This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടായര്‍ ദ ഷര്‍ദന്‍, പിയേര്‍ (1881 - 1955)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടായര്‍ ദ ഷര്‍ദന്‍, പിയേര്‍ (1881 - 1955)

Teilhard De Chardin Pierre

ഫ്രഞ്ച് തത്ത്വചിന്തകന്‍. പുരാമാനവവിജ്ഞാനപണ്ഡിതന്‍ (Paleoanthropologist), റോമന്‍ കത്തോലിക്കാപുരോഹിതന്‍ എന്നീ നിലകളില്‍ പാശ്ചാത്യലോകത്തു വിശ്രുതനായിരുന്ന വ്യക്തി. ശാസ്ത്രവും ക്രൈസ്തവധര്‍മവും സമന്വയിപ്പിക്കാന്‍ യത്നിച്ചു എന്നതാണ് ടായറുടെ പ്രസക്തി. 1881 മേയ് 1-ന് ഫ്രാന്‍സിലെ സാന്‍സനാറ്റില്‍ (Sancenat) ഒരു കര്‍ഷകന്റെ പുത്രനായി ടായര്‍ ജനിച്ചു. 18-ാമത്തെ വയസ്സില്‍ ജെസ്യൂട്ട് സഭയില്‍ അംഗമാവുകയും 1911-ല്‍ പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു. 1922-ല്‍ പുരാജീവിവിജ്ഞാനീയത്തില്‍ ഡോക്ടറേറ്റുനേടി. ശാസ്ത്രത്തിലുള്ള താത്പര്യവും ബര്‍ഗ്സന്‍ കൃതികളുടെ വായനയും ഇദ്ദേഹത്തെ ഒരു തീവ്ര പരിണാമവാദിയാക്കി മാറ്റി. പരിണാമസിദ്ധാന്തം ക്രിസ്തുമതത്തിന്റെ നിരാകരണത്തിനു വഴിവയ്ക്കില്ലെന്നു തെളിയിക്കുകയായിരുന്നു ഇദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യം. ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തെ അംഗീകരിക്കുന്നതു കൊണ്ടു ക്രിസ്തുമതത്തിനു യാതൊരുവിധ ദോഷവും സംഭവിക്കില്ലെന്ന് മതാധികാരികളെ ബോദ്ധ്യപ്പെടുത്താനും ഇദ്ദേഹം പരിശ്രമിച്ചിരുന്നു. എന്നാല്‍ ടായറിന്റെ ഈ പരിശ്രമത്തെ മതാധികാരികള്‍ നിരാകരിക്കുകയാണുണ്ടായത്. 1926-ല്‍ പാരീസിലെ കത്തോലിക്കാസ്ഥാപനത്തിലെ അധ്യാപകവൃത്തിയില്‍ നിന്ന് ഇദ്ദേഹത്തെ പുറത്താക്കി. അതിനുശേഷം ചൈനയിലേക്കു പോയ ടായര്‍ പുരാജീവിതന്ത്രഗവേഷണത്തില്‍ ഏര്‍പ്പെട്ടു. 1929-ല്‍ പീക്കിങ് മനുഷ്യന്റെ കണ്ടുപിടിത്തത്തിനു വഴിതെളിയിച്ച ഗവേഷണത്തില്‍ ഇദ്ദേഹവും പങ്കാളിയായിരുന്നു.

ദ് ഫിനോമിനെന്‍ ഒഫ് മാന്‍എന്ന കൃതിയിലാണ് ടായര്‍ പരിണാമത്തെക്കുറിച്ചുള്ള തന്റെ സിദ്ധാന്തം അവതരിപ്പിച്ചത്. അവ്യതിരിക്തമായ ദ്രവ്യം പൂര്‍ണവും സങ്കീര്‍ണവുമായ രൂപം കൈക്കൊള്ളുന്നതാണ് പരിണാമം എന്ന് ഇദ്ദേഹം നിര്‍വചിച്ചു. മഹത്തായ ജൈവസംശ്ലേഷണത്തിന്റെ ആരോഹചിഹ്നമാണ് മനുഷ്യനെന്നും പരിണാമത്തിലൂടെ പ്രപഞ്ചം കൂടുതല്‍ മാനവീകരിക്കപ്പെടുകയും മനുഷ്യരാശി ആദ്ധ്യാത്മിക ചൈതന്യത്തിന്റെ കേന്ദ്രമായ ഒമേഗ ബിന്ദു (Omega point) വിലേയ്ക്ക് അടുക്കുകയും ചെയ്യുമെന്നും ഇദ്ദേഹം എഴുതി. 'ഒമേഗ ബിന്ദു' എന്ന സങ്കല്പം ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനെയാണ് സൂചിപ്പിക്കുന്നത് എന്നും ടായര്‍ പറഞ്ഞു. ദ് ഫിനോമിനെന്‍ ഒഫ് മാന്‍ എന്ന ഗ്രന്ഥത്തിന്റെ രചന 1947-ല്‍ തന്നെ ഇദ്ദേഹം പൂര്‍ത്തിയാക്കിയിരുന്നുവെങ്കിലും മരണശേഷമാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. വിവിധ ഭാഷകളിലേക്ക് തര്‍ജുമചെയ്യപ്പെട്ട ഈ ഗ്രന്ഥത്തിലൂടെയാണ് ടായര്‍ ലോകപ്രശസ്തനായത്. ദ് ഡിവൈന്‍ മില്യു എന്ന കൃതിയിലും ഈ ആശയം ഇദ്ദേഹം വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. യാഥാസ്ഥിതിക ക്രൈസ്തവ വിശ്വാസവുമായിട്ടോ ശാസ്ത്രീയ പരിണാമസിദ്ധാന്തവുമായിട്ടോ ഇതിനു പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ലെങ്കിലും ദൈവശാസ്ത്രരംഗത്തും, ശാസ്ത്രരംഗത്തും തത്ത്വശാസ്ത്രരംഗത്തും പ്രവര്‍ത്തിക്കുന്നവര്‍ക്കിടയില്‍ ഔത്സുക്യം ജനിപ്പിക്കാന്‍ ഈ സിദ്ധാന്തത്തിനു കഴിഞ്ഞു. 1955-ല്‍ ന്യൂയോര്‍ക്കില്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍