This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ജ്ഞാനസിദ്ധാന്തം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഉള്ളടക്കം
|
ജ്ഞാനസിദ്ധാന്തം
ജ്ഞാനത്തിന്റെ സ്രോതസ്, സ്വഭാവം, ലക്ഷണം, വ്യവസ്ഥകള്‍, പരിധി, നീതികരണം എന്നിവയെക്കുറിച്ചുള്ള പഠനം. ജ്ഞാനസ്രോതസ്സിന്റെ സ്വഭാവം കണക്കിലെടുത്ത് ദാര്‍ശനികര്‍ ജ്ഞാനസിദ്ധാന്തത്തെ യുക്തിവാദം, അനുഭവവാദം എന്നിങ്ങനെ രണ്ടായി തിരിച്ചിരിക്കുന്നു. യുക്തിവാദത്തില്‍ യുക്തിശക്തിയും അനുഭവവാദത്തില്‍ അനുഭവവുമാണ് ജ്ഞാനത്തിന്റെ മുഖ്യസ്രോതസ്. ജ്ഞാനത്തിന്റെ സാധ്യതയെക്കുറിച്ചും വിശ്വാസ്യതയെക്കുറിച്ചുമുള്ള സന്ദേഹവാദവും അതിന്റെ നീതീകരണവും മറ്റൊരു വശത്തുണ്ട്.
പാശ്ചാത്യദര്‍ശനം
യവനദര്‍ശനം
പ്ലേറ്റോയ്ക്കുമുമ്പ്
സോക്രട്ടീസിനു(സു. ബി.സി. 469-399)മുമ്പുണ്ടായിരുന്ന ദാര്‍ശനികര്‍ അറിവ് സാധ്യമാണെന്ന് വാദിച്ചിരുന്നു. ഹിരാക്ലിറ്റസ് (സു. ബി.സി. 540-475) അനുഭവത്തിന്റെയും പര്‍മെനഡീസ് (ബി.സി. 510-450) യുക്തിയുടെയും പങ്ക് എടുത്തുകാണിച്ചു. സോഫിസ്റ്റുകള്‍ (ഗോര്‍ഗിയാസും സു. ബി.സി. 483-376) പ്രോട്ടഗോറസും (സു. ബി.സി. 490-421) ഈ വാദഗതികളെ സംശയത്തോടെ വീക്ഷിച്ചു. ജ്ഞാനത്തില്‍ ആത്മനിഷ്ഠതയുടെയും വസ്തുനിഷ്ഠതയുടെയും പങ്കെന്ത്? പ്രകൃതിയെക്കുറിച്ച് ശരിയായ ജ്ഞാനം ലഭ്യമാണോ? എന്നീ പ്രശ്നങ്ങള്‍ സോഫിസ്റ്റുകള്‍ ഉന്നയിച്ചു. പ്രോട്ടഗോറസിന്റെ അഭിപ്രായത്തില്‍ വസ്തുവിന്റെ ബാഹ്യാവസ്ഥ മാത്രമാണ് യാഥാര്‍ഥ്യം. അതിന്റെ സാരാംശത്തെ നിശ്ചയിക്കുന്നത് മനുഷ്യനാണ്. ഗോര്‍ഗിയാസിന്റെ അഭിപ്രായത്തില്‍ യാഥാര്‍ഥ്യം എന്നൊന്നില്ല. ഉണ്ടെങ്കില്‍ത്തന്നെ അതറിയുവാനോ അറിഞ്ഞാല്‍ത്തന്നെ അതിനെക്കുറിച്ച് ആശയവിനിമയം നടത്തുവാനോ സാധ്യമല്ല. ഇത്തരം വാദഗതികള്‍ സന്ദേഹവാദത്തിന് വഴിതെളിച്ചു. ജ്ഞാനം സാധ്യമാണോ? സാധ്യമാണെങ്കില്‍ അതില്‍ ബുദ്ധിയുടെയും ഇന്ദ്രിയങ്ങളുടെയും പങ്കെന്ത്? ഇങ്ങനെ ലഭ്യമാകുന്ന ജ്ഞാനത്തിന്റെ ഉറപ്പും സാധുതയും എന്താണ്? ഇത്തരം പ്രശ്നങ്ങളാണ് സന്ദേഹവാദികള്‍ ഉന്നയിച്ചത്.
ഈ വീക്ഷണമനുസരിച്ച് ഒരു വസ്തുവിനെക്കുറിച്ച് ശരിയായ തീര്‍ച്ചയില്ലാത്തിടത്തോളം അത് ജ്ഞാനമായി അവകാശപ്പെടുന്നത് ശരിയല്ല. തെറ്റുണ്ടാകാന്‍ സാധ്യതയില്ലാത്ത ചില കാര്യങ്ങളെക്കുറിച്ച് നമുക്കറിയാന്‍ സാധിക്കും. എന്നാല്‍ ജ്ഞാനത്തെ സാധുവാക്കി നിര്‍ത്തുന്ന കാരണങ്ങളെ ചൂണ്ടിക്കാണിക്കേണ്ടിയിരിക്കുന്നു. യുക്തിവാദികളുടെ അഭിപ്രായത്തില്‍ ഉറപ്പായ ജ്ഞാനരൂപീകരണത്തിനുള്ള പ്രാഥമികാശയങ്ങള്‍ മറ്റു ചില ആശയങ്ങളുമായി യുക്തിഭദ്രമായി ബന്ധപ്പെട്ടിരിക്കുന്നു. അനുഭവവാദികളുടെ അഭിപ്രായത്തില്‍ സാമാന്യജ്ഞാനരൂപീകരണം പ്രാഥമികാശയങ്ങളില്‍നിന്നും സാധ്യമാണ്. ഇതിലേക്ക് യുക്തിവാദികള്‍ യുക്തിയെയും അനുഭവവാദികള്‍ ഇന്ദ്രിയാനുഭവങ്ങളെയും മുഖ്യസ്രോതസ്സായി സ്വീകരിക്കുന്നു. പ്ളേറ്റോയുടെ അഭിപ്രായത്തില്‍ ഇന്ദ്രിയാനുഭവങ്ങള്‍ അറിവു തരുന്നില്ല. അതീന്ദ്രിയാശയങ്ങളുടേതായ ഒരു പ്രത്യേക ലോകത്തെക്കുറിച്ചുള്ള അവബോധത്തില്‍നിന്നാണ് ജ്ഞാനം സിദ്ധിക്കുന്നത്. ഇന്ദ്രിയാനുഭവങ്ങളില്‍നിന്നും അഭിപ്രായരൂപീകരണം മാത്രമേ സാധ്യമാകൂ. അനുഭവത്തെക്കുറിച്ചുള്ള പ്ലേറ്റോയുടെ ഈ വീക്ഷണം മിക്ക ചിന്തകന്മാരും വച്ചുപുലര്‍ത്തുന്നു.
അറിവിന് പൂര്‍ണ നിശ്ചിതത്വം വേണമെന്ന വാദത്തെ സന്ദേഹവാദം ചോദ്യം ചെയ്യുന്നു. ജ്ഞാനത്തിന് ഒരു അടിത്തറ വേണം; അതിന് ജ്ഞാനമെന്താണെന്നും അതിനെക്കുറിച്ചുള്ള ധാരണയെന്താണെന്നും അറിഞ്ഞിരിക്കണം. ജ്ഞാനത്തിന്റെ സ്വഭാവത്തെക്കുറിച്ച് ദാര്‍ശനികന്മാര്‍ക്ക് വ്യത്യസ്താഭിപ്രായങ്ങളാണുള്ളത്.
പ്ലേറ്റോ
പ്ലേറ്റോയാണ് (സു. ബി.സി. 428-347) ജ്ഞാനത്തെക്കുറിച്ച് ക്രമബദ്ധമായ അന്വേഷണം തുടങ്ങിവച്ചത്. യാഥാര്‍ഥ്യം അതീന്ദ്രിയാശയങ്ങളാണെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. മാറ്റമില്ലാത്തതും പൂര്‍ണരൂപങ്ങളുമായ അവ സാര്‍വത്രിക സ്വഭാവത്തോടുകൂടിയതാണ്. യുക്തിശക്തിക്ക് മാത്രമേ അതുമായി ബന്ധപ്പെടാന്‍ സാധിക്കുകയുള്ളൂ. ഓരോ ഇന്ദ്രിയഗോചരവസ്തുവിനും അനുരൂപമായ ഒരു ആശയമുണ്ടായിരിക്കും. ഈ ആശയങ്ങള്‍ പൂര്‍ണരൂപങ്ങളാകയാല്‍ ഓരോന്നും ഒരു അളവുകോലാണ്. ഇന്ദ്രിയ വസ്തുക്കള്‍ അതിന്റെ അപൂര്‍ണ രൂപത്തിലുള്ള പതിപ്പുകള്‍ മാത്രമാണ്. അതിനാല്‍ ഒരേ ഗണത്തില്‍പ്പെട്ട വസ്തുക്കളെക്കുറിച്ച് ചിന്തിക്കാന്‍ സാധ്യമാവുകയും സാമാന്യനാമങ്ങള്‍ക്ക് അര്‍ഥം നല്കുന്നതിന് സാധ്യമാവുകയും ചെയ്യുന്നു. ജ്ഞാനത്തിന് ആധാരം അതീന്ദ്രിയാശയങ്ങളാണെന്ന് പ്ലേറ്റോ അഭിപ്രായപ്പെടുന്നു. ഇന്ദ്രിയവിഷയങ്ങളെക്കുറിച്ച് അഭിപ്രായ രൂപീകരണം മാത്രമേ സാധ്യമാവുകയുള്ളു.
ആത്മാവ് പൂര്‍വജന്മങ്ങളില്‍നിന്ന് വൈവിധ്യമാര്‍ന്ന അനുഭവസമ്പത്ത് സ്വാംശീകരിച്ചിട്ടുണ്ട്. ഈ ജ്ഞാനം വിസ്മൃതിയിലാണ്ടു കിടക്കുന്നതിനാല്‍ അതിനെ ഇന്ദ്രിയാനുഭവത്താല്‍ ഓര്‍മിച്ചെടുക്കുന്നു. ഇന്ദ്രിയാനുഭവത്തിന് മുമ്പുള്ള ഈ ജ്ഞാനലഭ്യതാസിദ്ധാന്തത്തെ സ്വതസ്സാധ്യസിദ്ധാന്തമെന്ന് (a priori) വിളിക്കുന്നു. ഇവിടെ ആത്മാവിലുള്ള ജ്ഞാനത്തെ ഇന്ദ്രിയ പ്രത്യക്ഷത്തിലൂടെ ലഭിക്കുന്ന വസ്തുക്കള്‍ ഓര്‍മിപ്പിക്കുന്നു.
മാനസികാവസ്ഥയെ ജ്ഞാനം, അജ്ഞത, വിശ്വാസം എന്നിങ്ങനെ പ്ലേറ്റോ തരംതിരിക്കുന്നു. ഓരോ അവസ്ഥയുമായും ബന്ധപ്പെട്ട് ഓരോ വസ്തുവുമുണ്ടായിരിക്കും. അസ്തിത്വമുള്ളത് അറിവിന് ഹേതുവും അസ്തിത്വമില്ലാത്തത് അജ്ഞതയ്ക്ക് ഹേതുവും. ഇവയ്ക്ക് രണ്ടിനുമിടയിലുള്ളത് വിശ്വാസത്തിന് ഹേതുവുമാണ്. ഈ മൂന്നാമത്തെ വിഭാഗമാണ് ഇന്ദ്രിയലോകവുമായി ബന്ധപ്പെട്ടിരിക്കുന്നത്. വിശ്വാസം തെറ്റാകാന്‍ സാധ്യതയുണ്ട്; എന്നാല്‍, ജ്ഞാനമങ്ങനെയല്ല. ഇന്ദ്രിയവസ്തുക്കള്‍ പൂര്‍ണമല്ല. പ്ളേറ്റോയെ സംബന്ധിച്ചിടത്തോളം ജ്ഞാനം എന്നത് മനസ്സിന്റെ ഒരവസ്ഥയാണ്.
അരിസ്റ്റോട്ടല്‍ (ബി.സി. 384-322)
സോക്രട്ടീസിന് മുമ്പുണ്ടായിരുന്ന സന്ദേഹവാദം പ്ലേറ്റോയെപ്പോലെ അരിസ്റ്റോട്ടലിനെ ശക്തമായി സ്വാധീനിച്ചിരുന്നില്ല. ഇദ്ദേഹത്തിന്റെ ജ്ഞാനസിദ്ധാന്തം ശാസ്ത്രസിദ്ധാന്തം, മനസ് എന്നിങ്ങനെ രണ്ട് മേഖലകളിലായി ബന്ധപ്പെട്ടിരിക്കുന്നു.
ജ്ഞാനം എല്ലായ്പ്പോഴും സാര്‍വത്രികാശയങ്ങളെക്കുറിച്ചുള്ളതാണെന്നുള്ള പ്ലേറ്റോയുടെ വാദത്തോട് ഇദ്ദേഹം യോജിച്ചു. പ്ലേറ്റോയുടെ വീക്ഷണത്തില്‍ ഈ ആശയങ്ങളെ വെളിപ്പെടുത്തുന്നതിനുള്ള ഉപാധികള്‍ മാത്രമാണ് ഇന്ദ്രിയവസ്തുക്കള്‍. ഈ വസ്തുക്കളില്‍ സാര്‍വത്രികാശയങ്ങള്‍ക്ക് അനുകൂലമായ സ്വഭാവത്തെ ദര്‍ശിക്കുന്നു. എന്നാല്‍ അരിസ്റ്റോട്ടലിനെ സംബന്ധിച്ചിടത്തോളം ഈ ആശയങ്ങള്‍ ഇന്ദ്രിയഗോചരവസ്തുക്കളില്‍നിന്നും അന്യമായി അതീന്ദ്രിയമായി നിലകൊള്ളുന്ന ഒരു യാഥാര്‍ഥ്യമല്ല. മറിച്ച്, ഓരോ സാര്‍വത്രികാശയവും അതുമായി ബന്ധപ്പെട്ട ഗണത്തില്‍വരുന്ന ഓരോ വസ്തുവിലും അന്തര്‍ലീനമായിരിക്കുന്നു. അതുകൊണ്ട് ജ്ഞാനമെന്നത് വസ്തുവിന്റെ സാരാംശം മനസ് എങ്ങനെ ഗ്രഹിക്കുമെന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഈ മനസ് (ആത്മാവ്) ശരീരത്തില്‍നിന്നും അന്യമല്ല; മറിച്ച്, ശരീരത്തിലെ ആകെയുള്ള കഴിവുകളുടെ ഒരു കൂട്ടു പ്രവര്‍ത്തനമാണ്.
ജ്ഞാനമാര്‍ഗങ്ങള്‍. ബാഹ്യവസ്തുവിനെക്കുറിച്ചുള്ള ജ്ഞാനം ഇന്ദ്രിയങ്ങളിലൂടെ ലഭിക്കുന്നു. അരിസ്റ്റോട്ടലിന്റെ വീക്ഷണത്തില്‍ ഇന്ദ്രിയങ്ങളില്‍ അന്തര്‍ലീനമായിരിക്കുന്ന ശക്തിയുടെ വാസ്തവീകരണമാണ് ഇന്ദ്രിയപ്രത്യക്ഷം. സര്‍വ ഇന്ദ്രിയജ്ഞാനത്തെയും ക്രമീകരിക്കുകയും വസ്തുക്കളുടെ സാമാന്യഗുണങ്ങളെ പ്രത്യക്ഷീകരിക്കുകയും ചെയ്യുന്ന ഒരു പൊതു ഇന്ദ്രിയമുണ്ട്. ഇന്ദ്രിയ പ്രത്യക്ഷത്തിന് സമാന്തരമായി ബൗദ്ധികതലത്തില്‍ ഒരു പ്രവര്‍ത്തനം സ്വീകരിക്കപ്പെടുന്നുണ്ട്. ഇവിടെ ഇന്ദ്രിയപ്രത്യക്ഷത്തെ സാര്‍വത്രികാശയങ്ങളെക്കുറിച്ചുള്ള ധാരണകളുമായി കൂട്ടിയിണക്കി ഗ്രഹിക്കാന്‍ പറ്റിയ ഒരു രൂപമായി സ്വീകരിക്കുന്നു. സാര്‍വത്രികാശയങ്ങള്‍ തമ്മിലുള്ള ബന്ധവും ഇതില്‍ കാണാം. ബൗദ്ധിക വ്യാപാരം അതിനു മുമ്പ് സംഭവിക്കുന്ന ഇന്ദ്രിയ പ്രത്യക്ഷത്തെ ആശ്രയിച്ചിരിക്കുന്നു.
വസ്തുജ്ഞാനമുണ്ടാകണമെങ്കില്‍, അതിന്റെ ബന്ധങ്ങളെയും സ്വഭാവത്തെയും കണക്കാക്കി, അത് ഏത് ഗണത്തിലും ഉപഗണത്തിലും ഉള്‍പ്പെടുന്നുവെന്ന് മനസ്സിലാക്കി, അവയുടെ അടിസ്ഥാന ഗുണങ്ങളെ അറിയേണ്ടതാവശ്യമാണ്. അരിസ്റ്റോട്ടലിന്റെ ജ്ഞാനസിദ്ധാന്തത്തിന് ഒരു ശാസ്ത്രീയസ്വഭാവമുണ്ട്. പ്ളേറ്റോയുടെ ജ്ഞാനസിദ്ധാന്തവുമായി ഇതിന് സാദൃശ്യമുണ്ട്. അരിസ്റ്റോട്ടലിന്റെ വീക്ഷണത്തില്‍ ജ്ഞാനം ക്രമീകരിക്കപ്പെട്ട ഇന്ദ്രിയാനുഭവമാണ്. ജ്ഞാനത്തിന്റെ ശാസ്ത്രീയ സ്വഭാവത്തെയാണ് ഈ വീക്ഷണം സൂചിപ്പിക്കുന്നത്.
യവനചിന്തകന്മാര്‍.
എപ്പിക്യൂറസ് (ബി.സി. 341-270) ഒരു അനുഭവവാദിയും അണുവാദിയുമായിരുന്നു. അണുക്കളുമായുണ്ടാകുന്ന ബന്ധത്തില്‍നിന്നാണ് ജ്ഞാനമുണ്ടാകുന്നതെന്ന് ഇദ്ദേഹം പറയുന്നു. ആത്മാവ് അണുക്കളാല്‍ സൃഷ്ടിക്കിക്കപ്പെട്ടിരിക്കുന്നതിനാല്‍, ഇന്ദ്രിയങ്ങളെ ബാധിക്കാതെ നേരിട്ട് അണുക്കള്‍ ആത്മാവിനെ ഉത്തേജിപ്പിക്കുകയും ആത്മാവിലേക്ക് സംവദിക്കുകയും ചെയ്യുന്നു. ഈ സംവേദനങ്ങള്‍ അമൂര്‍ത്താശയങ്ങളായിരിക്കുന്ന സാമാന്യധാരണകളുമായി യോജിക്കുമ്പോള്‍ ഇന്ദ്രിയാനുഭവം യാഥാര്‍ഥ്യമാവുന്നു. എല്ലാ സംവേദനങ്ങളും സത്യമാണ്. ആശയ നിര്‍ണയ പ്രവര്‍ത്തനങ്ങളെ പരിശോധിക്കേണ്ട അടിസ്ഥാന അളവുകോലും അവയാണ്. ലോകത്തെക്കുറിച്ചുള്ള അതിഭൗതികസിദ്ധാന്തത്തിന് മറ്റൊരു സ്രോതസ്സില്ല.
സ്റ്റോയിക്കുകള്‍. ഈ ദാര്‍ശനിക പരമ്പരയുടെ സ്ഥാപകന്‍ സെനോ (സു. ബി.സി. 335-263) ആണ്. ഈ പരമ്പരയിലെ മുഖ്യദാര്‍ശനികനാണ് ക്രിസിപ്പസ് (ബി.സി 280-204). ഒരു പരിധിവരെ ഇവര്‍ അനുഭവവാദികളാണെങ്കിലും ഇവരുടെ ജ്ഞാന പദ്ധതിയിലെ കേന്ദ്ര ആശയം അന്തര്‍ദര്‍ശനമാണ്; അന്തര്‍ദര്‍ശനമാണ് സത്യത്തിന്റെ അളവുകോല്‍. അനുഭവവാദവീക്ഷണപ്രകാരം ബാഹ്യവസ്തുക്കള്‍ ആത്മാവില്‍ മുദ്ര പതിപ്പിക്കുന്നു. ഇവ യാഥാര്‍ഥ്യമാണ്. വ്യക്തവും നിയതവുമായ മുദ്രകള്‍ക്ക് മാത്രമേ ഇത് സാധിക്കുകയുള്ളൂ. ഇത് ആത്മാവില്‍ സ്വീകരിക്കപ്പെട്ടു കഴിഞ്ഞാല്‍ അതിനെ അംഗീകരിക്കുകയും രേഖപ്പെടുത്തുകയും ജ്ഞാനപ്രവൃത്തി നടക്കുകയും ജ്ഞാനമായിത്തീരുകയും ചെയ്യുന്നു.
സന്ദേഹവാദികള്‍.
സ്ഥാപിതദര്‍ശനങ്ങള്‍ക്കുമേല്‍ സന്ദേഹവാദികള്‍ ആക്രമണം നടത്തിക്കൊണ്ടിരിക്കുന്നു. വസ്തുവിന്റെ ബാഹ്യരൂപത്തില്‍ സംതൃപ്തരാവുകയും അതിന്റെ യഥാര്‍ഥസ്വഭാവത്തില്‍ താത്പര്യം കാണിക്കാതിരിക്കുകയും ചെയ്യുന്ന പ്രവണത ചോദ്യം ചെയ്യപ്പെട്ടു. അനിസിഡിമസ് (ബി.സി. 1-ാം ശതകം) ചില വാദമുഖങ്ങള്‍ മുന്നോട്ടുവയ്ക്കുകയുണ്ടായി. കാണുന്നത് മിഥ്യയാകാനും തെറ്റാകാനും സാധ്യതയുള്ളതുകൊണ്ട് വസ്തുവിന്റെ യഥാര്‍ഥ സ്വഭാവം ലഭിക്കുകയില്ല. പ്രത്യക്ഷപ്രവര്‍ത്തനം സാഹചര്യത്തെയും വ്യക്തിയെയും ആശ്രയിച്ചിരിക്കുന്നു. അതിനാല്‍ അനുഭവപ്പെടുന്നത് സത്യമാകണമെന്നില്ല. അഗ്രിപ്പാ(എ.ഡി. 1-ാം ശതകം)യുടെ വീക്ഷണത്തില്‍, മറ്റൊന്നിനോട് ആപേക്ഷികമായി മാത്രമേ ഒരു വസ്തുവിനെ അറിയാന്‍ സാധിക്കൂ. ഇതിന് ആപേക്ഷികമായി വരുന്ന വസ്തുവിനെക്കുറിച്ച് പൂര്‍ണജ്ഞാനം വേണം. ഇത് അസാധ്യമാകയാല്‍ ജ്ഞാനം അസാധ്യമാണ്.
ആസെസിലോസി(ബി.സി. 3-ാം ശതകം)ന്റെ വീക്ഷണത്തില്‍ ജ്ഞാനം അസാധ്യമാണ്. കര്‍നെഡെസി(ബി.സി. 241-129)ന്റെ അഭിപ്രായത്തില്‍ പൂര്‍ണജ്ഞാനം അസാധ്യമാണ്. ആ സ്ഥാനത്തേക്ക് ഇദ്ദേഹം ഒരു സംഭാവ്യതാസിദ്ധാന്തം ആവിഷ്കരിക്കുകയും ചെയ്തു. സന്ദേഹവാദത്തിന്റെ പൂര്‍ണരൂപം സെക്സസ് എമ്പിരിക്കസിന്റെ (2-ാം ശതകം) ചിന്തകളില്‍ പ്രകടമാണ്.
മധ്യകാലദര്‍ശനം.
ഈ കാലഘട്ടത്തിലെ ഒരു പ്രമുഖ ചിന്തകനാണ് സെന്റ് അഗസ്റ്റ്യന്‍ (354-430). നവ പ്ലേറ്റോണിക് ചിന്തയുടെ സ്വാധീനഫലമായി ശരീരത്തെക്കാള്‍ ആത്മാവിന് അദ്ദേഹം പരമപ്രാധാന്യം നല്കി. പ്രത്യക്ഷവും ജ്ഞാനവും ആത്മാവിന്റെ ധര്‍മങ്ങളാണ്. ഈ ധര്‍മങ്ങള്‍ പ്രത്യക്ഷപ്രവര്‍ത്തനത്തിലും സമൃതിയിലും വെളിപ്പെടുന്നു. ശരീരവും അതിന്റെ പ്രവര്‍ത്തനഫലമായുണ്ടാകുന്ന മുദ്രണങ്ങളും ആത്മാവിനുപയോഗിക്കാനുള്ള ഉപകരണങ്ങളാണ്. ഇദ്ദേഹത്തിന്റെ വീക്ഷണത്തില്‍ ജ്ഞാനം സാധ്യമാണ്. ആത്മാവിനെ ശരീരം നേരിട്ട് സ്വാധീനിക്കുന്നില്ല. ശരീരം സംവേദനം ചെയ്യപ്പെടുമ്പോള്‍ ആത്മാവിനുണ്ടാകുന്ന മുദ്രണത്തിന്റെ അടിസ്ഥാനത്തിലാണ് പ്രത്യക്ഷീകരണമുണ്ടാകുന്നത്. അനുഭവത്തില്‍ അനുമാനപ്രവര്‍ത്തനങ്ങളുള്‍ക്കൊള്ളുന്നുണ്ട്. വസ്തുജ്ഞാനത്തില്‍ വസ്തുവിന്റെ പൊതുസ്വഭാവങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍, ഒരു വസ്തുവിനെക്കുറിച്ചുള്ള ജ്ഞാനം ഒരു സാര്‍വത്രികാശയത്തിന്റെ കീഴില്‍ ക്രമീകരിക്കപ്പെടുന്നു. എല്ലാ ജ്ഞാനവും ഈശ്വരബോധമുള്‍ക്കൊള്ളുന്നുണ്ട്. ജ്ഞാനം താഴ്ന്നപടിയില്‍ നിന്നുയര്‍ന്ന് ഈശ്വരജ്ഞാനത്തിലെത്തിച്ചേരുന്നു.
മധ്യകാല ചിന്തകന്മാര്‍ പ്രധാനമായും ചര്‍ച്ച ചെയ്തിരുന്നത് സാര്‍വത്രികാശയങ്ങളെക്കുറിച്ചായിരുന്നു. യാഥാര്‍ഥ്യവാദികള്‍, കണ്‍സെപ്ച്യുലിസ്റ്റുകള്‍, നോമിനലിസ്റ്റുകള്‍ എന്നിവരാണ് ഈ വിഷയത്തിലെ പ്രധാന വക്താക്കള്‍. യാഥാര്‍ഥ്യവാദികളുടെ വീക്ഷണത്തില്‍ സാര്‍വത്രിക സിദ്ധാന്തങ്ങള്‍ക്ക് വസ്തുനിഷ്ഠമായ അസ്തിത്വമുണ്ട്. കണ്‍സെപ്ച്യുലിസ്റ്റുകളുടെ അഭിപ്രായത്തില്‍ സാര്‍വത്രികത മനുഷ്യന്റെ മനസ്സില്‍ നിലനില്ക്കുന്നു. നോമിനലിസ്റ്റുകള്‍ക്ക് അത് നാമം (word) മാത്രമാണ്.
മധ്യകാല ചിന്തകന്മാരില്‍ മറ്റൊരു പ്രമുഖനായിരുന്നു സെന്റ് തോമസ് അക്വിനാസ് (സു. 1225-74). അരിസ്റ്റോട്ടല്‍ ഇദ്ദേഹത്തില്‍ ശക്തമായ സ്വാധീനം ചെലുത്തിയിരുന്നു. സ്വതന്ത്രമായ സാര്‍വത്രികാശയം എന്ന സിദ്ധാന്തത്തെ അക്വിനാസ് എതിര്‍ത്തു. സാര്‍വത്രികത മനസ്സിന്റെ ഒരു ധര്‍മമാണ്, വസ്തുക്കള്‍ക്കുള്ള പൊതുസവിശേഷതകള്‍ കാരണമായി അവയില്‍ സാദൃശ്യം കാണുന്നു, വസ്തുക്കള്‍ക്ക് മാനസികമെന്നതില്‍ കവിഞ്ഞ ഒരു അസ്തിത്വമുണ്ട്, ഇവയില്‍നിന്നും സാമാന്യഗുണത്തെ സ്വാംശീകരിച്ച് സാര്‍വത്രിക ധാരണകള്‍ രൂപപ്പെടുത്തുന്നു, എന്നാല്‍ വസ്തുക്കളുടെ സാര്‍വത്രികഗുണം ബുദ്ധികൊണ്ട് മാത്രമേ ഗ്രഹിക്കാന്‍ സാധിക്കൂ. എന്നിവയാണ് ഇദ്ദേഹത്തിന്റെ അനുഭവവാദത്തിന്റെ സാരാംശം. എല്ലാ ജ്ഞാനവും ആത്യന്തികമായി അനുഭവത്തെ ആശ്രയിക്കുന്നു. ഇക്കാരണത്താല്‍ അക്വിനാസിനെ അനുഭവവാദത്തിന്റെ വക്താവായും പരിഗണിക്കുന്നു.
മധ്യകാലയുഗത്തിലെ കണ്‍സെപ്ച്യുലിസത്തിന്റെ വക്താവായിരുന്നു പീറ്റര്‍ അബെലാര്‍ഡ് (1079-1142). ഇദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ സാര്‍വത്രികത മനസ്സിന്റെ ഒരു ധര്‍മമാണ്. പ്രത്യേക ഗണത്തില്‍പ്പെട്ട വസ്തുക്കള്‍ക്ക് പൊതുവില്‍ ഒരു ബന്ധമുണ്ടെന്നുള്ള ധാരണകളാണ് യഥാര്‍ഥത്തില്‍ സാര്‍വത്രികാശയങ്ങള്‍.
നോമിനലിസ്റ്റ് സിദ്ധാന്തത്തിന്റെ പ്രമുഖ വക്താവായ ഒക്കാമിലെ വില്യത്തിന്റെ (1285-1349) വീക്ഷണത്തില്‍ വസ്തുക്കളുമായി ബന്ധപ്പെട്ടുണ്ടാകുന്ന ധാരണകളുടെ സാങ്കേതിക ചിഹ്നങ്ങളാണ് വാക്കുകള്‍. ഈ ചിഹ്നങ്ങളിലാണ് സാര്‍വത്രികത കുടികൊള്ളുന്നത്. സാര്‍വത്രികത/വസ്തുക്കളുടെ സാമാന്യ അര്‍ഥവും, മനസ്സിന്റെ ധര്‍മവുമാണ്. സാര്‍വത്രികതയ്ക്ക് ഒരു മാനസികാവസ്തിത്വമുണ്ടെന്നും ഇദ്ദേഹം അഭിപ്രായപ്പെടുന്നു. സാര്‍വത്രികത മനസ്സിനും വസ്തുക്കള്‍ക്കിടയിലുമുള്ള ഒരുതരം ഇടനിലബന്ധമാണ്. അന്തര്‍ദര്‍ശനത്താല്‍ വസ്തുക്കളുമായി ബന്ധപ്പെട്ട് മനസ് അപരോക്ഷജ്ഞാനം ആര്‍ജിക്കും. ഇന്ദ്രിയങ്ങള്‍ വസ്തുക്കളുടെ അസ്തിത്വത്തെക്കുറിച്ചുള്ള ദര്‍ശനവും ബുദ്ധി അതിന്റെ സ്വഭാവത്തെക്കുറിച്ചുള്ള അന്തര്‍ദര്‍ശനവും സാധ്യമാക്കും.
ആധുനികദര്‍ശനം
പതിനേഴാം ശതകത്തിലെ യുക്തിവാദം
റെനെ ദെക്കാര്‍ത് (1596-1650)
നവോത്ഥാന കാലഘട്ടത്തിലുണ്ടായ ശാസ്ത്രപുരോഗതി ജ്ഞാനസൈദ്ധാന്തികരെ ശക്തമായി സ്വാധീനിച്ചിരുന്നു. ഇതിന്റെ ഫലമായി ജ്ഞാനത്തെക്കുറിച്ചുള്ള അന്വേഷണം ശാസ്ത്രീയമായിരിക്കണമെന്ന് വന്നു. റെനെ ദെക്കാര്‍ത് ആണ് ഇതിനുള്ള അന്വേഷണമാരംഭിച്ചത്. ജ്യാമിതീയ രൂപത്തിലെന്നപോലെ ജ്ഞാനശകലങ്ങളുടെ ക്രമീകരണത്തിലൂടെ ജ്ഞാനപദ്ധതിയിലെ പ്രശ്നത്തിന് പരിഹാരം കാണാമെന്ന് ഇദ്ദേഹം കരുതി. വ്യക്തവും നിയതവും സത്യവുമായിരിക്കുന്ന മൗലികസിദ്ധാന്തത്തില്‍നിന്നാണിതിന്റെ തുടക്കം. വ്യക്തവും നിയതവുമായ കാര്യം മാത്രമേ സ്വീകരിക്കാവൂ. പ്രശ്നം സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുക, ലളിതവും നിശ്ചിതവുമായ ചിന്തയില്‍ തുടങ്ങി കൂടുതല്‍ സങ്കീര്‍ണ രൂപത്തിലേക്ക് പോവുക, കാര്യങ്ങളെ പൂര്‍ണമായും പുനഃപരിശോധിക്കുക എന്നിവയായിരുന്നു ജ്ഞാനാവിഷ്കരണത്തിന് ഇദ്ദേഹം ഉപയോഗിച്ച മാര്‍ഗങ്ങള്‍. സന്ദേഹവാദത്തിന്റെ സ്വഭാവമുള്‍ക്കൊള്ളുന്ന ഇത് 'സംശയരീതി' എന്നറിയപ്പെടുന്നു.
ഗണിതശാസ്ത്ര വസ്തുതകളെക്കുറിച്ച് വ്യക്തവും നിയതവുമായ ആശയങ്ങള്‍ ഉണ്ടാകാം. എന്നാല്‍ ഈശ്വരന്‍ വഞ്ചകനായാല്‍ എവിടെയും നമ്മള്‍ വഞ്ചിക്കപ്പെടാം. ഈ ചതികളില്‍നിന്നും മുക്തമായ ഒന്നിനെ ദെക്കാര്‍ത് അന്വേഷിക്കുകയും കണ്ടെത്തുകയും ചെയ്തു. ഇദ്ദേഹത്തിന്റെ അനുഭവത്തില്‍ ഒന്നുമാത്രമേ നിസ്സംശയ പ്രമാണമായി കാണുന്നുള്ളൂ. ആ സത്യം 'ഞാന്‍ ചിന്തിക്കുന്നു, അതുകൊണ്ട് ഞാനുണ്ട്' എന്നതാണ്. തര്‍ക്കശാസ്ത്രപരമായി ഇത് മറ്റൊന്നിന്റെ അസ്തിത്വത്തെ ചൂണ്ടിക്കാണിക്കുന്നു. ആശയങ്ങളെക്കുറിച്ച് ചിന്തിക്കുന്ന പദാര്‍ഥം, ഈശ്വരനോ ഭൌതിക വസ്തുക്കളോ ആകാം. അങ്ങനെ, ഒരു ചിന്തകന്‍ എന്നുള്ള എന്റെ അസ്തിത്വവും നിസ്സംശയമാണ്. ഈ രീതിയാണ് ദെക്കാര്‍ത് തന്റെ ജ്ഞാനസിദ്ധാന്തത്തില്‍ ജ്ഞാനസമാര്‍ജനത്തിനായി ഉപയോഗിച്ചിരുന്നത്.
പ്രത്യക്ഷം. ആശയങ്ങള്‍ തികച്ചും മാനസികങ്ങളാണ്. അത് അര്‍ഥമാക്കുന്ന വസ്തുവിനെ പ്രതിനിധീകരിക്കുന്നു. ഇവ ജന്മസിദ്ധമോ ബാഹ്യമോ ഭാവനാസൃഷ്ടമോ ആകാം. ബാഹ്യമായതാണെങ്കില്‍ ബാഹ്യവസ്തുക്കളാലുണ്ടാകാം. ഭാവനയാണെങ്കില്‍ മാനസിക സൃഷ്ടിയാണ്; ജന്മനായുള്ളതാണെങ്കില്‍ സ്വതഃസിദ്ധവുമാണ്. ജ്ഞാനം സാധുവായിരിക്കണമെങ്കില്‍ അത് യഥാര്‍ഥ വസ്തുവിന്റെ പതിപ്പോ ഈശ്വരസൃഷ്ടിയോ ആകാം. ആശയങ്ങള്‍ കൃത്യമായും തെറ്റോ ശരിയോ ആകുകയെന്നുള്ളത് അതിന്റെ ഉപയോഗത്തെ ആശ്രയിച്ചിരിക്കുന്നു.
പ്രത്യക്ഷം മനോശരീരത്തിന്റെ കൂട്ടുപ്രവര്‍ത്തനത്തിന്റെ ഫലമാണ്. ബാഹ്യവസ്തുക്കളെക്കുറിച്ചുള്ള ആശയങ്ങള്‍ ഈശ്വരന്‍ കാരണമായും സൃഷ്ടിക്കപ്പെടാം. ഈശ്വരന്‍ വഞ്ചകനാണെന്ന് ഇദ്ദേഹം കരുതുന്നില്ല. അതിനാല്‍ ആശയങ്ങള്‍ക്കനുരൂപമായ ബാഹ്യവസ്തുക്കള്‍ ഉണ്ടായിരിക്കണമെന്ന് ദെക്കാര്‍ത് വിശ്വസിക്കുന്നു. ഇതാണ് ബാഹ്യവസ്തുക്കളെക്കുറിച്ച് പ്രത്യക്ഷീകരണത്തിലുള്ള ഉറപ്പും ബലവും.
ദെക്കാര്‍ത്തിന്റെ അഭിപ്രായത്തില്‍ പ്രത്യക്ഷത്തിന് വസ്തുവിന്റെ രണ്ടുതരം ഗുണങ്ങള്‍ വിധേയമാകുന്നുണ്ട്; പ്രാഥമിക ഗുണങ്ങളും അനുബന്ധ ഗുണങ്ങളും. രൂപം, വലുപ്പം, ചലനം എന്നിവ ആദ്യവിഭാഗത്തിലും നിറം, ഗന്ധം മുതലായവ രണ്ടാമത്തേതിലുംപെടുന്നു. ആദ്യവിഭാഗം ബുദ്ധിയുടെ അന്തര്‍ദര്‍ശനത്തിലൂടെ അറിയുന്നു. വ്യക്തവും നിയതവുമായ ഈ പ്രാഥമിക ഗുണങ്ങളാണ് ഗണിതശാസ്ത്രത്തില്‍ കാണുന്നത്. അതിനാല്‍ ബുദ്ധിക്ക് യാഥാര്‍ഥ്യത്തെക്കുറിച്ച് ശരിയായ ജ്ഞാനമുണ്ട്. രണ്ടാമത്തെ വിഭാഗം ഇന്ദ്രിയങ്ങളിലുള്ളതായതിനാല്‍ ഉറച്ച ജ്ഞാനമല്ല. ചുരുക്കത്തില്‍ ഇദ്ദേഹത്തിന്റെ ജ്ഞാനസിദ്ധാന്തം അടിസ്ഥാനപരമായി പ്രാതിനിധ്യ സ്വഭാവമുള്‍ക്കൊള്ളുന്നു.
ക്രിയാത്മകമായ മനസ്സിലൂടെ അമൂര്‍ത്തഗണിതശാസ്ത്ര സത്യത്തെക്കുറിച്ചുള്ള ജ്ഞാനമുണ്ടാകുന്നു. എന്നാല്‍ സര്‍വ ഇന്ദ്രിയജ്ഞാനവും സംശയബദ്ധമായിരിക്കുന്നു. നമ്മുടെ വിശ്വാസത്തിനുള്ള നീതീകരണം ഈശ്വരനുണ്ടെന്നുള്ളതിനെ ആശ്രയിക്കുകയും അദ്ദേഹം വഞ്ചകനല്ലാത്തതിനാല്‍ ഇന്ദ്രിയങ്ങളെ വിശ്വസിക്കുകയെന്നുള്ള സ്വാഭാവിക ധര്‍മം നീതീകരിക്കപ്പെടുകയും ചെയ്യുന്നു.
അവസരവാദം ദെക്കാര്‍ത്തിന്റെ വീക്ഷണത്തില്‍ ആത്മാവും ശരീരവും വ്യത്യസ്ത സ്വഭാവമുള്ള രണ്ട് പദാര്‍ഥങ്ങളാണ്. ആത്മാവിന് ചിന്തയും ശരീരത്തിന് വ്യാപ്തിയുമാണ് ഗുണങ്ങള്‍. ഈ വ്യത്യസ്ത പദാര്‍ഥങ്ങള്‍ എങ്ങനെയോ ബാഹ്യമായി മാത്രം ബന്ധപ്പെട്ടിരിക്കുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനമനുസരിച്ച് ആത്മാവിന് സംവേദങ്ങളും ആശയമുണ്ടാകാനുള്ള അവസരവുമുണ്ടാകുന്നു. ഇതാണ് അവസരവാദം. ഇദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ അവസരവാദികള്‍ എന്നറിയപ്പെട്ടു. ശരീരപ്രവര്‍ത്തനവേളയില്‍ അതിനനുസൃതമായി ദൈവം ആത്മാവിലേക്ക് ആശയങ്ങള്‍ നിക്ഷേപിക്കുന്നതായി ഇവര്‍ കരുതുന്നു. ഗിലിനക്സ്, മാല്‍ബ്രാഞ്ചി എന്നിവരാണ് ഇതിന്റെ ശക്തരായ വക്താക്കള്‍.
സ്പിനോസ (1632-77)
യുക്തിചിന്തയുടെ പരമ്പരയില്‍ ദെക്കാര്‍ത്തിനുശേഷം വന്ന ഇദ്ദേഹത്തിന്റെ ചിന്തയില്‍ നോമിനലിസവും കടുത്ത യുക്തിവാദവും ഇഴുകിച്ചേര്‍ന്നിട്ടുണ്ട്. ഈ രണ്ട് ചിന്താധാരകളില്‍നിന്നും ഉയര്‍ന്ന വ്യത്യസ്തമായ ഒരു ധാരണയാണ് സ്പിനോസയ്ക്ക് അറിവിനെക്കുറിച്ചുള്ളത്. ദെക്കാര്‍ത്തിന്റെ ദ്വന്ദ്വവാദത്തിന്റെ സ്ഥാനത്ത് സ്പിനോസ അദ്വൈതവാദം സ്ഥാപിച്ചു. ഇതനുസരിച്ച് ശരീരവും മനസ്സും പ്രകൃതിയുടെ (ഈശ്വരന്റെ) രണ്ട് അവസ്ഥകള്‍ മാത്രമാണ്. ശരീരത്തിന്റെ ഗുണം വ്യാപ്തിയും മനസ്സിന്റേത് ചിന്തയുമാണ്. ഇവ ഒരേ വസ്തുവിന്റെ സമാന്തരഭാവങ്ങള്‍ മാത്രം. വസ്തുക്കളുടെ ക്രമീകരണംപോലെ തന്നെയാണ് മനസ്സിലെ ആശയങ്ങളുടെ ക്രമീകരണവും. ആശയം ഈശ്വരന്റെ ഭാഗം തന്നെയാകയാല്‍ അത് വസ്തുവിനെ ശരിയായിത്തന്നെ പ്രതിനിധീകരിക്കുന്നു. ഈ ബന്ധം അനിവാര്യവുമാണ്.
ജ്ഞാനം ഇദ്ദേഹം ജ്ഞാനത്തെ മൂന്നായി തിരിക്കുന്നു: (i) അന്തര്‍ദര്‍ശനത്തിലൂടെ ലഭിക്കുന്ന പൂര്‍ണജ്ഞാനം. ഇത് ഈശ്വരനെക്കുറിച്ചുള്ള ജ്ഞാനത്തില്‍നിന്നും വസ്തുസാരത്തെക്കുറിച്ചുള്ള ജ്ഞാനത്തിലേക്ക് നീങ്ങുന്നു. തത്ത്വശാസ്ത്രത്തിന്റെ ലക്ഷ്യം ഈ ജ്ഞാനമാണ്. (ii) യുക്തിശക്തിയാല്‍ ലഭിക്കുന്ന ജ്ഞാനം. (iii) അവ്യക്തമായ അനുഭവങ്ങളില്‍നിന്ന് ലഭിക്കുന്ന ജ്ഞാനം. ഇതിനെ 'അഭിപ്രായ'മെന്ന് സ്പിനോസ വിളിക്കുന്നു. ഓരോരുത്തര്‍ക്കും വ്യത്യസ്തമായിരിക്കുന്ന ഈ ജ്ഞാനത്തിന് സാധുത കുറവായിരിക്കും.
ലൈബ്നിസ് (1646-1716)
ഇദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ പ്രപഞ്ചത്തിന്റെ അടിസ്ഥാനഘടകം ലഘുപദാര്‍ഥമായ 'മൊണാഡ്' ആണ്. പദാര്‍ഥങ്ങള്‍ക്ക് സ്പിനോസ കല്പിച്ചിരിക്കുന്ന സര്‍വഗുണങ്ങളും ഇതില്‍ ഉള്‍ക്കൊള്ളുന്നു. സ്ഥൂലപ്രപഞ്ചത്തെ പ്രതിഫലിപ്പിക്കുന്ന ഒരു സൂക്ഷ്മപ്രപഞ്ചവും ആത്മാവിനെപ്പോലെ സ്വരൂപത്തോടുകൂടിയതുമാണ് മൊണാഡ്.
ഓരോ മൊണാഡിനും പ്രത്യക്ഷത്തിനുള്ള കഴിവുണ്ട്. സ്വയം വികാസത്തിന്റെ ഫലമായുണ്ടാകുന്ന ഈ പ്രത്യക്ഷത്തിന് മറ്റൊരു മൊണാഡിന്റെ മാറ്റത്തെ പ്രതിഫലിപ്പിക്കാന്‍ കഴിയും. വ്യത്യസ്ത മൊണാഡുകളില്‍ സംഭവിക്കുന്ന ഒരേ പ്രവൃത്തി അതിന്റേതായ പ്രത്യേക പ്രത്യക്ഷത്തോടുകൂടിയുള്ളതാണ്.
ഒരു വസ്തുവിനെക്കുറിച്ചുള്ള പ്രത്യേക ആശയം എന്നുള്ളത് ഒന്നിനെ മറ്റൊന്നില്‍നിന്നും തിരിച്ചറിയുന്നതിനുള്ള കഴിവ് നല്കുകയെന്നുള്ളതാണ്. ഇതിന് ശരിയായ അവബോധം ആവശ്യമാണ്. ഇത് മനുഷ്യാത്മാവിനെ നിര്‍മിക്കുന്ന മൊണാഡുകള്‍ക്ക് മാത്രമേയുള്ളൂ. ഇതുണ്ടാകാന്‍ മൊണാഡുകള്‍ക്ക് പ്രത്യക്ഷത്തിലൂടെ ലഭിക്കുന്നവയെക്കുറിച്ചുള്ള ബോധം അനിവാര്യമാണ്. ലൈബ്നിസ് പ്രത്യക്ഷത്തിന്റെ പ്രാതിനിധ്യസിദ്ധാന്തം സ്വീകരിച്ചിരിക്കുന്നു.
ജന്മസിദ്ധമായ ആശയങ്ങള്‍. പ്രത്യക്ഷത്തിലൂടെയും യുക്തിയിലൂടെയും ലഭിക്കുന്ന ആശയങ്ങള്‍ വ്യത്യസ്തങ്ങളാണെങ്കിലും ഇദ്ദേഹം രണ്ടിനെയും ജന്മസിദ്ധമായി കരുതുന്നു. ഒന്നുംതന്നെ വസ്തുഹേതുവായി ഇന്ദ്രിയങ്ങളിലൂടെ ലഭിക്കുന്നില്ല. വ്യക്തവും നിയതവുമായ ആശയങ്ങളെല്ലാം അനുഭവത്തിന് മുന്നേയുള്ളതാണ്. ഗണിതശാസ്ത്ര ആശയങ്ങള്‍ ഇങ്ങനെയുള്ളവയാണ്.
ബ്രിട്ടീഷ് അനുഭവവാദം
യുക്തിവാദത്തിനെതിരെ ചരിത്രപരമായി ഉയര്‍ന്നുവന്നതാണ് അനുഭവവാദം. ബ്രിട്ടീഷ് അനുഭവവാദികളില്‍ പ്രമുഖരായവര്‍ ജോണ്‍ ലോക്ക്, ഡേവിഡ് ഹ്യൂം, ബിഷപ്പ് ബര്‍ക്കലി എന്നിവരാണ്.
ജോണ്‍ ലോക്ക് (1632-1704)
ജോണ്‍ ലോക്ക് അനുഭവവാദിയാണെങ്കിലും യുക്തിയുടെ പങ്കിനെ അംഗീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ വീക്ഷണത്തില്‍ ജ്ഞാനത്തിനുള്ള സര്‍വ അസംസ്കൃത പദാര്‍ഥങ്ങളും അനുഭവജന്യമാണെങ്കിലും ജ്ഞാനരൂപീകരണം അനുഭവത്തെ മാത്രം അടിസ്ഥാനമാക്കിയുള്ളതല്ല. ആശയങ്ങള്‍ ജന്മസിദ്ധമാണെന്നുള്ള വാദത്തെയും ഇദ്ദേഹം എതിര്‍ക്കുന്നു.
ലോക്ക് ആശയത്തെ ഇന്ദ്രിയങ്ങളിലൂടെ ലഭിക്കുന്നവ, ചിന്തയിലൂടെയുണ്ടാവുന്നവ എന്നിങ്ങനെ രണ്ടായി തരംതിരിച്ചു. രണ്ടാമത്തേതിന് ഇന്ദ്രിയജന്യമായ ആശയങ്ങളെ ആശ്രയിക്കണം; മറ്റു സ്രോതസ്സുകളില്ല. ആശയങ്ങള്‍ ലഘുവായവ, സങ്കീര്‍ണമായവ എന്നിങ്ങനെ രണ്ടു വിധമുണ്ട്. ലഘു ആശയങ്ങളെ മനസ്സില്‍ കൂട്ടിച്ചേര്‍ത്തു സങ്കീര്‍ണാശയങ്ങള്‍ സൃഷ്ടിക്കുന്നു. വസ്തുക്കളുടെ പ്രത്യേക ഗുണങ്ങളെക്കുറിച്ച് ഇന്ദ്രിയങ്ങളിലൂടെ ലഭിക്കുന്നവയാണ് ലഘു ആശയങ്ങള്‍. ദെക്കാര്‍ത് ചൂണ്ടിക്കാണിച്ചപോലെ വസ്തുക്കള്‍ക്ക് രണ്ടുതരം ഗുണങ്ങള്‍ ഉണ്ടെന്ന് ലോക്കും അഭിപ്രായപ്പെടുന്നു. എന്നാല്‍ ദെക്കാര്‍ത്തില്‍നിന്നും വ്യത്യസ്തമായ വീക്ഷണമാണ് ഇദ്ദേഹത്തിനുള്ളത്. പ്രാഥമിക ഗുണങ്ങള്‍ക്ക് ഇന്ദ്രിയങ്ങളില്‍ ഉണ്ടാക്കാന്‍ കഴിയുന്ന ഒരു ശക്തിയാണ് രണ്ടാംതര ഗുണങ്ങള്‍. ഈ ഗുണങ്ങള്‍ ആത്മനിഷ്ഠമാണ്.
ഇന്ദ്രിയങ്ങള്‍ക്ക് വസ്തുകാരണമായുണ്ടാകുന്ന സംവേദനത്തില്‍നിന്നുമാണ് പ്രത്യക്ഷം ഉണ്ടാകുന്നത്. ഇക്കാര്യത്തില്‍ ലോക്ക് പ്രാതിനിധ്യ സിദ്ധാന്തം സ്വീകരിച്ചിരിക്കുന്നു. ഇന്ദ്രിയങ്ങളിലൂടെ ലഭിക്കുന്ന ലഘു ആശയങ്ങളില്‍നിന്നും മനസ് വസ്തുവിന്റെ സവിശേഷതകള്‍, പദാര്‍ഥം, ബന്ധങ്ങള്‍ എന്നീ സങ്കീര്‍ണാശയങ്ങള്‍ സൃഷ്ടിക്കുന്നു. ബാഹ്യവസ്തു യഥാര്‍ഥത്തില്‍ എന്താണെന്ന കാര്യത്തില്‍ ഇദ്ദേഹം അജ്ഞത പ്രകടിപ്പിക്കുന്നു.
എല്ലാ ജ്ഞാനവും ആത്യന്തികമായി ഇന്ദ്രിയ ജ്ഞാനത്തെ ആശ്രയിച്ചിരിക്കുന്നു. ഇദ്ദേഹത്തിന്റെ ജ്ഞാനസിദ്ധാന്തത്തില്‍ അനുഭവേതര സ്വഭാവം കാണുന്നുണ്ട്. ജ്ഞാനമെന്നാല്‍ ആശയങ്ങള്‍ തമ്മിലുള്ള ബന്ധം, പൊരുത്തം, യോജിപ്പ് എന്നിവയെ പ്രത്യക്ഷീകരിക്കലാണ്. ലോക്കിന്റെ അഭിപ്രായത്തില്‍ ജ്ഞാനത്തിന് അന്തര്‍ദര്‍ശന ജ്ഞാനം, വിശദീകരണ ജ്ഞാനം, ബാഹ്യവസ്തുക്കളെക്കുറിച്ചുള്ള ഇന്ദ്രിയ ജ്ഞാനം എന്നിങ്ങനെ മൂന്നുതലങ്ങളുണ്ട്. ആദ്യത്തേതും രണ്ടാമത്തേതും ആശയങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍നിന്നുണ്ടാകുന്നു. മൂന്നാമത്തേത് വസ്തുവുമായി ബന്ധപ്പെട്ടിരിക്കുന്നു. അന്തര്‍ദര്‍ശനത്തിലൂടെ അസ്തിത്വത്തെക്കുറിച്ചുള്ള ജ്ഞാനവും ഈശ്വരനെക്കുറിച്ചുള്ള വിശദീകരണ ജ്ഞാനവുമുണ്ടാകുന്നു.
ബിഷപ്പ് ബര്‍ക്കലി (1685-1753)
സന്ദേഹവാദത്തില്‍നിന്ന് സാമാന്യബുദ്ധിയെ രക്ഷിക്കുവാനാണ് ഇദ്ദേഹം മുന്നോട്ടുവന്നത്. ഭൌതിക വസ്തുവിനെക്കുറിച്ച് ഞാന്‍ അജ്ഞനാണ് എന്ന ലോക്കിന്റെ പ്രസ്താവം ബര്‍ക്കലി സ്വീകരിക്കുകയും ഭൗതിക വസ്തുവിനെ നിരാകരിക്കുകയും ചെയ്തു. അവയുടെ പ്രത്യക്ഷീകരിക്കലില്‍ മാത്രമേ അതിന് നിലനില്പുള്ളൂ (നിലനില്ക്കണമെങ്കില്‍ പ്രത്യക്ഷീകരിക്കണം). ഫലത്തില്‍ ഭൗതിക വസ്തുവെന്നത് ആശയങ്ങളുടെ സങ്കീര്‍ണരൂപമാണെന്നും ഇവയ്ക്കാധാരം വസ്തുവല്ല, മറിച്ച് അഖണ്ഡമായ ഒരു അശരീര വസ്തുവാകണമെന്നും ഇദ്ദേഹം വിശ്വസിക്കുന്നു. കുറേ ആശയങ്ങള്‍ മനുഷ്യനാലും മറ്റു ചിലത് ഈശ്വരനാലും സൃഷ്ടിക്കപ്പെടുന്നു.
വസ്തുജ്ഞാനമുണ്ടാകുന്നത് അനുഭവത്തില്‍നിന്നാണ്. അതിനാല്‍ ആശയങ്ങള്‍ ഇന്ദ്രിയ സംവേദനപരമായോ മറ്റാശയങ്ങളുമായോ ബന്ധപ്പെട്ടുകിടക്കുന്നു. ഈ ആശയങ്ങള്‍ ചേരുംപടി യോജിപ്പിച്ച് വസ്തുവായി കാണുന്നു.
പ്രത്യക്ഷത്തിന് വിധേയമാകാത്ത വസ്തുക്കളെ മറ്റു വല്ല അശരീരത്ത്വവും ദര്‍ശിക്കുന്നുണ്ടാവുമെന്ന് ബര്‍ക്കലി കരുതുന്നു. വസ്തുക്കളായി ദര്‍ശിക്കുന്നത് യഥാര്‍ഥത്തില്‍ ഏതെങ്കിലും സത്ത്വത്തിന്റെ മനസ്സിലുള്ള ആശയ സഞ്ചയത്തെയാണ്. ഈശ്വരനുണ്ടായിരിക്കുന്ന ക്രമബദ്ധമായ ആശയങ്ങളാണ് നമ്മുടെ ആശയങ്ങളുടെ ക്രമീകരണത്തിന് ഉറപ്പുനല്കുന്നത്. ജോണ്‍ ലോക്ക് സൂചിപ്പിച്ച പ്രാഥമികവും രണ്ടാന്തരവുമായ ഗുണങ്ങളെക്കുറിച്ചുള്ള ധാരണ ഇദ്ദേഹം നിരസിച്ചു. ബര്‍ക്കലിയുടെ അഭിപ്രായത്തില്‍ ഇവ രണ്ടും മനസ്സിനെ ആശ്രയിച്ചിരിക്കുന്നു. ഗുണങ്ങളെല്ലാം മനസ്സിലെ ആശയങ്ങളാണ്.
അമൂര്‍ത്താശയങ്ങളുടെ സ്ഥാനത്ത് ഇദ്ദേഹം, നോമിനലിസത്തോട് സാദൃശ്യമുള്ള സാര്‍വത്രികാശയങ്ങള്‍ സ്ഥാപിച്ചു. ഒരേ ഗണത്തില്‍പ്പെട്ട ആശയങ്ങളെ പ്രതിനിധീകരിക്കുന്നതും അവയുടെ സ്വഭാവമുള്ളതും നിയതവുമായ ആശയങ്ങളാണ് സാര്‍വത്രികാശയങ്ങള്‍. ആ ഗണത്തെ പ്രതിനിധീകരിക്കുന്നതിനുള്ള ഇതിന്റെ ശക്തിയെ ആശ്രയിച്ചിരിക്കുന്നു സാര്‍വത്രിക സ്വഭാവം.
നമ്മുടെ പ്രത്യക്ഷത്തിന് വിധേയമാകുന്ന വസ്തുക്കള്‍ ആശയങ്ങളാകയാല്‍ അതിന്റെ അസ്തിത്വത്തില്‍ ബര്‍ക്കലിക്ക് തെല്ലും സംശയമില്ല. യഥാര്‍ഥ വസ്തുക്കള്‍ ആശയങ്ങളാണ്. അങ്ങനെ ജ്ഞാനത്തിന് സാധുതയും ഉറപ്പും ലഭിക്കുന്നതിനാല്‍ ഇദ്ദേഹം സന്ദേഹവാദം നിരസിച്ചു.
ഈശ്വരനെക്കുറിച്ചും ആത്മാവിനെക്കുറിച്ചും ഉള്ള വീക്ഷണത്തെ മാറ്റിനിര്‍ത്തിയാല്‍ ബര്‍ക്കലി തികച്ചും ഒരു അനുഭവവാദിയാണ്. കാരണം ജ്ഞാനത്തിനടിത്തറ ഇന്ദ്രിയപ്രത്യക്ഷമാണ്. ഇന്ദ്രിയപ്രത്യക്ഷത്തെ സംബന്ധിച്ചിടത്തോളം ലോക്ക് ഒരു പരിധിവരെ സന്ദേഹവാദം സ്വീകരിച്ചിരുന്നു. ബര്‍ക്കലിയുടെ വീക്ഷണത്തില്‍ യുക്തിജ്ഞാനത്തിനടിസ്ഥാനം ഇന്ദ്രിയജ്ഞാനമാണ്. ഇന്ദ്രിയപ്രത്യക്ഷം വസ്തുവിനെ പ്രതിനിധീകരിക്കണമെന്നില്ല. പ്രത്യക്ഷപ്രവര്‍ത്തനത്തിലെ പ്രാതിനിധ്യ സ്വഭാവത്തെ നിരസിച്ചുകൊണ്ടാണ് ഇദ്ദേഹം സന്ദേഹവാദത്തെ എതിര്‍ക്കുന്നതിനുള്ള അടിത്തറയിട്ടത്.
ഡേവിഡ് ഹ്യൂം (1711-76)
പരിമിതമായ ഗ്രഹണ ശക്തിയാല്‍ പ്രകൃതി രഹസ്യങ്ങളെല്ലാം ഗ്രഹിക്കാന്‍ സാധ്യമല്ലെന്ന് ലോക്കും ഗ്രഹണശക്തിക്ക് വിധേയമല്ലാത്തതായൊന്നുമില്ലെന്ന് ബര്‍ക്കലിയും പറഞ്ഞു. ഇന്ദ്രിയപ്രത്യക്ഷം പൂര്‍ണമായും യാഥാര്‍ഥ്യജ്ഞാനം നല്കുന്നുവെന്ന ബര്‍ക്കലിയുടെ വാദത്തോട് അനുകൂലിച്ചുകൊണ്ട് ഇന്ദ്രിയഗോചരമല്ലാത്തതൊന്നും പ്രകൃതിയിലില്ലെന്ന് ഹ്യൂം അഭിപ്രായപ്പെട്ടു. എന്നാല്‍ ഗ്രഹണശക്തി പരിമിതമായതിനാല്‍ സന്ദേഹവാദമാണ് യോജിച്ചതെന്ന് ഹ്യൂം വിശ്വസിച്ചു.
ആശയങ്ങളുടെ സ്വഭാവത്തെ കാണിക്കുന്നതിന് ഹ്യൂം ഇന്ദ്രിയങ്ങളിലൂടെ ലഭിക്കുന്ന ശക്തമായ ആശയങ്ങളെയും സാധാരണ ആശയങ്ങളെയും വേര്‍തിരിക്കുന്നു. ഇന്ദ്രിയപ്രത്യക്ഷത്തിലൂടെ ലഭിക്കുന്നത് മുദ്രണവും സങ്കല്പത്തിലൂടെയും സ്മൃതിയിലൂടെയും ലഭിക്കുന്നത് ആശയവുമാണ്. ഓരോ ലഘു ആശയത്തിനും അനുസൃതമായി ഒരു മുദ്രണമുണ്ട്. ലഘു ആശയങ്ങളില്‍നിന്നും സങ്കീര്‍ണ ആശയങ്ങള്‍ രൂപീകരിക്കപ്പെടുന്നു. എല്ലാ ജ്ഞാനസൃഷ്ടിക്കുമുള്ള സാമഗ്രി ഇന്ദ്രിയമുദ്രണമാണ്. മുദ്രണങ്ങള്‍ ആശയത്തെക്കാള്‍ ശക്തവും വര്‍ണശബളവുമാണ്. ഹ്യൂമിന്റെ അഭിപ്രായത്തില്‍ അമൂര്‍ത്താശയങ്ങളില്ല. ആശയങ്ങള്‍ വൈയക്തികവും വസ്തുതകളെ സാമാന്യമായി പ്രതിനിധീകരിക്കുന്നതുമാകുന്നു. സാമാന്യനാമങ്ങളെ നാം ഗ്രഹിക്കുന്നത് ഇവ എങ്ങനെ ഇതേ ഗണത്തില്‍പ്പെട്ട വസ്തുക്കളുടെ ആശയങ്ങളെ പ്രതിനിധീകരിക്കുന്നു എന്നുള്ള മനസ്സിന്റെ ധര്‍മത്തെ ആശ്രയിച്ചാണ്.
നമുക്ക് പ്രത്യക്ഷത്തെക്കുറിച്ച് മാത്രമാണ് അവബോധമുള്ളത്. കാഴ്ചകള്‍ മനസ്സില്‍ വന്നുപോകുന്നു. ഇതില്‍നിന്നും രൂപപ്പെട്ടുവരുന്ന നിത്യമെന്നു തോന്നുന്ന വസ്തുക്കളുടെ ഒരു ബാഹ്യലോകത്തെ മനസ് വിശ്വസിക്കുന്നു. മുദ്രണങ്ങള്‍ക്ക് ചില പൊരുത്തവും തുടര്‍ച്ചയുമുണ്ട്. അവ ഒരുമിച്ച് യോജിക്കുകയും ഇടവേളയ്ക്കുശേഷം ഒരേ ക്രമത്തില്‍ സംഭവിക്കുകയും ചെയ്യുന്നു. മനോഭാവമനുസരിച്ച് ഇന്ദ്രിയവസ്തുക്കള്‍ക്ക് അവയ്ക്കുള്ളതിലും കൂടുതല്‍ ക്രമബദ്ധത ആരോപിക്കുകയും ഒരു നിത്യലോകത്തെക്കുറിച്ച് വിശ്വസിക്കാനിടയാകുകയും ചെയ്യുന്നു. വസ്തുക്കള്‍ പ്രത്യക്ഷങ്ങളുടെ ഒരു കൂട്ടം മാത്രമാണ്. ഇന്ദ്രിയങ്ങളെയും ഗ്രഹണശക്തിയെയും കൂടുതലായി വിശ്വസിക്കാന്‍ പാടില്ല എന്നും ഹ്യൂം അഭിപ്രായപ്പെട്ടിരുന്നു. ഇതിലൂടെ ഇദ്ദേഹം സന്ദേഹവാദത്തെ അനുകൂലിക്കുന്നതായി കാണാം. പ്രത്യക്ഷപ്രവര്‍ത്തനത്തില്‍ ഒരു പ്രാതിനിധ്യസിദ്ധാന്തമാണ് ഡേവിഡ് ഹ്യൂം സ്വീകരിച്ചിരിക്കുന്നത്.
ഇമ്മാനുവല്‍ കാന്റ് (1724-1804)
17-ാം ശതകത്തിലെ യുക്തിവാദവും അനുഭവവാദവും ഇദ്ദേഹത്തിന്റെ ചിന്തയില്‍ കൂടിച്ചേര്‍ന്നു. ഗ്രഹണശക്തിയുടെ ശരിയായ സ്വഭാവം, അതിന്റെ പരിധിയും ഉപയോഗവും പരിമിതിയും, ഭൗതികവാദത്തിന്റെ സ്വഭാവം എന്നിവയെല്ലാം ഇദ്ദേഹം നിരീക്ഷണവിധേയമാക്കിയിരുന്നു. ഭാവനാസൃഷ്ടിയുടെ ഫലമാണ് വസ്തുവെന്നു കരുതി ഹ്യൂം തള്ളിക്കളഞ്ഞ വസ്തുക്കളെക്കുറിച്ചുള്ള ശരിയായ ജ്ഞാനം, ഗ്രഹണശക്തി എങ്ങനെ നമുക്ക് പ്രദാനം ചെയ്യുന്നുവെന്ന് ഇദ്ദേഹം വിശദമാക്കുന്നുണ്ട്.
അനുഭവത്തിനുമുമ്പും അനുഭവത്തിനുശേഷവുമുള്ള നിര്‍ണയവാക്യങ്ങളുടെ വ്യത്യാസത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് ജ്ഞാനപ്രവൃത്തിയോടുള്ള ഇദ്ദേഹത്തിന്റെ സമീപനം. ആദ്യത്തേത് ഇന്ദ്രിയാനുഭവം കൂടാതെ തന്നെ ഗ്രഹിക്കാവുന്നതും രണ്ടാമത്തേത് അനുഭവശേഷം മാത്രം ഗ്രഹിക്കാവുന്നതുമാണ്. ആദ്യത്തേത് സ്വതസ്സാധ്യനിര്‍ണയവാക്യവും രണ്ടാമത്തേത് അനുഭവസിദ്ധനിര്‍ണയവാക്യവുമാണ്. ആദ്യത്തേതില്‍ ശുദ്ധമായ ബൗദ്ധിക ധാരണകള്‍ ഉള്‍ക്കൊള്ളുന്നു; രണ്ടാമത്തേതില്‍ അനുഭവസിദ്ധമായ ധാരണകളും.
നിര്‍ണയ വാക്യങ്ങള്‍ തമ്മിലുള്ള മറ്റൊരു വ്യത്യാസം വിശ്ലേഷണ(Analytic)പരവും സംശ്ലേഷണ(Synthetic)പരവുമാണ്. ആദ്യത്തേത് വസ്തുവിനെക്കുറിച്ച് പുതിയ വിവരം നല്കുന്നില്ല. രണ്ടാമത്തേത് പുതിയ അറിവ് നല്കുന്നു.
ബുദ്ധിയിലൂടെ മാത്രമേ സുനിശ്ചിതവും ശരിയായതും സാര്‍വത്രികവുമായ ജ്ഞാനം ലഭിക്കൂ. ഇന്ദ്രിയജ്ഞാനം പുതിയ ജ്ഞാനം നല്കുന്നുവെങ്കിലും അത് അനിശ്ചിതത്വം നിറഞ്ഞതും ഉറപ്പില്ലാത്തതും അവ്യക്തവും സംഭാവൃത നിറഞ്ഞതുമാണ്. ഇതില്‍നിന്ന് സുനിശ്ചിതവും ശരിയായതും സാര്‍വത്രികവുമായ ജ്ഞാനം ലഭിക്കുക അസാധ്യമാണ്. ഹ്യൂമിന്റെ അഭിപ്രായത്തില്‍, സ്വതസ്സാധ്യസ്വഭാവമുള്ള സംശ്ലേഷണപരമായ പുതിയ ജ്ഞാനം നല്കുന്ന ഉറപ്പുള്ള സത്യമായ സാര്‍വത്രികജ്ഞാനം അസാധ്യമാണെന്നായിരുന്നു. എന്നാല്‍ കാന്റിന്റെ അഭിപ്രായത്തില്‍ സ്വതസ്സാധ്യ-സംശ്ലേഷിത നിര്‍ണയവാക്യം സാധ്യമാണ്. ഗണിതശാസ്ത്രം, ഭൗതികശാസ്ത്രം, എന്നിവയില്‍നിന്ന് ലഭിക്കുന്നത് ഇത്തരം ജ്ഞാനമാണ്.
സ്വതസ്സാധ്യസംശ്ലേഷണ ജ്ഞാനം. ഇത് അനുഭവത്തില്‍നിന്ന് അപരോക്ഷമായി ലഭിക്കണമെന്നില്ലെങ്കിലും ആത്യന്തികമായി അനുഭവത്തെ അടിസ്ഥാനപ്പെടുത്തുന്നു. സ്വതസ്സാധ്യസംശ്ലേഷണജ്ഞാനം ബൗദ്ധികധാരണകളുടെ സഹായത്തോടെ അന്തര്‍ദര്‍ശനത്തില്‍നിന്നും തുടങ്ങുന്നു. ഇന്ദ്രിയത്തിലൂടെ കാല-ദേശസ്വഭാവത്തോടുകൂടി വസ്തുവിനെക്കുറിച്ചുള്ള സംവേദനം ലഭിക്കുന്നു. കാല-ദേശഘടന അനുഭവത്തിന്റെ ഒരു അനിവാര്യഘടകമാണ്. ഈ കാല-ദേശങ്ങള്‍ മനസ്സിന്റെ അന്തര്‍ദര്‍ശന ഘടനയില്‍പ്പെടുന്നു. കാന്റ് പ്രത്യക്ഷത്തില്‍ പ്രതിനിധീകരണ സിദ്ധാന്തമാണ് സ്വീകരിച്ചിരിക്കുന്നത്. ഈ കാല-ദേശരൂപങ്ങള്‍ അനുഭവത്തിനപ്പുറത്തേക്ക് പ്രയോഗിക്കാന്‍ സാധ്യമല്ല. ഇത് ഒരു സാര്‍വത്രിക സ്വഭാവമായി വ്യക്തിനിഷ്ഠമായും ആത്മനിഷ്ഠമായും ബന്ധപ്പെട്ടിരിക്കുന്നു.
ശുദ്ധ സ്വതസ്സാധ്യ അന്തര്‍ദര്‍ശനം. കാല-ദേശ സ്വഭാവത്തോടെയാണ് ഇന്ദ്രിയദര്‍ശനം സാധ്യമാകുന്നത് എന്നതിനു പുറമേ, കാല-ദേശങ്ങളുടെ ഒരു ശുദ്ധസ്വതസ്സാധ്യ അന്തര്‍ദര്‍ശനം തന്നെ നമുക്കുണ്ട്. ഇതിനാലാണ് ഗണിതശാസ്ത്രം സാധ്യമായിരിക്കുന്നത്. ജ്യാമിതിയില്‍ ദേശത്തിന്റെയും കണക്കുകൂട്ടലില്‍ കാലത്തിന്റെയും ദര്‍ശനമുണ്ട്. കാല-ദേശധാരണകള്‍ അനുഭവത്തില്‍നിന്നും അമൂര്‍ത്തവത്കരിച്ചെടുക്കുന്നവയല്ല; അവ സ്വതസ്സിദ്ധമാണ്.
സര്‍വാനുഭവങ്ങള്‍ക്കും രൂപംനല്കുന്നത് കാല-ദേശങ്ങളാണ്. ഇതിനുള്ള പദാര്‍ഥം ഇന്ദ്രിയസംവേദനങ്ങളാണ് നല്കുന്നത്. ഇവയെല്ലാം ജ്ഞാനമാകാന്‍ ബൗദ്ധികധാരണകളുടെ കീഴില്‍ നിര്‍ണയവാക്യങ്ങളാക്കി മാറ്റണം. 'പദാര്‍ഥമില്ലാത്ത ചിന്ത ശൂന്യവും ബൗദ്ധികധാരണകളില്ലാതെയുള്ള പ്രത്യക്ഷം അന്ധവുമാണ്. ബൗദ്ധികധാരണ, ഗ്രഹണശക്തി, കാലദേശങ്ങള്‍, പ്രത്യക്ഷം എന്നീ തത്ത്വങ്ങളുടെ കൂട്ടുപ്രവര്‍ത്തനങ്ങളുടെ ഫലമായാണ് നിര്‍ണയവാക്യങ്ങള്‍ രൂപപ്പെടുന്നത്. ഈ തത്ത്വങ്ങള്‍ ഉപാധിയായി മാത്രമേ അനുഭവം സാധ്യമാകൂ. ഇന്ദ്രിയസംവേദനങ്ങളെ ക്രമീകരിച്ച് പ്രത്യക്ഷമായും പ്രത്യക്ഷത്തെ ക്രമീകരിച്ച്, സങ്കല്പശക്തിയാല്‍ ഗ്രഹണശക്തി തിരിച്ചറിയുകയും ബൗദ്ധികധാരണകളോട് സംയോജിപ്പിക്കുകയും ചെയ്യുമ്പോള്‍ നമുക്ക് വസ്തുക്കളുടെ ദര്‍ശനം ശരിയായ ലഭിക്കുന്നു. ബൗദ്ധികധാരണകളില്‍ ഉള്‍ക്കൊള്ളുന്ന തത്ത്വങ്ങളാണ് വസ്തുക്കള്‍ തമ്മിലുള്ള ബന്ധത്തെ ചൂണ്ടിക്കാണിച്ച് നിര്‍ണയവാക്യങ്ങള്‍ രൂപീകരിക്കുന്നത്. ഈ വാക്യങ്ങള്‍ പ്രതിഭാസസ്വഭാവത്തെ സൂചിപ്പിക്കുന്നു. അനുഭവാതീതമായ വസ്തുക്കള്‍ക്ക് ഇത് പ്രയോഗയുക്തമല്ല. ഇതിനെ കറന്റ് അജ്ഞാതാജ്ഞേയവസ്തു എന്നുവിളിക്കുന്നു. ആത്മാവും ഇതില്‍പ്പെടുന്നു. കാന്റിന്റെ അഭിപ്രായത്തില്‍ ഇതിന് യുക്തി (വിവേചനശക്തി), ഗ്രഹണശക്തി, സംവേദനം (അനുഭവം) എന്നിങ്ങനെ മൂന്ന് ഘടകങ്ങളുണ്ട്.
കാന്റിനുശേഷമുള്ള ആശയവാദം
യൊഹാന്‍ ഗോട്ട് ലീബ് ഫിക്റ്റെ (1762-1814)
19-ാം ശതകത്തിലെ പ്രധാന പ്രവണത ആശയവാദമാണ്. കാന്റ് അജ്ഞാതാജ്ഞേയമെന്ന് കരുതിയ വസ്തുവിനെ ഇദ്ദേഹം നിരാകരിച്ചു. ഇതോടെ അനുഭവം (പ്രതിഭാസം) മാത്രം അവശേഷിക്കുന്നു. ഇതാണ് ആശയവാദികളുടെ വീക്ഷണത്തില്‍ യാഥാര്‍ഥ്യമായിട്ടുള്ളത്.
അനുഭവത്തിലെ ആത്മനിഷ്ഠവും വസ്തുനിഷ്ഠവുമായ വശങ്ങള്‍ എങ്ങനെ തിരിച്ചറിയാം എന്നതായിരുന്നു ഇദ്ദേഹം നേരിട്ട പ്രശ്നം. അനുഭവവും അനുഭവജ്ഞനും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. അനുഭവവും നിര്‍ണയവാക്യങ്ങളും പരസ്പരം പൊരുത്തപ്പെട്ടിരിക്കുന്നിടത്തോളം അത് സത്യമായിരിക്കുകയും യുക്തിയുക്തമായ ഒരു സിദ്ധാന്തസംഹിത സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. അനുഭവത്തില്‍ വൈരുധ്യങ്ങളും വിരോധാഭാസങ്ങളും നിറഞ്ഞിരിക്കുന്നതിനാല്‍ അതിനെക്കുറിച്ചുള്ള നിര്‍ണയവാക്യത്തിന് താണനില മാത്രമേയുള്ളൂ. ഇന്ദ്രിയലോകം പ്രത്യക്ഷം മാത്രമാണ്. യാഥാര്‍ഥ്യം മറ്റെന്തോ ആണെന്ന് ഇദ്ദേഹം അഭിപ്രായപ്പെട്ടു.
ഗെയോര്‍ഗ് വില്‍ഹെല്‍മ് ഫ്രീഡ്റിഷ് ഹെഗല്‍ (1770-1831)
ഇദ്ദേഹത്തിന്റെ ദര്‍ശനം വസ്തുനിഷ്ഠാ ആശയവാദം (പൂര്‍ണ ആശയവാദം) എന്നറിയപ്പെടുന്നു. കാന്റ് തന്റെ വീക്ഷണത്തില്‍ ദ്വന്ദ്വ ഭാവങ്ങള്‍ ദര്‍ശിച്ചു. എന്നാല്‍ ഹെഗെല്‍ ഈ ദ്വന്ദ്വസ്വഭാവം പരിഹരിക്കുന്നതില്‍ വിജയിച്ചു. പാരമാര്‍ഥികസത്തയെക്കുറിച്ച് നമുക്ക് അറിയാമെന്ന് അവകാശപ്പെട്ടുകൊണ്ട് കാന്റിന്റെ അജ്ഞേയവാദം ഇദ്ദേഹം നിരസിച്ചു. ഇദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ പൂര്‍ണനിഷേധവും ജ്ഞാനമായിത്തീരുന്നു. വസ്തുനിഷ്ഠ ആശയവാദം ഒരുതരം ശാസ്ത്രമാണ്. ആശയം യാഥാര്‍ഥ്യവും യാഥാര്‍ഥ്യം ആശയവുമാണ്. ആത്മാവും വസ്തുവും പൂര്‍ണാശയത്തിന്റെ ഭാഗങ്ങളാണ്.
ഇന്ദ്രിയലോകം ബാഹ്യപ്രകാശനം മാത്രമാണെന്ന് ഇദ്ദേഹം കരുതുന്നില്ല. ഗ്രഹണശക്തിക്ക് അതിന്റേതായ വിരോധാഭാസങ്ങളുണ്ടെന്നും അതിനെ യുക്തിയുടെ കാര്യക്ഷമമായ ഉപയോഗത്തിലൂടെ പരിഹരിക്കാവുന്നതാണെന്നും ഹെഗല്‍ കരുതുന്നു. ഞാനെന്നഭാവം ഞാനല്ലാത്തതുമായി അപരോക്ഷമായി ബന്ധപ്പെടുമ്പോഴുണ്ടാകുന്ന ഗ്രഹണത്തില്‍നിന്നാണ് ബോധമുണ്ടാകുന്നത്. ഇന്ദ്രിയജ്ഞാനം ഈ ബോധമുള്‍ക്കൊണ്ട് സാര്‍വത്രികാശയങ്ങളുടെ കീഴില്‍ ക്രമീകരിക്കപ്പെടുന്നു. വസ്തുക്കളെ ഗ്രഹിക്കാന്‍ മറ്റു വഴികളില്ലെന്ന് ഹെഗല്‍ പറയുന്നു. വസ്തുവും വ്യക്തിയുമായി ബന്ധപ്പെട്ട നാമങ്ങളെല്ലാം സാമാന്യമായി വ്യത്യസ്ത വസ്തുക്കള്‍ക്ക് പ്രയോഗിക്കപ്പെടുന്നു. സാര്‍വത്രികതയില്‍നിന്നും ഒന്നിനെ തിരിച്ചറിയാന്‍ സാധ്യമല്ല. അതിനാല്‍ ഇന്ദ്രിയജ്ഞാനം മധ്യസ്ഥജ്ഞാനമാണ്. സാര്‍വത്രികതയിലൂടെ മാത്രമേ ഇത് ലഭിക്കൂ. ഇത് യാഥാര്‍ഥ്യത്തെക്കുറിച്ചുള്ള അപരോക്ഷജ്ഞാനമല്ല. ബുദ്ധി നമുക്ക് ഉയര്‍ന്ന സാര്‍വത്രികതയെ തരുന്നു. അതാണ് താഴ്ന്ന നിലയിലുള്ള സാര്‍വത്രികതയെ ഇന്ദ്രിയപ്രത്യക്ഷത്തിലേക്ക് പ്രയോഗിക്കാനുള്ള മാര്‍ഗം. ഉയര്‍ന്ന സാര്‍വത്രികത ശക്തിയാണ്. ഇത് ഇന്ദ്രിയജന്യമായ വസ്തുക്കള്‍ക്ക് ഐകരൂപ്യം നല്കുകയും അനുയോജ്യമായ ഉപഗണത്തില്‍പ്പെടുകയും ചെയ്യുന്നു. ബുദ്ധി ഇത് ഗ്രഹിക്കുകയും വൈരുധ്യങ്ങളെ സംയോജിപ്പിക്കുകയും ചെയ്യുന്നു. ബോധവും സ്വയംബോധവും തമ്മിലുള്ള എതിര്‍പ്പ് യുക്തിയിലൂടെ കൂട്ടിച്ചേര്‍ക്കേണ്ടതാണെന്ന് ഹെഗല്‍ അഭിപ്രായപ്പെടുന്നു.
ബ്രാഡ് ലി(1846-1924)
ഹെഗലിന്റെ സ്വാധീനം ഇംഗ്ലീഷ് ആശയവാദിയായ ബ്രാഡ്ലിയില്‍ കാണാം. ഇദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ എല്ലാ നിര്‍ണയ വാക്യങ്ങളുടെയും സത്യം ഉപാധികളെ ആശ്രയിച്ചിരിക്കുന്നു. സാര്‍വത്രികതയുടെ കീഴില്‍ മാത്രമേ യാഥാര്‍ഥ്യത്തെ തിരിച്ചറിയാന്‍ സാധിക്കൂ. ആശയങ്ങള്‍ തമ്മിലുള്ള ബന്ധത്തെപ്പറ്റിയുള്ള അവബോധത്തിലൂടെയാണ് നമുക്ക് കാര്യഗ്രഹണം സാധ്യമാകുന്നത്. നാം അറിയുന്ന യാഥാര്‍ഥ്യം ആന്തരിക ബന്ധത്തിലൂടെ കൂട്ടിയിണക്കപ്പെട്ട ഒരു ആശയ സംഹിതയാണ്.
ആര്‍തര്‍ ഷോപനൗര്‍ (1788-1860)
ഇദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ലോകം ആശയങ്ങള്‍കൊണ്ട് നിറയ്ക്കപ്പെട്ടിരിക്കുന്നു. അവ തമ്മില്‍ അനിവാര്യബന്ധമുണ്ടെന്നുള്ള ധാരണ വെറും ഉപാധിജനകമാണ്. വസ്തുനിഷ്ഠമായ അനുഭവത്തിന്റെ എല്ലാ നീതികരണവും ഒരു പര്യാപ്തമായ കാരണ തത്ത്വത്തെ ആശ്രയിച്ചിരിക്കുന്നു. അതില്‍ ഉള്‍ക്കൊള്ളുന്ന ജ്ഞാനത്തിന്റെ സ്വഭാവത്തിനും രൂപത്തിനുമനുസൃതമായി ഈ കാരണം വിവിധ രൂപങ്ങള്‍ കൈക്കൊള്ളുന്നു.
ലോകം ആശയമാണ്. ഇദ്ദേഹം ആശയവാദത്തെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും ആശയങ്ങള്‍ക്കെല്ലാം അടിസ്ഥാനമെന്നു കരുതുന്ന വസ്തുവിനെ സ്വീകരിക്കുന്നു. ഇതിന്റെ സ്വഭാവം ഇദ്ദേഹം ഇച്ഛാശക്തിയില്‍ കാണുന്നു. ഈ ശക്തി യഥാര്‍ഥ വസ്തുവിന്റെ സാരമായിരിക്കുകയും ഇത് സ്വയം ഉയര്‍ച്ചയ്ക്കായി ബോധത്തെ ഉപകരണമാക്കുകയും ചെയ്യുന്നു.
പത്തൊന്‍പതാം ശ.-ലെ മറ്റു പ്രവണതകള്‍
ഇക്കാലത്ത് ജര്‍മനിയിലുണ്ടായ ചില നൂതന പ്രവണതകളാണ് കാല്പനികവും നവ-കാന്റിയന്‍ ചിന്തകളും. ഇത് ബ്രിട്ടീഷ് അനുഭവവത്തിന്റെ സ്വാധീനത്തില്‍പ്പെട്ട് ഫ്രന്‍സ് ബ്രന്റാനോ (1838-1917), മെയ്നോങ് എന്നിവരിലൂടെ യാഥാര്‍ഥ്യവാദത്തിലേക്കു തിരിയുകയും ഫിനോമിനോളജി എന്ന ചിന്ത ഉരുത്തിരിയുകയും ക്രമേണ റസ്സല്‍ മുതലായ ചിന്തകന്മാരെ സ്വാധീനിക്കുകയും ചെയ്തു.
ഫ്രന്‍സ് ബ്രന്റാനോ (1838-1917)
ഇദ്ദേഹത്തിന്റെ വീക്ഷണത്തില്‍ ഓരോ മാനസിക പ്രവര്‍ത്തനത്തിനും ഒരു അന്തര്‍ഗതവസ്തുവുണ്ട്. ഇതിനെ ഉദ്ദേശ്യവസ്തു (International object) എന്നു വിളിക്കുന്നു. അസ്തിത്വമില്ലാത്തവയെക്കുറിച്ച് ചിന്തിക്കുന്നതിനും നിര്‍ണയവാക്യമുണ്ടാക്കുന്നതിനും സാധിക്കുമെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. യഥാര്‍ഥചിന്തയ്ക്ക് എങ്ങനെയാണ് ഒരു അയഥാര്‍ഥവസ്തുവുണ്ടാവുകയെന്നുള്ളതാണ് മെയ്നോങ്ങിന്റെ പ്രശ്നം.
മെയ്നോങ്ങി(1853-1920)ന്റെ അഭിപ്രായത്തില്‍ ഭൗതികങ്ങളല്ലാത്തതും യാഥാര്‍ഥ്യങ്ങളാകാവുന്നതാണ്.
എഡ്മണ്ട് ഹസ്സേള്‍ (1859-1938)
മെയ്നോങ്ങിനെ ഹസ്സേള്‍ പിന്‍തുടര്‍ന്നു. ഇദ്ദേഹത്തിന്റെ വീക്ഷണത്തില്‍ മാനസിക പ്രവര്‍ത്തനങ്ങളുടെ സ്വഭാവത്തെയും അവയുടെ വസ്തുക്കളെയും കുറിച്ച് അന്വേഷിക്കുകയാണ് തത്ത്വചിന്തയുടെ ചുമതല. ഇതിനായി ഭൌതിക- അതിഭൌതിക സങ്കല്പങ്ങള്‍ നിരസിക്കണം. അപ്പോള്‍ പൂര്‍ണമായ ശുദ്ധബോധം തെളിയും. തുടര്‍ന്നു ശുദ്ധബോധത്തിലേക്കു പ്രത്യക്ഷപ്പെടുന്ന പ്രതിഭാസങ്ങളുടെ അര്‍ഥം അന്വേഷകന് ഗ്രഹിക്കാന്‍ കഴിയുകയും ചെയ്യും. ഈ വീക്ഷണത്തെ യാഥാര്‍ഥ്യവാദത്തില്‍ നിന്നും ഒരുതരം ആശയവാദത്തിലേക്കുള്ള തിരിച്ചുപോകലായി കരുതാവുന്നതാണ്.
ജോണ്‍ സ്റ്റുവര്‍ട്ട് മില്‍ (1806-73)
അനുഭവമാണ് ജ്ഞാനമെന്ന് ഇദ്ദേഹം കരുതുന്നു. ആശയങ്ങള്‍ അടിസ്ഥാനപരമായി സംവേദനങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഒരു സ്ഥിരമായ ലോകത്തെക്കുറിച്ചുള്ള ധാരണ നമുക്കുണ്ട്. ആ പ്രതീക്ഷ ഇന്ദ്രിയസംവേദനങ്ങള്‍ക്കപ്പുറം നമ്മെ കൊണ്ടുപോകുന്നു. ഇന്ദ്രിയ സംവേദനങ്ങളെയും അവയുടെ സ്ഥിരം സാധ്യതകളെയും കുറിച്ചുമുള്ള ധാരണ നമുക്കുണ്ട്. ഇവയില്‍ നിന്നുണ്ടാകുന്ന തുടര്‍ച്ചയായ അനുഭവങ്ങളുടെ ഫലമായാണ് ബാഹ്യലോകത്തിന്റെ അസ്തിത്വത്തെക്കുറിച്ച് നമുക്ക് ബോധമണ്ടാകുന്നത്. സംവേദങ്ങളുടെ സ്ഥിരം സാധ്യതകളെക്കുറിച്ചുള്ള ധാരണകളില്‍ നിന്ന് വസ്തുവിനെക്കുറിച്ചുള്ള ആശയങ്ങളുണ്ടാകുന്നു: വസ്തുക്കള്‍ കേവലം സംവേദനങ്ങളുടെ ഈ സ്ഥിരം സാധ്യതകളാണ്. ഇത് ഫിനോമിനലിസത്തെക്കുറിച്ചുള്ള കടുത്ത അനുഭവവാദസിദ്ധാന്തമാണ്. ഇവിടെ ഭൌതികവസ്തു അനുഭവമാണ്. അണുപരമായ സംവേദനങ്ങളുടെ രൂപത്തിലാണ് അനുഭവം സാധ്യമാകുന്നത്. സംയോജന പ്രവര്‍ത്തനത്തിലൂടെ ആശയങ്ങള്‍ സ്വരൂപിക്കപ്പെടുന്നു.
ലൂയി ബര്‍ഗ്സണ്‍ (1859-1941)
ഇദ്ദേഹം ഒരു ഭൗതിക വിരുദ്ധവാദിയായിരുന്നു. ജീവശാസ്ത്രപരമായിരുന്നു ഇദ്ദേഹത്തിന്റെ സമീപനം. നമ്മുടെ ബോധമണ്ഡലത്തിലുള്ള കാലവും ദേശവും തുടര്‍ച്ചയുള്ളതാണ്. ബുദ്ധി ഇതിനെ വസ്തുക്കളിലേക്കും പ്രവൃത്തികളിലേക്കും പ്രയോഗിക്കും. ജീവശാസ്ത്രപരമായ ആവശ്യമാണ് ഇതിനടിസ്ഥാനം. വസ്തുക്കളുമായി ബന്ധപ്പെട്ടുള്ള നമ്മുടെ ശാരീരിക പ്രവര്‍ത്തനത്തെക്കുറിച്ചുള്ള അവബോധം പ്രത്യക്ഷീകരിക്കലിലൂടെ അനുഭവപ്പെടുന്നു. നേരെമറിച്ച് ഇന്ദ്രിയജ്ഞാനം ഉദ്ദീപനത്തോടുള്ള ഒരു ലഘുപ്രതികരണവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ജീവശാസ്ത്രപരമായ ആവശ്യങ്ങളാണ് പ്രത്യക്ഷീകരണം സാധ്യമാക്കുന്നത്. ഇതില്‍ ഒരു ആപേക്ഷികവാദം അടങ്ങിയിരിക്കുന്നു.
ബോധമണ്ഡലത്തില്‍ സമയം തുടര്‍ച്ചയുള്ളതാണ്. തുടര്‍ച്ചയില്ലാതെ ചിന്ത നല്കുന്ന ആശയങ്ങളെ വ്യാഖ്യാനിക്കുന്നതിനാല്‍ ബോധം തുടര്‍ച്ചയായി നിലനില്ക്കുന്നു. അതിനാല്‍ അവയ്ക്ക് ഒന്നിനോടൊന്നു ബന്ധപ്പെട്ട് ക്രമാനുഗതമായ വികാസം സംഭവിക്കുന്നു.
വില്യം ജെയിംസ് (1842-1910)
അണുപരമായ ഇന്ദ്രിയസംവേദനമോ ആശയമോ ഇല്ലെന്നാണ് ഇദ്ദേഹം പറയുന്നത്. ബോധത്തിന്റെ ഒരു ഒഴുക്കിലുള്ള വികസ്വര മുഖങ്ങളാണ് ആശയങ്ങള്‍. ഓരോ ആശയവും മറ്റൊന്നുമായി ചേര്‍ന്നു കിടക്കുന്നു. വസ്തുക്കളുടെ ക്രമീകരണമനുസരിച്ചാണ് ആശയക്രമീകരണവും. പരിചയത്തിലൂടെയും മറ്റു സ്രോതസ്സുകളിലൂടെയുമുള്ള ജ്ഞാനം തിരിച്ചറിയേണ്ടതാണെന്നും ഇദ്ദേഹം പറയുന്നു.
ചിന്തയും വസ്തുവും തമ്മിലുള്ള വ്യത്യാസം ഇദ്ദേഹം തള്ളിക്കളഞ്ഞു. 'ന്യൂട്രല്‍ മോണിസം' എന്ന സിദ്ധാന്തം ഇദ്ദേഹം സ്വീകരിച്ചു. ഇതനുസരിച്ച് അനുഭവം മാത്രമാണ് യഥാര്‍ഥമായിട്ടുള്ളത്. ഇതില്‍ നിന്നും ഭൌതികവും മാനസികവുമായ പ്രതിഭാസങ്ങളെ അവയെ ഭരിക്കുന്ന തത്ത്വങ്ങള്‍ക്കനുസരിച്ച് നിര്‍മിക്കാവുന്നതാണ്.
പിയേഴ്സും ഡ്യൂവിയും
പ്രയോജനവാദത്തിന്റെ തുടക്കം സി.എസ്. പിയേഴ്സി(1839-1914)ല്‍ നിന്നാണെന്നു കരുതുന്നു. ഇദ്ദേഹത്തിന്റെ വീക്ഷണത്തില്‍ എന്തിനെക്കുറിച്ചെങ്കിലും നമുക്കുള്ള ധാരണയുടെ സാധുത പ്രായോഗിക തലത്തില്‍ അതുണ്ടാക്കുന്ന പ്രയോജനത്തെ ആശ്രയിച്ചിരിക്കുന്നു. പ്രാവര്‍ത്തികതയുടെ അര്‍ഥം ഉപയുക്തതയെ ആശ്രയിച്ചാണ്. ജോണ്‍ ഡ്യൂവി (1859-1952)ക്ക്, വിജയകരമായ പ്രവൃത്തിയേതാണോ അതാണ് ജ്ഞാനം. പ്രമാണങ്ങള്‍ വെറും ഉപകരണങ്ങള്‍ മാത്രമാണ്. പരീക്ഷണാത്മകമായ അന്വേഷണത്തോടെ നമുക്ക് അതു ലക്ഷ്യത്തിലേക്ക് ഉപയോഗിക്കാവുന്നതാണ്. ഡ്യൂവിയുടെ വീക്ഷണത്തില്‍ അവസാന സത്യം എന്നൊന്നില്ല.
ഇരുപതാം ശ.-ലെ യാഥാര്‍ഥ്യവാദം
ആശയവാദത്തില്‍ നിന്നും യാഥാര്‍ഥ്യവാദത്തിലേക്കുള്ള ചായ്വാണ് 20-ാം ശ.-ലെ ഏറ്റവും വലിയ പ്രവണത. വില്യം ജെയിംസിന്റെ സ്വാധീനത്താല്‍ അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും നവ-യാഥാര്‍ഥ്യവാദികള്‍ ഉയര്‍ന്നുവന്നു. ഇതിന്റെ പ്രധാനവക്താക്കള്‍ ജി.ഇ. മൂര്‍, ബര്‍ട്രന്റ് റസ്സല്‍ എന്നിവരാണ്.
ജോര്‍ജ് എഡ്വേര്‍ഡ് മൂര്‍ (1873-1958)
ആശയങ്ങള്‍ ചിന്തയുടെ അര്‍ഥമായ വസ്തുക്കളായി കാണണമെന്നാണ് മൂറിന്റെ അഭിപ്രായം. വിശ്വാസത്തിനാധാരമായ വസ്തുക്കള്‍ എന്ന നിലയില്‍ പ്രമാണങ്ങള്‍ വേണം. വസ്തുക്കള്‍ കേവലം ബൗദ്ധികധാരണകളുടെ ശേഖരമാണെന്നും അവ അതുപോലെതന്നെ പ്രമാണത്തിന്റെ നിര്‍മാണഭാഗങ്ങളായി പ്രമാണത്തിലേക്കു പ്രവേശിക്കുന്നുവെന്നും ഇദ്ദേഹം അഭിപ്രായപ്പെടുന്നു. ശരിയോ തെറ്റോ ആയിക്കൊള്ളട്ടെ നാം വിശ്വസിക്കുന്നതെന്തോ അതാണു പ്രമാണം. എന്നാല്‍ തെറ്റായ വിശ്വാസത്തെ പരിഗണിക്കേണ്ടിവന്നപ്പോള്‍ ഇദ്ദേഹത്തിന് പ്രമാണ സിദ്ധാന്തം ഉപേക്ഷിക്കേണ്ടിവന്നു. എന്നാല്‍ തെറ്റായ വിശ്വാസത്തിനാധാരമായി എന്തെങ്കിലും നിലനില്ക്കേണ്ടതാണെന്ന് ഇദ്ദേഹം കരുതുന്നു.
പ്രമാണത്തെ നിരാകരിക്കല്‍ ഇദ്ദേഹത്തിന്റെ യാഥാര്‍ഥ്യവാദത്തിന്റെ അടിത്തറ തന്നെ ഉപേക്ഷിക്കലാണെന്നു തോന്നാമെങ്കിലും യഥാര്‍ഥ വസ്തു മനസ്സില്‍ നിന്നും സ്വതന്ത്രമായി നിലനില്ക്കുന്നുവെന്നുള്ള വീക്ഷണം ഇദ്ദേഹം ഉപേക്ഷിച്ചില്ല. സത്യം എങ്ങനെയോ യാഥാര്‍ഥ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു.
യാഥാര്‍ഥ്യത്തെക്കുറിച്ചുള്ള വസ്തുത നാം അറിയുന്നുണ്ട് എന്നുള്ളത് നാം അറിയുന്നു. വിവിധ വസ്തുക്കളെക്കുറിച്ചു നമുക്ക് ജ്ഞാനമുണ്ടാകും. അതിനു കാരണമായ ലോകത്തിന്റെ അസ്തിത്വത്തെക്കുറിച്ച് ഇദ്ദേഹം വാദിക്കുന്നു. ഇതിലെ വസ്തുക്കളെ ചൂണ്ടിക്കാണിക്കാനും ബാഹ്യലോകത്തിന്റെ അസ്തിത്വം തെളിയിക്കാനും സാധിക്കുമെന്നും ഇദ്ദേഹം കരുതുന്നു. സാമാന്യബുദ്ധിയെ സംരക്ഷിക്കുകയെന്നുള്ളതായിരുന്നു മൂറിന്റെ ലക്ഷ്യം.
പ്രത്യക്ഷം. വസ്തുക്കളെ കാണുമ്പോള്‍ നാം സ്വാഭാവികമായി കാണുന്നത് ഇന്ദ്രിയസംവേദനങ്ങളാണ്. ഇന്ദ്രിയാധാരസാമഗ്രികളും ഇന്ദ്രിയജ്ഞാനവും തമ്മില്‍ ഇദ്ദേഹം വേര്‍തിരിച്ചു കാണുന്നു. നേരിട്ടുള്ള ഗ്രഹണം ഭൗതിക വസ്തുവിന്റേതല്ല. മറിച്ച് ഇന്ദ്രിയാധാര സാമഗ്രികളാണ്. ഇന്ദ്രിയാധാരസാമഗ്രിക്കനുരൂപമായിത്തന്നെയാണോ വസ്തുവെന്നുള്ളതായിരുന്നു ഇദ്ദേഹത്തിന്റെ ആകാംക്ഷ. ഇവ രണ്ടും നിലനില്ക്കുന്നുമുണ്ട്. ഇന്ദ്രിയധാരസാമഗ്രികള്‍ വസ്തുവിന്റെ ഉപരിതലത്തിന്റെ ഭാഗമാണ്. യഥാര്‍ഥത്തില്‍ ഇതിന്റെ അര്‍ഥവും സ്വഭാവവും എന്താണെന്നുള്ള കാര്യം ഇദ്ദേഹത്തെ അലട്ടിയിരുന്നു.
ബര്‍ട്രന്റ് റസ്സല്‍ (1872-1970)
ഒരു ആശയവാദിയായിരുന്ന ഇദ്ദേഹം മൂറിന്റെ സ്വാധീനത്തില്‍ ഒരു യാഥാര്‍ഥ്യവാദിയായി മാറി. ഇദ്ദേഹം മുന്നോട്ടുവച്ച വിവരണ സിദ്ധാന്തമനുസരിച്ച് ഒരു വസ്തുവിനെക്കുറിക്കുന്ന വാക്യങ്ങള്‍ സ്വതന്ത്രമായിരുന്നാല്‍ അത് അര്‍ഥത്തില്‍ അപൂര്‍ണമാണെന്നും അവയ്ക്ക് അവയുടേതായ അര്‍ഥമുണ്ടാകണമെങ്കില്‍ അവ നിലനില്ക്കുന്ന മുഴുവന്‍ വാചകത്തിന്റെയും അര്‍ഥം വിശ്ളേഷണം ചെയ്യുകയാണു മാര്‍ഗം. സ്വതന്ത്യ്രവാക്യമനുസരിച്ചുള്ള വസ്തു നിലനില്ക്കണമെന്നില്ല. അതിനാല്‍ പ്രമാണമെന്ന നിലയിലുള്ള പ്രസ്താവന തെറ്റായിരിക്കും. അതിനാല്‍ ഈ വാക്യങ്ങളെ സൂക്ഷ്മമായി പരിശോധിക്കണം. അങ്ങനെ വിവരണസിദ്ധാന്തം വിശ്ളേഷണത്തിനുള്ള ഒരു ഉപകരണമായിത്തീര്‍ന്നു.
ജ്ഞാനം. ജ്ഞാനപദ്ധതിയില്‍ പരിചയത്തിലൂടെ ലഭിക്കുന്ന ജ്ഞാനം, വിവരണത്തിലൂടെ ലഭിക്കുന്ന ജ്ഞാനം എന്നീ സിദ്ധാന്തങ്ങള്‍ ഇദ്ദേഹം രൂപീകരിച്ചു. എല്ലാ ജ്ഞാനവും പരിചയത്തിലൂടെയുള്ളതായിരിക്കണമെന്ന് ഇദ്ദേഹം നിഷ്കര്‍ഷിച്ചിരുന്നു. കാരണം ഇത് തെറ്റാന്‍ സാധ്യതയില്ല. ഇത്തരം ജ്ഞാനം ഇന്ദ്രിയാധാരസാമഗ്രികള്‍, സ്മരണ, ആത്മാവ്, സാര്‍വത്രികാശയം എന്നിവയില്‍ നിന്നും ലഭിക്കുന്നതാണ്. ഭൗതികവസ്തുക്കളെക്കുറിച്ചുള്ള ജ്ഞാനം വിവരണത്തിലൂടെ മാത്രമേ ലഭിക്കൂ. ഇവിടെ തെറ്റുണ്ടാകാം. ഓരോ പ്രമാണവും പൂര്‍ണമായും പരിചയമുള്ള ഘടകങ്ങള്‍ കൊണ്ടു നിര്‍മിക്കണം. വസ്തുക്കളെക്കുറിച്ചുള്ള വിവരണത്തിലൂടെ ലഭ്യമായ ജ്ഞാനം പരിചയത്തിലൂടെ ലഭിക്കുന്ന ജ്ഞാനത്തിന്റെ വസ്തുവാക്കി മാറ്റിയാല്‍ മാത്രമാണതു സാധ്യമാകുന്നത്. അതായത് ഭൗതിക വസ്തുക്കളെ ഇന്ദ്രിയാധാരസാമഗ്രികളാക്കി മാറ്റണം. യാഥാര്‍ഥ്യവും സാധ്യവുമായ ഇന്ദ്രിയാധാരസാമഗ്രികളില്‍ നിന്നും വസ്തുക്കളെ തര്‍ക്കശാസ്ത്രപരമായി നിര്‍മിച്ചെടുക്കുന്നതായി പരിഗണിക്കണം. തര്‍ക്കശാസ്ത്രവീക്ഷണമനുസരിച്ച് ഭൗതിക വസ്തുക്കളുടെ പേരുകള്‍ പ്രച്ഛന്നവേഷമണിഞ്ഞ വിവരണമാണ്. വിവരണ സിദ്ധാന്തമനുസരിച്ച് പ്രമാണങ്ങള്‍ക്ക് അര്‍ഥം കല്പിക്കുന്ന വസ്തുക്കള്‍ ഉണ്ടാകണമെന്നില്ല. ഒരു ഭൗതിക വസ്തുവിനെ പ്രത്യക്ഷീകരിക്കുമ്പോള്‍ പരിചയപ്പെടുന്നത് ഇന്ദ്രിയാധാരസാമഗ്രികളാണ്. വിവരണത്തിലൂടെ മാത്രമേ ഭൗതിക വസ്തുവിനെ അറിയുവാന്‍ സാധിക്കൂ. ഇതിനെക്കുറിച്ചു പറയുന്ന എല്ലാ പ്രസ്താവനകളും വിവരണങ്ങളാണ്. ഈ പ്രസ്ഥാവന സൂക്ഷ്മമായി പരിശോധിക്കുകയും അതുള്‍ക്കൊള്ളുന്ന അസ്തിത്വപ്രമാണങ്ങള്‍ കണ്ടുപിടിക്കുകയും ചെയ്യേണ്ടതാണെന്ന് റസ്സല്‍ പറയുന്നു.
ലോജിക്കല്‍ അറ്റോമിസം. ഈ വീക്ഷണമനുസരിച്ച് പ്രപഞ്ചത്തിന്റെ ആത്യന്തിക നിര്‍മാണവസ്തുക്കള്‍ രൂപത്തിലുള്ളവയാണെന്ന് റസ്സല്‍ പറയുന്നു. മറ്റെല്ലാ വസ്തുക്കളും അണുരൂപവസ്തുതകളില്‍ നിന്നും നിര്‍മിച്ചെടുക്കാവുന്നതാണ്. ഇന്ദ്രിയാധാരസാമഗ്രികളാണ് അറ്റോമിക വസ്തുക്കള്‍. ഇവയിലുള്ള ബന്ധങ്ങളാണ് സാര്‍വത്രികത. ലോജിക്കല്‍ അറ്റോമിസം എന്ന സിദ്ധാന്തം ഒരു ജ്ഞാനപദ്ധതി എന്നതിലുപരി ഒരു അതിഭൌതിക സിദ്ധാന്തം കൂടിയാണ്. സ്മൃതിയെക്കുറിച്ചുള്ള ഇദ്ദേഹത്തിന്റെ വിവരണം പ്രത്യക്ഷത്തിന്റേതുപോലെ തന്നെയാണ്.
റസ്സല്‍ ഒരു ശക്തനായ യഥാര്‍ഥവാദി ആയിരുന്നു. ഇദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഗണിതശാസ്ത്രപ്രമാണങ്ങള്‍ സംശ്ലേഷിതമായിരുന്നു. എന്നാല്‍, ഫ്രെഗെയുടെ സ്വാധീനത്താല്‍ ഇവ വിശ്ലേഷിതമാണെന്നുള്ള സിദ്ധാന്തത്തില്‍ ഇദ്ദേഹം എത്തിച്ചേര്‍ന്നു.
ആല്‍ഫ്രഡ് നോര്‍ത്ത് വൈറ്റ്ഹെഡ് (1861-1947)
ജ്ഞാനപദ്ധതിയില്‍ ഇദ്ദേഹത്തിന്റെ വീക്ഷണം റസ്സലിന്റേതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. പ്രത്യക്ഷത്തിലൂടെ മനസ് ചുറ്റുപാടുമുള്ള പ്രകൃതിയെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നുവെന്നും ജീവശാസ്ത്രപരമായ രീതിയില്‍ ഇതു ചുറ്റുപാടിനോടു പ്രതികരിക്കുകയാണെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു. അണുരൂപ ഇന്ദ്രിയാധാരസാമഗ്രികള്‍ എന്നൊന്നില്ല. ഇദ്ദേഹം കുറേയൊക്കെ ആശയവാദത്തിന്റെ പാരമ്പര്യവും കുറെ പ്ളേറ്റോണിസവും ഉള്‍ക്കൊള്ളുന്നു.
ലോജിക്കല്‍ പോസിറ്റിവിസം
ശാസ്ത്രത്തെക്കുറിച്ചു പഠിക്കുന്ന തത്ത്വചിന്തകരുടെ ഒരു സംഘമായിരുന്നു വിയന്നാസര്‍ക്കിള്‍. ഇവരെ വിജന്‍സ്റ്റൈനിന്റെ ട്രാക്ടാറ്റസ് എന്ന ഗ്രന്ഥം ശക്തമായി സ്വാധീനിച്ചിരുന്നു. ഇവരുടെ വീക്ഷണങ്ങളില്‍ നിന്നും ഓരോ പ്രസ്താവനകളിലടങ്ങിയിരിക്കുന്ന അര്‍ഥത്തിന്റെ പ്രമാണീകരണ സിദ്ധാന്തം ഉദയം ചെയ്തു. ഈ സിദ്ധാന്തമനുസരിച്ച് അര്‍ഥവത്തായ പ്രമാണങ്ങള്‍ ഒന്നുകില്‍ വിശ്ലേഷിതമായിരിക്കണം അല്ലെങ്കില്‍ അനുഭവത്തിലൂടെ പ്രമാണീകരിക്കത്തക്കതായിരിക്കണം. ഗണിതശാസ്ത്രം, തര്‍ക്കശാസ്ത്രം എന്നിവയിലെ പ്രമാണങ്ങള്‍ ആദ്യത്തെ ഗണത്തിലും ശാസ്ത്രത്തിലെ പ്രമാണങ്ങള്‍ രണ്ടാമത്തെ ഗണത്തിലും പെടുന്നു. അതിഭൗതിക ആശയങ്ങള്‍ ഇതിലൊന്നിലും പെടുന്നില്ല. അതിനാല്‍ അര്‍ഥശൂന്യമാണ്. ഇതിനെക്കുറിച്ച് വ്യത്യസ്ത വൂക്ഷണങ്ങള്‍ നിലവില്‍വന്നു. ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം തന്നെ ശാസ്ത്രത്തിന് അടിത്തറയിടുക എന്നതായിരുന്നു. ശാസ്ത്രീയ പ്രമാണങ്ങള്‍ സംരക്ഷിക്കുകയും അതിഭൗതികശാസ്ത്രം ഒഴിവാക്കുകയുമായിരുന്നു ഇതിന്റെ ഉദ്ദേശ്യം.
മോറിക് ഷ്ലിക് (1882-1936). ഇദ്ദേഹമാണ് വിയന്നാ സംഘത്തിന്റെ സ്ഥാപകന്‍. ഇദ്ദേഹം നേരിട്ട മുഖ്യവിഷയം 'അനുഭവത്തിലൂടെ തെളിയിക്കല്‍' എന്ന വാക്യത്തിന്റെ അര്‍ഥമായിരുന്നു. ഇദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ആത്യന്തികമായി അനുഭവവുമായി നേരിട്ടു മുട്ടേണ്ടതാണ്. പ്രത്യക്ഷമായോ പരോക്ഷമായോ പ്രാമാണീകരിക്കാവുന്ന ഒരു അടിസ്ഥാന പ്രമാണം ഉണ്ടായിരിക്കേണ്ടതാണെന്ന് ഈ പ്രസ്ഥാനത്തിലെ മറ്റംഗങ്ങള്‍ അഭിപ്രായപ്പെട്ടു.
ആനുകാലിക പ്രസ്ഥാനങ്ങള്‍
സാധാരണഭാഷാ തത്ത്വശാസ്ത്രം. ഈ പ്രസ്ഥാനത്തിന്റെ വളര്‍ച്ച ഓക്സ്ഫോഡുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഇതിന്റെ പ്രധാന വക്താവ് കേംബ്രിജ് തത്ത്വചിന്തകനായിരുന്ന ലുഡ്വിഗ് വിജന്‍സ്റ്റൈന്‍ (1889-1951) ആണ്. സന്ദര്‍ഭമനുസരിച്ചുള്ള ഉപയോഗത്തിലേക്കു വാക്കുകളെ തിരിച്ചുകൊണ്ടുവരുന്നതിന്റെ പ്രാധാന്യം ഇദ്ദേഹം ഊന്നിപ്പറഞ്ഞു. ഭാഷയുടെ യഥാര്‍ഥ ഗൃഹം സന്ദര്‍ഭാനുസൃതമായിട്ടുള്ള അതിന്റെ പ്രയോഗമാണ്. ഭാഷ ഒരു ജീവിതരൂപമാണ്. സാധാരണ ഭാഷയെക്കുറിച്ചുള്ള ഈ വീക്ഷണം പല ലക്ഷ്യങ്ങള്‍ക്കും ഉപയോഗിച്ചിട്ടുണ്ട്.
ജ്ഞാനപ്രവര്‍ത്തനം അതിന്റെ വസ്തുവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗില്‍ബര്‍ട്ട് റയില്‍ (1900) ചൂണ്ടിക്കാണിച്ചു.
ഭാഷയുടെ ശരിയായ ഉപയോഗത്തെപ്പറ്റി എല്‍. ഓസ്റ്റിന്‍ ഊന്നിപ്പറഞ്ഞു. ഇദ്ദേഹത്തിന്റെ വീക്ഷണത്തില്‍ സാധാരണ സംസാരത്തിന് അനുകൂലമായ വാദമാണ് ആദ്യമാവശ്യം.
ഭാരതീയ ദര്‍ശനം
ചാര്‍വാകം
ചാര്‍വാക വീക്ഷണമനുസരിച്ച് ശരിയായ ജ്ഞാനലബ്ധിക്കുള്ള ഒരേ ഒരു മാര്‍ഗം പ്രത്യക്ഷമാണ്. അനുമാനത്തിന്റെ പ്രാബല്യം ഇവര്‍ നിരസിച്ചു.
ജൈനദര്‍ശനം
ജൈനന്മാരുടെ ജ്ഞാനസിദ്ധാന്തം സ്യാദ്വാദം (സപ്ത-ഭംഗി-നയം) എന്നറിയപ്പെടുന്നു. ഇതില്‍ ഏഴുതരത്തിലുള്ള വിധിന്യായങ്ങളുണ്ട്. ഇത് ജ്ഞാനത്തെക്കുറിച്ചുള്ള ആപേക്ഷികതാസിദ്ധാന്തം (സംഭവ്യതാ സിദ്ധാന്തം) ആണ്. സംഭാവ്യത സന്ദേഹവാദത്തെ ധരിപ്പിക്കുന്നുണ്ടെങ്കിലും ജൈനദര്‍ശനം സന്ദേഹവാദമല്ല.
പ്രപഞ്ചസത്തയ്ക്ക് അനന്തമായ ഭാവങ്ങളുണ്ടെന്നും അവയെല്ലാം ആപേക്ഷികമാണെന്നും ജൈനദര്‍ശനം പറയുന്നു. ഇവയില്‍ കുറച്ചുമാത്രമേ നമുക്കറിയാന്‍ സാധിക്കൂ. നമ്മുടെ സര്‍വവിധന്യായങ്ങളും ആപേക്ഷികവും ഉപാധിവിധേയവും പരിമിതവുമാണ്. ഓരോ വീക്ഷണവും മറ്റൊന്നിനോടു ബന്ധപ്പെട്ടു കിടക്കുന്നു. പൂര്‍ണമായ ഉറപ്പും പൂര്‍ണമായ നിഷേധവും തെറ്റാണ്.
സത്താസ്വഭാവം അനിശ്ചിതവും അനന്തവും സങ്കീര്‍ണവുമാണ്. ഓരോ വിധിന്യായത്തിനും രണ്ടു വശങ്ങളുണ്ടെന്ന് ജൈനദര്‍ശനം പറയുന്നു. പ്രതിജ്ഞ നിഷേധത്തെയും നിഷേധം പ്രതിജ്ഞയെയും പരസ്പരം ഉള്‍ക്കൊള്ളുന്നു. അനന്തസങ്കീര്‍ണസത്ത എല്ലാ വൈരുധ്യവിശേഷണങ്ങളും ഉള്‍ക്കൊള്ളുന്നു.
ബൗദ്ധദര്‍ശനം
മഹായാനബുദ്ധമതം. മഹായാനബുദ്ധമതപ്രകാരം എല്ലാം ശുദ്ധശൂന്യമാണെന്നുള്ള ജ്ഞാനമാണ് ഏറ്റവും ഉന്നതം. ഇത് സ്കന്ധങ്ങള്‍, ധാതുക്കള്‍, ആയാതനങ്ങള്‍ എന്നിവയില്‍ നിന്നും ഭിന്നമല്ല. ധര്‍മത്തിന്റെ പൂര്‍ണപരിസമാപ്തിയാണ് ഉയര്‍ന്ന ജ്ഞാനം. മഹായാന ബുദ്ധമതത്തിന്റെ രണ്ടു പിരിവുകളാണ് ശൂന്യവാദവും (മാധ്യമികം) വിജ്ഞാനവാദവും. വിജ്ഞാനവാദമനുസരിച്ച് സംസ്കാരജന്യമായ ബോധമണ്ഡലത്തിന്റെ പ്രവര്‍ത്തനഫലമായുണ്ടാകുന്ന പ്രതിഭാസങ്ങളുടെ പ്രകാശനം മാത്രമാണ് ബാഹ്യലോകം. ശൂന്യവാദവും വിജ്ഞാനവാദവും ഒന്നിലും സത്യമില്ലെന്നു വാദിക്കുന്നു. വിജ്ഞാനവാദമനുസരിച്ച് പ്രതിഭാസങ്ങള്‍ മനസ്സിന്റെ അജ്ഞാനം നിമിത്തം സങ്കല്പത്തിലൂടെ സൃഷ്ടിക്കുന്നതാണ്. ഇതിന്റെ വാസനകള്‍ ഉന്മൂലനം ചെയ്താല്‍ ഇന്ദ്രിയജ്ഞാനം ഉണ്ടാകില്ല. മഹായാനത്തിലെ തദതാ തത്ത്വദര്‍ശനം എന്ന ആശയവാദത്തിന്റെ കര്‍ത്താവായ അശ്വഘോഷന്റെ (എ.ഡി. 100) അഭിപ്രായത്തില്‍, വസ്തുക്കളുടെ അടിസ്ഥാന സ്വഭാവമനുസരിച്ച് അവയെ ഭാഷകൊണ്ട് പ്രകടിപ്പിക്കാവുന്നതോ വിവരിക്കാവുന്നതോ അല്ല. അവ ഒരേ സത്തയുടെ ഭാഗങ്ങളാണ്. ആപേക്ഷികാനുഭവങ്ങളെല്ലാം ഉള്‍ക്കൊള്ളുന്ന ഈ സമഷ്ടിസത്തയെ 'ആലയവിജ്ഞാനം' എന്നു പറയുന്നു. സങ്കല്പസൃഷ്ടിയുടെ ജ്ഞാനസ്വഭാവത്തില്‍ വസ്തുവും പ്രത്യക്ഷകാരനും അടങ്ങിയിരിക്കുന്നു. ബാഹ്യമെന്ന് ഒന്നില്ല. ഇന്ദ്രിയാനുഭവത്തിനുള്ള കാരണങ്ങള്‍ ആലയവിജ്ഞാനത്തില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇവ ഇന്ദ്രിയാനുഭവമായി വെളിപ്പെടുന്നു. പ്രതിഭാസജ്ഞാനം ആലയവിജ്ഞാനവുമായി താദാത്മ്യമുള്ളതോ വ്യത്യസ്തമായതോ അല്ല.
ആലയവിജ്ഞാനത്തില്‍ രണ്ടു തത്ത്വങ്ങള്‍ അടങ്ങിയിരിക്കുന്നു: (i) ബോധോദയം, (ii) ബോധോദയമില്ലായ്മ. സംസ്കാരജന്യമായ ക്രിയാത്മകഭാവങ്ങളുടെ പിടിയില്‍ നിന്നും വിമുക്തമായിരിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രത്യക്ഷമാണ് ബോധോദയം. ഇത് സര്‍വത്തിലും വ്യാപിച്ചിരിക്കുന്നു. ബോധമെല്ലാം കേവലം പ്രതിഭാസമാണ്. ബോധോദയമില്ലായ്മയില്‍ പ്രമാദിത്വമായ സ്മൃതിയുടെ സ്വാധീനത്താല്‍ പ്രത്യക്ഷകാരന്‍ കേവലം സങ്കല്പത്താല്‍ ഇതെല്ലാം അജ്ഞതയിലൂടെ സൃഷ്ടിക്കുന്നു. മനസ്സിന്റെ സാധാരണ നില നഷ്ടപ്പെടുമ്പോള്‍ പ്രതിഭാസങ്ങളെല്ലാം അപ്രത്യക്ഷമാകുന്നു.
പ്രത്യക്ഷത്തെക്കുറിച്ചുള്ള സൌത്രാന്തികന്മാരുടെ സിദ്ധാന്തം. ശരിയായ ജ്ഞാനം വസ്തുവിലേക്കു നയിക്കുകയും അത് ലഭിക്കുന്നതിനിടയാക്കുകയും ചെയ്യുന്നു; ഇതോടെ പ്രായോഗികാവശ്യ നിറവേറ്റലും നടക്കുന്നു. ഇതില്‍ മൂന്നു പടികളുണ്ട്: (i) പ്രതിനിധീകരണം, (ii) ഇതനുസരിച്ചുള്ള നമ്മുടെ ചലനം, (iii) ജ്ഞാനം നിര്‍ദേശിക്കുന്നതിനനുസരിച്ച് വസ്തുവിന്റെ സാക്ഷാത്കാരം.
പ്രത്യക്ഷം വസ്തുവിനെ പ്രതിനിധീകരിക്കുന്നു. ഇത് ആപേക്ഷികതയൊന്നും കൂടാതെ വസ്തുവിനാല്‍ തന്നെ സൃഷ്ടിക്കപ്പെടുന്നു. ഇന്ദ്രിയധാര സാമഗ്രികളെ മനസ്സില്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍ സ്മൃതിയില്‍ നിന്നും വസ്തുവിന് നാമം നല്കപ്പെടുന്നു. വസ്തുവിന്റെ കേവലരൂപം തന്നെയാണ് ഇന്ദ്രിയത്തിലൂടെ ലഭിക്കുന്നത്.
ജ്ഞാനത്തിന്റെ സാധുത വസ്തുവുമായുള്ള അതിന്റെ സാദൃശ്യത്തെ ആശ്രയിച്ചിരിക്കുന്നു. വസ്തുവിനോടുള്ള ജ്ഞാനത്തിന്റെ സാദൃശ്യം നമുക്ക് അനുഭവപ്പെടുന്നില്ലെങ്കില്‍ അവബോധത്തില്‍ നിന്നും വസ്തുവിനെക്കുറിച്ചു പറയുക സാധ്യമല്ല.
പ്രത്യക്ഷത്താലുണ്ടാകുന്ന നീലയെക്കുറിച്ചുള്ള അനിശ്ചിതത്വ അവബോധം സവികല്പവും നിര്‍ണായകവുമാണ്. നീല വസ്തു പ്രത്യക്ഷീകരിക്കുന്നത് നീലയെകുറിച്ച് അവബോധമുള്ളതുകൊണ്ടാണ്. വസ്തു ഇതിനോടുതന്നെ സാദൃശ്യമുള്ള ഒരു അവബോധം സൃഷ്ടിക്കുകയും ശരിയായ ജ്ഞാനത്താല്‍ വസ്തുവിന്റെ സാക്ഷാത്കാരത്തിലേക്കു മനുഷ്യനെ നയിക്കുകയും ചെയ്യുന്നു.
അനുമാനം. അനുമാനം രണ്ടു രീതിയിലുണ്ട്: സ്വാര്‍ഥാനുമാനവും പരാര്‍ഥാനുമാനവും. ഒരു വ്യക്തി തനിക്കുവേണ്ടി തന്നെ തന്റെ മനസ്സില്‍ ജ്ഞാനം അനുമാനിച്ചെടുക്കുന്നതാണ് ആദ്യത്തെത്. മറ്റൊരാളെ ബോധ്യപ്പെടുത്തുവാന്‍ പ്രമാണങ്ങളുടെ സഹായത്തോടെ വിവരിക്കുന്നതാണ് രണ്ടാമത്തെത്. ബാഹ്യലോകത്തുള്ള വസ്തുക്കളെ ശരിയായി പകര്‍ത്തുന്നതനുസരിച്ചാണ് അനുമാനത്തിന്റെ പ്രാബല്യം. ജ്ഞാനത്തിന്റെ സാധ്യത അതിന് വസ്തുവിനോടുള്ള സാദൃശ്യത്തെ ആശ്രയിച്ചിരിക്കുന്നു.
അനുമാനിച്ചെടുക്കേണ്ട വസ്തു നിലനില്ക്കുന്ന ഉദാഹരണങ്ങളും അതിന്റെ സാന്നിധ്യം ഇല്ലാതിരിക്കുന്ന ഉദാഹരണങ്ങളും തമ്മിലുള്ള താരതമ്യപഠനത്തെ ആശ്രയിച്ചിരിക്കുന്നു ഈ പ്രവര്‍ത്തനം. സംയുക്ത ഉപാധികളിലൂടെ മാത്രമേ കാര്യകാരണബന്ധം അനുമാനിച്ചെടുക്കാന്‍ സാധിക്കൂ.
അനുമാനിക്കേണ്ട വസ്തുവുള്ള എല്ലാ ഉദാഹരണങ്ങളിലും കാരണം ഉണ്ടായിരിക്കണമെന്നത് അനിവാര്യമാണ്. ഈ അനിവാര്യബന്ധം രണ്ടു കാര്യങ്ങളില്‍ കാണപ്പെടുന്നു. ആദ്യത്തെത് അനുമാനിക്കേണ്ട വസ്തുവിന്റെ സ്വഭാവം കാരണത്തില്‍ ഉള്‍ക്കൊള്ളുന്നതാണ്. അതായത്, കാരണം ഉപഗണവും അനുമാനിക്കേണ്ട വസ്തു ഗണവുമാകുന്നു. രണ്ടാമത്തേത് ആദ്യത്തേതില്‍ നിന്നും അനുമാനിക്കാം. പ്രകൃതിയിലെ ഈ അനിവാര്യബന്ധമാണ് താദാത്മ്യം. രണ്ടാമത്തേത് കാര്യത്തില്‍ നിന്നും കാരണത്തെ അനുമാനിക്കുന്നതാണ്. പുകയില്‍ നിന്നും അതിനെ ഉണ്ടാക്കുന്ന തീയെ അനുമാനിക്കാം. ഇവിടെ കാരണം അനിവാര്യമായി അനുമാനിക്കേണ്ട വസ്തുവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ രണ്ടു രീതിയിലുള്ള അഭേദ്യമായ ബന്ധമാണ് അനുമാനങ്ങള്‍ക്ക് അടിസ്ഥാനം.
രണ്ടാമത്തെ അനുമാനം പരാര്‍ഥാനുമാനമാണ്. അടിസ്ഥാനപരമായി കാര്യങ്ങളില്‍ സ്വാര്‍ഥാനുമാനവുമായി ഇതു യോജിക്കുന്നുണ്ട്. പരാര്‍ഥാനുമാനത്തില്‍ അനുമാനപ്രക്രിയ വാക്കുകള്‍ കൊണ്ടുള്ള വാക്യങ്ങളില്‍ കാണിക്കണം. കാരണസ്വഭാവമുള്ളതും കാര്യത്തില്‍ സ്വഭാവമുള്ളതുമായ വസ്തുക്കള്‍ തമ്മിലുള്ള സഹവര്‍ത്തിത്വ ബന്ധത്തെ ആന്തരവ്യാപ്തി എന്നു പറയുന്നു. തീയുള്ളിടത്തെല്ലാം പുകയുണ്ട്. ഉപനയം: ഈ മലയില്‍ പുകയുണ്ട്, നിഗമനം: അതുകൊണ്ട് അവിടെ തീയുണ്ട്. ഇതാണ് പരാര്‍ഥാനുമാനത്തിനായി ഉപയോഗിക്കുന്ന രീതി.
ന്യായം
ജ്ഞാനമെന്നാല്‍ അനുഭവമാണ്. ന്യായം യാഥാര്‍ഥ്യവാദമാണ്. നൈയായികന്മാരുടെ അഭിപ്രായത്തില്‍ ജ്ഞാനം ജ്ഞാനിയെയും വസ്തുവിനെയും വെളിപ്പെടുത്തുന്നു. ഒരു വസ്തുവിനെക്കുറിച്ചുള്ള യഥാര്‍ഥ അനുഭവമാണ് ശരിയായ ജ്ഞാനം. ഇതു വസ്തുവിനെ അതുപോലെതന്നെ വെളിപ്പെടുത്തുന്നു. ന്യായം ആശയ-വസ്തു ബന്ധസിദ്ധാന്തമാണ് സ്വീകരിച്ചിരിക്കുന്നത്. ജ്ഞാനം സാധുവാകണമെങ്കില്‍ യാഥാര്‍ഥ്യവുമായി ബന്ധമുണ്ടായിരിക്കണം. ഇതിനെ പരതപ്രാമാണ്യവാദം എന്നു പറയുന്നു. ന്യായത്തിലെ ജ്ഞാനസിദ്ധാന്തപ്രകാരം ശരിയായ ജ്ഞാനം പ്രത്യക്ഷം, അനുമാനം, ഉപമാനം, ആപ്തവാക്യം എന്നിങ്ങനെ നാലുമാര്‍ഗങ്ങളിലൂടെ ലഭിക്കുന്നു.
ആത്മാവ് അനാത്മവസ്തുവുമായി ബന്ധത്തില്‍ വരുമ്പോള്‍ ആത്മാവില്‍ ജ്ഞാനം സൃഷ്ടിക്കപ്പെടുന്നു. ആത്മാവില്‍ ആന്തരികമായി സൃഷ്ടിക്കപ്പെടുന്ന ഒരു ഗുണമാണിത്. സാധുവായ ജ്ഞാനം വിജയകരമായ പ്രവൃത്തിയിലേക്കു നയിക്കുന്നു. ജ്ഞാനത്തിന്റെ ശരിയും തെറ്റും തുടര്‍ന്നുള്ള ജ്ഞാനത്താല്‍ ഗ്രഹിക്കപ്പെടുന്നു. വസ്തുബന്ധമാണ് ജ്ഞാനത്തിന്റെ ഉള്ളടക്കം. വിജയകരമായ പ്രവൃത്തിയാണ് സത്യത്തിന്റെ ഉരകല്ല്.
പ്രത്യക്ഷം തെറ്റുപറ്റാത്ത ഇന്ദ്രിയാനുഭവമാണ്. അത് ഇന്ദ്രിയവും വസ്തുവുമായുള്ള പരസ്പര സമ്പര്‍ക്കത്തില്‍ നിന്നുണ്ടാകുന്നു. അപരോക്ഷഗ്രഹണമാണ് പ്രത്യക്ഷം. സാധാരണവും അസാധാരണവുമായ പ്രത്യക്ഷം ഇതില്‍ വരുന്നു. ആത്മാവ് മനസ്സുമായി ബന്ധത്തില്‍ വരുന്നു. മനസ് ഇന്ദ്രിയങ്ങളുമായും ഇന്ദ്രിയങ്ങള്‍ വസ്തുക്കളുമായും പഞ്ചഭൂതങ്ങളുടെ ഗുണങ്ങള്‍ക്ക് അനുരൂപമായാണ് പഞ്ചേന്ദ്രിയങ്ങള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഓരോ ഇന്ദ്രിയവും ഓരോ ഭൂതത്തിന്റെ ഗുണം വെളിപ്പെടുത്തുന്നു.
നൈയായികന്മാര്‍ പ്രത്യക്ഷത്തിലെ രണ്ടു നിലകളെക്കുറിച്ചു പറയുന്നുണ്ട്: (i) നിര്‍വികല്പം, (ii) സവികല്പം. സങ്കീര്‍ണമായ ഒരേ പ്രത്യക്ഷത്തിന്റെ രണ്ടു നിലകളാണിവ. കേവലവസ്തുവിനെക്കുറുച്ചുള്ള പ്രത്യക്ഷം നിര്‍വികല്പ പ്രത്യക്ഷവും അത് ശരിയായി നിര്‍വചിക്കപ്പെടുമ്പോള്‍ സവികല്പവുമാകുന്നു.
സങ്കീര്‍ണമായ പ്രത്യക്ഷപ്രവര്‍ത്തനത്തില്‍ സ്മൃതിയും വസ്തുവിന്റെ പ്രതിനിധീകരണവും കൂടിച്ചേരുന്നു. നിര്‍വികല്പ പ്രത്യക്ഷമാണ് സവികല്പ പ്രത്യക്ഷത്തിനുള്ള വസ്തുക്കള്‍ നല്കുന്നത്. ഇവയുടെ വ്യത്യാസം ചിന്തയില്‍ മാത്രമേയുള്ളു; യാഥാര്‍ഥ്യത്തിലില്ല. നിര്‍വികല്പ പ്രത്യക്ഷം പെട്ടെന്നുള്ള ഗ്രഹണമാണ്. ഇത് കേവല അവബോധവും അപരോക്ഷ ഇന്ദ്രിയാനുഭവവുമാകുന്നു. ഇത് അഭേദവും അനാപേക്ഷികവും സ്വാംശീകരണം, വിവേചനം, സംശ്ലേഷണം, വിശ്ലേഷണം എന്നിവകളില്‍ നിന്നും വിമുക്തവുമാണ്. ദ്രവ്യത്തെ അതിന്റെ ഗുണങ്ങളോടുകൂടി പ്രത്യക്ഷീകരിക്കുമ്പോഴാണ് സവികല്പ പ്രത്യക്ഷമുണ്ടാകുന്നത്.
പ്രത്യക്ഷം വീണ്ടും രണ്ടു തരത്തിലുണ്ട്: ലൌകിക പ്രത്യക്ഷവും അലൌകിക പ്രത്യക്ഷവും. സാധാരണ രീതിയില്‍ ഇന്ദ്രിയങ്ങള്‍ക്ക് വസ്തുക്കളുമായുണ്ടാകുന്ന ബന്ധമാണ് ലൌകിക പ്രത്യക്ഷം. ഇന്ദ്രിയങ്ങള്‍ അസാധാരണമായ രീതിയില്‍ വസ്തുക്കളുമായി ബന്ധപ്പെടുമ്പോള്‍ അലൌകിക പ്രത്യക്ഷം ഉണ്ടാകുന്നു. സാധാരണ പ്രത്യക്ഷം രണ്ടു തരത്തിലുണ്ട്: മാനസപ്രത്യക്ഷവും ബാഹ്യപ്രത്യക്ഷവും. മാനസപ്രത്യക്ഷത്തില്‍ അന്തരിന്ദ്രിയമായ മനസ് മാനസിക പ്രവര്‍ത്തനങ്ങളെ കാണുന്നു. ബാഹ്യേന്ദ്രിയങ്ങള്‍ ബാഹ്യ വസ്തുക്കളുമായി ബന്ധത്തില്‍ വരുമ്പോള്‍ ബാഹ്യപ്രത്യക്ഷമുണ്ടാകുന്നു.
അലൗകിക പ്രത്യക്ഷം മൂന്നു തരത്തിലുണ്ട്. സാമാന്യലക്ഷണം, ജ്ഞാനലക്ഷണം, യോഗജ എന്നിവ. സാമാന്യലക്ഷണപ്രത്യക്ഷം സാര്‍വത്രികാശയങ്ങളെക്കുറിച്ചുള്ള പ്രത്യക്ഷമാണ്. ഒരു പ്രത്യേക സ്വഭാവമുള്ള വസ്തുക്കളുടെ സാമാന്യ സ്വഭാവത്തെ ഒരു സാര്‍വത്രികാശയമായി കാണുന്നു. മനുഷ്യന്‍ വ്യക്തിഗതവസ്തുവിനെയാണ് പ്രത്യക്ഷീകരിക്കുന്നത്, സാര്‍വത്രികങ്ങളെയല്ല. അതിനാല്‍ സാര്‍വത്രികങ്ങളെ അലൌകികങ്ങളായി പ്രത്യക്ഷീകരിക്കുന്നു. നമ്മള്‍ പശുവിനെ കാണുമ്പോള്‍ പശുത്വം അതില്‍ അടങ്ങിയിരിക്കുന്നു. രണ്ടാമത്തേത് ജ്ഞാനലക്ഷണ പ്രത്യക്ഷമാണ്. ഇത് പൂര്‍വാനുഭവത്തിലെ അറിവിന്റെ ആശയവും പ്രത്യക്ഷവും കൂട്ടിയിണക്കുന്നതിലൂടെ സംഭവിക്കുന്നു. ചില സമയം വ്യത്യസ്ത ഇന്ദ്രിയജ്ഞാനങ്ങള്‍ ഒന്നാക്കപ്പെടുകയും ചെയ്യുന്നു. ഇവിടെ ഇന്ദ്രിയങ്ങള്‍ വസ്തുവിനെ അപരോക്ഷമായി നല്കുന്നില്ല. വസ്തുവിനെ കാണുമ്പോള്‍ ഓര്‍മ പൂര്‍വകാല ജ്ഞാനത്തെ ഉണര്‍ത്തുകയും അങ്ങനെയുള്ള സമര്‍പ്പണവുമായി ബന്ധപ്പെട്ടു പ്രത്യക്ഷീകരിക്കുകയും ചെയ്യുന്നു. ഉദാ. പനിനീര്‍പുഷ്പത്തെ കാണുമ്പോള്‍ അതിനെക്കുറിച്ചുള്ള പൂര്‍വകാലാനുഭവത്തിന്റെ ഓര്‍മയില്‍ നിന്നും അത് സുഗന്ധമുള്ളതായി കണ്ണിലൂടെ പ്രത്യക്ഷീകരിക്കുന്നതാണ് ജ്ഞാനലക്ഷണ പ്രത്യക്ഷം.
മൂന്നാമത്തെതാണ് യോഗജ പ്രത്യക്ഷം. സര്‍വവസ്തുക്കളുടെയും ഭൂതം-വര്‍ത്തമാനം-ഭാവി കാലങ്ങളെക്കുറിച്ച് അപരോക്ഷവും അതീന്ദ്രിയവും അനാപേക്ഷികവും അന്തര്‍ദര്‍ശനപരവുമായ പ്രത്യക്ഷമാണിത്. യോഗികള്‍ക്കു ധ്യാനത്തിന്റെ ഫലമായുണ്ടാകുന്ന ശക്തിയില്‍ നിന്നാണിതു ലഭിക്കുന്നത്.
അനുമാനം. ജ്ഞാനത്തിനുള്ള രണ്ടാമത്തെ മാര്‍ഗമാണിത്. മറ്റു ചില ജ്ഞാനത്തിലൂടെയാണ് ഈ ജ്ഞാനം ലഭിക്കുന്നത്. ഇത് പരോക്ഷ ജ്ഞാനമാണ്. ഇത് അറിയപ്പെടേണ്ട വസ്തുവുമായിബന്ധപ്പെട്ടു കിടക്കുന്ന ഹേതുവിന്റെ (ലക്ഷണം) പ്രത്യക്ഷത്തിലൂടെ തുടങ്ങുന്നു. ഈ ഹേതുവും അറിയപ്പെടേണ്ട വസ്തുവും (സാധ്യം) തമ്മില്‍ അനിവാര്യബന്ധമുണ്ട്. ഹേതുവില്‍ നിന്നും സാധ്യത്തെ അനുമാനിക്കുന്നു. ഹേതുവും സാധ്യവും തമ്മിലുള്ള അനിവാര്യബന്ധത്തെയും ഒന്നിനോടൊന്ന് ബന്ധപ്പെട്ടുള്ള പ്രകാശനത്തെയും വ്യാപ്തി എന്നു പറയുന്നു. ഇതാണ് അനുമാനത്തിന്റെ നാഡീകേന്ദ്രം. ഹേതുവുണ്ടായിരിക്കുന്നിടത്ത് സാധ്യവും ഉണ്ടായിരിക്കും. പുകയുള്ളിടത്ത് തീയുണ്ടാകും. പുകയെ കണ്ട് (ഹേതു) അതിനു കാരണമായി തീ (സാധ്യം) ഉണ്ടാകുമെന്ന് അനുമാനിക്കുന്നു. പുക തീയുമായി അനിവാര്യമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ പുകയുള്ളിടത്തെല്ലാം തീയുണ്ടാകും (വ്യാപ്തി). മലയില്‍ (പക്ഷം) പുക (ലിംഗം അഥവാ ഹേതു) കാണുമ്പോള്‍ അവിടെ തീയുണ്ട്. (സാധ്യം) എന്നു നാം അനുമാനിക്കുന്നു.
നൈയായികന്മാര്‍ അനുമാനപ്രവര്‍ത്തനത്തില്‍ അഞ്ചു പടികള്‍ സ്വീകരിക്കുന്നു: (i) തെളിയിക്കേണ്ടിയിരിക്കുന്ന തര്‍ക്കശാസ്ത്ര പ്രസ്താവന, (ii) പ്രസ്താവന തെളിയിക്കേണ്ടതിന്റെ കാരണം, (iii) കാര്യകാരണബന്ധം സാര്‍വത്രികമായി അനിവാര്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നതിന് ചൂണ്ടിക്കാണിക്കുന്ന ഉദാഹരണം, (iv) ഇപ്പോള്‍ പ്രത്യക്ഷീകരിക്കുന്ന കാര്യത്തിലേക്ക് സാര്‍വത്രികമായിരിക്കുന്ന കാര്യകാരണ അനിവാര്യബന്ധത്തിന്റെ പ്രയോഗം, (v) നല്കിയിരിക്കുന്ന പ്രസ്താവനകളില്‍ നിന്നും നിഗമനത്തിലെത്തല്‍.
ഈ അഞ്ചുപടികള്‍ അനുമാനപ്രക്രിയയുടെ അവയവങ്ങള്‍ എന്നറിയപ്പെടുന്നു.
ഒന്ന്, ഈ മലയില്‍ തീയുണ്ട് (പ്രതിജ്ഞ).
രണ്ട്, അവിടെ പുകയുണ്ട് (ഹേതു).
മൂന്ന്, പുകയുള്ളിടത്തെല്ലാം തീയുണ്ട്. ഉദാ. അടുപ്പ്
നാല്, തീയുമായി അനിവാര്യമായി ബന്ധപ്പെട്ടിരിക്കുന്ന പുക ഈ മലയിലുണ്ട് (ഉപനയം).
അഞ്ച്, അതുകൊണ്ട് ഈ മലയില്‍ തീയുണ്ട് (നിഗമനം). മുകളില്‍ പറഞ്ഞിരിക്കുന്നത് പരാര്‍ഥാനുമാനത്തിലുള്ളതാണ്. ഒരുവന്‍ സ്വയം മനസ്സില്‍ നടത്തുന്ന അനുമാനപ്രക്രിയയാണ് സ്വാര്‍ഥാനുമാനം.
ഉപമാനം. അടുത്തത് ഉപമാനത്തിലൂടെ ലഭിക്കുന്ന ജ്ഞാനമാണ്. ഇത് പദവും അതിന്റെ അര്‍ഥസൂചനയും തമ്മിലുള്ള ബന്ധത്തില്‍ നിന്നും ലഭിക്കുന്ന താരതമ്യജ്ഞാനത്തില്‍ രൂപീകരിക്കപ്പെടുന്നു. അതിനാല്‍ ഉപമാനത്തിലൂടെ ജ്ഞാനം പദത്തിന്റെയും അതു സൂചിപ്പിക്കുന്ന വസ്തുവിന്റെയും ബന്ധത്തില്‍ നിന്നുമുണ്ടാകുന്നു.
ആപ്തവാക്യം. ശരിയായ ജ്ഞാനത്തിനുള്ള നാലാമത്തെ മാര്‍ഗം ആപ്തവാക്യമാണ്. സത്യസന്ധനും വിശ്വസ്തനുമായ ഒരു മനുഷ്യന്റെ പ്രസ്താവനയില്‍ അടങ്ങിയിരിക്കുന്ന അര്‍ഥ ഗ്രഹണമാണിത്. ആപ്തവാക്യം എപ്പോഴും വ്യക്തിപരമാണ്. വൈദികം, ലൗകികം (മതേതരം) എന്നിങ്ങനെ രണ്ടു തരത്തിലുണ്ട്. വേദവാക്യങ്ങളാണ് ഇവിടെ വൈദികം. ഇത് ഈശ്വര വാക്യങ്ങളായി കണക്കാക്കുന്നു. ഇതു പൂര്‍ണവും അപ്രമാദിത്വവുമാകുന്നു. മതേതരം മനുഷ്യന്റെ വാക്കുകളാണ്; ഇവ അപൂര്‍ണമാണ്.
പൂര്‍വമീമാംസ
ഈ തത്ത്വസംഹിതയുടെ സ്ഥാപകന്‍ ജൈമിനിയാണ്. പ്രഭാകരന്‍, കുമാരിലന്‍ എന്നിവരാണ് ഇതിന്റെ പ്രധാന അഭിവര്‍ത്തകന്മാര്‍. ജൈമിനി ജ്ഞാനമാര്‍ഗമായി പ്രത്യക്ഷം, അനുമാനം, ആപ്തവാക്യം എന്നിങ്ങനെ മൂന്നു മാര്‍ഗങ്ങള്‍ സ്വീകരിച്ചു. പ്രഭാകരന്‍ അതിനോട് ഉപമാനം, അര്‍ഥാപത്തി എന്നിവയും കുമാരിലന്‍ അനുലബ്ധി എന്ന പ്രമാണവും കൂട്ടിച്ചേര്‍ത്തു.
പ്രഭാകരന്റെയും കുമാരിലന്റെയും അഭിപ്രായത്തില്‍ ജ്ഞാനം രണ്ടു രീതിയിലുണ്ട്: അപരോക്ഷവും പരോക്ഷവും. പ്രത്യക്ഷം അപരോക്ഷജ്ഞാനമാണ്. ഇതിന് രണ്ടു തലങ്ങളുണ്ട്: നിര്‍വികല്പം, സവികല്പം. പ്രഭാകരന്‍ പ്രത്യക്ഷം അപരോക്ഷഗ്രഹണമായി കരുതുന്നു. കുമാരിലന് ഇത് അപരോക്ഷജ്ഞാനമാണ്. ന്യൂനതകളുണ്ടാകാതെ വസ്തുവുമായി പഞ്ചേന്ദ്രിയങ്ങള്‍ക്കുണ്ടാകുന്ന ശരിയായ ബന്ധത്തില്‍ നിന്നാണ് ഇതുണ്ടാകുന്നത്. ആത്മാവ് മനസ്സുമായും മനസ്സ് ഇന്ദ്രിയങ്ങളുമായും ഇന്ദ്രിയങ്ങള്‍ ബാഹ്യവസ്തുക്കളുമായും ബന്ധപ്പെടുന്നു. മീമാംസകന്മാര്‍ നിര്‍വികല്പ പ്രത്യക്ഷം സാധാരണാനുഭവത്തിന്റെ ഭാഗമായി മാത്രം കരുതുന്നു. അവ്യക്തവും നിര്‍ദിഷ്ടമല്ലാത്തതും പ്രത്യക്ഷത്തിന്റെ പ്രാകൃതഭാവവുമായ ഇവിടെ വസ്തുവിനെ സ്വഭാവവിശേഷണങ്ങളില്ലാതെ കാണുന്നു. സവികല്പ പ്രത്യക്ഷത്തില്‍ വസ്തു സഗുണവും വ്യക്തവും നിര്‍ദിഷ്ടവുമായിത്തീരുന്നു.
രണ്ടുതരം പ്രത്യക്ഷങ്ങളും ഫലവത്തായ ലക്ഷ്യം ഉളവാക്കുന്നു. സവികല്പ പ്രത്യക്ഷത്തില്‍ ആത്മാവ് ശുദ്ധവസ്തുവിനെത്തന്നെ ഗ്രഹിക്കുന്നു. സവിശേഷതകളുണ്ടെങ്കിലും അതിനെ ഗ്രഹിക്കുന്നില്ല. ബന്ധങ്ങളില്ലാത്ത കേവല അവബോധം മാത്രമാണ് (ആലോചന മാത്രം) നിര്‍വികല്പമായിരിക്കുന്നത്.
മീമാംസകന്മാരുടെ അനുമാനം നൈയായികന്മാരുടെതുപോലെ തന്നെയാണ്. ഇവര്‍ പരാര്‍ഥാനുമാന വിവരണത്തില്‍ മൂന്ന് അംഗങ്ങളെ മാത്രമേ സ്വീകരിക്കുന്നുള്ളു.
ഉപമാനം. മീമാംസകന്മാരുടെ ഉപമാനത്തെക്കുറിച്ചുള്ള വീക്ഷണം നൈയായികന്മാരില്‍ നിന്നും വ്യത്യസ്തമായിരിക്കുന്നു. ഇവരുടെ വീക്ഷണത്തില്‍ വാക്കും അതു സൂചിപ്പിക്കുന്ന വസ്തുവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ജ്ഞാനം ഒരു ആധികാരിക വാക്യത്താല്‍ നേടുന്നു; ഉപമാനം വഴിയല്ല. ഉദാ. വനത്തിലെ പശു. പശുവിനോടുള്ള സാദൃശ്യമുണ്ടെന്നു പറയുന്ന വ്യക്തിയുടെ വാക്കുകളില്‍ നിന്നും ഈ ജ്ഞാനം നേടുന്നു. വിശ്വസ്തനായ വ്യക്തിയുടെ ആപ്തവാക്യത്തില്‍ നിന്നും എന്താണോ പഠിച്ചത് അതിന്റെ സ്മരണയിലൂടെയാണ് ഇത് അറിയുന്നത്. കാട്ടുപശുവിനെക്കുറിച്ചുള്ള അറിവുതന്നെ പ്രത്യക്ഷത്തില്‍ നിന്നാണ് ലഭിക്കുന്നത്; ഉപമാനത്തില്‍ നിന്നല്ല. അതിനാല്‍ ഉപമാനം സ്മരണയില്‍ വന്ന പശുവിനെ വനത്തില്‍ കണ്ട പശുവിനോടു സാദൃശ്യപ്പെടുത്തുന്നതില്‍ നിന്നും ലഭിക്കുന്നു. 'സ്മരണയിലെ പശു പ്രത്യക്ഷീകരിച്ച വനത്തിലെ പശുവിനെപ്പോലെ'.
ആപ്തവാക്യം. ശബ്ദപ്രമാണത്തിന് മീമാംസയില്‍ മഹത്തായ പ്രാധാന്യമാണ് കല്പിച്ചിരിക്കുന്നത്. ആപ്തവാക്യം ആധികാരികമായ വാക്കാണ്. അതീന്ദ്രിയ വസ്തുവിനെക്കുറിച്ചുള്ള ജ്ഞാനമാണിതില്‍ അടങ്ങിയിരിക്കുന്നത്. വാക്കുകളുടെ അര്‍ഥഗ്രഹണത്തില്‍ നിന്നാണ് അതുണ്ടാകുന്നത്. കുമാരിലന്‍ ആപ്തവാക്യത്തെ പൌരുഷേയം, അപൌരുഷേയം എന്നു രണ്ടായി തിരിച്ചിട്ടുണ്ട്. ആദ്യത്തെത് ഒരു വിശ്വസ്ത വ്യക്തിയുടേതാണ്. രണ്ടാമത്തെത് വേദവാക്യങ്ങളാണ്. വേദവാക്യങ്ങളുടെ സാധുത സ്വയം സിദ്ധമാണ്. ഇതിന് അന്തര്‍ഗത പ്രാബല്യമുണ്ട്; ആന്തരിക വൈരുധ്യങ്ങളില്ല. എന്നാല്‍ പൗരുഷേയ ആപ്തവാക്യങ്ങള്‍ക്ക് ഇതില്ല. ഇതിന്റെ പ്രാബല്യം മനുഷ്യന്റെ വിശ്വസനീയ സ്വഭാവത്തെ ആശ്രയിച്ചിരിക്കുന്നു. ഇത് അപൂര്‍ണവും സന്ദേഹമുണ്ടാകുന്നതും പിന്നീട് വിരുദ്ധമാകാവുന്നതുമാണ്. വേദങ്ങള്‍ സനാതനവും അപൌരുഷേയവുമാണ്. വേദങ്ങള്‍ ഋഷിപ്രോക്തമാണെങ്കിലും അവര്‍ വേദത്തിന് അധികാരികളല്ല. വേദങ്ങള്‍ ധര്‍മവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഇതില്‍ പറയുന്ന വസ്തുതകളെ പ്രത്യക്ഷം, അനുമാനം, ഉപമാനം, മറ്റു മാര്‍ഗങ്ങള്‍ എന്നിവകൊണ്ട് അറിയാന്‍ സാധിക്കുന്നില്ല.
പ്രഭാകരന്‍ വേദവാക്യങ്ങളെ മാത്രമേ ആപ്തവാക്യമായി കാണുന്നുള്ളു.
അര്‍ഥാപത്തി. പ്രഭാകരനും കുമാരിലനും അറിവിനുള്ള ഒരു സ്വതന്ത്രമാര്‍ഗം എന്ന നിലയില്‍ അര്‍ഥാപത്തി സ്വീകരിക്കുന്നു. ഇതില്‍ ഒരു വസ്തുത മറ്റൊന്നിനെ ധ്വനിപ്പിക്കുന്നു. പ്രത്യക്ഷീകരിച്ച പൊരുത്തപ്പെടാത്ത രണ്ടു വസ്തുതകളെ അനുരഞ്ജിപ്പിക്കുന്നതിന് പ്രത്യക്ഷീകരിക്കാത്ത ഒരു വസ്തുവിനെക്കുറിച്ചുള്ള ഊഹമാണിത്. ദേവദത്തന്‍ തടിച്ചവനാണ്, പകല്‍ ഭക്ഷിക്കുന്നില്ല, അതിനാല്‍ രാത്രിയില്‍ ഭക്ഷിക്കുന്നുണ്ടെന്നു കരുതണം. അല്ലാത്തപക്ഷം തടിയും പകല്‍ ഭക്ഷണം കഴിക്കായ്മയും വിവരിക്കാന്‍ സാധ്യമല്ല. മീമാംസകന്മാര്‍ ഇത് ഒരു സ്വതന്ത്രമായ പ്രമാണമായി അംഗീകരിക്കുന്നു.
അനുപലബ്ധി. കുമാരിലന്‍ ആറാമത്തെ സ്വതന്ത്ര പ്രമാണമായി അനുപലബ്ധി സ്വീകരിച്ചു. എന്നാല്‍ പ്രഭാകരന്‍ ഇതിനെ നിരസിച്ചു. അസ്തിത്വമില്ലാത്ത ഒരു വസ്തുവിന്റെ പ്രത്യക്ഷവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. ഇല്ലായ്മ (നിഷേധം) ഒരു വ്യത്യസ്ത വിഭാഗമായി നിലനില്ക്കുന്നു. എന്നാല്‍ കേവലസ്ഥാനം ഇതില്‍ നിന്ന് വ്യത്യസ്തമാണ്. നിഷേധം കേവലം ഒന്നുമില്ലായ്മയല്ല. നമ്മള്‍ സ്ഥലം മാത്രം പ്രത്യക്ഷീകരിക്കുമ്പോള്‍ കുടമോ കുടമില്ലായ്മയോ പ്രത്യക്ഷീകരിക്കുന്നില്ല. അതിനാല്‍ കേവലസ്ഥാനത്തിന്റെ പ്രത്യക്ഷീകരണം കുടത്തിന്റെ നിലനിലനില്പില്ലായ്മയില്‍ നിന്നും ഗ്രഹണമില്ലായ്മയില്‍ നിന്നും ഭിന്നമാണ്.
സ്വതന്ത്ര വിഭാഗമായ നിഷേധം അനുപലബ്ധി എന്നറിയപ്പെടുന്ന സ്വതന്ത്രപ്രമാണത്താല്‍ അറിയപ്പെടുന്നു.
പ്രഭാകരന്റെ ജ്ഞാനസിദ്ധാന്തം ത്രിപുടിപ്രത്യക്ഷവാദം എന്നറിയപ്പെടുന്നു. ജ്ഞാനം സ്വയം പ്രകാശമാണെന്ന് ഇദ്ദേഹം കരുതുന്നു. ഇത് സ്വയം വെളിവാക്കപ്പെടുകയും അതോടൊപ്പം വ്യക്തിയെയും വസ്തുവിനെയും ഇതു വെളിപ്പെടുത്തുകയും ചെയ്യുന്നു. അതിനായി മറ്റൊന്നിനെ ഇത് ആശ്രയിക്കുന്നില്ല. എല്ലാ ജ്ഞാനസ്ഥിതിയിലും ഈ ത്രിപുടി സ്വഭാവമുണ്ട്.
കുമാരിലന്റെ ജ്ഞാനസിദ്ധാന്തം ജ്ഞാതതാവാദം എന്നറിയപ്പെടുന്നു. ജ്ഞാനം സ്വയം പ്രകാശിതമാണെന്ന് ഇദ്ദേഹം കരുതുന്നില്ല. ഇദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ജ്ഞാനം പ്രത്യക്ഷീകരണത്തിനു വിധേയമല്ല; അപരോക്ഷമായി അറിയാന്‍ സാധ്യമല്ല. ജ്ഞാനം ആത്മാവിന്റെ ഒരു അവസ്ഥയാണ്; അടിസ്ഥാനപരമായി ഒരു പ്രവൃത്തിയാണ്; ഒരു ആകസ്മികഗുണമാണ് . സ്വയം വെളിവാകാനോ മറ്റൊരു ജ്ഞാനത്താല്‍ ഇതിനെ വെളിപ്പെടുത്താനോ സാധ്യമല്ല. ജ്ഞാനത്തെ അനുമാനിച്ചറിയാന്‍ മാത്രമേ സാധിക്കൂ. ജ്ഞാനത്തെ വസ്തുബോധത്തില്‍ നിന്നോ വെളിപാടില്‍ നിന്നോ അനുമാനിക്കപ്പെടുന്നു. ഇതാണ് വസ്തുവിനെ അറിയാനുള്ള മാര്‍ഗവും. വസ്തുവിനെക്കുറിച്ചുള്ള ജ്ഞാനത്തില്‍ നിന്നും ജ്ഞാനപ്രവൃത്തി അനുമാനിക്കുന്നു. ജ്ഞാനം വസ്തുവിനെ വെളിപ്പെടുത്തുന്നു. ജ്ഞാനത്തിനു സ്വയം വെളിവാക്കാനോ മറ്റൊരു ജ്ഞാനത്താല്‍ വെളിവാക്കപ്പെടാനോ കഴിയില്ല.
വേദാന്തം-അദ്വൈതം (ശങ്കരന്‍)
വസ്തുവിനെക്കുറിച്ച് വൈരുധ്യമുണ്ടാക്കാത്തതാണ് വേദാന്തത്തില്‍ ശരിയായ ജ്ഞാനം. ഒരു മാനസികാവസ്ഥയ്ക്ക് ഒരു വസ്തുവുണ്ടായിരിക്കും. അതു ക്രമമായി തുടരുമ്പോള്‍ മാനസികനില ഒരുപോലെ സ്ഥിതിചെയ്യും. പൂര്‍ണതയെ സാക്ഷാത്കരിക്കുന്നതുവരെ ബാഹ്യവസ്തുവിനെക്കുറിച്ചുള്ള വൈരുധ്യമില്ലാത്ത ജ്ഞാനം ശരിയായ ജ്ഞാനമായി കരുതാമെന്ന് ശങ്കരന്‍ പറയുന്നു.
അന്തഃകരണം ഇന്ദ്രിയങ്ങളിലൂടെ ബാഹ്യവസ്തുക്കളുമായി ബന്ധപ്പെട്ട് അതുമായി താദാത്മ്യം പ്രാപിക്കുമ്പോള്‍, അന്തഃകരണത്തിന് രൂപാന്തരം സംഭവിക്കുന്നു. ജ്ഞാനകാരണമായ വസ്തുവിന്റെ രൂപം അന്തഃകരണം ഉള്‍ക്കൊള്ളുന്നതോടെ വസ്തുവുമായി ബന്ധപ്പെട്ട അജ്ഞത ദൂരീകരിക്കപ്പെടുന്നു. അങ്ങനെ അജ്ഞാനത്താല്‍ മൂടപ്പെട്ടിരുന്ന ശുദ്ധബോധത്തിന്റെ വെളിച്ചം വസ്തുവിനാല്‍ വെളിപ്പെടുന്നു. വസ്തുവിന്റെയും പ്രത്യക്ഷകാരന്റെയും പിന്നില്‍ പ്രപഞ്ചത്തിന്റെ അസ്തിത്വകാരണമായ കേവല ബോധമാണ് നിലനില്ക്കുന്നത്; അതാണ് ചിത്. ഈ പ്രത്യക്ഷ പ്രവര്‍ത്തനത്തില്‍ ചിത് ജ്ഞാനകാരണമായ വസ്തുവിന്റെ സാദൃശ്യരൂപമുള്‍ക്കൊണ്ടു മനോവൃത്തിയിലൂടെ സ്വയം പ്രകാശിക്കപ്പെടുന്നു. അജ്ഞാനം ഹേതുവായി ചിത് (ഉണ്മ) വിവിധ രൂപങ്ങള്‍ക്കു വിധേയമായിരിക്കുന്നു. ചിത്തിന് സ്വയം വെളിപ്പെടാന്‍ സാധ്യമല്ല. സൃഷ്ടി അജ്ഞാനഹേതുവാകയാല്‍ അത് അതിനെത്തന്നെ രൂപമാറ്റങ്ങളിലൂടെ നിലനിര്‍ത്തുന്നു. അജ്ഞാനം തന്നെ വൈവിധ്യമായി രൂപാന്തരപ്പെട്ടിരിക്കുന്നു. ഈ തത്ത്വം അജ്ഞാനത്തിന്റെ സൃഷ്ടികര്‍മത്തെത്തന്നെ മറച്ചു വയ്ക്കുന്നു. അജ്ഞാനതത്ത്വം രണ്ടു രീതിയില്‍ പ്രവര്‍ത്തിക്കുന്നു: ആവരണവും വിക്ഷേപവും. വിക്ഷേപത്തില്‍ സൃഷ്ടി നടത്തുന്നതിനുള്ള കഴിവും ആവരണത്തില്‍ സൃഷ്ടിച്ചതിനെ മറച്ചു വയ്ക്കാനുള്ള കഴിവുമാണ്. എന്നാല്‍ അന്തഃകരണം ഇന്ദ്രിയത്തിലൂടെ വസ്തുവുമായി ബന്ധപ്പെടുമ്പോള്‍ അത് വസ്തുരൂപത്തിലേക്ക് രൂപാന്തരം പ്രാപിക്കുന്നു. അങ്ങനെ അജ്ഞാനരൂപമായ വസ്തുവിന്റെ ആവരണത്തെ മാറ്റിക്കളയുകയും അജ്ഞാനരൂപമായ വസ്തുവിന് പിന്നില്‍ നില്ക്കുന്ന സ്വയം പ്രകാശിതമായ ചിത് പ്രകാശിക്കുകയും ചെയ്യുന്നു. പ്രത്യക്ഷത്താല്‍ അജ്ഞാനജന്യമായ വസ്തുവിന്മേലുള്ള മറ ഇങ്ങനെ തത്കാലം മുറിക്കുന്നു. മറയുടെ മുറിക്കപ്പെട്ട ഭാഗത്തിലൂടെ വ്യക്തിയുടെയും വസ്തുവിന്റെയും പിന്നില്‍ നില്ക്കുന്ന ചിത് താത്കാലികമായി ഐക്യപ്പെടുന്നു. പ്രത്യക്ഷം ആത്മനിഷ്ഠബോധത്തിന്റെയും വസ്തുനിഷ്ഠബോധത്തിന്റെയും ഒരു ഐക്യപ്പെടലാണ്. ഇവിടെ വസ്തു പ്രത്യക്ഷകാരന്റെ ആത്മനിഷ്ഠബോധത്തില്‍ നിന്നും അന്യമല്ല. അന്തഃകരണത്തിലൂടെ വെളിപ്പെടുന്ന ബോധത്തെ ജീവസാക്ഷി എന്നു പറയുന്നു.
അനുമാനം. വേദാന്തശാസ്ത്രമനുസരിച്ച് അനുമാനം പ്രത്യേകമായ ഭൂതകാലാനുഭവപ്രകാരം രണ്ടു വസ്തുക്കള്‍ തമ്മിലുള്ള സഹവര്‍ത്തിത്വത്തെക്കുറിച്ചുള്ള ധാരണയെ ആശ്രയിച്ചിരിക്കുന്നു. മലയില്‍ പുക കാണുമ്പോള്‍ അനുമാനിക്കുന്നു-മലയില്‍ തീയുണ്ടാകും. പുക കാണുമ്പോള്‍ അതിന്റെ കൂടെ തീയുണ്ടാകുമെന്നുള്ള പൂര്‍വകാലാനുഭവത്തിന്റെ സ്മരണ ഉപബോധ മനസ്സില്‍ ഉയരുന്നു. പുകയും തീയും തമ്മിലുള്ള അനിവാര്യ ബന്ധത്തെക്കുറിക്കുന്ന വ്യാപ്തിജ്ഞാനം ഇതില്‍ അടങ്ങിയിരിക്കുന്നു. മലയെക്കുറിച്ചും പുകയെക്കുറിച്ചുമുള്ള ജ്ഞാനം അപരോക്ഷ പ്രത്യക്ഷത്തില്‍ നിന്നു ലഭിക്കുന്നു.
രണ്ടു വസ്തുക്കള്‍ ഒരുമിച്ചു പ്രത്യക്ഷീകരിക്കുമ്പോഴാണ് വ്യാപ്തിജ്ഞാനമുണ്ടാകുന്നത്. ഈ ധാരണ തികച്ചും വ്യക്തിപരമാണ്. അനുമാനത്തിന്റെ ഭൗതിക പ്രാബല്യം എന്നതിലുപരി, ആത്മനിഷ്ഠവും നിയമപരവുമായ പ്രാബല്യമാണ് വേദാന്തത്തിനാവശ്യം. പ്രത്യക്ഷത്തില്‍ നാം കാണുന്നത് കാര്യകാരണങ്ങളുടെ സഹവര്‍ത്തിത്വം (അന്വയവ്യാപ്തി) ആണ്.
ശങ്കരന്‍ അനുമാനപ്രക്രിയയില്‍ മൂന്നു വാക്യങ്ങള്‍ നിര്‍ദേശിക്കുന്നു: (i) പ്രതിജ്ഞ: ഈ മലയില്‍ തീയുണ്ട്, (ii) ഹേതു: കാരണം, അവിടെ പുകയുണ്ട്, (iii) ഉദാ. അടുക്കള.
ആപ്തവാക്യമെന്ന നിലയില്‍ ശങ്കരന്‍ ശ്രുതിയെ അന്ധമായി സ്വീകരിക്കുന്നില്ല. പുരാതന ഋഷിമാരുടെ ആത്മസാക്ഷാത്കാരത്തിന്റെ ഫലമാണ് ശ്രുതി എന്നു പറയപ്പെടുന്നു. അനുഭവത്തിന്റെയും യുക്തിയുടെയും ഉരകല്ലില്‍ ഉരച്ചു നോക്കിയാണ് ശങ്കരന്‍ ശ്രുതിയെ സ്വീകരിച്ചിരിക്കുന്നത്. അതീന്ദ്രിയ സത്യമായ ബ്രഹ്മസ്വരൂപം മനസ്സിലാക്കാന്‍ ശ്രുതിയെ ആശ്രയിക്കണം. എങ്കിലും ഇദ്ദേഹം യുക്തിക്കും അനുഭവത്തിനുമാണ് പരമപ്രാധാന്യം നല്കിയിരിക്കുന്നത്.
വേദാന്തം-വിശിഷ്ടാദ്വൈതം (രാമാനുജന്‍)
രാമാനുജന്‍ ജ്ഞാനത്തിനായി മൂന്നു മാര്‍ഗങ്ങളാണു കാണുന്നത്: പ്രത്യക്ഷം, അനുമാനം, ആപ്തവാക്യം, നിര്‍വികല്പം, സവികല്പം എന്നിങ്ങനെ പ്രത്യക്ഷത്തിന് രണ്ടു നിലകളുണ്ട്. ശുദ്ധവസ്തുവിനെക്കുറിച്ചുള്ള കേവല ഗ്രഹണമല്ല നിര്‍വികല്പ പ്രത്യക്ഷം. അറിയപ്പെടുന്നതെല്ലാം അനിവാര്യമായും അല്പം ഭേദത്തോടെയായിരിക്കും. അറിയുന്നതെല്ലാം ഗുണസമ്പന്നമായിരിക്കും. സവികല്പ പ്രത്യക്ഷം എന്നത് പ്രാഥമികമല്ല. നിര്‍വികല്പ പ്രത്യക്ഷത്തില്‍ ഒരു വസ്തുവിനെ അതിന്റെ ഗുണസ്വഭാവത്തോടെ ആദ്യമായി ഗ്രഹിക്കപ്പെടുന്നു. എന്നാല്‍ ഗണസ്വഭാവം അതുപോലെതന്നെ തിരിച്ചറിയുന്നില്ല. വസ്തുവിനെ രണ്ടാമതോ മൂന്നാമതോ ഗ്രഹിക്കുമ്പോള്‍ സവികല്പ പ്രത്യക്ഷം ഉണ്ടാകുന്നു. ഇതിന്റെ ഗണസ്വഭാവം ആ ഗണത്തിന്റെ മുഴുവന്‍ വസ്തുക്കള്‍ക്കുമുള്ളതായി തിരിച്ചറിയുന്നു. ഒരു വസ്തുവിന്റെ ദര്‍ശനത്തില്‍ അതിന്റെ പൂര്‍വകാലസ്മരണയുണ്ടാകുമ്പോള്‍ സവികല്പം പ്രത്യക്ഷം സംഭവിക്കുന്നു. ഇതിനെ ഗണസ്വഭാവ ഗുണത്തോടെ ഗ്രഹിക്കപ്പെടുകയും ചെയ്യുന്നു. നിര്‍വികല്പ പ്രത്യക്ഷത്തില്‍ വസ്തുവിനെ ഗണസ്വഭാവത്തോടെ പ്രത്യക്ഷീകരിക്കുന്നുവെങ്കിലും ഗണസ്വഭാവം ഗ്രഹിക്കപ്പെടുന്നില്ല. സ്മൃതിയിലൂടെയുണ്ടാകുന്ന തിരിച്ചറിയലും ഇദ്ദേഹം സാധുജ്ഞാനമായി പരിഗണിക്കുന്നു.
രാമാനുജന്‍ അനുമാനത്തെ കൈകാര്യം ചെയ്തിരിക്കുന്നത് ന്യായത്തിന്റേതുപോലെയാണ്. ആപ്തവാക്യത്തെ സംബന്ധിച്ചിടത്തോളം ഇദ്ദേഹം പഞ്ചരാത്ര ആഗമനത്തെ വേദത്തോടൊപ്പം കരുതുന്നു.
ഉപസംഹാരം
ചിന്തകന്മാര്‍ ജ്ഞാനസിദ്ധാന്തത്തെ വിവിധ രീതിയിലാണ് പരിഗണിച്ചിരിക്കുന്നത്. യാഥാര്‍ഥ്യവാദം, ആശയവാദം, അനുഭവവാദം, യുക്തിവാദം എന്നിവ ജ്ഞാനസ്രോതസ്സിന്റെ സ്വഭാവത്തെക്കുറിച്ചും; അജ്ഞേയതാവാദം, സന്ദേഹവാദം, സത്യാന്വേഷണം എന്നിവ ജ്ഞാനത്തിന്റെ സാധ്യതകളെക്കുറിച്ചും അന്വേഷിച്ചു.
യഥാര്‍ഥവാദികള്‍ക്ക് ജ്ഞാനം ബാഹ്യവസ്തുവിനെക്കുറിച്ചുള്ളതാണ്. അരിസ്റ്റോട്ടല്‍, റസ്സല്‍, ജി.ഇ. മൂര്‍ എന്നീ പാശ്ചാത്യ ചിന്തകന്മാരും, ഭാരതത്തിലെ ന്യായം, മീമാംസ, വിശിഷ്ടാദ്വൈതം എന്നീ ദര്‍ശനങ്ങളും ഈ വീക്ഷണമാണ് സ്വീകരിച്ചിരിക്കുന്നത്. ആശയവാദികള്‍ക്ക് ജ്ഞാനം ആശയങ്ങളെക്കുറിച്ചുള്ളതാണ്. പാശ്ചാത്യചിന്തകനായ ബര്‍ക്കലിയും മഹായാനബുദ്ധമതത്തിലെ വിജ്ഞാനവാദികളും ഈ പക്ഷക്കാരാണ്. മറ്റൊരു വീക്ഷണമനുസരിച്ച് ബാഹ്യവസ്തുവിന്റെ സാമീപ്യം ജ്ഞാനം ആര്‍ജിക്കുന്നതിന് അനിവാര്യമായ ഒരു ഉപാധിയാണ്. ശങ്കരനും പ്ലേറ്റോയും ഈ അഭിപ്രായക്കാരാണെങ്കിലും വ്യത്യസ്ത സ്വഭാവം പുലര്‍ത്തുന്നു. ജ്ഞാനസ്വഭാവത്തെക്കുറിച്ചുള്ള മറ്റൊരു വീക്ഷണം, വസ്തുവിനെക്കുറിച്ചുള്ള ജ്ഞാനം അറിയുന്നവനെക്കുറിച്ചുള്ള ജ്ഞാനത്തില്‍ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നുള്ളതാണ്. യഥാര്‍ഥവാദികള്‍ ഈ വീക്ഷണമാണ് സാമാന്യമായി സ്വീകരിച്ചിരിക്കുന്നത്.
അനുഭവവാദിയായ ജോണ്‍ ലോക്കിനെ സംബന്ധിച്ചിടത്തോളം ഇന്ദ്രിയ സംവേദങ്ങളിലൂടെയും ചിന്തയിലൂടെയും മനസ് നേടിയെടുക്കുന്ന ആശയങ്ങളാണ് ജ്ഞാനം. വസ്തുക്കളെക്കുറിച്ച് ഇദ്ദേഹം അജ്ഞത പ്രകടിപ്പിക്കുന്നു. അനുഭവവാദിയായ ബര്‍ക്കലിക്ക് ആശയങ്ങളും വസ്തുക്കളും ഒരേ പ്രവര്‍ത്തനത്തിന്റെ രണ്ടു വശങ്ങളാണ്. ലോക്ക് ഭൗതിക വസ്തുവില്‍ വിശ്വസിച്ചു. എന്നാല്‍ ബര്‍ക്കലി അതു ചെയ്തില്ല. ബര്‍ക്കലിക്ക് ആശയങ്ങളാണ് യാഥാര്‍ഥ്യം. മനസ്സും ആശയങ്ങളുമൊഴികെ മറ്റൊരു യാഥാര്‍ഥ്യമില്ല. ബര്‍ക്കലിയുടെ ആശയവാദത്തിന് മഹായാനബുദ്ധമതത്തിലെ വിജ്ഞാനവാദവുമായി സാദൃശ്യമുണ്ട്. വിജ്ഞാനവാദികള്‍ക്കു യാഥാര്‍ഥ്യം ബോധമോ മനസ്സോ (വിജ്ഞാനം) ആണ്. ഇവിടെ ബോധം (മനസ്സ്) ആശയങ്ങളുടെയും മുദ്രണങ്ങളുടെയും നിരന്തരപ്രവാഹമാണ്. എന്നാല്‍ ബുദ്ധമതത്തിലെ മാധ്യമിക മാധ്യമികന്മാര്‍ നമ്മുടെ അനുഭവത്തിനു കാരണമായ വസ്തു ശൂന്യതയാണെന്നു പറയുന്നു. അതിന്റെ ബാഹ്യപ്രകാശനമാണ് നാം അറിയുന്നത്.
അനുഭവവാദികളായ ലോക്കും ബര്‍ക്കലിയും തുടങ്ങിവച്ച ചിന്തയുടെ പ്രവാഹം ഡേവിഡ് ഹ്യൂമിന്റെ ചിന്തയില്‍ പരിസമാപ്തി കണ്ടെത്തുന്നു. ഹ്യൂമിന് അനുഭവമെന്നാല്‍ ഇന്ദ്രിയ സംവേദനങ്ങളാണ്. മനസ്സില്‍ പ്രത്യക്ഷം കൂടാതെ മറ്റൊന്നില്ല. ഹ്യൂമിന്റെ വീക്ഷണത്തില്‍ നിശ്ചിതവും അമൂര്‍ത്തവുമായ ഗണിതശാസ്ത്രജ്ഞാനവും അനിശ്ചിതവും എന്നാല്‍ വസ്തുനിഷ്ഠവുമായ ശാസ്ത്രജ്ഞാനവുമാണ് സാധ്യമായിട്ടുള്ളത്. വസ്തുനിഷ്ഠവും നിശ്ചിതവും സാര്‍വത്രികവും സ്വത്വസാധ്യവുമെന്നു തത്ത്വശാസ്ത്രം അവകാശപ്പെടുന്ന ജ്ഞാനത്തെക്കുറിച്ചുള്ള ആശയം ഹ്യൂം നിരസിച്ചു. പ്രാചീന ഗ്രീക്ക് സോഫിസ്റ്റുകളില്‍ അഗ്രഗണ്യനായിരുന്ന പ്രോട്ടഗോറസും ഈ വീക്ഷണം വച്ചു പുലര്‍ത്തിയിരുന്നു. ഓരോരുത്തര്‍ക്കുലഭിക്കുന്ന ജ്ഞാനം വ്യത്യസ്തമായിരിക്കുന്നതുകൊണ്ട് അതിനു സാര്‍വത്രിക സ്വഭാവമുണ്ടായിരിക്കണമെന്നില്ല എന്ന് ഇവരിരുവരും കരുതിയിരുന്നു. ഈ രണ്ടു ചിന്തകന്മാരിലും ആപേക്ഷികതാവാദത്തിന്റെ ധ്വനി ദര്‍ശിക്കാം. ബാഹ്യവസ്തുവിന്റെ അസ്തിത്വത്തെക്കുറിച്ചും തത്ത്വശാസ്ത്രജ്ഞാനത്തിന്റെ സാധ്യതയെക്കുറിച്ചും സംശയം പ്രകടിപ്പിച്ചതിനാല്‍ ഡേവിഡ് ഹ്യൂം സന്ദേശവാദത്തിലെത്തിച്ചേര്‍ന്നു. ജോണ്‍ ലോക്ക്, ബര്‍ക്കലി, ഹ്യൂം എന്നിവര്‍ ബ്രിട്ടീഷ് അനുഭവവാദികളാണ്.
യുക്തിവാദത്തിന്റെ തുടക്കം പ്ലേറ്റോയില്‍ നിന്നാണെന്നു കരുതപ്പെടുന്നു. ഇത് ദെക്കാര്‍ത്, സ്പിനോസ എന്നിവരിലൂടെ കടന്നു ലൈബ്നിസില്‍ എത്തുന്നു. ഇവര്‍ കോണ്ടിനെന്റല്‍ റാഷണിലിസ്റ്റുകള്‍ എന്നറിയപ്പെടുന്നു. ദെക്കാര്‍ത് ജ്ഞാനസിദ്ധാന്തത്തിലെ പ്രശ്നപരിഹാരത്തിനായി ഗണിതശാസ്ത്രത്തെ ആശ്രയിച്ചു. സ്പിനോസ ദെക്കാര്‍ത്തിന്റെ യുക്തിചിന്ത വികസിപ്പിച്ചു. ദെക്കാര്‍ത് ശാസ്ത്രീയസമീപനത്തില്‍ മുഴുകിയപ്പോള്‍ സ്പിനോസ ഈശ്വരനില്‍ ഉറച്ച വിശ്വാസത്തോടുകൂടിയ ഒരു സത്യാന്വേഷിയായി. യുക്തിയായിരിക്കണം ജ്ഞാനത്തിന്റെ സ്രോതസ്സ് എന്നുള്ള സിദ്ധാന്തത്തെ ഇദ്ദേഹം പിന്‍താങ്ങി. യുക്തിചിന്ത ലൈബ്നിസിന്റെ ദര്‍ശനത്തില്‍ പരിസമാപ്തിയെ പ്രാപിച്ചു. എല്ലാ ആശയങ്ങളും ജന്മസിദ്ധമായി ഇദ്ദേഹം കരുതി. ഇദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ മനുഷ്യന്‍ സ്ഥൂലപ്രപഞ്ചത്തിലെ ഒരു സൂക്ഷ്മപ്രപഞ്ചമാണ്. ബുദ്ധിയിലൂടെ മാത്രമേ നിശ്ചിതവും സത്യവും സാര്‍വത്രികവുമായ ജ്ഞാനം ലഭിക്കൂ എന്നിദ്ദേഹം കരുതി.
യുക്തിവാദവും അനുഭവവാദവും കാന്റിന്റെ ദര്‍ശനത്തില്‍ കൂട്ടിയിണക്കപ്പെട്ടു. ഇതിന്റെ ചെറിയ രൂപം ആദ്യമായി പ്രത്യക്ഷപ്പെടുന്നത് അരിസ്റ്റോട്ടലിലാണ്. അരിസ്റ്റോട്ടല്‍ ഒരു അനുഭവവാദിയും യാഥാര്‍ഥ്യവാദിയുമായിരിക്കുമ്പോള്‍ത്തന്നെ, ജ്ഞാനരൂപീകരണത്തില്‍ യുക്തിയുടെ പങ്കിനെ ഊന്നിപ്പറഞ്ഞു. ശാസ്ത്രജ്ഞാനത്തെക്കുറിച്ചുള്ള ഏകദേശരൂപം ഇദ്ദേഹത്തില്‍ ദര്‍ശിക്കാം. കാന്റിന്റെ അഭിപ്രായത്തില്‍ ജ്ഞാന പ്രവര്‍ത്തനം ഇന്ദ്രിയ സംവേദനത്തില്‍ നിന്നും തുടങ്ങി ബൌദ്ധിക പ്രവര്‍ത്തനവുമായി സംയോജിച്ച് നിര്‍ണയവാക്യങ്ങളിലവസാനിക്കുന്നു. സ്വതസ്സാധ്യവും പുതിയ ജ്ഞാനം നല്‍കുന്നതുമായ സാര്‍വത്രികജ്ഞാനം സാധ്യമാണെന്ന് ഇദ്ദേഹം കണ്ടു. ഇദ്ദേഹത്തിന്റെ വീക്ഷണത്തില്‍ ജ്ഞാനപ്രവര്‍ത്തനത്തില്‍ യുക്തിവിചാരം, ഇന്ദ്രിയസംവേദനം, ഗ്രഹണം എന്നിങ്ങനെ മൂന്നു ഘടകങ്ങളുണ്ട്. കാള്‍ പോപ്പറിനെ സംബന്ധിച്ചിടത്തോളം അറിവ് കല്പനാശക്തിയുടെ പരികല്പനാ രൂപീകരണത്തില്‍ നിന്നും തുടങ്ങുന്നു. യുക്തിയായാലും ഇന്ദ്രിയങ്ങളായാലും ജ്ഞാനത്തിനു നിശ്ചിതമായ അടിസ്ഥാനമോ സ്രോതസ്സോ ഇല്ല. ആധുനിക യുഗത്തിലെ അനുഭവവാദികളും യുക്തിവാദികളും മനുഷ്യന്റെ മാനസികശേഷിയിലേക്ക് ശ്രദ്ധ തിരിച്ചിരിക്കുന്നതായി ഇദ്ദേഹം കാണുന്നു. അതേസമയം ജന്മസിദ്ധമെന്നതിനെ നിരാകരിച്ചുവെങ്കിലും അനുഭവങ്ങളെ മനുഷ്യന്‍ ജന്മസിദ്ധമായ പ്രവണതകളോടെ സമീപിക്കുന്നുവെന്ന് ഇദ്ദേഹം കണ്ടു. മുന്‍കാല പ്രേരണകള്‍ക്കും അതിനനുസൃതമായ പ്രതീക്ഷകള്‍ക്കുമനുസരിച്ച് നാം വസ്തുക്കളെ വര്‍ഗീകരിക്കുന്നു. പ്രകൃതിയുടെ ക്രമബദ്ധത എന്ന ആശയം ഇദ്ദേഹത്തിനു സ്വതസാധ്യസംശ്ലേഷണ സിദ്ധാന്തമാണ്. ഇതു നിശ്ചിതവും സാര്‍വത്രികവും പുതിയ ജ്ഞാനം നല്കുന്നതുമാണ്. ഇതു മനുഷ്യബുദ്ധിയുടെ ക്രിയാത്മക പ്രക്രിയയുടെ സാമാന്യലക്ഷണവും മനഃശാസ്ത്രപരമായ അനിവാര്യതയുമാണ്. കേവലം തര്‍ക്കശാസ്ത്രപരമോ അനുഭവപരമോ അല്ലാത്തതിനാല്‍, ഇതിനെ തെറ്റായി നിരാകരിക്കാന്‍ സാധ്യമല്ല. ഒരു സിദ്ധാന്തത്തിന്റെ ശാസ്ത്രീയ സവിശേഷതയെന്തെന്നാല്‍ അത് അനുഭവസിദ്ധമായ വസ്തുതകളുടെ നിരീക്ഷണത്തിലൂടെ തെറ്റാണെന്നു തെളിയിക്കാമെന്നുള്ളതാണെന്നു പോപ്പര്‍ പറയുന്നു. ഇതു ശാസ്ത്രീയ ജ്ഞാനത്തിനുള്ള ഒരു അളവുകോലായി ഇദ്ദേഹം കാണുന്നു. കാന്റിന്റെ സ്വാധീനം ഇദ്ദേഹത്തില്‍ കാണാം.
അജ്ഞേയതാവാദം അങ്ങേയറ്റത്തെ അവകാശത്തിന്റെയും നിഷേധത്തിന്റെയും നടുവില്‍ കിടക്കുന്നു. നമുക്കുണ്ടാകുന്ന ഓരോ ജ്ഞാനത്തിനും ഈ രീതി വിശ്വാസ്യത നല്കുന്നു. ശാസ്ത്രീയവും തത്ത്വശാസ്ത്രപരവുമായ അന്വേഷണത്തില്‍ ഈ വീക്ഷണം ഉപകാരപ്രദമാണ്. ഇവര്‍ ജ്ഞാനത്തെ പൂര്‍ണമായി കാണുന്നതിനുപകരം സംഭാവ്യതയായി കാണുന്നു. ആശയം പ്രായോഗികമായിരിക്കുന്നിടത്തോളം അതിന്റെ സാധുതയില്‍ ഇവര്‍ വിശ്വസിക്കുന്നു.
സത്യാന്വേഷണം പരമാര്‍ഥികസത്തയെ സാക്ഷാത്കരിക്കുന്ന ഒരു രീതിയാണ്. ബൗദ്ധികജ്ഞാനത്തിന് ഇവര്‍ പ്രാമുഖ്യം നല്കുന്നില്ല. പാശ്ചാത്യ തത്ത്വചിന്തയില്‍ ഇതിന്റെ പ്രധാന വക്താവ് ഹെന്റി ബര്‍ഗ്നസനാണ്. ഭാരതത്തില്‍ സത്യദര്‍ശികളായ ഋഷികളുടെ ജീവിതരീതി തന്നെ സത്യാന്വേഷണമായിരുന്നു.
ജ്ഞാനസിദ്ധാന്തത്തില്‍ ബൗദ്ധികവിരുദ്ധസൈദ്ധാന്തികര്‍ അന്തര്‍ദര്‍ശനം അതിഭൗതികജ്ഞാനത്തിനുള്ള ഒരു മാര്‍ഗമായി കരുതി. ജ്ഞാനപ്രക്രിയയില്‍ അന്തര്‍ദര്‍ശനവും ബുദ്ധിയും വിരുദ്ധങ്ങളാണെന്ന് ഇവര്‍ കരുതുന്നില്ല. നേരെമറിച്ച് അവ പരസ്പര പൂരകങ്ങളാണ്. പാശ്ചാത്യതത്ത്വചിന്തയില്‍ അന്തര്‍ദര്‍ശനത്തെക്കുറിച്ച് ആദ്യം വിവരിച്ചത് ബ്രാഡ്ലിയാണ്. ഭാരതത്തില്‍ സൈദ്ധാന്തികര്‍ ആത്മജ്ഞാനത്തിനും പരമാര്‍ഥിക ജ്ഞാനത്തിനും ഈ മാര്‍ഗത്തെയാണ് ആശ്രയിച്ചത്.
'എനിക്ക് ഒന്നുമറിയില്ല എന്നുള്ളതാണ് എല്ലാമായി എനിക്കറിയാവുന്നത്' എന്നു പറഞ്ഞ സോക്രട്ടീസില്‍ നിന്നാണ് സന്ദേഹവാദത്തിന്റെ തുടക്കം. ഇത് അസസിലോസ്, കാര്‍ണീഡെസ് തുടങ്ങിയവര്‍ വികസിപ്പിച്ചു. ജ്ഞാനത്തിന്റെ സാധ്യതയും വിശ്വാസ്യതയും, യുക്തിശക്തിയുടെ കീഴിലുള്ള വിശ്വാസ്യത, ഇന്ദ്രിയജ്ഞാനത്തിന്റെ സാധുത എന്നിവയായിരുന്നു പ്രധാന വിഷയം. 'ഒന്നും ഉറപ്പില്ലാത്തതാണ്' എന്നിവര്‍ കണ്ടെത്തി. പിറോനിയന്‍ സന്ദേഹവാദികള്‍ അനുഭവത്തിനപ്പുറത്തുള്ള എല്ലാത്തരം ചിന്തകളെയും സംശയിച്ചു. ഈ സന്ദേഹവാദത്തിന്റെ അലയടി സിസറോ, സെന്റ് അഗസ്റ്റ്യന്‍, മൊണ്ടേയ്ന്‍, ദെക്കാര്‍ത്, ഹെഗല്‍ എന്നിവരിലും കാണാം. സന്ദേഹവാദത്തിന്റെ ആധുനിക രൂപം ദെക്കാര്‍ത്തില്‍ ഒരു സംശയാസ്പദ അന്വേഷണ രീതിയായി പ്രത്യക്ഷപ്പെടുന്നു. ഇതിന്റെ മൂര്‍ത്തരൂപം അനുഭവവാദിയായ ഡേവിഡ് ഹ്യൂമില്‍ഒരു ശാസ്ത്രീയാന്വേഷണത്തിന്റെ സ്വഭാവത്തോടെ വെളിപ്പെടുന്നു.
സന്ദേഹവാദം സാര്‍വത്രികവും നിശ്ചിതവും അനിവാര്യവുമായ ജ്ഞാനം ലഭിക്കുന്നതിനുള്ള സാധ്യത തള്ളിക്കളയുന്നു. ഇതിന്റെ തുടക്കം പ്രധാനമായും സോഫിസ്റ്റുകളിലാണ്. പ്രോട്ടഗോറസിന്റെ അഭിപ്രായത്തില്‍ ജ്ഞാനം വ്യക്തിനിഷ്ഠവും ആപേക്ഷികവുമാണ്. ഓരോരുത്തരിലും അതു വ്യത്യാസപ്പെട്ടിരിക്കുന്നു. ഹ്യൂമും ഈ വീക്ഷണം വച്ചു പുലര്‍ത്തുന്നു. ജ്ഞാനത്തിനു സാര്‍വത്രികസ്വഭാവം വേണമെന്നില്ല. ഭാരതത്തില്‍ ജൈനമതം ഈ വീക്ഷണം സ്വീകരിച്ചിരിക്കുന്നു. ജൈനന്മാര്‍ക്ക് ജ്ഞാനം ആപേക്ഷികമാണെങ്കിലും സന്ദേഹവാദമല്ല.
സന്ദേഹവാദമനുസരിച്ച് പാരമാര്‍ഥികസത്തയെക്കുറിച്ചുള്ള ജ്ഞാനം സാധ്യമല്ല. സര്‍വജ്ഞാനവും സംഭാവ്യതയെക്കുറിച്ചുള്ളതാണ്. ഭാരതത്തില്‍ അനുഭവവാദികളായ ചാര്‍വാകന്മാര്‍ സംഭവ്യതാസിദ്ധാന്തം സ്വീകരിക്കുന്നതായി കാണാം. ഹ്യൂമിന്റെ അഭിപ്രായത്തില്‍ കാര്യകാരണബന്ധം വെറും സംഭാവ്യതയാണ്. ചാര്‍വാകന്മാരും ഈ പക്ഷക്കാരാണ്. ഹ്യൂമിനു ശാസ്ത്രീയ നിഗമനങ്ങള്‍ സംഭവിച്ചേക്കാവുന്ന വെറും ഊഹം മാത്രമാണ്. അനിവാര്യവും സാര്‍വത്രികവുമെന്നു വിളിക്കാവുന്ന പൂര്‍ണജ്ഞാനമില്ല. എല്ലാ ജ്ഞാനവും സംശയബദ്ധമാണ്. ശാസ്ത്രീയ പുരോഗതിയില്‍ സന്ദേഹവാദം തടസ്സം സൃഷ്ടിക്കുന്നതായി കാണുന്നു.
സന്ദേഹവാദത്തിന്റെ മാറ്റൊലി ലോജിക്കല്‍ പോസിറ്റിവിസം, ഡിസ്കണ്‍ട്രക്ഷനിസം, ഹിസ്റ്റോറിസിസം, നിയോപ്രാഗ്മാറ്റിസം, റിലേറ്റിവിസം എന്നീ പ്രസ്ഥാനങ്ങളിലും ഫോക്കള്‍ട്ടിന്റെ കൃതികള്‍, ഡെറിഡയുടെ ഡികണ്‍സ്ട്രക്ഷനിസം, ക്വീനിന്റെ ഇന്‍ഡെര്‍മിനന്‍സി ആന്‍ എലിമിനേറ്റിവിസം, ക്വീനിന്റെ ഇന്‍ കെമെന്‍ സുറെബിലിറ്റി, റോര്‍ട്ടിയുടെ സോളിഡാരിറ്റി ഓവര്‍ ഒബ്ജക്റ്റിവിറ്റി, എഡീഫിക്കേഷന്‍ ഓവര്‍ ഇന്‍ക്വയറി എന്നീ സൃഷ്ടികളിലെല്ലാം കാണാം.
ജ്ഞാനസിദ്ധാന്തത്തില്‍ സന്ദേഹവാദികളുടെ സംഭാവനകള്‍ പല കാരണങ്ങള്‍ കൊണ്ടും പ്രാധാന്യമര്‍ഹിക്കുന്നു. ഇവര്‍ക്ക് ഓരോ ചുവടും മുന്നോട്ടുപോകാം. ഈ സ്വഭാവം മറ്റ് അന്വേഷണരീതികളില്‍ കാണാന്‍ സാധ്യമല്ല.