This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജ്ഞാനപീഠ പുരസ്കാരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജ്ഞാനപീഠ പുരസ്കാരം

ജി.ശങ്കരകുറുപ്പ്

ഭാരതത്തിലെ മികച്ച സാഹിത്യ പുരസ്കാരങ്ങളിലൊന്ന്. അംഗീകൃത ഭാരതീയഭാഷകളില്‍ ഏതിലെങ്കിലും രചന നടത്തുന്ന സാഹിത്യകാരന്മാര്‍ക്കാണ് ഈ വാര്‍ഷിക പുരസ്കാരം നല്കി വരുന്നത്. 'ഭാരതീയ ജ്ഞാനപീഠം ട്രസ്റ്റ് ആണ് ഇതിന്റെ സംഘാടകര്‍.

ജ്ഞാനപീഠ പുരസ്കാരം-വെങ്കലത്തില്‍ നിര്‍മ്മിച്ച വാഗ്ദേവി ശില്പം

ശാന്തിപ്രസാദ് ജെയിനിന്റെയും അദ്ദേഹത്തിന്റെ ഭാര്യ രമാജെയിനിന്റെയും നേതൃത്വത്തില്‍ 1944 ഫെ. 14-നാണ് ട്രസ്റ്റ് നിലവില്‍ വന്നത്. 'രാജ്യത്തെ സമസ്ത ഭാഷകളിലെയും അവയിലടങ്ങിയ സാഹിത്യങ്ങളിലെയും ആന്തരമായ ഐക്യത്തെ വിളംബരം ചെയ്യുന്ന വ്യാസപീഠം' എന്ന വി.എസ്. ഖണ്ഡേക്കറുടെ വിശേഷണം ഈ ട്രസ്റ്റിന്റെ സ്വഭാവം വ്യക്തമാക്കുന്നു. പ്രാചീന സാഹിത്യത്തിന്റെ സംരക്ഷണത്തിലായിരുന്നു ട്രസ്റ്റ് ആദ്യം ഊന്നല്‍ നല്കിയിരുന്നത്. അക്കാലത്ത് മൂര്‍ത്തീദേവി, കന്നഡ, മാണിക്യചന്ദ്ര എന്നീ പേരുകളില്‍ നിരവധി പ്രാചീന ഗ്രന്ഥപരമ്പരകള്‍ ട്രസ്റ്റ് പ്രസിദ്ധീകരിച്ചു. വര്‍ത്തമാനകാല സാഹിത്യത്തെ പോഷിപ്പിക്കുന്നതിനായി ട്രസ്റ്റ് തുടക്കമിട്ട ഗ്രന്ഥപരമ്പരകളാണ് ലോകോദയ ഗ്രന്ഥമാലയും രാഷ്ട്രഭാരതി ഗ്രന്ഥമാലയും. തുടര്‍ന്ന് ജ്ഞാനോദയ് എന്നൊരു സാഹിത്യമാസികയ്ക്ക് ട്രസ്റ്റ് തുടക്കം കുറിച്ചു. ഇവയ്ക്കും പുറമെയാണ് ജ്ഞാനപീഠം അവാര്‍ഡും (1965) മൂര്‍ത്തീദേവി അവാര്‍ഡും (1983).

ശാന്തിപ്രസാദ് ജെയിനിന്റെ 50-ാം ജന്മദിനത്തില്‍ (1961 മേയ് 21-ന്) ഭാര്യ രമാ ജെയിന്‍ മുന്നോട്ടു വച്ച ഒരാശയമാണ് ഈ ദേശീയ പുരസ്കാരത്തിന്റെ പിറവിക്കു കാരണമായത്. തുടര്‍ന്ന് പുരസ്കാര നിര്‍ണയനരീതി, സമ്മാനത്തുക തുടങ്ങിയവയെപ്പറ്റി സുദീര്‍ഘമായ ചര്‍ച്ചകളും ആലോചനായോഗങ്ങളും നടന്നു. 1962 ഏ. 2-ന് ഔദ്യോഗിക വിജ്ഞാപനം വന്നെങ്കിലും 1965 മുതലാണ് പുരസ്കാരം നല്കിത്തുടങ്ങിയത്.

എസ്.കെ.പൊറ്റക്കാട്

1965-ല്‍ പ്രഥമ ജ്ഞാനപീഠപുരസ്കാരം മഹാകവി ജി.   ശങ്കരക്കുറുപ്പിനു നല്കി. ഓടക്കുഴല്‍ എന്ന കാവ്യസമാഹാരമാണ് അദ്ദേഹത്തിന് പ്രസ്തുത ബഹുമതിനേടികൊടുത്തത്. അന്ന് ഒരു നിശ്ചിത കാലയളവിലെ ഏറ്റവും മികച്ച കൃതി കണ്ടെത്തുകയും അതിന്റെ കര്‍ത്താവിന് പുരസ്കാരം നല്കുകയും ചെയ്യുന്ന രീതിയായിരുന്നു നിലവിലിരുന്നത്. പ്രഥമ പുരസ്കാരത്തിന് 1920 മുതല്‍ 58 വരെ പ്രസിദ്ധീകരിച്ച കൃതികളും രണ്ടാമത്തെ പുരസ്കാരത്തിന് 1925 മുതല്‍ 59 വരെ പ്രസിദ്ധീകരിച്ച കൃതികളും 1967-ല്‍ മാന്നാമത്തെ അവാര്‍ഡിന് 35 മുതല്‍ 60 വരെയുള്ള കൃതികളും പരിഗണിച്ചു. 1979-ല്‍, 15-ാമത്തെ പുരസ്കാരത്തിന് (1979) 1968 മുതല്‍ 72 വരെ പ്രസിദ്ധീകരിച്ച കൃതികള്‍ കണക്കിലെടുത്തു. 1982 മുതല്‍ ഓരോ എഴുത്തുകാരന്റെയും മൊത്തം കൃതികള്‍ പരിഗണിച്ചുകൊണ്ട് അവാര്‍ഡു നല്‍കുന്ന സമ്പ്രദായം നിലവില്‍ വന്നു. ഇത്തരത്തില്‍ സമഗ്രസംഭാവനകള്‍ക്കായുള്ള പ്രഥമ പുരസ്കാരം ലഭിച്ചത് മഹാദേവി വര്‍മയ്ക്കായിരുന്നു.

തകഴി ശിവശങ്കരന്‍പിള്ള
എം.ടി.വാസുദേവന്‍ നായര്‍

വെങ്കലത്തില്‍ നിര്‍മിച്ച വാഗ്ദേവിശില്പം, പുരസ്കാര ജേതാവിന്റെ സാഹിതീ സംഭാവനകളുടെ മഹത്ത്വം വിളംബരം ചെയ്യുന്ന പ്രശസ്തി പത്രം, ഒരു ലക്ഷം രൂപ എന്നിവ അടങ്ങുന്നതായിരുന്നു ആരംഭകാലത്തെ ജ്ഞാനപീഠപുരസ്കാരം. ഇപ്പോള്‍ സമ്മാനത്തുക രണ്ടരലക്ഷം രൂപയാണ്. ഉജ്ജയിനിയിലെ ധാരാ നഗരത്തിലെ സരസ്വതീകണ്ഠാഭരണ പ്രസാദക്ഷേത്രത്തില്‍ ഭോജരാജാവ് സ്ഥാപിച്ച (1035) വാഗ്ദേവിയുടെ വിഗ്രഹത്തിന്റെ മാതൃകയിലുള്ളതാണ് ഈ വെങ്കല ശില്പം (യഥാര്‍ഥ ശില്പം ഇപ്പോള്‍ ബ്രിട്ടീഷ് മ്യൂസിയത്തിലാണുള്ളത്). പ്രസ്തുത ശില്പത്തിന്റെ ശിരോഭാഗത്തായി ഒരു പ്രഭാമണ്ഡലംകൂടി അവാര്‍ഡ് ശില്പത്തില്‍ ചേര്‍ത്തിട്ടുണ്ട്. ഇത് മഥുരയിലെ കങ്കാളി പര്‍വതപ്രദേശത്തുനിന്ന് ലഭിച്ച പ്രാചീന ജൈനതോരണത്രയത്തിന്റെ മാതൃകയിലുള്ളതാണ്. വാഗ്ദേവിയുടെ നാല് കരങ്ങളിലായി ജ്ഞാനം, സംയമം, വിരക്തി, അന്തര്‍ദൃഷ്ടി എന്നിവയുടെ പ്രതീകങ്ങളായ ഗ്രന്ഥം, കമണ്ഡലം, അക്ഷമാല, പദ്മം എന്നിവയുമുണ്ട്. അവാര്‍ഡുദാനച്ചടങ്ങില്‍ സരസ്വതീവന്ദനം, ശംഖനാദം മുഴക്കല്‍, തിലകച്ചാര്‍ത്ത്, അംഗവസ്ത്രമണിയിക്കല്‍ എന്നിവയുമുണ്ടായിരിക്കും.

1965 മുതല്‍ 98 വരെ 36 പേര്‍ക്ക് ഈ പുരസ്കാരം നല്കിയിട്ടുണ്ട്. 1967-ലും 73-ലും അവാര്‍ഡ് രണ്ടുപേര്‍ക്കായി വീതിക്കപ്പെട്ടു. ആശാപൂര്‍ണാദേവി (1976), അമൃതാ പ്രീതം (1981), മഹാദേവി വര്‍മ (1982), മഹാശ്വേതാദേവി (1997) എന്നിവരാണ് ജ്ഞാനപീഠ പുരസ്കാരം നേടിയിട്ടുള്ള വനിതകള്‍. ഏറ്റവും കൂടുതല്‍ അവാര്‍ഡുകള്‍ ലഭിച്ചിട്ടുള്ളത് കന്നഡ (7) ഭാഷയ്ക്കാണ്. മറ്റ് ഭാഷകള്‍ക്ക് ലഭിച്ച പുരസ്കാരങ്ങള്‍ ഇപ്രകാരമാണ്: ഹിന്ദി (5), ബംഗാളി (5), മലയാളം (4), ഒറിയ (3), ഗുജറാത്തി (2), ഉര്‍ദു (3), തെലുഗു (2), മറാഠി (2), പഞ്ചാബി (1), അസമിയ (1), തമിഴ് (1). അവാര്‍ഡുകള്‍ ലഭിക്കുമ്പോള്‍ ഏറ്റവും പ്രായം കൂടിയ ആള്‍ മാസ്തി വെങ്കടേശ് അയ്യങ്കാര്‍ (കന്നഡ) ആയിരുന്നു (90 വയസ്). ഏറ്റവും പ്രായം കുറഞ്ഞയാള്‍ അഖിലന്‍ (തമിഴ്-52 വയസ്). മരണാനന്തര ബഹുമതിയായി ആര്‍ക്കും ജ്ഞാനപീഠപുരസ്കാരം നല്കിയിട്ടില്ല.

ജി. ശങ്കരക്കുറുപ്പ് (ഓടക്കുഴല്‍-1965), എസ്.കെ. പൊറ്റെക്കാട്ട് (ഒരു ദേശത്തിന്റെ കഥ-1980), തകഴി ശിവശങ്കരപ്പിള്ള, എം.ടി. വാസുദേവന്‍നായര്‍ എന്നിവരാണ് ജ്ഞാനപീഠപുരസ്കാരം നേടിയ മലയാള സാഹിത്യകാരന്മാര്‍. തകഴിക്കും (1984) എം.ടി.ക്കും (1995) സമഗ്ര സംഭാവനകളെ മുന്‍നിര്‍ത്തിയായിരുന്നു അവാര്‍ഡ്.

ഭാരതീയ സാഹിത്യത്തിന്റെ വികാസത്തിന് ജൈനമതം വളരെ മുമ്പു മുതല്ക്കേ പ്രോത്സാഹനം നല്കിപ്പോന്നിരുന്നു. അതിന്റെ സമകാലികമായ ഉദാഹരണമായി ജ്ഞാനപീഠ പുരസ്കാരത്തെ വിശദീകരിക്കാറുണ്ട്. ജൈനമത വിശ്വാസിയായിരുന്ന മൂര്‍ത്തീദേവിക്ക് മൂഡുബിദ്രി ജൈനക്ഷേത്രത്തില്‍ കണ്ട ഒരു താളിയോല ഗ്രന്ഥ(മഹാബന്ധ്)ത്തോടുതോന്നിയ ഭക്ത്യാദരങ്ങളിലായിരുന്നു ഭാരതീയ ജ്ഞാനപീഠത്തിന്റെ പ്രഥമബീജം. ഈ ഗ്രന്ഥം പുനഃപ്രകാശിപ്പിക്കണമെന്ന് അവര്‍ക്ക് ആഗ്രഹം ജനിച്ചതോടെയാണ് പുത്രന്‍ ട്രസ്റ്റിന് തുടക്കംകുറിച്ചത്. ഇന്ന് ജ്ഞാനപീഠപുരസ്കാരത്തിലൂടെ വ്യത്യസ്ത ഭാരതീയ ഭാഷകളിലെ സാഹിത്യങ്ങള്‍ മാതൃകാപരമായി ആദരിക്കപ്പെടുന്നു. പ്രാദേശിക രചനകള്‍ക്കും സാഹിത്യകാരന്മാര്‍ക്കും ദേശീയതലത്തില്‍ ഒരു മാന്യസ്ഥാനം നേടിക്കൊടുക്കുന്നതിലും അതുവഴി 'ഭാരതീയ സാഹിത്യം' എന്ന വിശാലമായ സങ്കല്പത്തെ മുന്നോട്ടുനയിക്കുന്നതിലും ഈ പുരസ്കാരത്തിന്റെ പങ്ക് ഗണനീയമാണ്. ജ്ഞാനപീഠം ലഭിച്ച കൃതികള്‍ ട്രസ്റ്റുതന്നെ മുന്‍കൈയെടുത്ത് വിവര്‍ത്തനം ചെയ്യുന്നു എന്നതാണ് മറ്റൊരു സവിശേഷത. ഇതിലും വലിയ തുക സമ്മാനമായി നല്കുന്ന മറ്റൊരു സാഹിത്യ പുരസ്കാരം 1991-ല്‍ നിലവില്‍വന്നെങ്കിലും (സരസ്വതി സമ്മാന്‍-കെ.കെ. ബിര്‍ളാ ഫൌണ്ടേഷന്‍) ഇന്നും 'ഭാരതീയ സാഹിത്യത്തിലെ നോബല്‍ പ്രൈസ്' എന്ന് വിശേഷിപ്പിക്കപ്പെടാറുള്ള പുരസ്കാരം ജ്ഞാനപീഠംതന്നെ.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍