This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോലിമൂല്യനിര്‍ണയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജോലിമൂല്യനിര്‍ണയം

തൊഴിലിന്റെ സ്വഭാവമനുസരിച്ച് വേതനം നിര്‍ണയിക്കുന്ന രീതി. ഓരോ ജോലിക്കും പ്രതിഫലമായി നല്കേണ്ട കൂലി എന്തെന്നു പ്രസ്തുത ജോലിയുടെ പ്രത്യേകതകള്‍ ശാസ്ത്രീയമായി വിശകലനം നിര്‍ണയിക്കുന്ന സമ്പ്രദായമാണിത്. വേതനവും തൊഴിലിന്റെ സ്വഭാവസവിശേഷതകളും തമ്മില്‍ ആനുപാതികബന്ധമുണ്ടായിരിക്കണം. കൂടുതല്‍ വൈദഗ്ധ്യവും പരിശീലനവും ആവശ്യമുള്ള തൊഴിലുകള്‍ക്ക് ഇതര ജോലികളെ അപേക്ഷിച്ച് ഉയര്‍ന്ന വേതനം നല്കേണ്ടതുണ്ട്. ജീവനും ആരോഗ്യത്തിനും ഹാനികരമായേക്കാവുന്ന തൊഴിലുകള്‍ക്കും ഉയര്‍ന്ന കൂലി നല്കേണ്ടതാണ്. ഓരോ തൊഴിലിനും ലഭിക്കുന്ന ശമ്പളവും അധികാരവും ആ തൊഴിലില്‍ നിക്ഷിപ്തമായ ഉത്തരവാദിത്തങ്ങള്‍ക്ക് ആനുപാതികമായിരിക്കണം.

കാര്‍ഷിക-വ്യവസായ-സേവന മേഖലകളില്‍ സമാധാനപരമായ അന്തരീക്ഷം നിലനിര്‍ത്തുന്നതിനും ഉയര്‍ന്ന ഉത്പാദനക്ഷമത കൈവരിക്കുന്നതിനും ശാസ്ത്രീയമായ ജോലി മൂല്യനിര്‍ണയം ആവശ്യമാണ്. വിവിധ തൊഴിലുകളുടെ സ്വഭാവം, മൂല്യം, പ്രത്യേകത എന്നിവ താരതമ്യപഠനത്തിനു വിധേയമാക്കിക്കൊണ്ടാണ് ശാസ്ത്രീയവും സന്തുലിതവുമായ രീതിയില്‍ വേതനനിര്‍ണയം നടത്തുന്നത്. ഓരോ തൊഴിലിലും ചെലവഴിക്കപ്പെടുന്ന ആധ്വാനത്തിന്റെ സ്വഭാവവും അളവും നിര്‍ണയിക്കുന്നതോടൊപ്പം ആവശ്യമായ വൈദഗ്ധ്യത്തിന്റെ സ്വഭാവവും അളവും കൂടി കണക്കിലെടുക്കേണ്ടതുണ്ട്. ഒരു തൊഴില്‍ സ്ഥാപനത്തിലെ വിവിധ വേതന തലങ്ങള്‍, ഓരോ തൊഴിലിനും നല്കേണ്ട വേതനനിരക്ക്, ഒരേ വേതനസ്കെയിലിന്റെ തന്നെ താഴ്ന്നതും ഉയര്‍ന്നതുമായ തലങ്ങള്‍ എന്നിവയാണ് വേതന നിര്‍ണയത്തിലെ പ്രധാനഘടകങ്ങള്‍. വിവിധ വേതനസ്കെയിലുകള്‍ നിര്‍ണയിക്കുന്നതിന്, ഒരു സ്ഥാപനത്തിലെ ജോലികളെ വിവിധ വിഭാഗങ്ങളായി വര്‍ഗീകരിക്കേണ്ടത് ആവശ്യമാണ്. വൈദഗ്ധ്യം, യോഗ്യതാപരിശീലനം എന്നീ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് സാധാരണയായി വര്‍ഗീകരണം നടത്തുക.

ജോലിമൂല്യനിര്‍ണയ പ്രക്രിയയില്‍ രാജ്യത്തിന്റ സാമൂഹിക- സാമ്പത്തിക സാഹചര്യങ്ങള്‍ക്കു ഗണ്യമായ സ്വാധീനതയുണ്ട്. ഗവണ്‍മെന്റിന്റെ വേതനനയം, ഇതര സ്ഥാപനങ്ങളിലെ വേതനഘടന, തൊഴില്‍ കമ്പോളത്തിലെ ചോദന-പ്രദാന നിലവാരങ്ങള്‍, സ്ഥാപനത്തിന്റെ വരുമാനവും ലാഭനിലവാരവും, ജീവിതച്ചെലവ്, വിലനിലവാരം എന്നിവയാണ് വേതന നിര്‍ണയത്തെ സ്വാധീനിക്കുന്ന സാമൂഹിക-സാമ്പത്തിക ഘടകങ്ങള്‍. ജോലിമൂല്യനിര്‍ണയത്തിനുപയോഗിക്കുന്ന പ്രധാന സാങ്കേതിക രീതി ഏകക സൂചികാസമ്പ്രദായം എന്നാണറിയപ്പെടുന്നത്. വിവിധ തൊഴിലുകളെ സൂക്ഷ്മമായ താരതമ്യപഠനത്തിനു വിധേയമാക്കിയതിനുശേഷം സാമാന്യമായ ഘടകങ്ങള്‍ ഏതൊക്കെയെന്നു കണ്ടെത്തുന്നു. അതിന്റെ അടിസ്ഥാനത്തില്‍ വിവിധ തൊഴിലുകളെ വിലയിരുത്തുന്നതിനുപയുക്തമായ ചില മാനദണ്ഡങ്ങള്‍ ആവിഷ്കരിക്കുന്നു. ഇത്തരം വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന ഗ്രാഫിന്റെ തിരശ്ചീനഭാഗത്ത്, ജോലികളിലെ ഘടകങ്ങളുടെ ഏകകസൂചികകള്‍ കൂട്ടിക്കിട്ടുന്ന തുക രേഖപ്പെടുത്തുന്നു. ലംബഭാഗത്ത് ഓരോ ജോലിക്കും ലഭിക്കുന്ന വേതനം രേഖപ്പെടുത്തുന്നു. ഈ ബിന്ദുക്കള്‍ യോജിപ്പിച്ചുണ്ടാക്കുന്ന രേഖയെ വേതനവക്രം എന്നു വിളിക്കുന്നു. ഈ വക്രത്തെ ആധാരമാക്കി പൊതുവായ വേതനത്തോത് നിര്‍ണയിക്കാം.

സാങ്കേതിക വിദ്യയിലും രാഷ്ട്രീയ സാമ്പത്തിക ചുറ്റുപാടുകളിലുമുണ്ടാകുന്ന വ്യതിയാനങ്ങള്‍ക്കനുസരിച്ച് ജോലിമൂല്യനിര്‍ണയ സമ്പ്രദായങ്ങളില്‍ മാറ്റം വരുത്തേണ്ടതാണ്. സ്ഥിരമായ ഒരു ജോലി മൂല്യനിര്‍ണയരീതി എന്ന സങ്കല്പം തികച്ചും അശാസ്ത്രീയമാണ്. കാരണം, ശാസ്ത്രസാങ്കേതിക രംഗത്ത് ത്വരിതഗതിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പരിവര്‍ത്തനങ്ങള്‍ തൊഴിലിന്റെ സ്വഭാവം, മൂല്യം, ആവശ്യമായ വൈദഗ്ധ്യം എന്നിവയെ മൗലികമായ മാറ്റങ്ങള്‍ക്കു വിധേയമാക്കുന്നുണ്ട്. അതുപോലെതന്നെ ചില തൊഴിലുകളെ അപ്രസക്തമാക്കുകയും പുതിയ തൊഴിലുകളെ ആവശ്യമാക്കിത്തീര്‍ക്കുകയും ചെയ്യും. അതിനാല്‍ ഇത്തരം മാറ്റങ്ങള്‍ കണക്കിലെടുത്തുകൊണ്ടുവണം വേതനഘടന നിര്‍ണയിക്കേണ്ടത്. തൊഴിലാളികളും ജീവനക്കാരുമായുള്ള തുറന്ന ആശയവിനിമയവും ജോലിമൂല്യനിര്‍ണയത്തിന്റെ വിജയത്തിന് അനിവാര്യമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍