This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോസഫ്സന്‍, ബ്രയാന്‍ ഡേവിഡ് (1940 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജോസഫ്സന്‍, ബ്രയാന്‍ ഡേവിഡ് (1940 - )

Josephson, Brian David

ബ്രയാന്‍ ഡേവിഡ് ജോസഫ്സന്‍

നോബല്‍ സമ്മാനിതനായ (1973) ബ്രിട്ടീഷ് ഭൗതിക ശാസ്ത്രജ്ഞന്‍. 1940 ജനു. 4-ന് വെയില്‍സിലെ കാര്‍ഡിഫില്‍ ജനിച്ചു. ബിരുദാനന്തരം കേംബ്രിജിലെ ട്രിനിറ്റി കോളജില്‍ നിന്ന് എം.എ., പിഎച്ച്.ഡി. ബിരുദങ്ങള്‍ നേടി. കേംബ്രിജില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഒഫ് റിസര്‍ച്ച് (1967), റീഡര്‍ (1972), പ്രൊഫസര്‍ ഒഫ് ഫിസിക്സ് (1974) എന്നീ പദവികളില്‍ സേവനമനുഷ്ഠിച്ചു.

ബിരുദവിദ്യാര്‍ഥിയായിരുന്നപ്പോഴാണ് (1960) ജോസഫ്സന്‍ വിശിഷ്ട ആപേക്ഷികത (Special Relativity)യുമായി ബന്ധപ്പെട്ട ആദ്യ ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചത്. പിന്നീട് അതിചാലകതാ രംഗത്ത് പരീക്ഷണങ്ങള്‍ തുടര്‍ന്ന് 'ജോസഫ്സന്‍ പ്രഭാവം' കണ്ടുപിടിച്ചു. തന്റെ പ്രവചിത സിദ്ധാന്തങ്ങളെ ഇതര പരീക്ഷണങ്ങള്‍ വഴി പരിശോധിച്ച്   അവയുടെ സാധുത തെളിയിക്കാനും അതുവഴി അതിചാലകതയെക്കുറിച്ചുള്ള ബി.സി.എസ്. സിദ്ധാന്തത്തിന് സ്ഥിരീകരണം നല്കാനും ഇദ്ദേഹത്തിനു കഴിഞ്ഞു. ഇലക്ട്രോണ്‍ ടണലിങ്ങിനെക്കുറിച്ചുള്ള കണ്ടുപിടിത്തങ്ങള്‍ക്കാണ് ലിയോ ഇസാക്കി (Leo Esaki),, ഐവര്‍ ഗയിവര്‍ (Ivar Giaever) എന്നീ ശാസ്ത്രജ്ഞരോടൊപ്പം 1973-ല്‍ നോബല്‍ സമ്മാനം ജോസഫ്സന്‍ പങ്കിട്ടത്.

ന്യൂയോര്‍ക്ക് ഫൗണ്ടേഷന്‍ വക റിസര്‍ച്ച് കോര്‍പ്പറേഷന്‍ അവാര്‍ഡ് (1969), ന്യൂ സയന്റിസ്റ്റ് എന്ന മാസികയുടെ അവാര്‍ഡ് (1969), റോയല്‍ സൊസൈറ്റി നല്കുന്ന ഹ്യൂഗെസ് (Hughes) മെഡല്‍ എന്നിങ്ങനെ വിവിധ ബഹുമതികള്‍ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. 1962-ല്‍ 'ഫെലോ ഒഫ് ട്രിനിറ്റി' ആയും 1970-ല്‍ 'ഫെലോ ഒഫ് റോയല്‍ സൊസൈറ്റി' ആയും തെരഞ്ഞെടുക്കപ്പെട്ടു.

1960-കളുടെ ഒടുവില്‍ ജോസഫ്സന്റെ താത്പര്യം മനുഷ്യമനസ്സിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങളിലായി. വി.എസ്. രാമചന്ദ്രനോടൊപ്പം ഇദ്ദേഹം എഡിറ്റു ചെയ്തു പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് കോണ്‍ഷ്യസ്നെസ് ആന്‍ഡ് ദ ഫിസിക്കല്‍ വേള്‍ഡ് (1979). നോ. ജോസഫ്സന്‍ പ്രഭാവം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍