This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജ്വാലാവിക്ഷേപിണി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജ്വാലാവിക്ഷേപിണി

Flamethrower

സൈനികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഒരു ആയുധം. എണ്ണ, നാപാം തുടങ്ങിയ ദ്രാവകങ്ങള്‍ കുഴമ്പു രൂപത്തിലാക്കി ജ്വലിപ്പിച്ച് ശത്രുനിരകള്‍ക്കു നേരെ പ്രവഹിപ്പിക്കുകയാണ് ചെയ്യുന്നത്. ഒന്നാം ലോകയുദ്ധകാലത്ത് ജര്‍മനിയും പിന്നീട് മറ്റു രാഷ്ട്രങ്ങളും ഇത് വ്യാപകമായി ഉപയോഗിച്ചിരുന്നു.

പ്രാചീന-മധ്യകാലഘട്ടങ്ങളില്‍ ആക്രമണാര്‍ഥം ബൈസാന്റൈന്‍ ഗ്രീക്കുകാര്‍ ഗ്രീക്കു ജ്വാല എന്ന പേരില്‍ ദ്രാവകജ്വാലകള്‍ പ്രയോഗിച്ചിരുന്നു. ഇതിനു മാതൃകയായത് കോണ്‍സ്റ്റാന്റിനോപ്പിളിലെ കല്ലിനിക്കസ് (എ.ഡി. 7-ാം ശ.) എന്ന ശില്പി ആവിഷ്കരിച്ച ഈറന്‍ ജ്വാല(wet fire)യാണ്. കോണ്‍സ്റ്റാന്റിനോപ്പിള്‍ ആക്രമിച്ച സാരസന്‍ യാനങ്ങളെ അഗ്നിക്കിരയാക്കാന്‍ ഈ ജ്വാല വിജയകരമായി ഉപയോഗിച്ചിരുന്നു (668,716,718 വര്‍ഷം).

സള്‍ഫര്‍, കീല്, പെട്രോളിയം ഉത്പന്നങ്ങള്‍ എന്നിവയും ജ്വലന സഹായിയായി വെടിയുപ്പും (പൊട്ടാഷ്യം നൈട്രേറ്റ്) ആയിരിക്കണം അന്ന് ഉപയോഗിച്ചിരുന്നത്. ഈറന്‍ ജ്വാലയുടെ പരിഷ്കൃത രൂപമായ ഗ്രീക്കുജ്വാല വിക്ഷേപിക്കുന്നതില്‍ വിദഗ്ധരായിരുന്നു ബൈസാന്റൈന്‍ സൈനികര്‍. 1453-ല്‍ ബൈസാന്റൈന്‍ സാമ്രാജ്യം തകര്‍ന്നതോടെ ഗ്രീക്കു ജ്വാലയുടെ രഹസ്യം കൈമോശം വന്നു.

ആധുനിക ജ്വാലാവിക്ഷേപിണിയുടെ ഉദ്ഭവം 1914-ല്‍ ജര്‍മനിയിലാണെന്നു വിശ്വസിക്കപ്പെടുന്നു. സുരക്ഷയ്ക്കുള്ള അവസാന അടവായി ശത്രു നിരയ്ക്കു നേരെ വെള്ളം പായിക്കാന്‍ നിര്‍ദേശിച്ച ജര്‍മന്‍ സൈന്യാധിപന്‍ പിന്നീടുള്ള യുദ്ധവേളകളില്‍ ദഹനദ്രാവകം പ്രയോഗിക്കുമെന്ന് വില്‍ഹെം II ചക്രവര്‍ത്തിക്കു വാക്കു നല്കിയതില്‍ നിന്നാണ് ആധുനിക ജ്വാലാവിക്ഷേപിണിയുടെ ആശയം ഉരുത്തിരിഞ്ഞതെന്നു പറയപ്പെടുന്നു.

ഒന്നോ രണ്ടോ ഇന്ധന സംഭരണി, അവയോടു ഘടിപ്പിച്ചിട്ടുള്ള വഴങ്ങുന്ന കുഴല്‍ (flexible hose), നോദകബലം നല്കാനുള്ള സമ്മര്‍ദിത വാതകം (ഉദാ. കാര്‍ബണ്‍ ഡൈ ഓക്സൈഡ്) നിറച്ച സിലിണ്ടര്‍, വ്യാസഭേദം വരുത്താവുന്ന ഹോസിലുള്ള പ്രസ്രവനാളി (ഡിസ്ചാര്‍ജ് ട്യൂബ്), ജ്വലന ഉപകരണം (ignition device) എന്നിവയാണ് ജ്വാലാവിക്ഷേപിണിയുടെ ഘടകങ്ങള്‍.

ജ്വാലാവിക്ഷേപിണി രണ്ടു തരത്തിലുണ്ട്. ഭാരം കുറഞ്ഞതും സൈനികന്റെ തോളില്‍ വയ്ക്കാവുന്നതുമാണ് ഒരിനം. പ്രധാര(jet)പരിധി സു. 41 മീ. 10 സെക്കന്‍ഡോളം ഇതിലൂടെ നിരന്തരം ജ്വാല പ്രസരിപ്പിക്കാം.

ടാങ്കിന്റെയോ മറ്റു കവചിത വാഹനങ്ങളുടെയോ പ്രാസാദ(turnet)ത്തില്‍ ഉറപ്പിക്കാവുന്നതാണ് രണ്ടാമത്തെ ഇനം. ഇതിന് വലുപ്പവും ഭാരവും കൂടുതലാണ്. പ്രധാര പരിധി സു. 90 മീ. പ്രസ്രവശേഷി 60 സെക്കന്‍ഡ്. ജര്‍മന്‍ സേനയിലെ റിചാര്‍ഡ് ഫീഡ്ലെര്‍ ആണ് ആദ്യമായി രണ്ടു മോഡലുകള്‍ രൂപകല്പന ചെയ്തത്.

ഈ ആയുധത്തിന്റെ പ്രധാന പോരായ്മകള്‍ പ്രധാരത്തിന്റെ ഹ്രസ്വസീമ, ഉയര്‍ന്ന ഇന്ധന ചെലവ്, ജ്വാല ലക്ഷ്യത്തിലെത്തിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ്. ജ്വാലാവിക്ഷേപിണിയുടെ ഏറ്റവും വലിയ മേന്മ ഇന്ധനത്തിന്റെ പ്രഭാവമാണ്. സമ്മര്‍ദന വിധേയമായി കത്തിജ്വലിച്ചു പ്രവഹിക്കുന്ന ഇന്ധനം കിടങ്ങുകള്‍, താവളങ്ങള്‍ എന്നിവയുടെ ഭിത്തിയിലെ വിടവിലൂടെ കടന്നെത്തിയാല്‍ മാരകമായി ചിന്നിത്തെറിക്കുകയും ഇന്ധനം പ്രതലത്തില്‍ പറ്റിപ്പിടിച്ചിരുന്നു കത്തുകയും ചെയ്യും. തുടര്‍ന്ന് ആ പ്രദേശത്തെ ഓക്സിജന്റെ അളവു കുറയുന്നതോടെ നിലനില്പ് ദുസ്സഹമാക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍