This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോഷി, വാമന്‍ മല്‍ഹാര്‍ (1882 - 1943)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജോഷി, വാമന്‍ മല്‍ഹാര്‍ (1882 - 1943)

മറാഠി നോവലിസ്റ്റും ഉപന്യാസകാരനും. 1882-ല്‍ ജനിച്ചു. ഡെക്കാണ്‍ കോളജില്‍ പഠിച്ച് തത്ത്വശാസ്ത്രത്തില്‍ എം.എ. ബിരുദമെടുത്തു (1906). സ്കൂള്‍ അധ്യാപകനായി ഔദ്യോഗികജീവിതത്തില്‍ പ്രവേശിച്ചു. മഹര്‍ഷി കര്‍വേയുമായി സഹകരിച്ച് പൂണെയില്‍ ഒരു വിധവാവിദ്യാലയം സ്ഥാപിച്ചു. തത്ത്വശാസ്ത്രപരമായ ലേഖനങ്ങള്‍ എഴുതിക്കൊണ്ടാണ് സാഹിത്യസേവനം തുടങ്ങിയത്. മനോരഞ്ജന്‍ വാരികയില്‍ പ്രസിദ്ധീകരിച്ച രാഗിണിയാണ് ആദ്യനോവല്‍. ലളിതമായ കഥാഖ്യാനശൈലി നിരസിച്ച്, സാമൂഹ്യവും രാഷ്ട്രീയവും വിദ്യാഭ്യാസപരവും തത്ത്വചിന്താപരവുമായ പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ശൈലി സ്വീകരിച്ചു എന്നാതണ് ഈ നോവലിന്റെ സവിശേഷത. മറ്റൊരു കൃതിയായി നളിനിയിലും ഇതേ രീതി തന്നെ കാണാം. വിദ്യാസമ്പന്നയായ ഒരു സ്ത്രീയുടെ ആത്മീയമായ ചിന്താസഞ്ചാരം ഇതിവൃത്തമാക്കിയ നോവലാണ് സുഷിലേഖ ദേവ്. ഇദ്ദേഹത്തിന്റെ മാസ്റ്റര്‍പീസും ഇതു തന്നെ. ആറു കഥാപാത്രങ്ങളുടെ ജീവിതം, അവരെഴുതിയതായി സങ്കല്പിക്കപ്പെട്ടിട്ടുള്ള നിരവധി കത്തുകളിലൂടെ വെളിപ്പെടുത്തുന്ന ശൈലി അനി സരളഭോലെ എന്ന അവസാന നോവലിനെ ഇതരകൃതികളില്‍ നിന്നു വേര്‍തിരിച്ചു നിര്‍ത്തുന്നു.

നീതിശാസ്ത്രപ്രവേശ്, വിചാര്‍ വിലാസ്, വിചാര്‍ സൗന്ദര്യ, വിചാര്‍ ലഹരി എന്നീ ലേഖനസമാഹാരങ്ങളും സ്മൃതിലഹരി എന്ന വൈയക്തികാഖ്യാനശേഖരവുമാണ് ഇതര കൃതികള്‍. വിശ്വവൃത്ത എന്ന മാസികയുടെ പത്രാധിപര്‍; മറാഠ, മെസേജ് എന്നീ മാസികകളുടെ സഹപത്രാധിപര്‍ എന്നീ നിലകളിലും ഇദ്ദേഹം ശ്രദ്ധേയനായി. 1943-ല്‍ വാമന്‍ മല്‍ഹാര്‍ ജോഷി അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍