This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോര്‍ജിയ റിപ്പബ്ലിക്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജോര്‍ജിയ റിപ്പബ്ലിക്

തെക്കു-കിഴക്കന്‍ യൂറോപ്യന്‍ രാഷ്ട്രം. സകാര്‍ത്വെലോ റിപ്പബ്ലിക്കാ (Sakartvelo Republica) എന്ന് ഔദ്യോഗിക നാമം.

കരിങ്കടലിനു കിഴക്കും അര്‍മേനിയ, അസര്‍ബൈജാന്‍, ടര്‍ക്കി എന്നീ രാഷ്ട്രങ്ങളുടെ വടക്കുമായാണ് ജോര്‍ജിയയുടെ സ്ഥാനം. അബ്ഖാസിയ അഡ്ജാറിയ, ദക്ഷിണ ഒസ്സെറ്റിയ എന്നീ പ്രദേശങ്ങള്‍ ജോര്‍ജിയയില്‍ ഉള്‍പ്പെടുന്നു. വിസ്തീര്‍ണം 69,700 ച.കി.മീ.; ജനസംഖ്യ: 49,35,880 (2013); തലസ്ഥാനം: ത്ബിലിസി; നാണയം: ലാറി. കുടൈസി, സുഖുമി, റുസ്താവി, ബടുമി, പോടി, ഗോറി എന്നിവയാണ് മറ്റു പ്രധാന നഗരങ്ങള്‍.

ഉത്തര ജോര്‍ജിയയിലുള്ള കാക്കസസ് മഹാപര്‍വതനിരയും ദക്ഷിണ ജോര്‍ജിയയിലുള്ള കാക്കസസ് പര്‍വതക്രമവും ബന്ധിപ്പിക്കുന്ന ഉത്തര-ദക്ഷിണ സുരാവി പര്‍വതനിരകളാണ് റിപ്പബ്ലിക്കിനെ പശ്ചിമ-ഉത്തര ജോര്‍ജിയകളായി വിഭജിക്കുന്നത്. പശ്ചിമപ്രദേശത്തെ ഹിമാഛാദിത പര്‍വതങ്ങളും ആല്‍പ്സ് മേച്ചില്‍ ഭൂമികളും അധിനായകത്വം വഹിക്കുന്ന ജോര്‍ജിയന്‍ കരിങ്കടല്‍ത്തീരം സസ്യസമൃദ്ധമാണ്.

ജോര്‍ജിയയിലെ പ്രധാന നദികള്‍ കുറാ (മ്ത്ക്വാരി), റിയോണി (ഫാസിസ്) എന്നിവയാണ്. കുറാ ടര്‍ക്കിയില്‍ നിന്നുദ്ഭവിച്ച് ദക്ഷിണ-മധ്യ ജോര്‍ജിയ, അസര്‍ബൈജാന്‍ എന്നിവിടങ്ങളിലൂടെ ഒഴുകി കാസ്പിയന്‍ കടലില്‍ പതിക്കുന്നു. കാക്കസില്‍ നിന്നുദ്ഭവിക്കുന്ന റിയോണി ജോര്‍ജിയയിലെ കുടൈസി വഴി ഒഴുകി പോടി നഗരത്തില്‍വച്ച് കരിങ്കടലില്‍ എത്തിച്ചേരുന്നു. കുറാ, റിയോണി നദികളും അവയുടെ പോഷകനദികളും ആണ് ജോര്‍ജിയയില്‍ ജലവൈദ്യുതി ഉത്പാദനത്തിനു സഹായകമാകുന്നത്. സമുദ്രതീരപ്രദേശങ്ങളിലും റിയോണി തടങ്ങളിലും മൂടല്‍മഞ്ഞില്ലാത്ത തെളിഞ്ഞ ശൈത്യകാലവും മിതോഷ്ണ-ക്ലിന്ന വേനല്‍ക്കാലവുമാണ്. പൂര്‍വ ജോര്‍ജിയയില്‍ വന്‍കരാകാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. പശ്ചിമ ജോര്‍ജിയയെ അപേക്ഷിച്ച് പൂര്‍വ ജോര്‍ജിയയില്‍ മഴ കുറവാണ്.

ത്ബിലിസ്-ജോര്‍ജിയ റിപ്പബ്ലിക്കിന്റെ തലസ്ഥാനം

ചരിത്രം. സു. 8,00,000 വര്‍ഷം മുമ്പു മുതല്ക്കേ ഇവിടെ മനുഷ്യവാസമുണ്ടായിരുന്നു. ബി.സി. 4-ാം ശ.-ല്‍ മഹാനായ അലക്സാണ്ടറുടെ പേര്‍ഷ്യന്‍ ആക്രമണത്തെ തുടര്‍ന്ന് പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്റെ കീഴിലായിരുന്ന ജോര്‍ജിയ അലക്സാണ്ടറുടെ ഭരണത്തിന്‍ കീഴിലായി. അലക്സാണ്ടര്‍ക്കുശേഷം കിഴക്കന്‍ ജോര്‍ജിയ (ഐബീരിയ) കേന്ദ്രമായി ഒരു സ്വതന്ത്രരാജവംശം നിലവില്‍ വന്നു. ബി.സി.65-ല്‍ റോമിലെ പോബി ജോര്‍ജിയയില്‍ ആക്രമണം നടത്തി. എ.ഡി. 4-ാം ശ.-ല്‍ ഇവിടെ ക്രിസ്തുമതം പ്രചരിച്ചു. 5-ാം ശ.-ല്‍ പേര്‍ഷ്യന്‍ സാമ്രാജ്യവും ബൈസാന്റൈന്‍ സാമ്രാജ്യവും ജോര്‍ജിയയില്‍ അധികാരം സ്ഥാപിക്കാന്‍ മത്സരിച്ചു. 5-ാം ശ.-ന്റെ അവസാനകാലത്ത് വക്താങ് ഗോര്‍ഗസ്ലാനി ഇവരെ തോല്പിച്ച് ത്ബിലിസി കേന്ദ്രമാക്കി ഭരണം സ്ഥാപിച്ചു. ഗോര്‍ഗസ്ലാനിനുശേഷം സസാനിയന്‍ രാജാക്കന്മാര്‍ ഇവിട ഭരണം നടത്തി. 7-ാം ശ.-ല്‍ അറബികള്‍ ജോര്‍ജിയയുടെ ഭരണം പിടിച്ചെടുത്തു. അറബികളെ തോല്പിച്ചുകൊണ്ട് 8-ാം ശ.-ല്‍ ബഗ്രാറ്റിഡ് രാജവംശം അധികാരം സ്ഥാപിച്ചു. 11 മുതല്‍ 13 വരെ ശതകങ്ങള്‍ ജോര്‍ജിയയുടെ സുവര്‍ണകാലമായി കണക്കാക്കപ്പെടുന്നു. ഇക്കാലത്തെ പ്രധാന ഭരണാധികാരികള്‍ ഡേവിഡ് രാജാവും (ഭ.കാ. 1089-1125) താമര്‍ രാജ്ഞി(ഭ.കാ.1184-1213)യുമായിരുന്നു. 13-ാം ശ.-ല്‍ മംഗോളിയര്‍ ജോര്‍ജിയയുടെ കിഴക്കന്‍ പ്രദേശങ്ങള്‍ ആക്രമിച്ചു. തുടര്‍ന്ന് തിമൂറിന്റെ ആക്രമണമുണ്ടായി. ഇതിനിടെ ഫ്യൂഡല്‍ പ്രഭുക്കള്‍ രാജവാഴ്ചയ്ക്കു ഭീഷണി ഉയര്‍ത്തി. തുടര്‍ന്ന് തുര്‍ക്കികളുടെയും പേര്‍ഷ്യക്കാരുടെയും ആക്രമണമുണ്ടായി. 1783-ല്‍ റഷ്യയിലെ കാതറീനുമായി ജോര്‍ജിയ സംരക്ഷണക്കരാര്‍ ഉണ്ടാക്കി. 1795-ല്‍ പേര്‍ഷ്യയിലെ ആഗാ മുഹമ്മദ്ഖാന്‍ കാജര്‍ ത്ബിലിസി ആക്രമിച്ചു. ഇതോടെ റഷ്യയുമായി ചേരാന്‍ ജോര്‍ജിയയിലെ ജോര്‍ജ് XIII സമ്മതിച്ചു. 1801-ല്‍ ജോര്‍ജിയ റഷ്യന്‍ സാമ്രാജ്യത്തിന്റെ ഭാഗമായി. സാര്‍ ചക്രവര്‍ത്തിമാരുടെ ഏകാധിപത്യത്തിനെതിരായി ജോര്‍ജിയയില്‍ പലപ്പോഴും കലാപങ്ങളുണ്ടായി. 1917-ല്‍ റഷ്യന്‍ സാമ്രാജ്യത്തിന്റെ തകര്‍ച്ചയോടെ ജോര്‍ജിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു (1918 മേയ് 26). 1920-ല്‍ സോവിയറ്റ് ഗവണ്‍മെന്റ് ജോര്‍ജിയയുടെ സ്വതന്ത്രപദവി അംഗീകരിച്ചുവെങ്കിലും 1921-ല്‍ സോവിയറ്റ് സേന ജോര്‍ജിയ പിടിച്ചെടുത്തു. 1921 ഫെ. 25-നു ജോര്‍ജിയയുടെ പേര് ജോര്‍ജിയന്‍ സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് എന്നായി. 1922 ഡി. 15-ന് അര്‍മേനിയയോടും അസര്‍ബൈജാനോടും ഒപ്പം ജോര്‍ജിയ സോവിയറ്റ് ട്രാന്‍സ് കാക്കസിയന്‍ ഫെഡറല്‍ റിപ്പബ്ലിക് രൂപംകൊണ്ടു. 1936-ല്‍ ജോര്‍ജിയ യു.എസ്.എസ്.ആറിലെ ഘടകറിപ്പബ്ലിക്കായി. 1970-കളോടെ ജോര്‍ജിയയില്‍ ദേശീയവാദം ശക്തിപ്പെട്ടു തുടങ്ങി. യു.എസ്.എസ്.ആറിന്റെ ശിഥിലീകരണത്തോടെ 1991 ഏ. 9-ന് ജോര്‍ജിയ വീണ്ടും സ്വതന്ത്രരാഷ്ട്രമായി. 1992 ജൂലായില്‍ ജോര്‍ജിയ യു.എന്‍. അംഗരാഷ്ട്രമായി. 1994-ല്‍ ഇത് സ്വതന്ത്ര രാഷ്ട്രങ്ങളുടെ കോമണ്‍വെല്‍ത്തില്‍ (Common Wealth of Independent States) ചേര്‍ന്നു. ജോസഫ് സ്റ്റാലിന്റെ ജന്മദേശമാണ് ജോര്‍ജിയ.

സാമ്പത്തികരംഗം. മുന്തിരിയാണ് ജോര്‍ജിയിയിലെ പ്രധാന കാര്‍ഷിക വിള. മുന്തിയയിനം വീഞ്ഞിനങ്ങളും ബ്രാന്‍ഡിയും ഇവിടെ നിന്ന് വന്‍തോതില്‍ കയറ്റി അയയ്ക്കുന്നു. കരിങ്കടല്‍ തീരത്തെ അഡ്ജാറിയ, ഗുറിയ മിന്‍ഗ്രേലിയ, അബ്ഖാസിയ എന്നിവിടങ്ങളില്‍ ഉഷ്ണമേഖലാ സസ്യങ്ങള്‍ സമൃദ്ധമാണ്. വനവിഭവങ്ങളില്‍ തടിക്ക് മുന്തിയ സ്ഥാനമുണ്ട്. കയറ്റുമതിക്കുള്ള ഓറഞ്ച്, നാരങ്ങ, തേയില, പുകയില എന്നിവയും ഈ പ്രദേശങ്ങളില്‍ സുലഭമാണ്.

ഖനിജങ്ങള്‍, അപൂര്‍വ മുത്തുകള്‍ എന്നിവകൊണ്ടു സമ്പന്നമാണ് ജോര്‍ജിയ. മാംഗനിസ് വന്‍തോതില്‍ കയറ്റി അയക്കുന്നുണ്ട്. വന്‍ കല്‍ക്കരി നിക്ഷേപവും ഇവിടെയുണ്ട്. ബാകു പ്രദേശത്തെ പെട്രോളിയം ഉത്പന്നങ്ങള്‍ ശുദ്ധീകരിക്കുന്നത് ബാതുമി എണ്ണശുദ്ധീകരണശാലയിലാണ്. രണ്ടാംലോകയുദ്ധശേഷം ഖനവ്യവസായമേഖല ഇവിടെ വളരെ പുഷ്ടിപ്പെട്ടിട്ടുണ്ട്. ത്ബിലിസിക്കുസമീപം റുസ്താവിയിലെ ലോഹസംസ്കരണ സമുച്ചയം ശ്രദ്ധേയമാണ്.

വളരെ വികസിതമായ ഒരു ഗതാഗത മേഖല ജോര്‍ജിയയിലുണ്ട്. വാഹനഗതാഗത യോഗ്യമായ 21,000 കി.മീ. റോഡുകളും 1583 കി.മീ. ദൈര്‍ഘ്യമുള്ള റെയില്‍ ഗതാഗതവും ഇവിടെയുണ്ട്. ദേശീയ വ്യോമയാന സര്‍വീസായ 'ഓര്‍ബി'യാണ് ജോര്‍ജിയയിലെ വ്യോമഗതാഗതത്തിനു നേതൃത്വം നല്‍കുന്നത്.

ജോര്‍ജിയയില്‍ വിനോദസഞ്ചാര വ്യവസായം വന്‍തോതില്‍ വികസിച്ചിട്ടുണ്ട്. ത്ബിലിസിയിലെയും മറ്റും ധാതുലവണങ്ങള്‍ അടങ്ങിയ ഊറ്റുകള്‍ ആയിരക്കണക്കിന് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു.

ജോര്‍ജിയയിലെ ജനങ്ങളില്‍ 70 ശ.മാ.വും കാര്‍ത്വേലിയര്‍ എന്നറിയപ്പെടുന്ന ജോര്‍ജിയരാണ്. 8 ശ.മാ. അര്‍മേനിയരും 6.3 ശ.മാ. റഷ്യക്കാരും. 5.7 ശ.മാ. അസര്‍ബൈജാനികളും 3ശ.മാ. ഒസേറ്റിയരും 1.9 ശ.മാ. ഗ്രീക്കുകാരും 1 ശ.മാ. ഉക്രെയിന്‍കാരും ഇവിടെയുണ്ട്. ജോര്‍ജിയക്കാര്‍ പൊതുവേ ആയുഷ്മാന്മാരാണ്. നൂറുവയസ്സിനുമേല്‍ ജീവിച്ചിരിക്കുന്നവര്‍ അപൂര്‍വമല്ല.

സംസ്കാരം. ഇന്തോ യൂറോപ്യന്‍ ഭാഷാഗോത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ കാക്കേഷ്യന്‍ ഭാഷാഗോത്രത്തില്‍പ്പെട്ടതാണ് ജോര്‍ജിയന്‍ ഭാഷ. ജോര്‍ജിയക്കാര്‍ ക്രിസ്തുമതം സ്വീകരിക്കുന്നതിനുമുമ്പ് അവര്‍ ഗ്രീക്കിലോ അരമയ്ക് ലിപി ഉപയാേേഗിച്ചുള്ള പേര്‍ഷ്യന്‍ ഭാഷ ആണ് എഴുതിയിരുന്നത്. 5-ാം ശ. മുതല്‍ തന്നെ ജോര്‍ജിയന്‍ സാഹിത്യം വികസിതമായിരുന്നു. ദെലാതി, ഇഖാള്‍ട്ടോ എന്നിവിടങ്ങളിലെ അക്കാദമികള്‍ പേരുകേട്ടവയാണ്. കവി ഷോട്ടാ റുസ്താവെലി, ലക്സിക്കന്‍ നിര്‍മാതാവായ സുല്‍ഖാന്‍-സബാ ഓര്‍ബെലിയാനി; കവികളായ നിക്കൊളസ്, ബരതാഷവിലി, അകാകി ത്സെറെടെലി, ഗിയോര്‍കി ലിയോനിദ്സെ, ഗാലക്തിയോണ്‍ തബിദ്സെ, കോണ്‍സ്റ്റന്റൈന്‍ ഗംസാഖുര്‍ദിയാ എന്നിവരുടെ സംഭാവനകള്‍ ജോര്‍ജിയന്‍ സാഹിത്യത്തെ സമ്പന്നമാക്കിയിരിക്കുന്നു. നോ. ജോര്‍ജിയന്‍ ഭാഷയും സാഹിത്യവും.

ജോര്‍ജിയന്‍ സംസ്കാരിക വികസനത്തിന്റെ മറ്റൊരു സൂചകമാണ് കലാരംഗത്തെ സംഭാവനകള്‍. ജോര്‍ജിയന്‍ വാസ്തുവിദ്യയും ലോഹനിര്‍മാണ കലയും ചിത്രരചനയും വളരെ വികസിതമാണ്. ദേവാലയ വാസ്തുവിദ്യയില്‍ ജോര്‍ജിയയുടെ സംഭാവന ശ്രദ്ധേയമാണ്. സിറിയന്‍ സ്വാധീനഫലമായാവണം ബസിലിക്കന്‍ ശൈലി ഔന്നത്യത്തിലെത്തിയത്. ഇതിനുദാഹരണമാണ് ബോള്‍നിസിയയിലെ ബാസിലിക്കാത്രയം (478-93). അഞ്ചും ആറും ശ.ങ്ങളില്‍ ദേവാലയവാസ്തുശൈലിയില്‍ നടന്ന വികസനത്തിനു നിദര്‍ശനങ്ങളാണ് മ്ത്സ്ഖെത കുന്നിനുമുകളിലുള്ള ദ്വരിദേവാലയം, തെക്കുപടിഞ്ഞാറെ ജേര്‍ജിയയിലെ തവോ പ്രദേശത്തുള്ള ബനാദേവാലയം എന്നിവ. ദേവാലയ നിര്‍മിതി അസാധ്യമാക്കിയിരുന്ന മൂന്നു ശതകകാലത്തെ അറബിമേധാവിത്വത്തിനുശേഷം ഈ രംഗത്ത് നവജീവനുണ്ടായി. ഇക്കാലത്തുണ്ടായ മികച്ച സൃഷ്ടിയാണ് ടോര്‍ട്ടം നദിക്കരയിലുള്ള ഓഷ്കി ദേവാലയം (958-66). ഇത് ഇപ്പോള്‍ ടര്‍ക്കിയുടെ ഭാഗത്താണ്. കുടൈസിയിലെ ബഗ്റത് ദേവാലയം (1003), മ്ത്സ്ഖൈതയിലെ ദേവാലയം (1010-29), കഖേതിയിലെ അല്ലഖെര്ഡദി ദേവാലയം, ഗെലാതി ദേവാലയം എന്നിവയും പ്രശസ്തമാണ്. ലോഹവിദ്യയിലുള്ള നൈപുണ്യത്തിന് മൂന്നു സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുണ്ട്. ബി.സി. 900-600 കാലത്തെ കോബന്‍ കോള്‍ച്ചിയന്‍ സംസ്കാരം ഇതിലേക്ക് വിരല്‍ചൂണ്ടുന്നു. തനതു ജോര്‍ജിന്‍ ശൈലിയുടെയും അക്കമേനിഡ് ശൈലിയുടേയും സമന്വയമാണ്. ബി.സി. 5-ാം ശ.-ലെ അഖല്‍ഗോരി സഞ്ചയത്തിലുള്ള സ്വര്‍ണാഭരണങ്ങള്‍ എ.ഡി. 3-7 ശ.ങ്ങളിലെ സസാനിയന്‍ കാലഘട്ടത്തിലും ഈ പാരമ്പര്യം തുടര്‍ന്നുവെന്നു കാണാം. ക്രിസ്തുമതത്തിന്റെ സ്വാധീനം ലോഹവിദ്യയിലും പ്രതിഫലിച്ചിട്ടുണ്ട്. സ്വര്‍ണത്തിലും വെള്ളിയിലും എബോസ് ചെയ്തിട്ടുള്ള ജോര്‍ജിയന്‍ കലാരചനകളെ വെല്ലുന്ന ഫലകങ്ങളോ പ്രതിമകളോ ലോകത്തൊരിടത്തും ഇല്ലെന്നുതന്നെ പറയാം. ബെകാ ഒപിസാറി, ബെഷ്കെന്‍ ഒപിസാറി (12-ഉം 13-ഉം ശ.-ള്‍) എന്നിവരുടെ രചനകള്‍ ത്ബിലിസിയിലെ സ്റ്റേറ്റ് മ്യൂസിയം ഒഫ് ആര്‍ട്ടില്‍ സംരക്ഷിക്കപ്പെട്ടിട്ടുണ്ട് (ഉദാ. അഞ്ചി വിഗ്രഹം). ഈ മ്യൂസിയത്തില്‍ത്തന്നെയുള്ള ഖഖുളി വിഗ്രഹം (വിജാഗിരി കൊണ്ടു ബന്ധിച്ചിട്ടുള്ള മൂന്നു സ്വര്‍ണ ചിത്രഫലകങ്ങളുടെ സെറ്റാണിത്) നേര്‍ത്ത സ്വര്‍ണഖനി കൊണ്ടുളള ചിത്രവേല (gold filigree) ചെയ്തു മനോഹരമാക്കിയതാണ്. ഈ കലയില്‍ അനുപമമായ പ്രാഗല്ഭ്യം നേടിയ കലാകാരനാണ് ഇറാക്ലി ഓച്ചിയൌറ.

മിനിയേച്ചര്‍ ചിത്രരചന, ഫ്രെസ്കോ, മ്യൂറല്‍ ചിത്രരചന എന്നീ സങ്കേതങ്ങളിലും ഇവര്‍ പ്രാഗല്ഭ്യം കാട്ടിയിട്ടുണ്ട്. വര്‍ണചിത്രങ്ങള്‍കൊണ്ടുള്ള ഗ്രന്ഥാലങ്കരണത്തിലും ഇവര്‍ മികവു കാട്ടിയിരുന്നു. ഫിര്‍ദൗസിയുടെ ഷാനാമേയുടെ ജോര്‍ജിയന്‍ ഭാഷാന്തരണത്തിന് ഇത്തരത്തില്‍ അലങ്കരണം നടത്തിയിട്ടുണ്ട്. മിക്ക ജോര്‍ജിയന്‍ ദേവാലയങ്ങളുടെയും ചുവരുകള്‍ ഫ്രെസ്കോ ചിത്രങ്ങള്‍ കൊണ്ടലങ്കരിച്ചിട്ടുണ്ട്. ഫ്രഞ്ചു ചിത്രകാരനായ ഹെന്റി റൂസോയുടെ രചനാമികവിനു സമാനമാണ് നിക്കോപിരോസ്മാനിയുടെ (1862-1918) മ്യൂറലുകള്‍.

പ്രാചീനപാരമ്പര്യം അവകാശപ്പെടാവുന്ന ഒരു മേഖലയാണ് ജോര്‍ജിയന്‍ സംഗീതം. ആധുനിക ജോര്‍ജിയന്‍ സംഗീതജ്ഞരില്‍ പ്രധാനികള്‍ ഡെയ്സി, അബെശലോമം എതേരിയ എന്നീ ഓപ്പറകളുടെ രചയിതാവായ സഖറിയാ പാലിയാഷ്പിലി (1872-1933), ദിമിത്രി അറാഖിഷ് പിലി (1873-1953) എന്നിവര്‍.

ഭരണക്രമം. സോവിയറ്റ് യൂണിയനില്‍ നിന്നു സ്വതന്ത്രമായതോടൊപ്പം ജോര്‍ജിയയില്‍ ആഭ്യന്തരകലാപങ്ങളും അധികാരത്തര്‍ക്കങ്ങളും തുടങ്ങി. സ്വാതന്ത്യ്രലബ്ധിക്കുശേഷം അധികാരത്തിലെത്തിയ സ്വിയാദ് ഗാംസഖറുദിയയെ അധികാരഭ്രഷ്ടനാക്കി (1962 ജനു 6) യശേഷം ഒരു സൈനികസമിതി നിയന്ത്രണം ഏറ്റെടുത്തു. 1992 ഒ.-ലെ തെരഞ്ഞെടുപ്പില്‍ എഡ്വേഡ് ഷെവര്‍നാദ്സെ രാഷ്ട്രത്തലവനായി. 1993 ഒ. 22-ന് ജോര്‍ജിയ കോമണ്‍വെല്‍ത്ത് ഒഫ് ഇന്‍ഡിപെന്‍ഡന്റ് സ്റ്റേറ്റ്സി(CIS)ല്‍ ചേര്‍ന്നു. 1998 ഫെ. 8-നു ഷെവര്‍നാദ്സെയ്ക്കെതിരെ വധശ്രമമുണ്ടായി.

1995 ആഗ. 24 പ്രാബല്യത്തില്‍ വന്ന ഭരണഘടനയനുസരിച്ചാണ് ജോര്‍ജിയയിലെ ഭരണം. പ്രസിഡന്‍ഷ്യല്‍ റിപ്പബ്ലിക്കാണിത്. പ്രായപൂര്‍ത്തി വോട്ടവകാശം വിനിയോഗിച്ച് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നു. അഞ്ചുവര്‍ഷമാണ് പ്രസിഡന്റിനെ കാലാവധി. രണ്ടുതവണയില്‍ കൂടുതല്‍ ഒരാള്‍ക്ക് പ്രസിഡന്റാകാന്‍ പാടില്ല. പാര്‍ലമെന്റില്‍ 236 അംഗങ്ങളാണുള്ളത്. 1995 ന. 5-ന് നടന്ന തിരഞ്ഞെടുപ്പിലും ഷെവര്‍നാദ്സെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പാര്‍ലമെന്റിലെ ഏറ്റവും വലിയ കക്ഷിസിറ്റിസണ്‍സ് യൂണിയനാണ്.

നാലുവര്‍ഷം കാലാവധിയുള്ള പ്രിഫെക്റ്റുകള്‍ അധ്യക്ഷനായുള്ള പ്രിഫക്ച്ചറുകള്‍ക്കാണ് തദ്ദേശഭരണച്ചുമതല.

യു.എസ്., സി.ഐ.എസ്. നാറ്റോ പാര്‍ട്നര്‍ഷിപ്പ് ഫോര്‍ പീസ് എന്നിവയിലെ അംഗമാണ് ജോര്‍ജിയ.

ജോര്‍ജിയയിലെ സാക്ഷരത 94.9 ശ.-മാനമാണ് (1994). 1997-ലെ കണക്കനുസരിച്ച് പ്രി പ്രൈമറി തലം മുതല്‍ സര്‍വകലാശാലാതലം വരെയുള്ള വിവിധ വിദ്യാലയങ്ങളിലായി 8 ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ അധ്യയനം നടത്തുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍