This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടി ഡി എന്‍ എ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടി ഡി എന്‍ എ

TDNA ( Transferred DNA)

ജനിതക രൂപാന്തരീകരണ പ്രക്രിയയില്‍ ജീവകോശങ്ങളിലേയ്ക്ക് ജീന്‍മാറ്റം ചെയ്യുന്നതിനുപയോഗിക്കുന്ന പ്ലാസ്മിഡിന്റെ ഒരുഭാഗം. സസ്യങ്ങളില്‍ ജനിതക രൂപാന്തരീകരണം (genetic transformation) നടത്തുന്നത് വെക്ടറുകളുടെ സഹായത്താലാണ്. പലതരംവെക്ടറുകള്‍ ജീന്‍ ക്ലോണിങ്ങിന് ഉപയോഗിക്കാമെങ്കിലും മണ്ണില്‍കാണപ്പെടുന്ന അഗ്രോബാക്ടീരിയം ടൂമിഫേഷ്യന്‍സ് (Agrobacterium tumefaciens) എന്നയിനം ബാക്ടീരിയകളെയാണ് കൂടുതല്‍ ഫലപ്രദമായി ഉപയോഗിച്ചുവരുന്നത്. ഇവ സസ്യകോശങ്ങളെ ആക്രമിക്കുകയും ക്രൗണ്‍ ഗാള്‍' എന്ന കാന്‍സര്‍പോലുള്ള മുഴകള്‍ ഉണ്ടാക്കുന്ന രോഗത്തിനു കാരണമാകുകയും ചെയ്യുന്നു. ബാക്ടീരിയയിലെ ട്യൂമര്‍ ഉണ്ടാക്കുന്ന പ്ലാസ്മിഡില്‍ (Ti plasmid) ഉള്ള ഡി എന്‍ എയുടെ ഒരു ഭാഗം ആതിഥേയസസ്യകോശത്തിന്റെ ഡി എന്‍ എയില്‍ സംയോജിപ്പിക്കുന്നതിനാലാണ് രോഗലക്ഷണ ങ്ങള്‍ പ്രകടമാകുന്നത്. ഇപ്രകാരം സസ്യത്തിന്റെ ഡി എന്‍ എ യിലേക്കു മാറ്റുന്ന Ti പ്ലാസ്മിഡിലുള്ള ഡി എന്‍ എയുടെ ഭാഗമാണ് ടി ഡി എന്‍ എ എന്ന പേരിലറിയപ്പെടുന്നത്.

അഗ്രോബാക്ടീരിയം ട്യൂമിഫേഷ്യന്‍സിന്റെ മറ്റൊരു സ്പീഷീസാണ് അഗ്രോബാക്ടീരിയം റൈസോജീന്‍സ് (A.rhizogenes). ഈ ബാക്ടീരിയത്തിനുള്ളില്‍ Ri പ്ലാസ്മിഡുകള്‍ (RiP) ഉണ്ട്. ഇവ രോമാവൃതമായ വേരുകളുണ്ടാക്കുന്ന രോഗത്തിനു നിദാനമായിത്തീരുന്നു. ഈ പ്ലാസ്മിഡിന്റെ ഡി എന്‍ എയുടെ ഒരു ഭാഗം സസ്യകോശത്തിന്റെ ഡി എന്‍ എയില്‍ സംയോജിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. സസ്യകോശത്തിലെ ഡി എന്‍ എയിലേക്ക് മാറ്റപ്പെടുന്ന ഡി എന്‍ എയുടെ ഭാഗത്തെ (DNA segment) ടി ഡി എന്‍ എ എന്നു നാമകരണം ചെയ്തിരിക്കുന്നു.

Ti പ്ലാസ്മിഡുകള്‍ക്ക് പ്രധാനമായി നാലു ഭാഗങ്ങളാണുള്ളത്:

1. ട്യൂമര്‍ ഉണ്ടാക്കുന്നതിന് ഹേതുവായ ടി ഡി എന്‍ എ (ഈ ഭാഗമാണ് സസ്യത്തിന്റെ ന്യയൂക്ലിയാര്‍ ജിനോമിലേയ്ക്ക് മാറ്റുന്നത്).

2. പുനരാവര്‍ത്തന (replication) നിദാനമായ ഭാഗം.

3. ജീന്‍ സംയോജനവുമായി ബന്ധപ്പെട്ട ഭാഗം.

4. ടി ഡി എന്‍ എ മാറ്റം ചെയ്യുന്നതിന് പ്രേരകമായ ഭാഗം.

ടി ഡി എന്‍ എയില്‍ 'onc' (oncogenicity) എന്ന ഒരു ഭാഗമുണ്ട്. ഇവിടെ മൂന്നു ജീനുകളാണുള്ളത്. ഇതില്‍ 'tms 1','tms2' (tumor morphology shoot) എന്നീ ജീനുകള്‍ ഷൂട്ടി ലോക്കസിനെ' (shooty locus) പ്രതിനിധീകരിക്കുന്നു; tmr(tumor morophology root) എന്ന ജീന്‍ റൂട്ടി ലോക്കസി'(rooty locus)നെയും. ഈ ജീനുകള്‍ സസ്യഹോര്‍മോണുകളായ ഇന്‍ഡോള്‍ അസെറ്റിക് അമ്ലം (auxins), ഐസോ പെന്റൈല്‍ അഡിനോസിന്‍ 5-മോണോ ഫോസ്ഫേറ്റ് (cytokinine) എന്നിവ സംശ്ലേഷണം ചെയ്യുന്നതിന് എന്‍കോഡു ചെയ്യുന്നു. അതിനാല്‍ ഈ ജീനുകള്‍ സസ്യത്തിന്റെ ജീനോമിലേക്ക് മാറ്റപ്പെടുമ്പോള്‍ ആതിഥേയസസ്യത്തിലും ഈ സസ്യഹോര്‍മോണുകള്‍ സംശ്ലേഷണം ചെയ്യപ്പെടും. ഈ ഹോര്‍മോണുകളാണ് ക്രൗണ്‍ ഗാള്‍ രോഗത്തിനു കാരണമാകുന്നത്.

Ti പ്ലാസ്മിഡിലും, Ri പ്ലാസ്മിഡിലും ഉള്ള ടി. ഡി. എന്‍. എയില്‍ കാണുന്ന രണ്ടാമത്തെ ഭാഗമാണ് os' (opine synthesis region) എന്നറിയപ്പെടുന്നത്. ഈ ഭാഗമാണ് അസാധാരണ അമിനോ അമ്ലങ്ങളായ ഒപീനുകള്‍ സംശ്ലേഷണം ചെയ്യുന്നത്. രണ്ടു പ്രധാനപ്പെട്ട ഒപീനുകളാണ് ഒക്ടോപിനും, നൊപ്പാളിനും (Octopine,Nopaline). ഒക്ടോപിന്‍ സംശ്ലേഷണം നിയന്ത്രിക്കുന്നത് എന്‍സൈമുകളായ ഒക്ടോപിന്‍ സിന്തേസും നൊപ്പാളിന്‍ സിന്തേസും ആണ്. ഒപീന്‍ സംശ്ലേഷണം ചെയ്യുന്നതിന് ടി ഡി എന്‍ എയില്‍ nos (nopaline) ocs (octopine) എന്നീ രണ്ടു ജീനുകള്‍ കാണപ്പെടുന്നു. മിക്ക സസ്യങ്ങള്‍ക്കും ഒപീനുകള്‍ ഉപയോഗപ്പെടുത്താന്‍ കഴിയുകയില്ല. എന്നാല്‍ ഇവ കാര്‍ബണിന്റെയും നൈട്രജന്റെയും ഉറവിടമായി ബാക്ടീരിയകള്‍ക്ക് ഉപയോഗപ്പെടുത്തുവാന്‍ സാധിക്കും.

ടി ഡി എന്‍ എയില്‍ കാണുന്ന മൂന്നാമത്തെ ഭാഗം 25bp (base pair) ഉള്ളതും രണ്ടു പാര്‍ശ്വഭാഗങ്ങളിലും കാണപ്പെടുന്നതുമായ ആവര്‍ത്തന ഡി എന്‍ എ അനുക്രമങ്ങള്‍ (repeated DNA) ആണ്. ഈ അനുക്രമങ്ങള്‍ ടി ഡി എന്‍ എയുടെ അതിര്‍വരമ്പുകളായി ഇടത്തും വലത്തും സ്ഥിതിചെയ്യുന്നു.

ടി ഡി എന്‍ എയില്‍ കാണപ്പെടുന്ന ഓണ്‍കോ (onc) ജീനുകള്‍ ട്യൂമര്‍ ഉണ്ടാക്കുന്നു. ഇതോടൊപ്പം ഒപീന്‍ സംശ്ലേഷണം ചെയ്യുന്നതിന് ഇത് അത്യാവശ്യമാണ്. എന്നാല്‍ സസ്യകോശത്തിലേക്ക് ടി ഡി എന്‍ എ മാറ്റം ചെയ്യുന്നതിന് ഇതിന്റെ ആവശ്യമില്ല. ഒണ്‍കോ ജീന്‍ ഇല്ലാതെയും ടി ഡി എന്‍ എ സസ്യകോശകേന്ദ്രത്തിലേക്ക് മാറ്റാന്‍ കഴിയും. പക്ഷേ, ട്യൂമറിന്റെ ലക്ഷണം പ്രകടിപ്പിക്കാന്‍ കഴിയുകയില്ല. ടി ഡി എന്‍ എയില്‍ കാണപ്പെടുന്ന ഓണ്‍കോ ജീനിനുപകരം അതിന്റെ സ്ഥാനത്ത് അഭികാമ്യമായ ജീന്‍ സംയോജിപ്പിച്ചാണ് സസ്യത്തിലേക്കു മാറ്റുന്നത്. ജീന്‍ സസ്യങ്ങളിലേക്കു മാറ്റുന്നതിനുള്ള വാഹകരായി ടി ഡി എന്‍ എ പ്രവര്‍ത്തിക്കുന്നു.

(ഡോ. ഡി. വിത്സന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍