This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടപ്പ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടപ്പ

പഞ്ചാബി, സിന്ധി, ബംഗാളി തുടങ്ങിയ ഉത്തരേന്ത്യന്‍ ഭാഷകളില്‍ 18-ഉം 19-ഉം ശ.-ങ്ങളില്‍ പ്രചാരം നേടിയ ഒരു ഗാനകാവ്യശാഖ. ദ്രുപദ്, ഖയാല്‍ എന്നീ ഗാനരീതികളുടെ സംക്ഷിപ്തരൂപവുമായി ബന്ധപ്പെട്ട ശൈലിയാണ് ടപ്പയ്ക്കുള്ളത്. വളരെകുറച്ചു വരികളില്‍ ആവിഷ്കൃതമാകുന്ന പ്രേമഭാവനയും ഗാനാത്മകതയും ടപ്പകളെ ആകര്‍ഷകങ്ങളാക്കുന്നു. കാമുകീകാമുകന്മാരുടെ പ്രണയസല്ലാപവര്‍ണനയാണ് ഇതിലെ പ്രധാനപ്പെട്ട ഉള്ളടക്കം.

18-ാം ശ.-ത്തില്‍ പഞ്ചാബിലും സിന്ധിലും സാരി മിയയുടെ ടപ്പകള്‍ വളരെ പ്രചാരം നേടിയിരുന്നു. സിന്ധിഭാഷയില്‍ നാരായണ്‍ ശ്യാം രചിച്ച ടപ്പകള്‍ പ്രശസ്തങ്ങളാണ്. പഞ്ചാബി ഭാഷയിലെ ടപ്പകളില്‍ ആദ്യത്തെ വരിയിലെ വാക്കുകള്‍ പിന്നീടു പിന്നീടുള്ള പല വരികളിലും ആവര്‍ത്തിച്ചുവരുന്ന രീതി കാണാം. ഈ രീതിയിലുള്ള ഒരു ടപ്പയുടെ മാതൃക താഴെച്ചേര്‍ക്കുന്നു:

സോനേ ദാ ദില് മാഹീ ആ

ലോകാം ദീ ആം രോണ അഖീ ആം

സാഡാ രോദാം ദില് മാഹീ ആ

ദോ പത്തര് അനാരാം ദേ

ഇക്വാരീ ദില് മാഹീ ആ

ദുഃഖ് ജാന് ബീമാരാം ദേ.

വ.പടിഞ്ഞാറന്‍ ഭാരതത്തില്‍ ഒട്ടകത്തിന്റെ പുറത്തുയാത്ര ചെയ്തിരുന്നവരുടെ പ്രിയപ്പെട്ട ഗാനശാഖയായി ടപ്പ അറിയപ്പെട്ടിരുന്നു. വേഗതയേറിയ ചടുലമായ താളവിന്യാസം ഈ ഗാനശാഖയുടെ സവിശേഷതയാണ്. താരതമ്യേന വേഗത കുറഞ്ഞ താളവിന്യാസമുള്ള ഗസലിനെപ്പോലെ ടപ്പയും പേര്‍ഷ്യന്‍ ഗാനശാഖയുടെ ഭാഗമായി കണക്കാക്കപ്പെടുന്നു. എന്നാല്‍ ദ്രുപദ്, ഖയാല്‍ തുടങ്ങിയ ഗാനരീതികളുടെ സ്വാധീനത വടക്കേ ഇന്ത്യയില്‍ ആധുനികകാലത്തും തുടര്‍ന്നുവരുന്നുണ്ടെങ്കിലും ടപ്പയുടെ ഗാനശൈലിക്ക് അത്രത്തോളം പ്രചാരം പില്‍ക്കാലത്ത് ലഭിച്ചില്ല.

ബംഗാളില്‍ ഈ ഗാനകാവ്യശാഖയ്ക്ക് പ്രചാരം നല്‍കിയത് രാമ് നിധി ഗുപ്തയാണ് (1738-1825). നിധിബാബു എന്നറിയപ്പെട്ടിരുന്ന ഇദ്ദേഹം ഹിന്ദിസാഹിത്യത്തിലും ഹിന്ദുസ്ഥാനിസംഗീതത്തിലും നിപുണനായിരുന്നെങ്കിലും തന്റെ കവിപ്രതിഭയും സംഗീതവൈദഗ്ധ്യവും ബംഗാളിഭാഷയില്‍ ടപ്പകള്‍ രചിക്കുന്നതിനുവേണ്ടിയായിരുന്നു വിനിയോഗിച്ചത്. നിധിബാബുവിന്റെ ചില ടപ്പകളില്‍ വിരഹവേദനയുടെ ആവിഷ്കാരവും കാണാം. ബംഗാളിയില്‍ ടപ്പകള്‍ രചിച്ച മറ്റൊരു പ്രസിദ്ധ കവി ശ്രീധര്‍ കഥക് ആണ്. ബംഗാളിലെ ഒരു ഗാനാത്മക കലാരൂപമായ കബിഗാനില്‍ (കവിഗാനം) രണ്ടോ മൂന്നോ വരികളുള്ള ടപ്പകള്‍ ഉള്‍പ്പെടുത്തി ആ കലാരൂപത്തിന് ഭാവാത്മകമേന്മ പ്രദാനം ചെയ്യാറുണ്ടായിരുന്നു. നിധിബാബുവിന്റെ ടപ്പകള്‍ പൂര്‍ണമായി മനസ്സിലാക്കുന്നതിന് സംഗീതനൈപുണ്യം ആവശ്യമായിരുന്നതിനാല്‍ അദ്ദേഹത്തിന്റെ ടപ്പകള്‍ക്ക് ജനകീയ സാഹിത്യത്തില്‍ വിപുലമായ സ്ഥാനം ലഭിച്ചില്ല. ഒരു ഗാനസാഹിത്യശാഖ എന്ന നിലയില്‍ ടപ്പ ഇപ്പോഴും സജീവമാണ്.

രവീന്ദ്രനാഥ ടാഗോര്‍ രചിച്ചിട്ടുള്ള ഗാനങ്ങളില്‍ ടപ്പ ഗാനശൈലിയുടെ മനോഹരമായ പ്രയോഗം കാണാം. സാഹിത്യത്തിലെന്ന പോലെ ഗാനമാതൃകകളുടെ ആവിഷ്കരണത്തിലും തനതായ പ്രതിഭ തെളിയിച്ചിരുന്ന ടാഗോര്‍ ദ്രുപദ്, തുമ്രി, ടപ്പ തുടങ്ങിയ ഗാനമാതൃകകളെ തന്റെ ഗാനങ്ങളിലൂടെ അനശ്വരമാക്കിയിട്ടുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9F%E0%B4%AA%E0%B5%8D%E0%B4%AA" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍