This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോഷി, ഇലാചന്ദ്ര (1902 - 82)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജോഷി, ഇലാചന്ദ്ര (1902 - 82)

ഹിന്ദി നോവലിസ്റ്റും പത്രപ്രവര്‍ത്തകനും. 1902 ഡി. 13-ന് ഉത്തര്‍പ്രദേശിലെ അല്‍മോഡയില്‍ ജനിച്ചു. ഹൈസ്കൂള്‍ വിദ്യാഭ്യാസം മാത്രം നേടിയ ജോഷി സ്വന്തം പരിശ്രമത്താല്‍ ഹിന്ദി, സംസ്കൃതം, ബംഗാളി, ഉര്‍ദു, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ അവഗാഹം നേടി. മനഃശാസ്ത്രപഠനത്തിലും ജോഷി അതീവ തത്പരനായിരുന്നു.

ഇലാചന്ദ്ര ജോഷി

കല്‍ക്കത്തയിലെത്തിയ ജോഷി ആദ്യം കല്‍ക്കത്താസമാചാര്‍ എന്ന ഹിന്ദി പത്രത്തില്‍ ചേര്‍ന്നു. പില്ക്കാലത്ത് വിശ്വമിത്ര സമ്മേളന്‍, ഭാരത്, ധര്‍മയുഗ്, സാഹിത്യകാര്‍, സംഗം, വിശ്വവാണി തുടങ്ങിയ പല പത്രമാസികകളുടെയും എഡിറ്ററായിരുന്നു. ആകാശവാണിക്കുവേണ്ടി പരിപാടികള്‍ തയ്യാറാക്കുന്ന ജോലിയും ഇക്കാലത്തു ജോഷി ഏറ്റെടുത്തിരുന്നു. 'സാഹിത്യ വാചസ്പതി' എന്ന പദവി നല്കി ഹിന്ദി സാഹിത്യസമ്മേളന്‍ ജോഷിയെ ആദരിക്കുകയുണ്ടായി.

ഘൃണാമയി, സന്ന്യാസി, പര്‍ദെ കി റാണി, പ്രേത് ഓര്‍ ഛായ, മുക്തിപഥ് സുബഹ് കെ ഫുലെ, ജിപ്സി, ഋതുചക്റ, ഭൂത് കാ ഭവിഷ്യ എന്നിവയാണ് ജോഷിയുടെ മുഖ്യ നോവലുകള്‍. മനഃശാസ്ത്ര സമീപനമാണ് എല്ലാ നോവലുകളിലും ജോഷി സ്വീകരിച്ചിരിക്കുന്നത്. മധ്യവര്‍ഗക്കാരും ഉപരിവര്‍ഗക്കാരുമായ സ്ത്രീ-പുരുഷന്മാരുടെ പ്രത്യേകതകള്‍ ജോഷി വിശകലനം ചെയ്യുന്നു. ചില നോവലുകളില്‍ മാര്‍ക്സിസത്തിന്റെ സ്വാധീനവും പ്രകടമാണ്.

നൂറോളം ചെറുകഥകളും ജോഷി രചിച്ചിട്ടുണ്ട്. ധുപ്രേഖ, ദിവാലി ഓര്‍ ഹോളി, റൊമാന്റിക് ഛായ, ആഹുതി എന്നിവയാണ് ഇദ്ദേഹത്തിന്റെ ചെറുകഥാസമാഹാരങ്ങള്‍. ഫ്രോയിഡിയന്‍ സിദ്ധാന്തങ്ങളുടെ വ്യാഖ്യാനങ്ങളും സാമൂഹിക പ്രശ്നങ്ങളുടെ വിശകലനവും ഈ കഥകളില്‍ കാണാം. വിജനവതി എന്ന കവിതാസമാഹാരവും ജോഷി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ നിരൂപണ സംബന്ധമായ ഉപന്യാസങ്ങള്‍ അഞ്ചുവാല്യങ്ങളിലായി പ്രസിദ്ധീകരിച്ചു. ശരത്ചന്ദ്ര ചാറ്റര്‍ജി, രബീന്ദ്രനാഥ ടാഗോര്‍, മാക്സിംഗോര്‍ക്കി എന്നിവരെക്കുറിച്ച് ജോഷി തയ്യാറാക്കിയ ജീവചരിത്രപരമായ കൃതികളും ശ്രദ്ധേയമാണ്. പ്രസിദ്ധരായ ചില നിരൂപകരുടെ കൃതികള്‍ ജോഷി ഹിന്ദിയിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ട്. 1982-ല്‍ ജോഷി നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍