This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോര്‍ദാന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജോര്‍ദാന്‍

Jordan

തെക്ക് പടിഞ്ഞാറന്‍ ഏഷ്യയിലെ ഒരു അറബി രാജ്യം. ട്രാന്‍സ് ജോര്‍ദാന്‍ എന്നായിരുന്നു പേര്. വടക്ക് സിറിയ, കിഴക്ക് ഇറാക്ക്, തെക്കുകിഴക്കും തെക്കും സൗദി അറേബ്യ, പടിഞ്ഞാറ് ഇസ്രയേല്‍ എന്നിങ്ങനെയാണ് ജോര്‍ദാന്റെ അതിര്‍ത്തികള്‍. വിസ്തീര്‍ണം: 89,342 ച.കി.മീ.; ജനസംഖ്യ: 79,30,491 (2014 മതിപ്പു കണക്ക്); തലസ്ഥാനം: അമ്മാന്‍; ഔദ്യോഗികഭാഷ: അറബി; നാണയം: ജോര്‍ദാന്‍ ദിനാര്‍.

തരിശായ മരുഭൂമികളും പര്‍വതങ്ങളും അടങ്ങിയ പ്രദേശമാണ് ജോര്‍ദാന്‍. സമുദ്രനിരപ്പില്‍ നിന്ന് 600-900 മീ. വരെ ഉയരത്തില്‍ സ്ഥിതിചെയ്യുന്നു. ചിലയിടങ്ങളില്‍ 1,500 മീ. വരെ ഉയരമുണ്ട്. ചെങ്കടലിന്റെ കിഴക്കുഭാഗത്തുള്ള അന്താരാഷ്ട്ര പ്രാധാന്യമുളള അക്വാബാ ഉള്‍ക്കടലിന്റെ 25 കി.മീ. തീരപ്രദേശം ജോര്‍ദാന്റേതാണ്. ഈ തീരത്താണ് ജോര്‍ദാന്റെ അക്വാബാപ്രവിശ്യ. ജോര്‍ദാനിലെ ഏക തുറമുഖപട്ടണവും അക്വാബായാണ്. സിറിയ, ലബനന്‍ രാജ്യങ്ങളില്‍ ഉദ്ഭവിക്കുന്ന ജോര്‍ദാന്‍ നദി ഇസ്രയേലിലെ ഗലീലി കടല്‍ കടന്ന് ജോര്‍ദാനിലെത്തി യാര്‍മുക് നദിയുമായി സംഗമിക്കുന്നു. ജോര്‍ദാന്‍ നദിയില്‍ സംഗമിക്കുന്നതിനു മുമ്പുതന്നെ യാര്‍മുക് നദീജലം ചൂഷണം ചെയ്ത് 22,000 ഹെ. സ്ഥലം ജലസിക്തമാക്കുന്നുണ്ട്. ജോര്‍ദാന്റെ പ. ഭാഗത്താണ് ജോര്‍ദാന്‍ നദിയുടെ സമതലതടം. ജോര്‍ദാനെ ഭരണസൗകര്യാര്‍ഥം 12 പ്രവിശ്യകളായി തിരിച്ചിട്ടുണ്ട്. അജ്ലൌന്‍, അമ്മാന്‍, അക്വാബാ, ബാല്‍ഖാ, ഇര്‍ബിദ്, കറാക്, ജെറാഷ്, മാഅന്‍, മദാബാ, മഫ്റഖ്, താഫിലാ, സര്‍ഖാ. മഹാനഗരങ്ങള്‍: അമ്മാന്‍- ജനസംഖ്യ: 13,00,042 (1994), ഇര്‍ബിദ് - ജനസംഖ്യ: 3,79,844 (1994); സര്‍ഖാ - ജനസംഖ്യ: 6,08,626 (1994). മെഡിറ്ററേനിയന്‍ കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്. അമ്മാനിലെ താപനില ജനു. 7.5oC. ജൂല. 24.9oC. പ്രതിവര്‍ഷം 290 മി.മീ. മഴ ലഭിക്കുന്നു.

പ. ഭാഗത്തെ കൃഷി വിഭവങ്ങളെ ആശ്രയിച്ചാണ് രാഷ്ട്രം നിലനില്ക്കുന്നത്. വ. പടിഞ്ഞാറന്‍ ജോര്‍ദാനില്‍ കൃഷി ഏതാണ്ട് സമ്പന്നമാണ്. 1973-ല്‍ സംയോജിത ജോര്‍ദാന്‍ വാലി പ്രോജക്റ്റ് ആരംഭിച്ചതോടെ കാര്‍ഷികമേഖല വികസ്വരമായി വരുന്നു. 1993-ലെ കണക്കനുസരിച്ച് ഈ പദ്ധതിയിലൂടെ 15 ശ.മാ. സ്ഥലം കൃഷിക്കുപയുക്തമാണ്; 630 ച.കി.മീ. സ്ഥലം ജലസിക്തമാണ്. ഗോതമ്പ്, ബാര്‍ലി, തക്കാളി, ഉരുളക്കിഴങ്ങ്, ഒലിവ്, നാരകഫലങ്ങള്‍, മുന്തിരി, തണ്ണിമത്തന്‍ എന്നിവയാണ് പ്രധാന വിളകള്‍. കാലിവളര്‍ത്തലും പുരോഗമിച്ചുവരുന്നു. 1992-ലെ കണക്കനുസരിച്ച് 70,000 ഹെ. വനപ്രദേശമുണ്ട്. ഫോസ്ഫേറ്റും പൊട്ടാഷ്യം ലവണങ്ങളും ഖനനം ചെയ്യുന്നുണ്ട്; പ്രധാന കയറ്റുമതിയിനങ്ങളും ഇവയാണ്. ഖനനം, രാസവളങ്ങള്‍, സിമന്റ്, എണ്ണ എന്നിവയുടെ വ്യവസായങ്ങളാണ് ഇവിടെ വന്‍തോതില്‍ നടക്കുന്നത്.

പെത്ര ജോര്‍ദാനിലെ അനര്‍ഘമായ ചരിത്രാവശിഷ്ടം

രാജ്യത്തെ റോഡ്-റെയില്‍ ഗതാഗതം വളരെയേറെ വികസിതമാണ്. ഹിജാസ് ജോര്‍ദാന്‍ ആന്‍ഡ് അക്വാബാ റെയില്‍വേയുടെ ഭാഗമായി റെയില്‍പ്പാതയും ഉണ്ട്. അമ്മാനു 30 കി.മീ. തെ. സിന്ധ്യയിലാണ് ക്വീന്‍ അലിയാ അന്താരാഷ്ട്ര വിമാനത്താവളം. അമ്മാനിലും അക്വാബായിലും രണ്ട് അന്താരാഷ്ട്ര വിമാനത്താവളങ്ങളുമുണ്ട്. റോയല്‍ ജോര്‍ദേനിയനാണ് പൊതു ഉടമയിലുള്ള വിമാനസര്‍വീസ്.

ജനങ്ങളില്‍ 90 ശ.മാ.വും സുന്നി മുസ്ലിങ്ങളാണ്. പ്രൈമറി-സെക്കന്‍ഡറിതല വിദ്യാഭ്യാസം സൗജന്യവും നിര്‍ബന്ധിതവുമാണ്. 6 സ്റ്റേറ്റ് യൂണിവേഴ്സിറ്റികളും 11 സ്വകാര്യയൂണിവേഴ്സിറ്റികളും ഉള്‍പ്പെടെ നിരവധി ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. യു.എന്‍.; അറബി ലീഗ് എന്നിവയില്‍ ജോര്‍ദാന്‍ അംഗമാണ്.

ചരിത്രം. ബി.സി. 13-ാം ശ.-ല്‍ ട്രാന്‍സ് ജോര്‍ദാന്റെ പശ്ചിമ ഭാഗങ്ങള്‍ ജോഷ്വാ സ്ഥാപിച്ച ഹീബ്രൂ സാമ്രാജ്യത്തിന്റെ ഭാഗമായി. ബി.സി. 4-ാം ശ.-ല്‍ ദക്ഷിണ ജോര്‍ദാന്‍ അറബി ഗോത്രക്കാരുടെ കൈവശവും ഉത്തര ജോര്‍ദാന്‍ സെലികിഡ് സാമ്രാജ്യത്തിന്റെ ഭാഗവും ആയി. ബി.സി. 1-ാം ശ.-ല്‍ സെലികിഡുകളെ പുറന്തള്ളിക്കൊണ്ട് റോമക്കാര്‍ ഉത്തര ജോര്‍ദാനില്‍ അധികാരം സ്ഥാപിച്ചു. എ.ഡി. 1-ാം ശ.-ല്‍ ദക്ഷിണ ജോര്‍ദാനിലും റോമക്കാര്‍ അധീശത്വം പുലര്‍ത്തി. 7-ാം ശ.-ല്‍ ട്രാന്‍സ് ജോര്‍ദാന്‍ അറബികളുടെ അധീനതയിലായി. 16-ാം ശ.-മുതല്‍ ഒന്നാം ലോകയുദ്ധം വരെ ട്രാന്‍സ് ജോര്‍ദാന്‍ ഒട്ടോമന്‍ തുര്‍ക്കികളുടെ കൈവശമായിരുന്നു. 1918-ല്‍ ബ്രിട്ടീഷ് സേന തുര്‍ക്കികളുടെ അധികാരത്തില്‍ നിന്നും ട്രാന്‍സ് ജോര്‍ദാനെ മോചിപ്പിച്ചു. 1922-ല്‍ ലീഗ് ഒഫ് നേഷന്‍സ് ട്രാന്‍സ് ജോര്‍ദാനെ മാന്‍ഡേറ്റ് ടെറിട്ടറി ആക്കി ബ്രിട്ടനു നല്കി. തുടര്‍ന്ന് അബ്ദുള്ള ഇബ്ന്‍ ഹുസൈന്‍ ഭരണാധികാരിയായി. രണ്ടാം ലോകയുദ്ധത്തില്‍ ട്രാന്‍സ് ജോര്‍ദാന്‍ ബ്രിട്ടന്റെ സൈനികകേന്ദ്രമായി പ്രവര്‍ത്തിച്ചു. മാന്‍ഡേറ്റിന്റെ കാലാവധി പൂര്‍ത്തിയായതോടെ ട്രാന്‍സ് ജോര്‍ദാന്‍ പൂര്‍ണസ്വതന്ത്രരാഷ്ട്രമായി (1946 മാ. 22). 1946 മേയ് 25-ന് അബ്ദുള്ള ട്രാന്‍സ് ജോര്‍ദാനിലെ രാജാവായി. 1948-ലെ അറബ് -ഇസ്രയേല്‍ യുദ്ധത്തില്‍ ജോര്‍ദാനും പങ്കെടുത്തിരുന്നു. 1949 ഏ. 26-നു ട്രാന്‍സ് ജോര്‍ദാന്റെ പേര് ജോര്‍ദാന്‍ എന്നാക്കി മാറ്റി. 1953-ല്‍ ഹുസൈന്‍ ബില്‍ തലാല്‍ (1935-99) ജോര്‍ദാനിലെ രാജാവായി. ഹുസൈന്‍ രാജാവിന്റെ നേതൃത്വത്തില്‍ 1958-ലുണ്ടായ അറബ് ഫെഡറേഷന്‍ അധികകാലം നീണ്ടുനിന്നില്ല. 1967-ലെ ആറുദിവസത്തെ അറബ്-ഇസ്രയേല്‍ യുദ്ധത്തില്‍ വെസ്റ്റ്ബാങ്ക് പ്രദേശം ജോര്‍ദാന് നഷ്ടമായി. ജോര്‍ദാന്‍ കേന്ദ്രമാക്കി പലസ്തീന്‍ ഗറില്ലകള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത് ജോര്‍ദാന് ഏറെ പ്രശ്നം സൃഷ്ടിച്ചു. 1971-ല്‍ പലസ്തീന്‍ ഗറില്ലകളെ ജോര്‍ദാന്‍ പുറത്താക്കി. 1973-ലെ അറബ്-ഇസ്രയേല്‍ യുദ്ധത്തില്‍ ഗോലാന്‍ കുന്നുകളിലെ സിറിയന്‍ സേനയ്ക്ക് ജോര്‍ദാന്‍ സൈനികസഹായം നല്കി. പലസ്തീനിയന്‍ അറബികളുടെ നേതൃത്വം പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന് (പി.എല്‍.ഒ.) ആണെന്ന് 1974-ല്‍ ജോര്‍ദാന്‍ അംഗീകരിച്ചു. 1980-കളില്‍ പശ്ചിമേഷ്യന്‍ പ്രശ്നം പരിഹരിക്കാന്‍ പി.എല്‍.ഒ.യുമായി ബന്ധപ്പെട്ട് ജോര്‍ദാന്‍ ശ്രമം നടത്തി. 1994-ല്‍ ഇസ്രയേലുമായി സമാധാനക്കരാര്‍ ഉണ്ടാക്കി. 1997 ഒക്ടോബറില്‍ ജോര്‍ദാനിലെ ഹുസൈന്‍ രാജാവിന്റെ അഭ്യര്‍ഥന മാനിച്ച് പലസ്തീനിലെ മുസ്ലിം തീവ്രവാദസംഘമായ ഹമാസിന്റെ സ്ഥാപകന്‍ ഷെയ്ഖ് അഹമ്മദ്യാസിനെ ഇസ്രയേല്‍ തടവില്‍ നിന്നും മോചിപ്പിച്ചു. ഹുസൈന്‍ രാജാവ് 1999 ഫെ. 8-ന് അന്തരിച്ചു. പുത്രന്‍ അബ്ദുള്ള പുതിയ രാജാവായി അധികാരമേറ്റു.

1952 ഡിസംബറിലെ ഭരണഘടനാനുസൃതമായ രാജഭരണമാണ് ജോര്‍ദാനിലേത്. രാജാവു നിയമിക്കുന്ന, പാര്‍ലമെന്റിനോട് ഉത്തരവാദിത്തമുള്ള മന്ത്രിസഭയുമുണ്ട്. പാര്‍ലമെന്റിന് 40 അംഗങ്ങളുള്ള സെനറ്റ് എന്നും 80 അംഗങ്ങളുള്ള പ്രതിനിധിസഭ (ചേംബര്‍ ഒഫ് ഡെപ്യൂട്ടീസ്) എന്നും രണ്ടു സഭകളുണ്ട്. 1963-ല്‍ ജോര്‍ദാനില്‍ രാഷ്ട്രീയപാര്‍ട്ടികളെ നിരോധിച്ചു. 1971-ല്‍ ഇത് ഇളവുചെയ്തെങ്കിലും 1976-ല്‍ വീണ്ടും നിരോധനമുണ്ടായി. 1984 ജനു. 9-നു പാര്‍ലമെന്റ് വീണ്ടും ചേര്‍ന്നു. 1984 മാ.-ല്‍ ഉപതിരഞ്ഞെടുപ്പും നടന്നു. 1997 ന. 4-ന് നടന്ന തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് അബ്ദ്-അല്‍-സലാം-അല്‍മ-മജലി പ്രധാനമന്ത്രിയായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍