This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോര്‍ജ് - ഗ്രീസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജോര്‍ജ് - ഗ്രീസ്

ഈ പേരില്‍ രണ്ടു ഗ്രീക്ക് രാജാക്കന്മാരുണ്ട്.

1. ജോര്‍ജ് I (1845-1913). ഡെന്മാര്‍ക്കിലെ ക്രിസ്റ്റ്യന്‍ കത-ന്റെ രണ്ടാമത്തെ പുത്രനായി 1845 ഡി. 24-ന് കോപ്പന്‍ഹേഗനില്‍ ജനിച്ചു. ക്രിസ്റ്റ്യന്‍ ജോര്‍ജ് എന്നായിരുന്നു പേര്. ഓട്ടോ I സ്ഥാനഭ്രഷ്ടനായ(1862)തോടെ ബ്രിട്ടനും റഷ്യയും ഫ്രാന്‍സും ക്രിസ്റ്റ്യന്‍ ജോര്‍ജിനെ രാജാവായി നാമനിര്‍ദേശം ചെയ്തു. 1863-ല്‍ ഇദ്ദേഹം ജോര്‍ജ് I എന്ന പേരില്‍ സ്ഥാനമേറ്റു. 1864-ലെ ഭരണഘടന ഇദ്ദേഹത്തിന് വമ്പിച്ച അധികാരങ്ങള്‍ നല്കി.

റഷ്യയിലെ അലക്സാണ്ടര്‍ II-ന്റെ അനന്തരവളായ ഓള്‍ഗയെയാണ് ഇദ്ദേഹം വിവാഹം കഴിച്ചത്. ഇദ്ദേഹത്തിന്റെ സഹോദരി അലക്സാണ്ട്ര ബ്രിട്ടനിലെ ഭാവി ചക്രവര്‍ത്തിയായ എഡ്വേഡ് VI-നെ വിവാഹം കഴിച്ചു (1863). മറ്റൊരു സഹോദരിയായ ഡാഗ്മാര്‍ റഷ്യയിലെ ഭാവി ചക്രവര്‍ത്തിയായ അലക്സാണ്ടര്‍ III-നെ വിവാഹം കഴിച്ചു (1866). ജോര്‍ജിന്റെ ബന്ധുക്കള്‍ തന്നെയായിരുന്നു ഡെന്മാര്‍ക്ക്, നോര്‍വെ, സീഡന്‍ എന്നിവിടങ്ങളിലെയും ഭരണാധികാരികള്‍. രാജവംശങ്ങളുമായി ഈ ബന്ധങ്ങള്‍ യൂറോപ്യന്‍ കാര്യങ്ങളില്‍ ഗ്രീസിന് വലിയ സ്വാധീനം നേടികൊടുത്തു.

വിദേശബന്ധങ്ങളില്‍ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ ജോര്‍ജ് I-നു കഴിഞ്ഞു. ബ്രിട്ടന്റെ കൈവശമായിരുന്ന അയോണിയന്‍ ദ്വീപുകള്‍ ഗ്രീസിനു മടക്കിക്കിട്ടിയതും (1864) തെസ്സാലിയും എപിറസിന്റെ ഭാഗവും ഗ്രീസിന്റെ അധീനതയിലായതും (1881) ജോര്‍ജിന്റെ ഭരണനേട്ടങ്ങളാണ്. എന്നാല്‍ ഇദ്ദേഹത്തിന്റെ ഭരണകാലത്ത് സാമ്പത്തികരംഗം ദുര്‍ബലമായിരുന്നു.

1913 മാ. 18-ന് ഇദ്ദേഹം സലോണികയില്‍ വച്ച് കൊല്ലപ്പെട്ടു. തുടര്‍ന്ന് പുത്രന്‍ കോണ്‍സ്റ്റന്റൈന്‍ I രാജാവായി.

2. ജോര്‍ജ് II (1890-1947). കോണ്‍സ്റ്റന്റൈന്‍ I-ന്റെ മൂത്തപുത്രനായി 1890 ജൂണ്‍ 20-ന് റ്ററ്റോയിയില്‍ ജനിച്ചു. 1898 മുതല്‍ 1906 വരെ ഇദ്ദേഹം ക്രീറ്റിലെ ഗവര്‍ണറായിരുന്നു. സഖ്യകക്ഷികള്‍ കോസ്റ്റന്റൈനെ പുറത്താക്കിയപ്പോള്‍ ജര്‍മന്‍ പക്ഷക്കാരനെന്നാരോപിച്ച് ജോര്‍ജിനും രാജസിംഹാസനം നിഷേധിച്ചു. തുടര്‍ന്ന് സഹോദരന്‍ അലക്സാണ്ടര്‍ രാജാവായി. ജോര്‍ജ്-II റുമേനിയയിലെ എലിസബത്ത് രാജകുമാരിയെയാണ് വിവാഹം കഴിച്ചത് (1921). ഇവര്‍ പിന്നീട് വിവാഹബന്ധം വേര്‍പെടുത്തി (1935).

അലക്സാണ്ടറുടെ മരണ (1920) ശേഷം കോണ്‍സ്റ്റന്റൈന്‍ രാജാധികാരം വീണ്ടെടുത്തു.എന്നാല്‍ ടര്‍ക്കി ഗ്രീസിനെ പരാജയപ്പെടുത്തി(1922 സെപ്.)യതോടെ കോണ്‍സ്റ്റന്റൈന് രാജാധികാരം ഒഴിയേണ്ടിവന്നു. തുടര്‍ന്ന് ജോര്‍ജ് II രാജാവായി. എന്നാല്‍ റിപ്പബ്ലിക്കന്‍ സൈനികോദ്യോഗസ്ഥരുടെ സൈനിക വിപ്ലവത്തെ(1923)തുടര്‍ന്ന് ജോര്‍ജിന് രാജാധികാരം ഒഴിയേണ്ടി വന്നു. രാജപക്ഷസേനയുടെ പിന്തുണയോടെ 1936-ല്‍ ഇദ്ദേഹം ജനറല്‍ ഇയോനിസ് മെറ്റാക്സസിനെ പ്രധാനമന്ത്രിയായി നിയമിച്ചു. മറ്റു യൂറോപ്യന്‍ രാഷ്ട്രങ്ങളിലെപ്പോലെ മെറ്റാക്സസും സ്വേച്ഛാധിപത്യഭരണ രീതി സ്വീകരിച്ചതോടെ (1941) ജോര്‍ജ് II നിഷ്പ്രഭനായി. ജര്‍മനി ഗ്രീസിനെ ആക്രമിച്ചതോടെ (1941) ജോര്‍ജ് II നാടുവിട്ടു. 1946 സെപ്റ്റംബറില്‍ നടന്ന തെരഞ്ഞെടുപ്പിനും ഹിതപരിശേധനയ്ക്കും ശേഷം ഇദ്ദേഹം ഗ്രീസില്‍ മടങ്ങിയെത്തി. എന്നാല്‍ ഇടതു-വലതു പക്ഷങ്ങള്‍ തമ്മില്‍ നടന്ന ആഭ്യന്തര യുദ്ധത്തില്‍ ഇദ്ദേഹം അസ്വസ്ഥനായി. 1947 ഏ. 1-ന് ഇദ്ദേഹം ആതന്‍സില്‍ അന്തരിച്ചു. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ സഹോദരന്‍ പാള്‍ രാജാവായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍