This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോസഫ് II (1741 - 90)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജോസഫ് II (1741 - 90)

വിശുദ്ധറോമാചക്രവര്‍ത്തിയും (1765-90) ബൊഹീമിയയിലെയും ഹംഗറിയിലെയും രാജാവും (1780-90). റോമാ ചക്രവര്‍ത്തി ഫ്രാന്‍സിസ് I-ന്റെയും മരിയ തെരേസയുടെയും മകനായി 1741 മാ. 13-ന് ഇദ്ദേഹം വിയന്നയില്‍ ജനിച്ചു. പിതാവിന്റെ മരണത്തെത്തുടര്‍ന്ന് 1765-ല്‍ റോമാ ചക്രവര്‍ത്തിയായി. ഇക്കാലം മുതല്‍ മാതാവിന്റെ മരണം വരെ (1780) ഇദ്ദേഹം മാതാവിനോടൊപ്പം ഹാബ്സ്ബര്‍ഗ് പ്രദേശങ്ങളിലെ ഭരണം നടത്തി. എന്നാല്‍ ഇക്കാലത്ത് ഇദ്ദേഹത്തിന്റെ അധികാരം സൈനിക കാര്യങ്ങളിലും വിദേശകാര്യങ്ങളിലുമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ബവേറിയയെ ആസ്ട്രിയയോടു ചേര്‍ക്കാനുള്ള ശ്രമം 1778-ലും 85-ലും ഇദ്ദേഹം നടത്തി. പോളണ്ടിന്റെ വിഭജനത്തോടെ (1772) ചില പ്രദേശങ്ങള്‍ ജോസഫിന്റെ അധികാരത്തിന്‍ കീഴില്‍ വന്നു. പൂര്‍ണ ഭരണാവകാശം ലഭിച്ചതോടെ (1780) ഇദ്ദേഹം റഷ്യയുമായുള്ള സൗഹൃദം ഉറപ്പിച്ചു. ഇത് പ്രഷ്യയുടെ ഭീഷണിയില്‍ നിന്നും ആസ്ട്രിയയെ സംരക്ഷിക്കാന്‍ സഹായകമായി. ആഭ്യന്തര രംഗത്ത് പുരോഗമനപരമായ പല പരിഷ്കാരങ്ങളും നടപ്പിലാക്കി.

ഭരണരംഗം, സാമ്പത്തികരംഗം, ശിക്ഷാനിയമം, ഭൂവുടമാ സമ്പ്രദായം എന്നീ മേഖലകളില്‍ പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തി. അടിയായ്മ അവസാനിപ്പിച്ചു. ആശുപത്രികളും ആതുരാലയങ്ങളും സ്ഥാപിച്ചു. മതകാര്യങ്ങളിലും പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തി. പ്രജകളില്‍ ഒരു വിഭാഗം പുരോഗമന പ്രവര്‍ത്തനങ്ങളില്‍ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നതിനാല്‍ പല പരിഷ്കാരങ്ങളും പില്ക്കാലത്ത് ഉപേക്ഷിക്കേണ്ടതായി വന്നു. 1788-ല്‍ തുര്‍ക്കിയുമായി നടത്തിയ യുദ്ധം വിജയിച്ചില്ല. 1790 ഫെ. 20-ന് ഇദ്ദേഹം വിയന്നയില്‍ മരണമടഞ്ഞു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9C%E0%B5%8B%E0%B4%B8%E0%B4%AB%E0%B5%8D_II_(1741%C2%A0-%C2%A090)" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍