This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോ എന്‍ ലീ (1898 - 1976)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജോ എന്‍ ലീ (1898 - 1976)

Chou-En-Lai

ചൈനീസ് രാജ്യതന്ത്രജ്ഞന്‍. പീപ്പിള്‍സ് റിപ്പബ്ലിക്ക് ഒഫ് ചൈനയുടെ ആദ്യത്തെ പ്രധാനമന്ത്രി (1949-76). വിദേശകാര്യമന്ത്രിയായും (1949-58) ഇദ്ദേഹം സേവനമനുഷ്ഠിച്ചു. നല്ലൊരു രാജ്യതന്ത്രജ്ഞനെന്ന നിലയില്‍ അപാരമായ കഴിവുകളുണ്ടായിരുന്ന ജോ എന്‍ ലീയ്ക്ക് 1920-കളുടെ തുടക്കത്തില്‍ത്തന്നെ കര്‍മമണ്ഡലങ്ങളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിക്കുവാനും ചൈനീസ് കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ അധികാരശ്രേണിയില്‍ മൂന്നാം സ്ഥാപനത്തെത്തുവാനും കഴിഞ്ഞിരുന്നു. അന്താരാഷ്ട്രബന്ധങ്ങളില്‍ ചൈനയുടെ പ്രധാന വക്താവായി പ്രത്യക്ഷപ്പെട്ടിരുന്ന ജോ എന്‍ ലീയെ മിതവാദികളുടെ കൂട്ടത്തിലാണ് ഉള്‍പ്പെടുത്തുക പതിവ്. മാവോ-ദ് സേ-ദുങ് കഴിഞ്ഞാല്‍ ചൈനയില്‍ ഏറ്റവും കൂടുതല്‍ ആദരിക്കപ്പെടുന്ന വ്യക്തിയാണിദ്ദേഹം.

ജോ എന്‍ ലീ

ഷീക്കിയാങ്ങിലെ ഷൈവോഷിങ്ങില്‍ ഒരു സര്‍ക്കാരുദ്യോഗസ്ഥന്റെ പുത്രനായിട്ടാണു ജോ എന്‍ ലീ ജനിച്ചത്. വളരെ ചെറുപ്പത്തില്‍ത്തന്നെ ഇദ്ദേഹത്തിന്റെ കുടുംബം ഇവിടെനിന്ന് കിയാങ്സുവിലെ ഹ്വൈനാനിലേക്കു താമസം മാറ്റി. ചൈനീസ് ക്ലാസ്സിക്കുകളില്‍ പരമ്പരാഗത വിദ്യാഭ്യാസം നേടിയശേഷം 1917-ല്‍ ഇദ്ദേഹം ജപ്പാനിലെ വാസേദയില്‍ ചേര്‍ന്നു. 1919-ലാണ് നാങ്കായ് സര്‍വകലാശാലയിലേക്കു മടങ്ങിവന്നത്. 'മേയ്-നാല് പ്രസ്ഥാന' കാലത്ത് ജോ പീക്കിങ്ങിലെ 'പ്രൊട്ടസ്റ്റ് ആന്‍ഡ് സ്റ്റഡി ആക്റ്റിവിറ്റീസി'ല്‍ ചേര്‍ന്നു. തുടര്‍ന്ന് 6 മാസത്തേക്കു തടവിലാക്കപ്പെട്ട ഇദ്ദേഹം ജയില്‍ വച്ചാണ് ഭാവിജീവിതപങ്കാളി ദെങ്-യിങ്-ഷാവോയെ കണ്ടുമുട്ടിയത്. ജപ്പാനില്‍ വച്ചുതന്നെ മാര്‍ക്സിസ്റ്റ് അനുഭാവിയായിരുന്ന ജോ 1920-ല്‍ ഫ്രാന്‍സിലേക്കു പോയതോടെ ഒരു തികഞ്ഞ കമ്യൂണിസ്റ്റായി മാറി. 1920-24 കാലഘട്ടത്തില്‍ ഇദ്ദേഹം പാരിസില്‍ നടത്തിയ രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ ഇതു കൂടുതല്‍ വ്യക്തമാക്കുന്നു. 1924-ല്‍ ചൈനയിലേക്കു മടങ്ങിയ ജോ എന്‍ ലീവാംപൊവ മിലിറ്ററി അക്കാദമിയുടെയും ജീ അങ്-കീ ഷെക്കിന്റെ 'ഫസ്റ്റ് ആര്‍മി'യുടെയും പൊളിറ്റിക്കല്‍ കോമിസാറായി നിയമിതനായി. 1927-ല്‍ ജീ അങ് കീ ഷെക് കമ്യൂണിസ്റ്റുകളുടെ മേല്‍ നടത്തിയ ആക്രമണത്തില്‍ നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ട ജോ എന്‍ ലീക്ക് തെക്കന്‍ പ്രദേശങ്ങളിലേക്കു പലായനം ചെയ്യേണ്ടിവന്നു. കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ പൊളിറ്റ് ബ്യൂറോയിലേക്ക് ജോ തെരഞ്ഞെടുക്കപ്പെട്ടതും ഇതേവര്‍ഷം തന്നെ. 1928-ാമാണ്ട് റഷ്യയില്‍ ചെലവഴിച്ച ജോ എന്‍ ലീ വര്‍ഷാവസാനം ഷാങ്ഹായിയിലേക്കു മടങ്ങുകയും അവിടെ ലീലീ സാനോടൊപ്പം ചേര്‍ന്ന് രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ തുടരുകയും ചെയ്തു. 1931-ല്‍ പാര്‍ട്ടി നേതൃസ്ഥാനം ലീലീ സാനില്‍ നിന്നു മാറുന്നതുവരെ ഇതു തുടര്‍ന്നു. ഇതിനുശേഷം തെക്കന്‍ കിയാങ്സിയയിലുള്ള മാവോ-ദ്സേ-ദുങ്ങിന്റെ ഗ്രാമീണ പ്രവൃത്തി സ്ഥലത്തെത്തിയ ഇദ്ദേഹം മാവോയോടൊപ്പം പ്രവര്‍ത്തിച്ചു. ആര്‍മി കമാന്‍ഡര്‍ ആയിരുന്ന ജൂ ദേയുടെ കീഴില്‍ പൊളിറ്റിക്കല്‍ കോമിസാറായും റെവല്യൂഷനറി മിലിറ്ററി കൌണ്‍സിലിന്റെ വൈസ് ചെയര്‍മാനായും പ്രവര്‍ത്തനം തുടങ്ങിയ ജോ എന്‍ ലീ, 1934-35-ല്‍ കിയാങ്സയില്‍ നിന്നും യേനാനിലേക്കു പോയ '6,000 മൈല്‍ ലോങ് മാര്‍ച്ചി'ലെ പൊളിറ്റിക്കല്‍ ആഫീസറും ആയിരുന്നു. നയതന്ത്ര കാര്യങ്ങളില്‍ കഴിവുറ്റ നേതാവായി അവസരത്തിനൊത്തുയരാന്‍ ജോ എന്‍ ലീയ്ക്ക് പ്രയാസമുണ്ടായിരുന്നില്ല. 1936 ഡി.-ല്‍ ജീ അങ് കീ ഷെക്കിനെ തട്ടിക്കൊണ്ടുപോയതിനെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍ ഈ മികവ് വ്യക്തമാക്കുന്നതാണ്. തുടര്‍ന്നു നടന്ന അനുരഞ്ജനശ്രമങ്ങളില്‍ സജീവമായി പങ്കെടുത്ത ജോവിന്റെ പ്രവര്‍ത്തനങ്ങള്‍ ജീ അങ് കീ ഷെക്കിന്റെ മോചനത്തിനും നാഷണലിസ്റ്റ്-കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഏകോപനത്തിനും കാരണമായി. ജപ്പാന്റെ ആക്രമണത്തെ തടുക്കുക എന്നതായിരുന്നു ഈ സഖ്യത്തിന്റെ പരമപ്രധാന ലക്ഷ്യം. 1937-ല്‍ ചൈനയും ജപ്പാനും തമ്മില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ നാഷണലിസ്റ്റ് തലസ്ഥാനത്തു നടന്ന കമ്യൂണിസ്റ്റ് ഡെലിഗേഷനെ നയിച്ചത് ജോ എന്‍ ലീ ആയിരുന്നു. രണ്ടാം ലോകയുദ്ധത്തിന്റെ അവസാനഘട്ടത്തില്‍ നടന്ന ചില അനുരഞ്ജന ചര്‍ച്ചകളില്‍ കമ്യൂണിസ്റ്റുകളെ പ്രതിനിധീകരിച്ചതും ഇദ്ദേഹമാണ്.

1949-ല്‍ ചൈനീസ് റിപ്പബ്ലിക്കിന്റെ പുതിയ പ്രധാനമന്ത്രിയായ ജോ അതിപ്രഗല്ഭമായ രീതിയിലാണ് വിദേശവകുപ്പ് കൈകാര്യം ചെയ്തത്. 1950-ലെ സിനോ-സോവിയറ്റ് ഉടമ്പടി ഒത്തുതീര്‍പ്പിലെത്തിച്ചത് ഇദ്ദേഹമാണ്. ഇന്തോ-ചൈനീസ് യുദ്ധമവസാനിപ്പിക്കുകയും വടക്കന്‍ വിയറ്റ്നാമില്‍ കമ്യൂണിസ്റ്റ് ഭരണമേര്‍പ്പെടുത്തുകയും ചെയ്ത 1954-ലെ ജനീവാ സമ്മേളനത്തില്‍, ചൈനയെ പ്രതിനിധീകരിച്ചത് ജോ എന്‍ ലീ ആയിരുന്നു. ഏഷ്യന്‍-ആഫ്രിക്കന്‍ രാഷ്ട്രങ്ങള്‍ ചേര്‍ന്ന് 1955-ല്‍ നടത്തിയ ബങൂങ് സമ്മേളനത്തിലും ജോ പങ്കെടുത്തു. 1956-ല്‍ കമ്യൂണിസ്റ്റു പാര്‍ട്ടി ഇദ്ദേഹത്തെ നാലു വൈസ് പ്രസിഡന്റുമാലില്‍ ഒരാളായി തെരഞ്ഞെടുത്തു. 1958-ല്‍ ജോ വിദേശകാര്യമന്ത്രി സ്ഥാനം ജെന്‍-യിക്കു വിട്ടുകൊടുത്തുവെങ്കിലും വിദേശകാല്യങ്ങളിലെ പ്രധാന വക്താവ് ഇദ്ദേഹം തന്നെയായിരുന്നു. അറുപതുകളില്‍ ചെമ്പടയുടെ അതിക്രമങ്ങളെ തടയുന്നതിന് വേണ്ടി മാവോ അനുകൂലികള്‍ നടത്തിയ നീക്കങ്ങള്‍ക്ക് ജോ എന്‍ ലീ നിര്‍ലോപമായ പിന്തുണ നല്കി. ഇതിനെത്തുടര്‍ന്നുണ്ടായ മാറ്റങ്ങളില്‍ ലിന്‍ ബിയാവോ പാര്‍ട്ടിയുടെ ഏക വൈസ്പ്രസിഡന്റായി തുടര്‍ന്നെങ്കിലും പോളിറ്റ് ബ്യൂറോയുടെ കീഴിലുള്ള സ്റ്റാന്‍ഡിങ് കമ്മിറ്റിയിലെ മൂന്നാം സ്ഥാനമുള്ള അംഗമായിരുന്നു ജോ എന്‍ ലീ. ഇക്കാലത്തു നടന്ന സാംസ്കാരിക വിപ്ലവത്തില്‍ ദേശീയ സ്ഥിരത ഒന്നുകൂടി ഉറപ്പിക്കാന്‍ ചൈനയുടെ പ്രധാന ഭരണാധികാരി എന്ന നിലയില്‍ ജോയ്ക്കു കഴിഞ്ഞു. വിപ്ലവത്തെത്തുടര്‍ന്ന് ലിന്‍ പിയാവോ അധികാരം കൈക്കലാക്കാന്‍ നടത്തിയ ശ്രമങ്ങളെ മാവോയോടൊപ്പം നിന്ന് ഇദ്ദേഹം പരാജയപ്പെടുത്തി. ആഫ്രിക്കയുള്‍പ്പെടെയുള്ള ഒട്ടുമിക്ക രാജ്യങ്ങളിലും ജോ പര്യടനം നടത്തിയിട്ടുണ്ട്.

1969-ല്‍ അതിര്‍ത്തിയിലുണ്ടായ സോവിയറ്റ് സമ്മര്‍ദത്തെ ചെറുക്കുന്നതിനുവേണ്ടി ആഫ്രിക്കന്‍-പാശ്ചാത്യ രാജ്യങ്ങളുമായി നല്ല നിലയിലുള്ള നയതന്ത്രബന്ധങ്ങള്‍ സ്ഥാപിക്കുവാനുള്ള നീക്കങ്ങള്‍ക്ക് ജോ മുന്‍കൈയെടുത്തു. 70-കളില്‍ ചൈനയ്ക്കു സംഭവിച്ച നയതന്ത്രപരമായ ഒറ്റപ്പെടല്‍ അവസാനിപ്പിക്കുകയായിരുന്നു ജോയുടെ പ്രധാല ലക്ഷ്യം. 1971-ല്‍ യു.എസ്. സ്റ്റേറ്റ് സെക്രട്ടറി (വിദേശകാര്യമന്ത്രി)യായിരുന്ന കിസിങ്ങറുടെ ബീജിങ് സന്ദര്‍ശനം തരപ്പെടുത്തിയത് ജോ ആയിരുന്നു. യു.എസ്. പ്രസിഡന്റ് നിക്സന്റെ ചരിത്രസംഭവമായി മാറിയ ചൈനാ സന്ദര്‍ശനത്തിന് (1972) ഇതു വഴിയൊരുക്കി. കാന്‍സറിന്റെ പിടിയിലമര്‍ന്ന ജോ എന്‍ ലീ 1976 ജനു. 8-നു അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍