This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോസഫ്, എം.സി. (1887 - 1981)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജോസഫ്, എം.സി. (1887 - 1981)

കേരളത്തിലെ യുക്തിവാദപ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ പത്രപ്രവര്‍ത്തകന്‍, ഗ്രന്ഥശാലാപ്രവര്‍ത്തകന്‍, വാഗ്മി എന്നീ നിലകളിലും ഇദ്ദേഹം ശ്രദ്ധേയനായിരുന്നു. 1887 ജനു. 6-നു തൃപ്പൂണിത്തുറ മുക്കഞ്ചേരി വീട്ടില്‍ ചെറിയാന്‍-മറിയം ദമ്പതിമാരുടെ മകനായി ജനിച്ചു. തൃപ്പൂണിത്തുറ എം.വി. സ്കൂള്‍, എറണാകുളം സെന്റ് ആല്‍ബര്‍ട്സ് ഹൈസ്കൂള്‍, തൃശിനാപ്പള്ളി എസ്.പി.ജി. കോളജ്, എറണാകുളം മഹാരാജാസ് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ദിവാന്‍ പേഷ്കാരാഫീസില്‍ ഗുമസ്തപ്പണി കിട്ടിയെങ്കിലും അതും രാജിവച്ചു. തുടര്‍ന്ന് തിരുവനന്തപുരം ലോ കോളജില്‍ നിന്ന് പ്ളീഡര്‍ഷിപ്പ് നേടി അഭിഭാഷകനായി.

മലബാര്‍ ഹെറാള്‍ഡ്, കൊച്ചിന്‍ ആര്‍ഗസ് എന്നിവയുടെ കറസ്പോണ്ടന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1920-ല്‍ ശ്രീനാരായണഗുരുവിന്റെ പാത പിന്തുടര്‍ന്ന് ഇരിങ്ങാലക്കുട ക്ഷേത്രപ്രതിഷ്ഠ നടത്തിക്കൊണ്ട് സാമൂഹ്യപ്രവര്‍ത്തനത്തിലേക്കിറങ്ങി. തുടര്‍ന്ന് എസ്.എന്‍.ഡി.പി.യോഗം, സഹോദരസംഘം എന്നിവയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു. 1929-ല്‍ യുക്തിവാദി മാസികയുടെ സ്ഥാപക പത്രാധിപരില്‍ ഒരാളായി. 1931 മുതല്‍ 75 വരെ ഇദ്ദേഹം അതു മുടങ്ങാതെ നടത്തി. കേരളത്തിലെ യുക്തിവാദി പ്രസ്ഥാനത്തിന് അടിസ്ഥാനമുറപ്പിച്ചത് ജോസഫാണ്. ലേഖനങ്ങളും ഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചും, അന്ധവിശ്വാസദൂരീകരണപ്രവര്‍ത്തനങ്ങളില്‍ നേരിട്ട് ഇടപെട്ടും ഇദ്ദേഹം യുക്തിവാദി പ്രസ്ഥാനത്തിനു ശക്തി പകര്‍ന്നു. ഇദ്ദേഹത്തിന്റെ 'ചാത്തന്‍ബാധ' ഒഴിപ്പിക്കല്‍ ആവേശകരമായ പ്രതികരണമാണ് ഉളവാക്കിയിരുന്നത്. മിശ്രവിവാഹങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലും ഇദ്ദേഹം ശ്രദ്ധാലുവായിരുന്നു.

ആനുകാലികക്കുറിപ്പുകളുടെ സമാഹാരമായ പുരോഗതി(1947) യാണ് ആദ്യകൃതി. പ്രബോധനം, യുക്തിപ്രകാശം, ചിന്താവിപ്ലവം, ആശയസമരം, തിരഞ്ഞെടുത്ത കുറിപ്പുകള്‍, നാസ്തിക ചിന്ത എന്നിവയാണു മറ്റു കൃതികള്‍.

'യുക്തിവാദി ജോസഫ്', 'കേരളത്തിലെ റസ്സല്‍', 'മലയാളത്തിലെ ഇംഗര്‍സോള്‍', 'ഇരുപതാം നൂറ്റാണ്ടിലെ ചാര്‍വാകന്‍' എന്നീ പേരുകളിലും ഇദ്ദേഹം അറിയപ്പെട്ടിരുന്നു. 1981 ഒ. 21-നു ജോസഫ് അന്തരിച്ചു. മുമ്പ് നിര്‍ദേശിച്ചിരുന്നതനുസരിച്ച് ഇദ്ദേഹത്തിന്റെ ജഡം കോഴിക്കോട് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനായി എത്തിച്ചു കൊടുക്കുകയുണ്ടായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍