This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഞെരിഞ്ഞാന്‍ പുളി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഞെരിഞ്ഞാന്‍ പുളി

Common sorrel

കുക്കൂര്‍ബിറ്റേസി (Cucurbitaceae) സസ്യകുടുംബത്തില്‍പ്പെട്ട് ഔഷധി. ശാസ്ത്രനാമം: സൊലേന ആംപ്ലെക്സി കോളിസ് (Solena amplexicautis), സൊലേന ഹെറ്റെറോഫില്ല (Solena heterophylla), മെലോത്രിയ ഹെറ്റെറോഫില്ല (Melothria heterophylla)എന്നും പേരുണ്ട്.

ഞെരിഞ്ഞാന്‍ പുളി

ഇന്ത്യ, ചൈന, ജാവ, ശ്രീലങ്ക എന്നിവിടങ്ങളില്‍ ധാരാളമായി കാണാം. ചിരസ്ഥായിയായ ആരോഹിയാണിത്. വേരുകള്‍ കിഴങ്ങുപോലിരിക്കും. പ്രതാനങ്ങളുടെ സഹായത്തോടെ പടര്‍ന്നു കയറുന്ന ഈ വള്ളിച്ചെടിയുടെ തണ്ട് കനം കുറഞ്ഞതാണ്. ധാരാളം ശാഖോപശാഖകളുള്ള തണ്ടിന് അഞ്ചു കോണുകളുണ്ടായിരിക്കും. 7.5-15 സെ.മീ. നീളമുള്ള ഇലകള്‍ ബഹുരൂപിയാണ്. 3-5 പാളികളുള്ള ഇലകളുടെ ചുവടുഭാഗത്തിന് ഹൃദയാകാരമാണ്. ഇലകളുടെ ഉപരിതലത്തിന് ഇളം പച്ചയും അടിഭാഗത്തിന് ചാരനിറവുമാണ്. അരികുകള്‍ അവിടവിടെയായി ദന്തുരമായിരിക്കും.

ഡിസംബറില്‍ പുഷ്പിക്കുന്നു. ഇലയുടെ കക്ഷ്യങ്ങളില്‍ നിന്ന് പുഷ്പങ്ങളുണ്ടാകുന്നു. പുഷ്പങ്ങള്‍ ഏകലിംഗാശ്രയി ആണ്. തന്തുരൂപത്തിലുള്ള ഒരേ ഞെടുപ്പില്‍ നിന്നു തന്നെ 15-20 ആണ്‍ പുഷ്പങ്ങളുണ്ടാകും. സൂച്യാഗ്രമുള്ള ബാഹ്യദളങ്ങള്‍ വളരെ ചെറുതാണ്. ത്രികോണീയമായ ദളങ്ങള്‍ക്ക് ഇളം മഞ്ഞനിറമാണ്. ലോലമായ കേസരതന്തുക്കള്‍ രോമിലമാണ്. പെണ്‍ പുഷ്പങ്ങള്‍ ഒറ്റയായിട്ട് കാണപ്പെടുന്നു. 10 തിട്ടകളുള്ള അണ്ഡാശയത്തിന് ആയത രൂപമാണ്. 3-8.5 സെ.മീ. നീളമുള്ള ഫലം പാകമാകുമ്പോള്‍ കടും ചുവപ്പുനിറമായിരിക്കും. ഫലത്തിനും തിട്ടകളുണ്ട്. വെള്ള നിറത്തിലുള്ള വിത്തുകള്‍ക്ക് ഗോളാകാരമാണ്.

ഇലയും കിഴങ്ങും ഭക്ഷ്യയോഗ്യമാണ്. കായ് പച്ചക്കറിയായി ഉപയോഗിക്കുന്നു. ചേര്‍ക്കുരുകൊണ്ട് പൊള്ളലേറ്റാല്‍ ഇലയുടെ ചാറു പുരട്ടിയാല്‍ ആശ്വാസം ലഭിക്കും. ഇന്തോചൈനയില്‍ വിത്തുകള്‍ രേചകമായി ഉപയോഗിക്കുന്നു. വേരിന്റെ ചാറും ജീരകവും പഞ്ചസാരയും കൂടി തണുത്ത പാലില്‍ കലക്കി നല്കിയാല്‍ വിരശല്യം ശമിക്കും.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍