This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജ്വരം (പനി)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജ്വരം (പനി)

അസാധാരണമാംവിധം ചൂട് ശരീരത്തിലനുഭവപ്പെടുന്ന അവസ്ഥ. പനിയുടെ ഉദ്ഭവത്തെപ്പറ്റി പല ഐതിഹ്യങ്ങളും നിലവിലുണ്ട്. സംഹാരമൂര്‍ത്തിയായ ശിവന്റെ കോപം നിമിത്തം പനിയുണ്ടാകുന്നു എന്നാണ് ഒരു പക്ഷം. സംഹാരം എന്നത് അക്ഷരാര്‍ഥത്തില്‍ അഗ്നിയുടെ ധര്‍മമാണ്. അഗ്നിക്കുണ്ടാകുന്ന തകരാറാണ് ജ്വരത്തിനു കാരണം. ശരീരവുമായി പൊരുത്തപ്പെടാത്ത വസ്തുക്കളെ പുറന്തള്ളാനായി ശരീരത്തില്‍ സ്വയമേവ ഉള്ള പ്രതിരോധശക്തി പ്രവര്‍ത്തനക്ഷമമാകുന്നതിന്റെ ലക്ഷണമാണ് ജ്വരം എന്ന് പൂര്‍വികാചാര്യന്മാര്‍ മനസ്സിലാക്കിയിരുന്നു. പാശ്ചാത്യര്‍ പറയുന്ന അണുബാധ (infection) ഇതിലുള്‍പ്പെടും. ജ്വരം ഒരു സ്വതന്ത്രരോഗമായും മറ്റു പല രോഗങ്ങളുടെ ഉപദ്രവരോഗമായും - അനുബന്ധരോഗമായും - വരാം. ആയുര്‍വേദശാസ്ത്രം ത്രിദോഷസിദ്ധാന്തത്തിലധിഷ്ഠിതമാകയാല്‍ ത്രിദോഷങ്ങള്‍ക്കുണ്ടാകുന്ന അസന്തുലിതാവസ്ഥയാണ് രോഗകാരണമെന്നു വ്യക്തമാകുന്നു. ഇങ്ങനെ അസന്തുലിതാവസ്ഥയിലാകുന്ന ത്രിദോഷങ്ങളെ സന്തുലിതാവസ്ഥയിലാക്കുന്നതാണ് ചികിത്സ. സ്വതന്ത്രമായിട്ടുള്ള ജ്വരത്തിനും പരതന്ത്രമായിട്ടുള്ള ജ്വരത്തിനും ചികിത്സകള്‍ വ്യത്യസ്തമാണ്. ജ്വരരോഗത്തിനുള്ള കാരണങ്ങള്‍, ജ്വരം ഉണ്ടായാലുള്ള ലക്ഷണങ്ങള്‍, ജ്വരം വരുന്നതിനുമുമ്പു കാണപ്പെടുന്ന പൂര്‍വരൂപങ്ങള്‍, രോഗം കൊണ്ടു ശരീരത്തിനോ അവയവങ്ങള്‍ക്കോ വരാവുന്ന വ്യത്യാസങ്ങള്‍, ചികിത്സ എന്നിവയെപ്പറ്റിയെല്ലാം ഗ്രന്ഥങ്ങളില്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. വേണ്ടവണ്ണം രോഗനിര്‍ണയം ചെയ്തു ചികിത്സിച്ചാല്‍ നിശ്ചിത കാലയളവില്‍ത്തന്നെ രോഗശമനം വരുത്താനാവും. വെയില്‍ കൊള്ളല്‍, അധികം വഴിനടക്കല്‍, അമിതമായ മദ്യപാനം, ക്രമത്തിലധികമായ ജലപാനം, മഴ നനയല്‍, അമിതാഹാരം എന്നിവയെല്ലാം രോഗത്തിനു കാരണമാണ്. അഹിതങ്ങളായ ആഹാരവിഹാരങ്ങളെക്കൊണ്ട് ജഠരാഗ്നിക്ക് തകരാറ് സംഭവിച്ച ആമാശയത്തെ ആശ്രയിച്ചാണ് രോഗമുണ്ടാകുന്നത്. കോഷ്ഠത്തില്‍ കിടക്കുന്ന അന്നാദികള്‍ പചിക്കപ്പെടാതെ കിടക്കുന്നതുകൊണ്ട് അതിന്റെ ബാഹ്യലക്ഷണമായി ജ്വരം ഉണ്ടാകുന്നു. ജഠരാഗ്നിക്ക് തകരാറുണ്ടാകുന്നതുകൊണ്ട് പചനകര്‍മം മന്ദഗതിയിലാകും. ജഠരാഗ്നിയുടെ തകരാറ് ധാതുക്കളിലേക്കും വ്യാപിച്ച് ശരീരത്തിനു പലവിധ ഉപദ്രവങ്ങളെ ഉണ്ടാക്കുന്നു. ജ്വരത്തിന്റെ വ്യക്തമായ ലക്ഷണങ്ങള്‍ കാണപ്പെടുന്നതിനു മുമ്പ് മറ്റു ചില ലക്ഷണങ്ങള്‍ കാണാം. ശരീരത്തിനു തളര്‍ച്ച, നിറവ്യത്യാസം, എല്ലാത്തിനോടും വെറുപ്പ്, കണ്ണുകള്‍ കുഴിഞ്ഞിരിക്കല്‍, തണുത്ത കാറ്റേല്ക്കാനുള്ള ആഗ്രഹം, കോട്ടുവായ്, ശരീരവേദന, അരുചി എന്നിവ അനുഭവപ്പെടാം. ദോഷപ്രധാന്യേനയും ആഗന്തുകമായും ജ്വരത്തെ വിവരിക്കുന്നുണ്ട്. അടി, ഇടി, വീഴ്ച, ഭയം, ക്രോധം എന്നിവകൊണ്ടുണ്ടാകുന്നവയെയാണ് ആഗന്തുകമെന്നു പറയുന്നത്. ദോഷപ്രധാനമായ എട്ടും, സന്നിപാതജ്വരത്തിന് പന്ത്രണ്ടു വിഭാഗങ്ങളുമായി ജ്വരത്തെ വിഭജിച്ചിട്ടുണ്ട്. മറ്റു രോഗങ്ങളുടെ അനുബന്ധമായുണ്ടാകുന്ന ജ്വരങ്ങളില്‍ പ്രധാന രോഗത്തിനുള്ള ചികിത്സ തന്നെ ആദ്യം ചെയ്യണം. അടി, ഇടി, വീഴ്ച, ക്ഷയം, വസൂരി, ക്ഷുദ്ര വസൂരി, മണ്ണന്‍ എന്നിവയിലുണ്ടാകന്ന പനിക്കും, പ്രത്യേകമായ ചികിത്സാവിധികളുണ്ട്. സാമാന്യമായി ജ്വരരോഗത്തിന് ഉപയോഗിക്കുന്ന ചികിത്സാക്രമങ്ങളെ ചുരുക്കമായി വിവരിക്കാം. സാധാരണയായുണ്ടാകുന്ന പനിയുടെ ആരംഭത്തില്‍ ഒന്നോ രണ്ടോ ദിവസം പട്ടിണി-ഉപവാസം-അനുഷ്ഠിക്കുന്നതു ഹിതമാണ്. അമിത സ്ത്രീസേവ, ഭയം, ക്രോധം, അത്യധ്വാനം എന്നിവ കൊണ്ടുണ്ടാകുന്ന ജ്വരങ്ങളില്‍ പട്ടിണി പാടുള്ളതല്ല. ഈ അവസ്ഥയില്‍ കാച്ചി ചെറുചൂടോടുകൂടിയ പാല്‍ അമൃതുപോലെ ഫലപ്രദമാണ്. ദശമൂലം, ദശമൂലകടുത്രയം, ഷഡംഗം, ഗുളുച്യാദി, പടോലകടുരോഹിണ്യാദി, ദ്രാക്ഷാദി എന്നീ കഷായങ്ങളോ മുത്തങ്ങാക്കിഴങ്ങും പര്‍പ്പടകപ്പുല്ലും മാത്രം ചേര്‍ത്തു തയ്യാറാക്കിയ കഷായമോ ശ്രേഷ്ഠമാണ്. കൃഷ്ണതുളസി, വെള്ളില, പൂവന്‍കുറന്തല്‍, മുയല്‍ച്ചെവി, കുരുമുളക് ഇവ പ്രത്യേകമായി കഷായം വച്ചുപയോഗിക്കുന്നത് ഒറ്റമൂലിയാണ്. സൂര്യപ്രഭ, വെട്ടുമാറന്‍, സര്‍വലോകഗുലാന്തകം, ധന്വന്തരി, സുദര്‍ശനം, ഗോരോചനാദി, കൊമ്പഞ്ചാദി എന്നീ ഗുളികകളും മുകളില്‍ പറഞ്ഞ കഷായങ്ങളോടു ചേര്‍ത്തുപയോഗിക്കാം. പനി മാറിയതിനുശേഷം ശരീരപുഷ്ടികരമായും, പനി വരാതിരിക്കാനുമായി ഇന്ദുകാന്തഘൃതം വിശിഷ്ടമാണ്. പനിയുടെ ചികിത്സയ്ക്കൊപ്പം പഥ്യമായ ആഹാരങ്ങളും വിഹാരങ്ങളും ശീലിക്കേണ്ടതുണ്ട്. പനി വീണ്ടും വരാതെ പ്രത്യേകം ശ്രദ്ധിക്കണം. ജ്വരത്തിന്റെ പ്രാരംഭത്തില്‍ സാമാന്യചികിത്സകള്‍ മതിയാകും വിശിഷ്ട ചികിത്സകള്‍ ചികിത്സകന്റെ നിര്‍ദേശാനുസരണം മാത്രമേ ചെയ്യാവൂ. നോ. പനി

(ഡോ. എന്‍.എസ്. നാരായണന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍