശ്വകോശത്തില്‍ വിവരിക്കുന്നുണ്ട്. ഈ പദത്തിന് പ്രതിരോധ കുത്തിവയ്പ് എന്ന അര്‍ഥം മിക്ക ഔത്തരാഹ ഭാഷകളിലും പ്രചാരത്തിലുണ്ട്. ഹിന്ദിയിലെ ഗീതഗോവിന്ദ ടീക, സുബോധിനീടീക എന്നിവ വിശ്രുതമായ വ്യാഖ്യാനഗ്രന്ഥങ്ങളാണ്. 'വ്യാഖ്യാ' എന്ന പദമാണ് ഹിന്ദിയില്‍ കൂടുതല്‍ പ്രചാരത്തിലുള്ളത്. വിമര്‍ശ്, സമീക്ഷ, ആലോചന, തുടങ്ങിയ പദങ്ങള്‍ വിമര്‍ശനാത്മകമായുള്ള ഗ്രന്ഥനിരൂപണത്തെ ഉദ്ദേശിച്ചാണ് പ്രയോഗിച്ചുവരുന്നത്.

പല ഉത്തരേന്ത്യന്‍ ഭാഷകളിലും ടീക എന്നു പേരുള്ള സാഹിത്യപ്രസ്ഥാനം പ്രചാരത്തിലെത്തിയിട്ടുണ്ട്. ഒറിയ, പഞ്ചാബി, രാജസ്ഥാനി, ഗുജറാത്തി എന്നീ ഭാഷകളിലാണ് ഈ പ്രസ്ഥാനത്തിന് വ്യാപകമായ അംഗീകാരം ലഭിച്ചിട്ടുള്ളത്. ചിന്തോദ്ദീപകമായ ആശയാവിഷ്കരണം നിറഞ്ഞ കാവ്യത്തിനും സാഹിത്യകൃതികളുടെ സംക്ഷിപ്ത പുനരാഖ്യാനത്തിനും ഒറിയഭാഷയില്‍ ടീക എന്നാണു പേരു നല്‍കിയിരിക്കുന്നത്. ഒറിയയിലെ ടീകാ ഗോവിന്ദചന്ദ്ര എന്ന കൃതി ദാര്‍ശനികതത്ത്വങ്ങള്‍ വിവരിക്കുന്ന ദീര്‍ഘമായ ഒരു ഗാനകാവ്യമാണ്. പ്രകൃഷ്ടകൃതികളുടെ സംക്ഷിപ്താവതരണമെന്ന നിലയില്‍ പ്രചാരം നേടിയിട്ടുള്ള കൃതികളാണ് ടീകാമഹാഭാരതം, സപ്താംഗയോഗസാരടീക, ഗണേശവിഭൂതിടീക എന്നിവ.

18-ഉം 19-ഉം ശ.ല്‍ ധര്‍മഗ്രന്ഥങ്ങളുടെയും ആധ്യാത്മിക ഗ്രന്ഥങ്ങളുടെയും ഗദ്യത്തിലുള്ള വ്യാഖ്യാനങ്ങള്‍ ടീക എന്നു പേരുള്ള സാഹിത്യശാഖയായി പഞ്ചാബിയില്‍ രൂപം പൂണ്ടിരുന്നു. ഭായി ഗുരുദാസിന്റെ രണ്ട് സ്തുതിഗീത കൃതികള്‍ക്ക് ഭായി മനീസിംഹ് രചിച്ച ജ്ഞാനരത്നാവലി, ഭഗത് രത്നാവലി എന്നീ പേരുകളിലുള്ള ടീകകള്‍ ജനപ്രീതി നേടിയവയാണ്. പഞ്ചാബി ഭാഷയില്‍ മിക്ക ആകാരാന്ത പദങ്ങളും സ്ര്തീലിംഗമാണെങ്കിലും 'ടീകാ' പുല്ലിംഗമായിട്ടാണ് പ്രയോഗിച്ചുപോരുന്നത്.

രാജസ്ഥാനിയിലും ഗുജറാത്തിയിലുമുള്ള ആദ്യകാലഗദ്യകൃതികളില്‍ പ്രാധാന്യം നേടിയിട്ടുള്ളതും ടീക തന്നെയാണ്. ഇവ ഒരു തരത്തില്‍ തത്ത്വചിന്താപരമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പ്രബന്ധങ്ങളായിരുന്നു. മറാഠിഭാഷയിലും പരിനിഷ്ഠിതമായ പരിചിന്തനത്തോടുകൂടി എഴുതിയിട്ടുള്ള ഉപന്യാസങ്ങള്‍ക്ക് ടീക എന്ന പേരാണു നല്‍കിക്കാണുന്നത്. ബാലചന്ദ്രനമദെയുടെ ടീകാസ്വയംവരം ഇതിനുദാഹരണമാണ്. പൗരസ്ത്യവും പാശ്ചാത്യവുമായ കാവ്യശാസ്ര്ത തത്ത്വങ്ങള്‍ കൂലംകഷമായി ചര്‍ച്ച ചെയ്യുന്ന ഗ്രന്ഥമാണിത്.

വ്യാഖ്യാനഗ്രന്ഥങ്ങളുടെ ഔത്കൃഷ്ട്യത്താല്‍ വിശ്വ പ്രസിദ്ധി നേടിയ ദേശമാണ് കേരളം. ഉപനിഷദ്ഭാഷ്യം, ഗീതാഭാഷ്യം, ബ്രഹ്മസൂത്രഭാഷ്യം എന്നിവയാണ് ശങ്കരാചാര്യരെ അത്യുത്കൃഷ്ട വേദാന്ത ചിന്തയുടെ ഗിരിശിഖരത്തിലെത്തിച്ചതും യശസ്സിലേക്കുയര്‍ത്തിയതും. അനേകം സ്തോത്രങ്ങളുടെ രചയിതാവായ ആചാര്യര്‍ തന്റെ അദ്വൈതതത്ത്വവിശദീകരണം ഈ മൂന്നു ഭാഷ്യങ്ങളിലൂടെയാണ് അവതരിപ്പിച്ചത്. മീമാംസാ ശാസ്ത്രത്തിലെ പ്രാഭാകരമതത്തിന്റെ ആചാര്യനായ പ്രഭാകരന്‍, മാലതീമാധവ വ്യാഖ്യാതാവായ പൂര്‍ണസരസ്വതി തുടങ്ങിയവരും വ്യാഖ്യാനഗ്രന്ഥങ്ങളിലൂടെ ചിരപ്രതിഷ്ഠ നേടിയവരാണ്. ആധുനിക കാലത്തെ വ്യാഖ്യാതാക്കളില്‍ പ്രസിദ്ധനാണ് കൈക്കുളങ്ങര രാമവാരിയര്‍.

മലയാളഗ്രന്ഥങ്ങള്‍ക്കും പദവാക്യപ്രമാണങ്ങള്‍ അവതരിപ്പിച്ചുള്ള വ്യാഖ്യാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. നളചരിതം ആട്ടക്കഥയ്ക്ക് ഏ.ആര്‍.രാജരാജവര്‍മ രചിച്ച കാന്താരതാരകം, എം.എച്ച്.ശാസ്ത്രികള്‍ തയ്യാറാക്കിയ രസികകൗതുകം എന്നീ വ്യാഖ്യാനങ്ങള്‍ ഇതിനുള്ള മികച്ച ഉദാഹരണങ്ങളാണ്. സാഹിത്യകുശലന്‍ ടി.കെ.കൃഷ്ണമേനോന്‍ അധ്യക്ഷനും പ്രൊഫസര്‍ പി.ശങ്കരന്‍ നമ്പ്യാര്‍ അംഗവും കെ.വാസുദേവന്‍ മൂസത് 'കമ്മിറ്റി പണ്ഡിതരു'മായിരുന്ന കൊച്ചി മലയാളഭാഷാപരിഷ്കരണക്കമ്മിറ്റി 1940-ല്‍ ഗിരിജാകല്യാണം പ്രസിദ്ധീകരിച്ചപ്പോള്‍ തയ്യാറാക്കിയ വ്യാഖ്യാനം, ലീലാതിലകം, ഉണ്ണുനീലിസന്ദേശം എന്നീ പ്രാചീന ഗ്രന്ഥങ്ങള്‍ക്ക് ശൂരനാടു കുഞ്ഞന്‍പിള്ളയും ഇളംകുളം കുഞ്ഞന്‍പിള്ളയും സജ്ജമാക്കി പ്രസാധനം ചെയ്തിട്ടുള്ള അവഗാഢവും അപഗ്രഥനാത്മകവുമായ വ്യാഖ്യാനങ്ങള്‍, ഡോ.പി.കെ. നാരായണപിള്ള രാമകഥപ്പാട്ട്, ഹരിനാമകീര്‍ത്തനം, മയൂരസന്ദേശം എന്നീ കൃതികള്‍ക്കു രചിച്ച വ്യാഖ്യാനങ്ങള്‍ തുടങ്ങിയവ ഈ രീതിയിലുള്ള പ്രൗഢ ടീകകളാണ്. ഇത്തരത്തില്‍ പ്രകൃഷ്ടകൃതികളുടെ അന്തര്‍ഭാഗങ്ങളിലേക്ക് പ്രവേശിക്കാനുള്ള വാതായനങ്ങളുടെ താക്കോലുകളായി ടീകകള്‍ വര്‍ത്തിക്കുന്നു എന്നു ചുരുക്കിപ്പറയാവുന്നതാണ്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9F%E0%B5%80%E0%B4%95" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍