This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോര്‍ജ് മാത്തന്‍ (1819 - 70)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജോര്‍ജ് മാത്തന്‍ (1819 - 70)

മലയാള സാഹിത്യകാരന്‍. മലയാണ്മയുടെ വ്യാകരണം എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ് എന്ന നിലയിലാണ് ഏറെ പ്രശസ്തി. ചെങ്ങന്നൂര്‍ പുത്തന്‍കാവില്‍ മാത്തന്‍ തരകന്റെയും അന്നാമ്മയുടെയും മകനായി 1819 സെപ്. 25-നു ജോര്‍ജ് മാത്തന്‍ ജനിച്ചു. റവറന്റ് ജോര്‍ജ് മാത്തന്‍, ഗീവറുഗീസി പാതിരി, മല്ലപ്പള്ളിലച്ചന്‍ എന്നീ പേരുകളിലും ഇദ്ദേഹം അറിയപ്പെട്ടിരുന്നു.

സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം കോട്ടയത്ത് വൈദിക സെമിനാരിയില്‍ പഠനം തുടര്‍ന്ന ഇദ്ദേഹം 1844-ല്‍ ശെമ്മാശനും 1847-ല്‍ പ്രസ്ബിറ്ററുമായി. ഇംഗ്ലീഷ്, ഗ്രീക്ക്, ഹീബ്രു, സുറിയാനി, തമിഴ് മുതലായ ഭാഷകളില്‍ ഇദ്ദേഹത്തിന് നല്ല പാണ്ഡിത്യമുണ്ടായിരുന്നു. മാവേലിക്കര, മല്ലപ്പള്ളി, തിരുവല്ല, തലവടി തുടങ്ങിയ സ്ഥലങ്ങളില്‍ ഇദ്ദേഹം വൈദികവൃത്തി അനുഷ്ഠിക്കുകയുണ്ടായി. നല്ല ഒരു വൈദ്യശാസ്ത്രപണ്ഡിതനായിരുന്ന ഇദ്ദേഹം അധഃസ്ഥിതരുടെ വിമോചനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

ജോര്‍ജ് മാത്തന്റെ മലയാണ്മയുടെ വ്യാകരണമാണ് മലയാളഭാഷയില്‍ രചിക്കപ്പെട്ട ആദ്യത്തെ ഭാഷാശാസ്ത്രഗ്രന്ഥമെന്ന് അഭിപ്രായമുണ്ട്. ഈ കൃതി പ്രസിദ്ധീകൃതമായത് 1863-ല്‍ ആണ്. എന്നാല്‍ ഗുണ്ടര്‍ട്ടിന്റെ മലയാള വ്യാകരണം പ്രസിദ്ധീകരിച്ചത് 1850-ലാണ്. ജോര്‍ജ് മാത്തന്‍ ഗുണ്ടര്‍ട്ടിന്റെ കൃതി കണ്ടിരിക്കാനിടയില്ല എന്നാണ് ഉള്ളൂരിന്റെ നിഗമനം. ജോര്‍ജ് മാത്തന്റെ വ്യാകരണഗ്രന്ഥത്തിലാണ് ചിഹ്നത്തെപ്പറ്റി ആദ്യമായി പ്രതിപാദിച്ചിരിക്കുന്നത്.

'പാശ്ചാത്യസമ്പ്രദായത്തിലുള്ള ഒരു ഗദ്യപദ്ധതി ഭാഷയില്‍ ഇദംപ്രഥമമായി അവതരിപ്പിച്ച് ആ പദ്ധതിയില്‍ വിവിധ വിഷയങ്ങളെ അധികരിച്ച് പുസ്തകങ്ങളും ഉപന്യാസങ്ങളും രചിച്ച ഒന്നാമത്തെ കേരളീയന്‍ ജോര്‍ജ് മാത്തനാണെന്ന്' മഹാകവി ഉള്ളൂരിന്റെ വിലയിരുത്തല്‍ ശരിയാണെന്നു തെളിയിക്കുന്ന കൃതിയാണ് സത്യവാദഖേടം (1861). ഈ കൃതി തിരുവിതാംകൂര്‍ ഗവണ്‍മെന്റിന്റെ പ്രഥമ പുരസ്കാരത്തിന് അര്‍ഹമായി. 1863-ല്‍ ഈ കൃതി പ്രസിദ്ധപ്പെടുത്തി. ഇദ്ദേഹത്തിന്റെ വേദസംയുക്തി ജോസഫ് ബട്ലറുടെ അനോളജി ഒഫ് റിലിജിയന്‍ എന്ന ഗ്രന്ഥം ഒന്നാം ഭാഗത്തിന്റെ വിവര്‍ത്തനമാണ്.

കാശിയില്‍ ഗുരുദാസപണ്ഡിതരും ഒരു ഇംഗ്ലീഷ് ജഡ്ജിയുമായുണ്ടായ സംവാദം, ബാലാഭ്യസനം എന്നീ ഗ്രന്ഥങ്ങളും ജോര്‍ജ് മാത്തന്റേതായിട്ടുണ്ട്.

ഭൂമി ഉരുണ്ടതാകുന്നു, മരുമക്കത്തായത്താലുള്ള ദോഷങ്ങള്‍, അദ്വൈതം, ആകാശത്തുള്ള ഗോളങ്ങള്‍, അന്തരീക്ഷം, മറുജന്മം, സ്ത്രീകളുടെ യോഗ്യമായ സാമൂഹ്യസ്ഥിതി, സാധാരണ ചികിത്സാശാല, കൊഴു മുതലാണ്മ തുടങ്ങിയ ഉപന്യാസങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. 1860-നും 70-നും ഇടയ്ക്കുള്ള പത്തു വര്‍ഷക്കാലത്തായിരുന്നു ഇദ്ദേഹത്തിന്റെ സാഹിത്യസംഭാവനകള്‍ അധികവും നടന്നത്. ഇദ്ദേഹം 1870 മാ. 4-നു നിര്യാതനായി. നോ. മലയാണ്മയുടെ വ്യാകരണം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍