This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഞാറയ്ക്കല്‍ മത്സ്യംവളര്‍ത്തല്‍ കേന്ദ്രങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഞാറയ്ക്കല്‍ മത്സ്യംവളര്‍ത്തല്‍ കേന്ദ്രങ്ങള്‍

എറണാകുളം ജില്ലയില്‍ വൈപ്പിന്‍ ദ്വീപിലെ ഞാറയ്ക്കലില്‍ സ്ഥിതി ചെയ്യുന്ന മത്സ്യവളര്‍ത്തല്‍ കേന്ദ്രം. ഇതിന് മൂന്ന് ഉപകേന്ദ്രങ്ങളുണ്ട്.

1. ഞാറയ്ക്കല്‍ ഓരുജല മത്സ്യം വളര്‍ത്തല്‍ കേന്ദ്രം. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഓരുജല ഫാമുകളില്‍ ഒന്നാണിത്. പ്രധാനമായും ഓരുജലത്തില്‍ വളരുന്ന തിരുതയും പൂമീനും വളര്‍ത്തുന്നതിനാണ് സംസ്ഥാന മത്സ്യവകുപ്പിന്റെ കീഴില്‍ 1940-41-ല്‍ ഈ ഫാം ആരംഭിച്ചത്. കേരള ഫിഷറീസ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ നിലവില്‍ വന്ന (1981-82) തിനെ തുടര്‍ന്ന് ഈ ഫാം കോര്‍പ്പറേഷന്റെ കീഴിലായി. ഇന്‍ലന്‍ഡ് ഫിഷറീസ് കോര്‍പ്പറേഷന്‍ നിര്‍ത്തല്‍ ചെയ്തതിനെത്തുടര്‍ന്ന് 1984-ല്‍ ഈ ഫാം മത്സ്യഫെഡ് എറ്റെടുക്കുകയും 53.86 ലക്ഷം രൂപ ചെലവഴിച്ച് ഫാം പുതുക്കിപ്പണിയുകയും ചെയ്തു.

സു. 20 ഹെ. വിസ്തൃതിയുള്ള ഞാറയ്ക്കല്‍ ഫാമിനെ തെക്കുഭാഗത്തുള്ള ഒബ്ലിക് ബ്ലോക്ക്, മധ്യഭാഗത്തുള്ള എക്സ്റ്റെന്‍ഷന്‍ ബ്ലോക്ക്, വടക്കുഭാഗത്തുള്ള ഒറിജിനല്‍ ബ്ലോക്ക് എന്നിങ്ങനെ മൂന്നു ബ്ലോക്കുകളായി തിരിച്ചിരിക്കുന്നു. മൂന്നു ബ്ലോക്കുകളിലായി 168 ഹെ. കൃഷിയോഗ്യമായ വളര്‍ത്തുകുളങ്ങളുമുണ്ട്. ഒറിജിനല്‍ ബ്ലോക്കില്‍ 5.66 ഹെ. വിസ്തൃതിയില്‍ മൂന്ന് വളര്‍ത്തു കുളങ്ങളും എക്സ്റ്റെന്‍ഷന്‍ ബ്ലോക്കില്‍ 5.95 ഹെ. വിസ്തൃതിയില്‍ മൂന്ന് വളര്‍ത്തു കുളങ്ങളുമുണ്ട്. ഈ കുളങ്ങളില്‍ പൂമീനം ചെമ്മീനും കൃഷി ചെയ്യുന്നു. ചെമ്മീന്‍ കുഞ്ഞുങ്ങളെ ഹാച്ചറിയില്‍ നിന്നും വാങ്ങി സംഭരിക്കുന്നു. പൂമീന്‍ കുഞ്ഞുങ്ങളെ പ്രകൃതിയില്‍ നിന്നും ശേഖരിക്കുകയാണ് ചെയ്യുന്നത്. മത്സ്യ/ചെമ്മീന്‍ വിത്ത് പ്രാരംഭഘട്ടത്തില്‍ വളര്‍ത്തിയെടുക്കുന്നതിന് വളര്‍ത്തുകുളങ്ങളോടനുബന്ധിച്ച് നഴ്സറി കുളങ്ങളുമുണ്ട്. ഒബ്ലിക് ബ്ലോക്കില്‍ 5.19 ഹെ. വലുപ്പമുള്ള കുളം പ്രധാനമായും ചെമ്മീന്‍ കെട്ടിനാണ് ഉപയോഗിക്കുന്നത്.

ഈ ഫാമിനെ കൊച്ചി കായലുമായി ബന്ധിപ്പിക്കുന്ന തോടുകളുണ്ട്. വേലിയേറ്റ സമയത്ത് ഈ തോടുകള്‍ വഴിയാണ് ചെമ്മീന്‍/മത്സ്യക്കുഞ്ഞുങ്ങള്‍ ഫാമില്‍ കയറിക്കൂടുന്നത്. ജലവിനിമയത്തിനായി ഓരോ കുളത്തിലും പ്രത്യേകം തൂമ്പുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ രണ്ടറ്റത്തും വല ഘടിപ്പിച്ച് ഫ്രെയിം ഉറപ്പിക്കാനും മധ്യഭാഗത്ത് വട്ടപ്പലകയിടാനുമുള്ള സംവിധാനമുണ്ട്.

മണലും ചെളിയും എക്കലും കലര്‍ന്ന മണ്ണിന്റെ ഘടന ഓരുജല കൃഷിക്ക് അനുയോജ്യമാണ്. 2. മുതല്‍ 32 പി.പി.റ്റി. വരെ വെള്ളത്തിന് ലവണാംശമുണ്ട്. വെള്ളത്തിന്റെ പിഎച്ച് കൃഷിക്ക് അനുയോജ്യമാണ്. ഫാമിലെ കുളങ്ങളുടെ ശരാശരി ആഴം 1.5 മീറ്ററാണ്.

ഈ ഫാമില്‍ നന്നായി വളരുന്ന ഓരുജല മത്സ്യങ്ങള്‍ പൂമീന്‍, തിരുത, കരിമീന്‍, തിലാപ്പിയ തുടങ്ങിയവയാണ്. വാണിജ്യപ്രാധാന്യമുള്ള നാരന്‍, പൂവാലന്‍, കഴന്തന്‍ തുടങ്ങിയ ചെമ്മീന്‍ ഇനങ്ങളും ഇവിടെ കൃഷി ചെയ്യുന്നു. ഈ ഫാമിലെ വാര്‍ഷിക ഉത്പാദനവും വരുമാനവും താഴെ ചേര്‍ക്കുന്നു.

ചിത്രം:PG953SR1.png

2. കൃഷിവിജ്ഞാനകേന്ദ്രം - ഞാറയ്ക്കല്‍. കൊച്ചി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കേന്ദ്ര സമുദ്ര മത്സ്യഗവേഷണ സ്ഥാപനം വികസിപ്പിച്ചെടുത്തിട്ടുള്ള കൃഷിരീതികളില്‍ കര്‍ഷകര്‍ക്ക് സാങ്കേതിക പരിശീലനം നല്കിവരുന്ന സ്ഥാപനം. 1976 ഡി.-ലാണ് ഈ കേന്ദ്രം സ്ഥാപിതമായത്. ഈ കേന്ദ്രത്തില്‍ മത്സ്യ/ചെമ്മീന്‍ കൃഷിയോടൊപ്പം കൃഷി, മൃഗസംരക്ഷണം, ഗൃഹശാസ്ത്രം മുതലായ വിഷയങ്ങളിലും പരിശീലനം നല്കിവരുന്നു. കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍, തൊഴില്‍രഹിത യുവാക്കള്‍, കര്‍ഷക തൊഴിലാളികള്‍, വീട്ടമ്മമാര്‍ എന്നിവര്‍ തങ്ങള്‍ക്ക് താത്പര്യമുള്ള വിഷയങ്ങളില്‍ ഇവിടെ പരിശീലനം നേടുന്നു. ചെമ്മീന്‍ കൃഷി സംബന്ധമായ സാങ്കേതികവിദ്യകള്‍ പകര്‍ന്നുകൊടുക്കാനാണ് ഈ സ്ഥാപനം പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നത്. നിലവിലുള്ള വിഭവശേഷിയും പ്രാദേശികമായി ലഭ്യമാകുന്ന അടിസ്ഥാന സൗകര്യങ്ങളും ഉപയോഗപ്പെടുത്തി പരിസ്ഥിതിക്കിണങ്ങുന്ന ചെമ്മീന്‍കൃഷി പ്രോത്സാഹിപ്പിക്കാനുള്ള പരിശ്രമങ്ങള്‍ പുരോഗമിച്ചു വരുന്നു.

അയ്യായിരത്തില്‍പ്പരം ഗ്രാമീണര്‍ക്ക് ഈ കേന്ദ്രത്തില്‍നിന്നും ചെമ്മീന്‍ കൃഷിയില്‍ പരിശീലനം നല്കിയിട്ടുണ്ട്. കൂടാതെ, 'പരീക്ഷണശാലയില്‍ നിന്നു പാടത്തേക്ക്' എന്ന വിജ്ഞാനവ്യാപന വികസന പരിപാടിയും പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കായുള്ള കൃഷിവികസന പദ്ധതികളും ഈ കേന്ദ്രംവഴി നടപ്പിലാക്കിവരുന്നു. ഐ.സി.എ.ആറിന്റെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് 1979 മുതലാണ് 'പരീക്ഷണശാലയില്‍ നിന്നു പാടത്തേക്ക്' എന്ന പരിപാടി നടപ്പിലാക്കിവരുന്നത്. മൂന്നാം ലോകരാഷ്ട്രങ്ങളില്‍ നടപ്പാക്കപ്പെടുന്ന ഏറ്റവും ബൃഹത്തും ഏകീകൃതവുമായ വിജ്ഞാനവ്യാപന പരിപാടിയായി ഇതിനെ കണക്കാക്കുന്നു. കൃഷി, മൃഗസംരക്ഷണം, മത്സ്യകൃഷി തുടങ്ങിയ മേഖലകളില്‍ കൈവരിച്ചിട്ടുള്ള ഗവേഷണ നേട്ടങ്ങളുടെ ഗുണഫലങ്ങള്‍ ഭൂരഹിത കൃഷിത്തൊഴിലാളികള്‍ക്കും ചെറുകിട കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ലഭ്യമാക്കാന്‍ ഈ കേന്ദ്രത്തിനു കഴിഞ്ഞിട്ടുണ്ട്.

3. ചെമ്മീന്‍ ഹാച്ചറി ലബോറട്ടറി, ഞാറയ്ക്കല്‍. കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ കീഴില്‍ 1975-ല്‍ ഞാറയ്ക്കലില്‍ സ്ഥാപിതമായി. ഇതു പിന്നീട് 'സിബ' (സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ബ്രാക്കിഷ് വാട്ടര്‍ അക്വാകള്‍ച്ചര്‍)യ്ക്കു കൈമാറ്റം ചെയ്യപ്പെട്ടു. 'സിബ'യുടെ കീഴിലുള്ള പ്രധാനപ്പെട്ട ഗവേഷണകേന്ദ്രങ്ങളില്‍ ഒന്നാണ് ഈ സ്ഥാപനം.

നാരന്‍ ചെമ്മീനിന്റെ പ്രജനനവും വാണിജ്യാടിസ്ഥാനത്തിലുള്ള വിത്തുത്പാദനവും, തിരുത, പൂമീന്‍ തുടങ്ങിയ ഓരുജലമത്സ്യങ്ങളുടെ കൃഷി/വിത്തുത്പാദനം; വാണിജ്യാടിസ്ഥാനത്തിലുള്ള ചെമ്മീന്‍ കൃഷി എന്നിവയ്ക്കുള്ള സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചെടുക്കുക എന്നിവയാണ് ഈ സ്ഥാപനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍.

'ഐ സ്റ്റോക്ക് അബ്ലേഷന്‍' സാങ്കേതികവിദ്യ ഉപയോഗിച്ചു വളര്‍ത്തുകുളങ്ങള്‍ മുട്ട ചെമ്മീനുകളെ വളര്‍ത്തിയെടുക്കുകയും നിയന്ത്രിത സാഹചര്യത്തില്‍ വിത്തുത്പാദനത്തിനു പ്രയോജനപ്പെടുത്തുകയും ചെയ്യുക; അജൈവ പോഷകങ്ങള്‍ ഉപയോഗിച്ചും സൂര്യപ്രകാശത്തിനു വിധേയമാക്കിയും കടല്‍ജലത്തില്‍ ഡയാറ്റമുകളുടെ കള്‍ച്ചര്‍ ഉണ്ടാക്കുക, പ്രാദേശികമായി ലഭ്യമായതും വില കുറഞ്ഞതുമായ അസംസ്കൃത പദാര്‍ഥങ്ങള്‍ ഉപയോഗിച്ച് പി.എല്‍. ഘട്ടത്തിലുള്ള ചെമ്മീന്‍ കുഞ്ഞുങ്ങള്‍ക്ക് അനുയോജ്യമായ തരിയുള്ള തീറ്റകള്‍ ഉത്പാദിപ്പിക്കുക എന്നിവയാണ് ഈ സ്ഥാപനത്തിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍.

ഈ സ്ഥാപനത്തില്‍ വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ ഉപയോഗിച്ച് നാരന്‍ വിത്തുചെമ്മീനുകള്‍ നിയന്ത്രിത സാഹചര്യത്തില്‍ മുട്ടയിടുവിക്കുകയം പി.എല്‍. 5 വരെയുള്ള കുഞ്ഞുങ്ങളെ 50 ശ.മാ. അതിജീവന നിരക്കില്‍ വളര്‍ത്തിയെടുക്കുകയും ചെയ്തിട്ടുണ്ട്.

പ്രേരിത പ്രജനനം. 'ഐ സ്റ്റോക്ക് അബ്ലേഷന്‍' സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിയന്ത്രിത സാഹചര്യത്തില്‍ തള്ളച്ചെമ്മീനുകളെ മുട്ടയിടുവിക്കുന്നത്. 15 ഗ്രാമില്‍ക്കൂടുതല്‍ വലുപ്പമുള്ള പെണ്‍ ചെമ്മീനുകളെയും 17 ഗ്രാമില്‍ അധികമുള്ള ആണ്‍ ചെമ്മീനുകളെയും കടലില്‍ നിന്നോ വളര്‍ത്തു കുളത്തില്‍ നിന്നോ ശേഖരിക്കുന്നു. 'ഐ സ്റ്റോക്ക് അബ്ളേഷന്‍' നടത്തുന്നത് പെണ്‍ ചെമ്മീനുകളില്‍ മാത്രമാണ്.

ഒരു ചെറിയ ഇലക്ട്രോ കോട്ടറി ഉപകരണമാണ് 'ഐ സ്റ്റോക്ക് അബ്ലേഷ'നുവേണ്ടി ഉപയോഗിക്കുന്നത്. കോട്ടറി ഉപകരണത്തിന്റെ ചുട്ടുപഴുത്ത വളയം ഉപയോഗിച്ച് പെണ്‍ ചെമ്മീനിന്റെ ഒരു കണ്ണ് കണ്‍ഞെട്ടിന്റെ നടുവില്‍ വച്ച് മുറിച്ചെടുക്കുന്നു. അണ്ഡാശയ വളര്‍ച്ചയെ തടയുന്ന 'ഓവറി ഇന്‍ഹിബിറ്റിങ് ഹോര്‍മോണ്‍' ഉത്പാദിപ്പിക്കുന്ന ഓപ്ടിക് ഗാംഗ്ലിയായും ബന്ധപ്പെട്ട ന്യൂറോ സെക്രീട്ടറി സെന്ററുകളും ഈ പ്രക്രിയയിലൂടെ നീക്കം ചെയ്യുന്നു. കോട്ടറൈസേഷന്‍ മുറിപ്പാടുകളെ ഉണക്കുകയും ബ്ലീഡിങ് ഒഴിവാക്കുകയും ചെയ്യുന്നു.

ഈ പ്രക്രിയയ്ക്ക് വിധേയമായ പെണ്‍ ചെമ്മീനുകളെ ആണ്‍ ചെമ്മീനുകളോടൊപ്പം മച്ചുറേഷന്‍ പൂളിലേക്കു മാറ്റുന്നു. 10,000 ലി. വെള്ളമുള്ള ഒരു ടാങ്കിലേക്ക് (ബയോഫില്‍റ്റര്‍ പ്രവര്‍ത്തിക്കുന്നത്) 40 പെണ്‍ ചെമ്മീനുകളെയും 10 ആണ്‍ ചെമ്മീനുകളെയും വിടാം.

ചിത്രം:Pg953 scr2.png

മുകളില്‍ പറഞ്ഞ സാഹചര്യങ്ങളില്‍ 'ഐ സ്റ്റോക്ക് അബ്ലേഷനു വിധേയമാക്കപ്പെട്ട 70 ശ.മാ. ചെമ്മീനുകളും ലൈംഗികമായി പക്വമാവുകയും 4-5 ദിവസങ്ങള്‍ക്കുള്ളില്‍ മുട്ടയിടുകയും ചെയ്യുന്നു.

മുട്ടയിടല്‍. അണ്ഡാശയങ്ങള്‍ പൂര്‍ണവളര്‍ച്ചയെത്തിയ തള്ളച്ചെമ്മീനുകളെ വൈകിട്ട് മച്ചുറേഷന്‍ പൂളില്‍ നിന്ന് നീക്കം ചെയ്യുകയും 200 ലി. കടല്‍വെള്ളം നിറച്ച സ്പോണിങ് ടാങ്കിലേക്ക് മാറുകയും ചെയ്യുന്നു. ഓരോ ടാങ്കിലും ഒരു തള്ളച്ചെമ്മീന്‍ മാത്രം സൂക്ഷിക്കപ്പെടുന്നു. ചെറിയ തോതില്‍ വായു സംക്രമണം നടത്തും.

ചിത്രം:Pg954sr12.png

സൂര്യപ്രകാശത്തില്‍ നിന്നു സംരക്ഷണം നല്കുന്നതിന് ഒരു കറുത്ത മൂടികൊണ്ട് സ്പോണിങ് ടാങ്ക് അടച്ചുവയ്ക്കുന്നു. മുട്ടയിടല്‍ പ്രക്രിയ സാധാരണയായി നടക്കുന്നത് രാത്രി 8 മണിക്കും വെളുപ്പിന് 2 മണിക്കും മധ്യേയുള്ള സമയത്താണ്. തള്ളച്ചെമ്മീനുകളെ രാവിലെ തന്നെ ടാങ്കുകളില്‍ നിന്ന് നീക്കം ചെയ്യുകയും മച്ചുറേഷന്‍ ടാങ്കിലേക്ക് തിരിച്ചുവിടുകയും ചെയ്യും. തുടര്‍ന്ന് മുട്ടകളുടെ എണ്ണം നിര്‍ണയിക്കും. ഉച്ചതിരിയുന്നതോടെ മുട്ടകള്‍ വിരിഞ്ഞ് നോപ്ലിയകള്‍ പുറത്തുവരുന്നു. നോപ്ലിയകളുടെ എണ്ണം കണക്കാക്കുന്നു. വായു കലര്‍ത്തല്‍ പ്രക്രിയ നിര്‍ത്തിവയ്ക്കുന്നു. നോപ്ലിയകള്‍ക്ക് സൂര്യകിരണങ്ങളാല്‍ ആകര്‍ഷിക്കപ്പെടുന്ന പ്രകൃതമുണ്ട്. സ്പോണിങ് ടാങ്കിലുള്ള നോപ്ലിയകളെ റിയറിങ് ടാങ്കുകളിലേക്ക് മാറ്റുന്നു.

റിയറിങ് ടാങ്കുകളില്‍ ഒരു ക്യൂബിക് മീറ്ററിന് 75,000 നോപ്ലിയകള്‍ എന്ന തോതില്‍ സംഭരിക്കുന്നു. 50 മൈക്രോണ്‍ ബോള്‍ട്ടിങ് തുണി വഴി അരിച്ചെടുത്ത കടല്‍വെള്ളമാണ് റിയറിങ് ടാങ്കില്‍ ഉപയോഗിക്കുന്നത്. ചെമ്മീന്‍ കുഞ്ഞുങ്ങളെ വളര്‍ത്തിയെടുക്കുന്നതിന് അനുയോജ്യമായ ഘടകങ്ങള്‍ താഴെ കൊടുക്കുന്നു:

ചിത്രം:Pg953se3.png

ആദ്യത്തെ നാലു ഘടകങ്ങള്‍ ദിവസവും പരിശോധിക്കും. അമോണിയയും നൈട്രൈറ്റും ആഴ്ചയില്‍ രണ്ടോ മൂന്നോ പ്രാവശ്യം പരിശോധിക്കും.

റിയറിങ് ടാങ്കില്‍ നിന്ന് വെള്ളം ഒരു സൈഫണ്‍ ഉപയോഗിച്ച് മാറ്റും. ലാര്‍വല്‍ റിയറിങ് ടാങ്കിലുള്ള കുഞ്ഞുങ്ങള്‍ക്ക് ദിവസവും ആല്‍ഗകള്‍ തീറ്റയായി കൊടുക്കും. റിയറിങ് ടാങ്കില്‍ ഒരു മി.ലി.-ല്‍ 30,000 മുതല്‍ 40,000 വരെ ആല്‍ഗകള്‍ ഉണ്ടായിരിക്കണം.

പ്രത്യേകം തയ്യാറാക്കിയ തരിരൂപത്തിലുള്ള തീറ്റ കുഞ്ഞുങ്ങള്‍ക്ക് നല്കും. രണ്ടു മണിക്കൂര്‍ ഇടവിട്ട് ലാര്‍വകളുടെ വളര്‍ച്ച സൂക്ഷ്മ പരിശോധനയ്ക്കു വിധേയമാക്കും. റിയറിങ് ടാങ്കില്‍ കലക്കല്‍ അനുഭവപ്പെടുന്നുവെങ്കില്‍ വായു കലര്‍ത്തല്‍ നിര്‍ത്തി വയ്ക്കും. തീറ്റ ശകലങ്ങളും മറ്റും ഒരു സൈഫണ്‍ ഉപയോഗിച്ച് പുറത്തു കളയും. വായു കലര്‍ത്തല്‍ നിര്‍ത്തിവച്ചാല്‍ നോപ്ളിയാ സ്റ്റേജിലും പ്രോട്ടോസോയിയാ സ്റ്റേജിലുമുള്ള ആരോഗ്യമുള്ള ലാര്‍വകള്‍ ജലോപരിതലത്തില്‍ സഞ്ചരിക്കുന്നതു കാണാം. മൈസിസ് സ്റ്റേജ് എത്തുമ്പോള്‍ ചെമ്മീന്‍ കുഞ്ഞുങ്ങള്‍ ജലയൂപത്തില്‍ ചിതറി നടക്കുന്നു. ചെമ്മീന്‍ കുഞ്ഞുങ്ങള്‍, പ്രോട്ടോസോയിയ-1, മൈസിസ്-1, പി.എല്‍.-1 എന്നീ ഘട്ടങ്ങളില്‍ എത്തുമ്പോള്‍ അവയുടെ എണ്ണം കണക്കാക്കും. പി.എല്‍.-5 ഘട്ടം എത്തിയാല്‍ വിളവെടുപ്പ് നടത്താം. ഒരു സൈഫണ്‍ ഉപയോഗിച്ച് ജലവിതാനം താഴ്ത്തുന്നു. റിയറിങ് ടാങ്കിന്റെ വാല്‍വ് തുറക്കുന്നു. പി.എല്‍. ഘട്ടത്തിലുള്ള കുഞ്ഞുങ്ങളെ ബക്കറ്റുകളില്‍ സംഭരിക്കുന്നു. റിയറിങ് ടാങ്കുകളില്‍ സംഭരിക്കപ്പെട്ട നോപ്ലിയകളുടെ ശരാശരി 50 ശ.മാ. പി.എല്‍.-5 ഘട്ടത്തിലേക്കു വളരുന്നു. ചെമ്മീന്‍ വിത്തുത്പാദനത്തിനാവശ്യമായ സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുന്നതില്‍ ഈ കേന്ദ്രം മുഖ്യ പങ്കു വഹിക്കുന്നു.

(ടി.ഡി. വേലായുധന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍