This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടാര്‍സന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ടാര്‍സന്‍
Tarzen
അമേരിക്കന്‍ നോവലിസ്റ്റായ എഡ്ഗാര്‍ റൈസ് ബറോസിന്റെ രചനകളിലൂടെ പ്രശസ്തിയിലേക്കുയര്‍ന്ന സാഹസിക കഥാപാത്രം. 1912-ല്‍ ഒരു മാസികയില്‍ പ്രസിദ്ധീകരിച്ച കഥയിലൂടെ കടന്നുവന്ന ഈ കഥാപാത്രം പില്ക്കാലത്ത് നോവലുകളിലും, ചലച്ചിത്രങ്ങളിലും കോമിക്കുകളിലും ചിരപ്രതിഷ്ഠനേടി. ടാര്‍സന്‍ ഒഫ് ദി എയ്പ്സ് (1914) എന്ന പേരിലാണ് ആദ്യ നോവല്‍ പ്രസിദ്ധീകരിക്കപ്പെട്ടത്.
ഗ്രേസ്റ്റോക്ക് ദമ്പതികളുടെ മകനായി കാട്ടില്‍ പിറന്ന ടാര്‍സനെ മാതാപിതാക്കളുടെ മരണത്തെ തുടര്‍ന്ന് കുരങ്ങന്മാരാണ് എടുത്തു വളര്‍ത്തുന്നത്. 'വെളുത്തതൊലി' എന്നര്‍ഥമുള്ള 'ടാര്‍സന്‍' എന്ന പേരാണ് കുരങ്ങുകള്‍ ഈ കുഞ്ഞിന് നല്‍കിയത്. കുരങ്ങുകളുടെ ഭാഷ പഠിച്ച് അവയ്ക്കിടയില്‍ വളരുന്ന ടാര്‍സന്‍ പില്ക്കാലത്ത് സ്വന്തം പിതാവിന്റെ പുസ്തകങ്ങള്‍ കണ്ടെത്തുകയും വായിക്കാന്‍ പഠിക്കുകയും ചെയ്യുന്നു. ഇതോടെ താന്‍ സാധാരണ കുരങ്ങനല്ലെന്നു ടാര്‍സന്‍ സ്വയം മനസ്സിലാക്കുന്നു. തുടര്‍ന്ന് മനുഷ്യരുമായി ഇടപഴകുന്നതോടെയാണ് ടാര്‍സന്‍ കഥ പുരോഗമിക്കുന്നത്.
വിക്ടോറിയന്‍ കാലഘട്ടത്തിലെ തികച്ചും മാന്യനായ ഒരു നായകന്റെ രൂപത്തിലാണ് ടാര്‍സനെ കഥാകൃത്ത് അവതരിപ്പിച്ചിരിക്കുന്നത്. സംഭവബഹുലമായ ടാര്‍സന്‍ കഥയില്‍ ക്രൂരന്മാരായ വില്ലന്മാരും സുന്ദരിമാരും, കാടന്മാരും വന്യമൃഗങ്ങളുമൊക്കെ കടന്നുവരുന്നു. അനുവാചകരെ ഉദ്വേഗഭരിതരാക്കുന്ന രീതിയിലാണ് ടാര്‍സന്‍ കഥ അവതരിപ്പിച്ചിരിക്കുന്നത്. രണ്ടു ഡസനിലേറെ നോവലുകള്‍ ടാര്‍സന്‍ കഥകളുമായി പുറത്തുവന്നു.
1918-ല്‍ ടാര്‍സന്‍ ഒഫ് ദി എയ്പ്സ് ഒരു നിശ്ശബ്ദ ചലച്ചിത്രമായി പുറത്തുവന്നു. എല്‍മോ ലിങ്കണ്‍ എന്ന നടനാണ് ടാര്‍സനായി രംഗത്തുവന്നത്. തുടര്‍ന്ന് ഫ്രാങ്ക്മെറിന്‍, ജെയിംസ് പിയേഴ്സ്, ബസ്റ്റര്‍ ക്രാബ്, ബ്രൂസ് ബെന്നറ്റ് ഗ്ലെന്‍മോറിസ് എന്നിവരെല്ലാം ടാര്‍സനായി അഭിനയിച്ചുവെങ്കിലും ജോണി വീസ്മുള്ളറാണ് ഈ റോളില്‍ ഏറ്റവും പ്രശസ്തനായത്.
ടാര്‍സന്‍ നായകനായുള്ള കോമിക്കുകള്‍ 1929-ലാണ് പത്രങ്ങളില്‍ പ്രസിദ്ധീകരിക്കുവാനാരംഭിച്ചത്. ഹാള്‍ ഫോസ്റ്റര്‍ വരച്ച ചിത്രങ്ങളിലൂടെ ടാര്‍സന്‍ വീണ്ടും ജനശ്രദ്ധ ആകര്‍ഷിച്ചു. പില്ക്കാലത്ത് ബേണ്‍ ഹൊഗാര്‍ത്ത്, ബോസ് ലുബേഴ്സ്, റസ് മാനിങ്, ഗില്‍ കെയ് ന്‍ ഗ്രേമോറോ എന്നീ ചിത്രകാരന്മാരും ഈ പംക്തി കൈകാര്യം ചെയ്യുകയുണ്ടായി.
ടാര്‍സന്‍ കഥയെ ആധാരമാക്കി വാള്‍ട്ട് ഡിസ്നി ഒരു മുഴുനീള ആനിമേറ്റഡ് ഫീച്ചര്‍ ഫിലിമും തയ്യാറാക്കിയിട്ടുണ്ട്.