This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടി-ലസികാണുക്കള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടി-ലസികാണുക്കള്‍

T-Lymphocytes

സസ്തനികളിലെ, പ്രത്യേകിച്ച് മനുഷ്യരിലെ പ്രതിരക്ഷാ പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്കുവഹിക്കുന്ന കോശങ്ങള്‍. ടി-കോശങ്ങള്‍ എന്ന പേരിലും ഇവ അറിയപ്പെടുന്നു. ലസികാണുവിന്റെ ആംഗലേയ നാമമായ ലിംഫോസൈറ്റ് എന്ന പദത്തിന് ഗ്രീക്കുഭാഷയില്‍ നിറമില്ലാത്തത് എന്നാണര്‍ഥം. അസ്ഥിമജ്ജ (bone marrow) യില്‍ ഉത്ഭവിക്കുന്ന ലിംഫോയിഡ്, മൈലോയിഡ് എന്നീ രണ്ടു മൂലകോശങ്ങ(stem cells)ളിലെ ലിംഫോയിഡില്‍ നിന്നാണ് ടി-ലസികാണുക്കള്‍, ബി-ലസികാണുക്കള്‍, ഫാഗോസൈറ്റുകള്‍ എന്നിവ രൂപംകൊള്ളുന്നത്. മജ്ജയില്‍നിന്ന് രക്തത്തിലൂടെ ടി-ലസികാണുക്കള്‍ തൈമസ് ഗ്രന്ഥിയിലെത്തുന്നു. ഇവ പൂര്‍ണവളര്‍ച്ചയെത്തുന്നതും ആന്റിജനുമായി പ്രതികരിക്കാനുള്ള ശേഷിയുണ്ടാക്കുന്നതും ഇവിടെ വച്ചാണ്.

പ്രതിരക്ഷാ ഘടകങ്ങളില്‍ ടി-ലസികാണുക്കള്‍ക്കു മാത്രമേ സ്വന്തവും അന്യവും (self-non-self) തിരിച്ചറിയാനുള്ള പ്രത്യേക കഴിവുള്ളു. കോശാവരണത്തില്‍ പ്രത്യക്ഷപ്പെടുന്ന പ്രത്യേകതരം പ്രോട്ടീനുകളാണ് ഈ കഴിവ് ഇത്തരം കോശങ്ങള്‍ക്ക് നല്‍കുന്നത്. ഇത് ജനിതക നിയന്ത്രിതവുമാണ്. അതുകൊണ്ടുതന്നെ സ്വന്തമല്ലാത്തവയെ നിരാകരിക്കാനും പ്രത്യേക സ്വഭാവമുള്ള ആന്റിബോഡികളെ സൃഷ്ടിക്കാനുമുള്ള ഇവയുടെ കഴിവുകളുപയോഗിച്ച് വൈദ്യശാസ്ത്രത്തില്‍ പ്രത്യേക പ്രവിധികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്.

ടി-ലസികാണു വൈവിധ്യങ്ങള്‍

1) കില്ലര്‍ ടി- കോശങ്ങള്‍ (Killer T-cells). ഈ കോശങ്ങള്‍ കോശവിഷാലു(cytotoxic) ലസികാണുക്കള്‍ (Tc cells) എന്നും അറിയപ്പെടുന്നു. ആന്റിജനെ നശിപ്പിക്കാനുള്ള കഴിവ് ഈ ലസികാണുക്കളാണ് നേടിയെടുക്കുന്നത്. ഈ കോശങ്ങളുടെ ആവരണത്തില്‍ ആന്റിജനെ ബന്ധിക്കാനുള്ള ടി-കോശഗ്രാഹികള്‍ (T-cell receptors) ഉണ്ടാകുന്നു. ടി-കോശഗ്രാഹികള്‍ ജനിതക നിയന്ത്രണമുള്ള പ്രധാന ഊതകസംയോജ്യ-സങ്കീര്‍ണ-തന്മാത്രാ കോശങ്ങളും (histo compatability complex mole cells) ആയി ബന്ധപ്പെട്ടിരിക്കുന്നു. മനുഷ്യരില്‍ ഇതിനെ HLA ആന്റിജന്‍ (Human Leucocyte Antigen) എന്നു വിളിക്കുന്നു. ഈ കോശാവരണ ഊതക സംയോജിത പ്രോട്ടീനുമായി ചേരാന്‍ കഴിവുള്ള ആന്റിജന്‍ മാത്രമേ കില്ലര്‍ ടി-കോശങ്ങളുമായി ബന്ധിക്കപ്പെടുന്നുള്ളു.

2) ഹെല്‍പ്പര്‍ ടി-ലസികാണുക്കള്‍ (THcells). കില്ലര്‍ ടി-കോശങ്ങള്‍ക്കും ബി-ലസികാണുക്കള്‍ക്കും ആന്റിബോഡി ഉണ്ടാക്കാനായി ഉത്തേജനം നല്‍കുന്ന സഹായികളാണ് ഈ TH കോശങ്ങള്‍. ഇവയുടെ കോശാവരണത്തിലും ജനിതക നിയന്ത്രിത പ്രോട്ടീനുകളുണ്ട്.

3) മെമ്മറി ടി-കോശങ്ങള്‍ (TM). ഒരു ആന്റിജന്‍ ശരീരത്തില്‍ പ്രവേശിക്കുമ്പോള്‍ ആന്റിബോഡി പ്രവര്‍ത്തനം ത്വരിതഗതിയിലാകുന്നു. മുമ്പ് നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ആന്റിബോഡിയെക്കുറിച്ച് കില്ലര്‍ കോശങ്ങളെ ഓര്‍മിപ്പിക്കുന്നത് മെമ്മറി ടി-കോശങ്ങളാണ്.

4) സപ്രസ്സര്‍ ടി-കോശങ്ങള്‍ (Ts). ആവശ്യം കഴിഞ്ഞാല്‍ ആന്റിബോഡി ഉത്പ്പാദനം കുറയ്ക്കുന്നതിനും ഇതിലൂടെ ആന്റിജന്‍ - ആന്റിബോഡി പ്രക്രിയയെ നിയന്ത്രിക്കുന്നതിനുമായി ഒരുകൂട്ടം ലസികാണുക്കള്‍ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇവയെ വേര്‍തിരിക്കുകയോ ഇവ Ts കോശങ്ങളില്‍പ്പെടുന്നവയാണെന്ന് സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല. TH കോശങ്ങളും TC കോശങ്ങളും ആന്റിബോഡി പ്രവര്‍ത്തനം സ്വയംനിയന്ത്രിക്കുകയാണെന്നാണ് അനുമാനം.

ടി-ലസികാണുക്കളുടെ പ്രവര്‍ത്തനം. പ്രതിരക്ഷാപ്രവര്‍ത്തനത്തില്‍ രോഗാണുവിനെ തിരിച്ചറിഞ്ഞശേഷം (Antigen recongnition) ഈ സന്ദേശം ലസികാണുക്കള്‍ക്ക് എത്തിച്ചുകൊടുക്കുന്നു. ഇതിനുശേഷമാണ് ആന്റിജന്‍-ആന്റിബോഡി പ്രവര്‍ത്തനം നടക്കുന്നത്. (നോ: ആന്റിജന്‍, ആന്റിബോഡി, ഇമ്യൂണോളജി)"

ടി-കോശപ്രതിരക്ഷ. സസ്തനികളിലെ പ്രതിരക്ഷാപ്രവര്‍ത്തനത്തില്‍ കില്ലര്‍ ടി കോശങ്ങള്‍ക്കാണ് പ്രധാന പങ്കുള്ളത്. രോഗാണു, ബാക്ടീരിയ, വൈറസ് എന്നിവ ബാധിച്ച കോശങ്ങളെ തേടിപ്പിടിച്ച് ആ കോശങ്ങളെ നശിപ്പിക്കുക എന്നതാണ് ടി-കോശങ്ങളുടെ പ്രത്യേകത. കില്ലര്‍ ടി-കോശങ്ങളുടെ കോശാവരണത്തിലുള്ള ടി-കോശഗ്രാഹികളാണ് ഈ പ്രക്രിയ നടത്തുന്നത്. രോഗാണു ബാധിച്ച കോശങ്ങളിലെ ഓരോ രോഗാണുവിനെയും തിരിച്ചറിഞ്ഞാണ് അവയെ നശിപ്പിക്കുന്നത്. രോഗബാധിത കോശങ്ങളുടെ കോശാവരണത്തില്‍ പ്രത്യക്ഷപ്പെടുന്ന, ഭാഗികമായി നശിച്ച (degraded) രോഗാണുവിന്റെ പ്രോട്ടീനുകളാണ് ടി-കോശഗ്രാഹികളുമായി ബന്ധിക്കുന്നത്. രോഗാണു ബാധിച്ച കോശാവരണത്തിലെ ഊതക സംയോജിത പ്രോട്ടീനുകളുമായി ചേര്‍ന്ന് പുറത്തുവരുന്ന ആന്റിജനെ മാത്രമേ ടി-കോശഗ്രാഹികള്‍ക്ക് ബന്ധിക്കാനാവുകയുള്ളു.

(ഡോ. മറിയാമ്മ ജേക്കബ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍