This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടാഗലോഗ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടാഗലോഗ്

Tagalog

ഫിലിപ്പീന്‍സിലെ ഒരു ജനവിഭാഗം. രാജ്യത്തിലെ ആകെ ജനസംഖ്യയുടെ 21 ശ. മാ. -ത്തോളം വരും ഇവരുടെ എണ്ണം. ഇവിടത്തെ മറ്റു ജനവിഭാഗങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ എണ്ണത്തില്‍ രണ്ടാം സ്ഥാനത്താണെങ്കിലും ദേശീയ രാഷ്ട്രീയത്തില്‍ ടാഗലോഗുകളാണ് മുന്നിട്ടു നില്‍ക്കുന്നത്. മലയന്‍ (Malayas - മലേഷ്യന്‍ ജനവിഭാഗം) വംശജരായ ഇവരുടെ പൂര്‍വികര്‍ 13-ാം ശ. -ത്തോടെ ഫിലിപ്പീന്‍സിലെത്തിയെന്നു കരുതപ്പെടുന്നു. മധ്യ ലുസോണിലെ ഫലഭൂയിഷ്ഠമായ സമതലങ്ങളിലും മിന്‍ഡോറോയിലുമാണ് ടാഗലോഗുകള്‍ ഏറെയും താമസമുറപ്പിച്ചിട്ടുള്ളത്. മനില മെട്രോപ്പൊളിറ്റന്‍ നഗരത്തിലും ക്വിസോണ്‍ നഗരത്തിലും ഇവര്‍ വളരെ കൂടുതലായി കേന്ദ്രീകരിച്ചിരിക്കുന്നു. മലയോ-പോളിനേഷ്യന്‍ വിഭാഗത്തില്‍പ്പെടുന്ന 'ടാഗലോഗ്' ആണ് ഇവരുടെ ഭാഷ. ഇത് 'ഫിലിപ്പിനോ' എന്ന പേരിലും അറിയപ്പെടുന്നു. ഫിലിപ്പീന്‍സിലെ ദേശീയ ഭാഷയാണിത്. മനില മെട്രോപ്പൊളിറ്റന്‍ നഗരത്തില്‍ കേന്ദ്രീകരിച്ചിട്ടുള്ള ടാഗലോഗുകള്‍ക്ക് വിദേശികളുമായി ഇടപഴകാന്‍ ഏറെ അവസരം ലഭിച്ചിട്ടുണ്ട്. ചൈനക്കാരും യൂറോപ്യന്‍മാരും അമേരിക്കക്കാരുമായി ഇവര്‍ക്ക് വിവാഹബന്ധമുണ്ടാവുകയും തദ്ഫലമായി ഇവരുടെ സന്തതിപരമ്പരകള്‍ക്ക് ഫിലിപ്പീന്‍സുകാരുടെ തനതായ ശരീരഘടനയില്‍ നിന്നും പ്രാദേശികാചാരങ്ങളില്‍ നിന്നും അല്പാല്പമായ വ്യതിയാനങ്ങള്‍ വന്നുചേരുകയും ചെയ്തിട്ടുണ്ട്. കൃഷി, വ്യവസായം, വാണിജ്യം, ആരോഗ്യം, വിദ്യാഭ്യാസം, കല, രാഷ്ട്രീയം എന്നീ മേഖലകളില്‍ ടാഗലോഗുകള്‍ മുന്‍പന്തിയിലാണ്. സ്പെയിനില്‍ നിന്നും സ്വാതന്ത്യ്രം നേടാനായി പ്രവര്‍ത്തിച്ച ജോസ് റിസാല്‍, ആന്ദ്രെ ബോണിഫാഷ്യോ, എമിലിയോ അഗ്വിനാള്‍ഡോ തുടങ്ങിയ പ്രമുഖ വിപ്ലവകാരികളെയും മാനുവല്‍ ക്വിസോണ്‍, രമണ്‍ മഗ്സാസെ തുടങ്ങിയ പ്രശസ്ത രാജ്യതന്ത്രജ്ഞരെയും ഫിലിപ്പീന്‍സിനു സംഭാവന ചെയ്തത് ഈ ജനവിഭാഗമാണ്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9F%E0%B4%BE%E0%B4%97%E0%B4%B2%E0%B5%8B%E0%B4%97%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍