This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോര്‍ജ്ടൗണ്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജോര്‍ജ്ടൗണ്‍

Georgetown

ഗീയാനയുടെ തലസ്ഥാനവും ഏറ്റവും വലിയ ഗീയാന്‍ നഗരവും. തെ.അമേരിക്കയുടെ തെക്കന്‍ തീരത്തായി ഡെനറ്റേ നദീമുഖത്ത് സ്ഥിതിചെയ്യുന്നു. 1781-ല്‍ ബ്രിട്ടീഷുകാര്‍ സ്ഥാപിച്ച ഈ നഗരം ഡെമറ്റേറ എന്നും അറിയപ്പെടുന്നുണ്ട്. ജോര്‍ജ് III-ന്റെ സ്മരണയ്ക്കായാണ് നഗരത്തിന് ജോര്‍ജ്ടൌണ്‍ എന്ന പേരു നല്കിയത്. ജനസംഖ്യ: 9,90,000 (89).

ജോര്‍ജ്ടൗണ്‍

ജോര്‍ജ്ടൗണ്‍ റെയില്‍-ജലമാര്‍ഗേണ നൂ ആംസ്റ്റര്‍ഡാമുമായി ബന്ധപ്പെട്ടിരിക്കുന്നു. ചുറ്റുമുള്ള പ്രദേശത്തെ ചതുപ്പു നിലങ്ങള്‍ മുമ്പ് ആര്യോഗ്യകരമല്ലാത്ത കാലാവസ്ഥയ്ക്കു കാരണമായിരുന്നെങ്കിലും ഇപ്പോള്‍ ഇതിനു മാറ്റം വന്നിട്ടുണ്ട്. 1929-ല്‍ ആദ്യമായി മാലിന്യ നിര്‍മാര്‍ജനത്തിനുള്ള ആധുനിക മാര്‍ഗങ്ങള്‍ നടപ്പിലാക്കിയ ജോര്‍ജ്ടൌണില്‍ ഇതോടൊപ്പം വൈദ്യുതിയും പ്രചാരത്തില്‍ വന്നു. നഗരത്തിനാവശ്യമായ ശുദ്ധജലം ലഭിക്കുന്നത് കുഴല്‍ക്കിണറുകളില്‍ നിന്നുമാണ്. ജോര്‍ജ്ടൗണിലെ 'ബൊട്ടാണിക്കല്‍ ഗാര്‍ഡനുകള്‍' വിശ്വപ്രസിദ്ധങ്ങളായിരിക്കുന്നു.

ഗീയാനയിലെ മുഖ്യതുറമുഖം കൂടിയായ ജോര്‍ജ്ടൗണില്‍ നിന്നും പ്രധാനമായി പഞ്ചസാരയും നെല്ലും സംസ്കരിച്ചശേഷം കയറ്റി അയയ്ക്കുന്നു. ബോക്സൈറ്റ്, വജ്രം, തടി എന്നിവയാണ്. മറ്റു കയറ്റുമതിയുത്പന്നങ്ങള്‍.

2. മലേഷ്യയിലെ ഒരു പ്രധാനനഗരവും തുറമുഖവും. വലുപ്പത്തില്‍ രണ്ടാംസ്ഥാനത്തു നല്ക്കുന്ന ഈ നഗരം മലയന്‍ ഉപദ്വീപിന്റെ പടിഞ്ഞാറന്‍ തീരത്തുനിന്നു മാറി, മലാക്കന്‍ കടലിടുക്കിലുള്ള പെനാങ് സ്റ്റേറ്റിന്റെ തലസ്ഥാനവും കൂടിയാണ്. പെനാങ് എന്നും നഗരത്തിനു പേരുണ്ട്. ഈ നഗരം 1789-ല്‍ ബ്രിട്ടീഷുകാരാണ് സ്ഥാപിച്ചത്. ഒരു ഫ്രീ പോര്‍ട്ട് ആയ ജോര്‍ജ്ടൗണ്‍ തെക്കന്‍ തായ്ലന്‍ഡ്, സുമാറ്റ്ര, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നു വരുന്ന ചരക്കുകള്‍ വീണ്ടും കയറ്റി അയയ്ക്കുന്നു. തേക്ക്, റബ്ബര്‍, ടിന്‍ അയിര്, കൊപ്ര, കാപ്പി, കരിമ്പ്, അരി എന്നിവയാണ് തുറമുഖത്തെ പ്രധാന കയറ്റുമതി ചരക്കുകള്‍. റബ്ബര്‍ റീ-മില്ലിങ്, അച്ചടി, ബുക്ക് ബൈന്‍ഡിങ്, പുകയിലയുത്പാദനം എന്നിവ ഇവിടത്തെ മുഖ്യവ്യവസായങ്ങളാണ്.

3. യു.എസ്സിന്റെ തലസ്ഥാനനഗരമായ വാഷിങ്ടണ്‍ ഡി.സിയുടെ ഒരു പ്രാന്തപ്രദേശം. വൈറ്റ്ഹൗസില്‍ നിന്നും 3 കി.മീ. വ.പ.മാറി സ്ഥിതിചെയ്യുന്ന ഈ പ്രദേശം വാഷിങ്ടണ്‍ നഗരത്തിന്റെ ആവിര്‍ഭാവത്തിനു മുമ്പുതന്നെ ജനവാസമുള്ളതായിരുന്നു. പോട്ടമാക്നദിക്കരയില്‍ സ്ഥിതിചെയ്യുന്ന ഈ ചെറുപട്ടണപ്രദേശം 1790-ല്‍ ജോര്‍ജ് വാഷിങ്ടണ്‍ ആണ് രാജ്യതലസ്ഥാനത്തിനുവേണ്ടി തെരഞ്ഞെടുത്തത്. 1895 വരെ ഈ നഗരത്തിന് ഒരു പ്രത്യേക മുനിസിപ്പല്‍ പദവി ലഭിച്ചിരുന്നു. 1895-ല്‍ ഇതിനെ വാഷിങ്ടണുമായി ലയിപ്പിച്ചു. പ്രസിദ്ധമായ ജോര്‍ജ്ടൗണ്‍ സര്‍വകലാശാലയുടെ ആസ്ഥാനം കൂടിയായ ഈ പ്രദേശം സമ്പദ് സമൃദ്ധമാണ്.

കേയ്മന്‍ ദ്വീപുകളുടെ തലസ്ഥാനനഗരത്തിനും സെന്റ് ഹെലേനയിലെ അസന്‍ഷന്‍ ദ്വീപിലുള്ള ഒരു പ്രദേശത്തിനും ആസ്റ്റ്രേലിയയിലെ ഒരു നഗരത്തിനും യു.എസ്സിലെ കെന്റക്കിയിലുള്ള ഒരു പ്രദേശത്തിനും ഗാംബീരയിലെ ഒരു പ്രദേശത്തിനും ജോര്‍ജ്ടൗണ്‍ എന്നുപേരുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍