This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോര്‍ജിയന്‍ ഭാഷയും സാഹിത്യവും

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജോര്‍ജിയന്‍ ഭാഷയും സാഹിത്യവും

അര്‍മേനിയ. തുര്‍ക്കി, അസെര്‍ബൈജാന്‍ എന്നീ രാജ്യങ്ങളുടെ വടക്കും കരിങ്കടലിനു കിഴക്കും സ്ഥിതിചെയ്യുന്ന ജോര്‍ജിയന്‍ റിപ്പബ്ലിക്കിലെ ഭാഷയും സാഹിത്യവും. സോവിയറ്റുയൂണിയന്റെ ഭാഗമായിരുന്ന ജോര്‍ജിയ 1991 ഏ. 9-ന് ഒരു സ്വതന്ത്രരാഷ്ട്രമായി. 50 ലക്ഷം ജനങ്ങള്‍ ഈ ഭാഷ സംസാരിക്കുന്നു. തെക്കന്‍ കൊക്കേഷ്യന്‍ ഭാഷകളോടൊപ്പമാണ് ജോര്‍ജിയന്‍ പരിഗണിക്കപ്പെടുന്നത്. പക്ഷേ ഈ ഭാഷകളെല്ലാം ഒരു ഭൂപ്രദേശത്തിന്റെ നാമം വഹിക്കുന്നതിനാല്‍, ജോര്‍ജിയനു ഭാഷാപരമായി മറ്റു കൊക്കേഷ്യന്‍ ഭാഷകളുമായ ബന്ധമുണ്ടോ എന്നു സംശയമാണ്. കൊക്കേഷ്യന്‍ ഭാഷകളില്‍ ഏറ്റവും പ്രധാനപ്പെട്ടതും പുരാതനകാലം മുതല്‍ സാഹിത്യപാരമ്പര്യമുള്ളതുമായ ഏകഭാഷ ജോര്‍ജിയന്‍ ആണ്.

ജോര്‍ജിയന്‍ അക്ഷരമാല എ.ഡി. 5-ാം ശ.-ല്‍ രൂപംകൊണ്ടു. ഒരു അരാമയ്ക് ലിപി ഗ്രീക്ക് അക്ഷരങ്ങളുടെ സ്വാധീനത്തിന്‍ കീഴില്‍ രൂപാന്തരപ്പെട്ട് ഉണ്ടായതാണ് ജോര്‍ജിയന്‍ ലിപി. മതേതരം എന്നു വിവക്ഷിക്കപ്പെടുന്ന ആധുനിക ലിപിയായ മ്ക്കെദ്രൂലി (Mikhedruli) 11-ാം ശ.-ല്‍ നിലവിലിരുന്ന 'പള്ളി എഴുത്തി'(Khutsuri) നെ നിഷ്കാസനം ചെയ്തു. അക്ഷരമാലയില്‍ മുപ്പത്തിമൂന്ന് അക്ഷരങ്ങളുണ്ട്. ഒരു ശബ്ദത്തിന് ഒരു ചിഹ്നവും ഒരു ചിഹനത്തിന് ഏകശബ്ദവും എന്ന രീതിയാണ് ജോര്‍ജിയന്‍ സ്വീകരിച്ചിരിക്കുന്നത്. വാക്കുകളില്‍ വ്യഞ്ജനാക്ഷരക്കൂട്ടം പതിവാണ്. ത്ക്ക്വാര്‍ചേലി (kvarcheli), മ്ത്സ്ക്കേത (Mtskheta), ത്ബിലിസി (Tbilisi) മുതലായ ജോര്‍ജിയന്‍ സ്ഥലനാമങ്ങള്‍ ഇതിനു തെളിവാണ്.

5-ാം ശ.-ല്‍ ആദ്യത്തെ ലിഖിതങ്ങള്‍ (Inscriptions) പ്രത്യക്ഷപ്പെടുന്നു. ഈ കാലഘട്ടത്തില്‍ തന്നെ ബൈബിളിന്റെ ഏതാനും ഭാഗങ്ങളും അര്‍മേനിയയില്‍ നിന്നു ജോര്‍ജിയനിലേക്കു തര്‍ജുമ ചെയ്യപ്പെട്ടു. ഇക്കാലത്തെ ഭാഷ 10-ഉം 11-ഉം ശ.-ല്‍ നിലവിലിരുന്ന 'പുരാതന ജോര്‍ജിയന്‍' ഭാഷയില്‍ നിന്നു വ്യത്യസ്തമാണ്. പുരാതന ജോര്‍ജിയന്‍ ഇന്നും ജോര്‍ജിയക്കാര്‍ക്കു മനസ്സിലാക്കാന്‍ സാധിക്കും. 18-ാം ശ.-ന്റെ അവസാനംവരെ 'പുരാതന ജോര്‍ജിയന്‍' ആരാധനക്രമത്തിന്റെയും മതപരമായ കൃതികളുടെയും ഭാഷയായിരുന്നു. ഇതില്‍ അര്‍മേനിയന്‍, ഗ്രീക്ക് എന്നീ ഭാഷകളില്‍ നിന്നും നിരവധി വാക്കുകള്‍ കടമെടുത്തിട്ടുണ്ട്. ഗ്രീക്ക് വാക്കുകളില്‍ അധിഷ്ഠിതമാണ് ജോര്‍ജിയന്‍ തത്ത്വശാസ്ത്രപദങ്ങള്‍. മധ്യയുഗത്തിലെ സാഹിത്യഭാഷ പേര്‍ഷ്യനോടാണ് കടപ്പെട്ടിരിക്കുന്നത്. ഇതിന് ഇന്നത്തെ ഭാഷയോട് കൂടുതല്‍ സാമ്യമുണ്ട്. 19-ാം ശ.-ന്റെ പകുതിയോടുകൂടി മാത്രമാണ് സാഹിത്യഭാഷയും ദൈനംദിന ജീവിതത്തിലെ ഭാഷയും തമ്മില്‍ ഏകീകരണം ഉണ്ടായത്.

ഉത്തമ ജോര്‍ജിയന്‍ സാഹിത്യകൃതികള്‍ 'പുരാതന ജോര്‍ജിയ'നില്‍ രചിക്കപ്പെട്ടതിനാലായിരിക്കാം, അതിന്റെ വ്യാകരണ നിയമങ്ങള്‍ 18-ാം ശ. വരെ എഴുത്തുഭാഷ പിന്‍തുടര്‍ന്നു. എന്നാല്‍ നവജോര്‍ജിയന്‍ പ്രത്യയനിയമങ്ങളും വാക്രൂപങ്ങളും ലഘൂകരിച്ചിട്ടുണ്ട്. പദസഞ്ചയം നവപോര്‍ഷ്യന്‍, ടര്‍ക്കിഷ് ഭാഷകളുടെ ശക്തമായ സ്വാധീനം വെളിപ്പെടുത്തുന്നു.

ജോര്‍ജിയന്‍ ദേശ്യഭാഷകള്‍ തമ്മില്‍ വലിയ വ്യത്യാസമില്ല. വ. കിഴക്കന്‍ പര്‍വതനിരകള്‍ താമസിക്കുന്ന ഗിരിവര്‍ഗക്കാരുടെ ഭാഷയ്ക്കു മാത്രമേ ശ്രദ്ധേയമായ വ്യത്യാസങ്ങളുള്ളു.

ജോര്‍ജിയന്‍ സാഹിത്യം. ജോര്‍ജിയന്‍ സാഹിത്യചരിത്രം ജോര്‍ജിയയുടെ ക്രിസ്തുമത സ്വീകരണത്തോടെ ആരംഭിക്കുന്നു. നാലു സുവിശേഷങ്ങളും ബൈബിളിന്റെ മറ്റു ചില ഭാഗങ്ങളും 5-ാം ശ.-ല്‍ തര്‍ജുമ ചെയ്യപ്പെട്ടു. ഏറെ താമസിയാതെ ആദ്യകാല ഗ്രീക്കു ശ്രേഷ്ഠന്മാരുടെ ക്രിസ്തീയ ലേഖനങ്ങളും പരിഭാഷപ്പെടുത്തുകയുണ്ടായി.

തര്‍ജുമകളില്‍ നിന്നു തനതു കൃതികളിലേക്കു ഭാഷ കടന്നപ്പോഴും, മതപരമായ കൃതികളാണ് മുന്നിട്ടു നിന്നത്. സു. 480-ാമാണ്ട് എഴുതിയ വിശുദ്ധ ഷുഷാനിക്കിന്റെ ജീവചരിത്രമാണ് ഇന്ന് അവശേഷിക്കുന്ന ആദ്യകൃതി. ഇക്കാലത്തുതന്നെ ജോര്‍ജിയയുടെ ക്രിസ്തുമതപരിവര്‍ത്തനം വിശുദ്ധ നീനൊ നടത്തിയതിനെപ്പറ്റി ഒരു വിവരണവും 5-ാം ശ.-ത്തിലെ ഒരു രാജാവായിരുന്ന വക്ക്തങ് ഗോള്‍ഗ്ലസാനിയുടെ വീരപരാക്രമങ്ങളെപ്പറ്റി ഐതിഹ്യപരിവേഷം കലര്‍ന്ന കഥകളും പ്രത്യക്ഷപ്പെട്ടു. ഈ കഥകള്‍ പിന്നീട് ജോര്‍ജിയന്‍ ചരിത്രകുറിപ്പുകളില്‍ സ്ഥലം പിടിച്ചു. 9-ാം ശ.-ല്‍ അറബിക് വഴി ലബ്ധമായ ബാര്‍ലാമും യോസഫാത്തും എന്ന ബുദ്ധമതഗ്രന്ഥത്തിനു ക്രിസ്തീയ രൂപാന്തരം നല്കിയത് ജോര്‍ജിയനായിരുന്നു. സു. 1125-ല്‍ ഇയോനെ പെത്രീദ്സി എന്ന നവപ്ളേറ്റോണിക് തത്ത്വശാസ്ത്രജ്ഞന്‍ ജോര്‍ജിയയെ~ ഒരു തത്ത്വശാസ്ത്രകേന്ദ്രമാക്കി. ഈ തത്ത്വജ്ഞാനികള്‍ ഗ്രീക്ക് ഓര്‍ത്തഡോക്സ് മതത്തിനു താത്വിക അടിത്തറപാകാന്‍ ശ്രമിച്ചു. ഇവരുടെ മതഗ്രന്ഥങ്ങള്‍ ബൈസാന്റൈന്‍-ഗ്രീക്ക് സംസ്കാരത്തോട് കടപ്പെട്ടിരിക്കുന്നെങ്കില്‍, മധ്യയുഗങ്ങളിലെ ഇതിഹാസങ്ങളും ആഖ്യാനങ്ങളും പേര്‍ഷ്യന്‍ സംസ്കാരത്തോടും കൊക്കേഷ്യന്‍ നാടോടിക്കഥകളോടുമാണ് കടപ്പെട്ടിരിക്കുന്നത്. പ്രധാപ്പെട്ട ഗദ്യ ആഖ്യാന കൃതികള്‍ വിസ്റാമിയാനിയും അമിറാന്‍ - ദാറെജെനിയാനിയുമാണ്. ഒരു പേര്‍ഷ്യന്‍ കഥയില്‍ നിന്നും ത്മോഗ്വിയിലെ സാര്‍ജിസ് രൂപപ്പെടുത്തിയതാണ് വിസിന്റെയും റാമിന്റെയും പ്രേമകഥയായ വിസ്റാമിയാനി (12-ാം ശ.). ഖോണിയിലെ മോസസ് (Mose of Khoni) രചിച്ച അദ്ഭുത വീരകഥകളുടെ സമാഹാരമാണ് അമിറാന്‍ - ദാറെജനിയാനി 1958-ല്‍ ഇത് ഇംഗ്ലീഷിലേക്കു തര്‍ജുമ ചെയ്യപ്പെട്ടു. വിസ്റാമിയാനി 1914-ലും.

മതേതര കവിതയും ഇക്കാലയളവില്‍ തന്നെ ആവിര്‍ഭവിക്കുന്നു. ദാവീദ് രാജാവിനെയും (1089-1125) ചക്ര്റൂക്ക് ഹഡ്സെതാമര്‍ രാജ്ഞിയെയും (1184-1213) സ്തുതിച്ചുകൊണ്ട് ഇയോണെ ഷവ്ത്തേലി 'ഓഡുകള്‍' എഴുതി. ജോര്‍ജിയയുടെ സുവര്‍ണകാലത്തെ ഏറ്റവും മെച്ചമായ കൃതി ഷോത്തറുസ്തവേലി 1200-ല്‍ രചിച്ച ഇതിഹാസമായ 'വേവ്ക്കിസ് തവസാനി' (പുലിത്തോല്‍ ധരിച്ച യോദ്ധാവ്) ആണ്. പേര്‍ഷ്യന്‍ സ്വാധീനം നിറഞ്ഞുനിന്ന ഒരു കൊട്ടാരകോവിലക സംസ്കാരമാണ് ഈ മഹത്തായ ഇതിഹാസത്തിനു ജന്മം കൊടുത്തത്. നാലു വരികള്‍ ഉള്‍ക്കൊള്ളുന്ന 1600 ശ്ലോകങ്ങളടങ്ങിയ ഈ കൃതി മൈത്രി, പ്രേമം, വീരസാഹസികതകള്‍ മുതലായവ ഉദാത്തവും സംസ്കൃതവുമായ ഭാഷയില്‍ പ്രതിപാദിക്കുന്നു. താമര്‍ രാജ്ഞിയുടെ കാലത്ത് യഥാര്‍ഥത്തില്‍ ജീവിച്ചിരുന്ന ഒരു കവിയാണോ റിസ്തവേലി, അതോ പില്ക്കാലത്തുള്ള ഒരു കവിയുടെ തൂലികാനാമം മാത്രമായിരുന്നോ ഈ പേര് എന്നത് ഇന്നും തര്‍ക്കവിഷയമാണ്. 1912-ല്‍ ഈ കൃതി ഇംഗ്ലീഷിലേക്കു തര്‍ജുമ ചെയ്യപ്പെട്ടു. മംഗോളിയന്‍ ആക്രമണങ്ങള്‍ ഈ സുവര്‍ണകാലത്തിന്റെ അന്ത്യം കുറിച്ചു. 17-ാം ശ.-ല്‍ സാഹിത്യസംരംഭങ്ങള്‍ പുനരാരംഭിക്കുന്നു. രാജാക്കന്മാരും കവികളുമായിരുന്ന തൈമുറസ് (1589-1663), ആര്‍ക്കില്‍ (1647-1713) എന്നിവരാണ് അതില്‍ പ്രധാന പങ്കുവഹിച്ചത്.

18-ാം ശ.-ല്‍ സുള്‍ക്കാന്‍ സാബ ഓര്‍ബെലിയാനി (1658-1725) എന്ന നിഘണ്ടു നിര്‍മാതാവ് ദസിഗ്നിസിബ്ര്‍റ്റസനെ - സിറ്റ്സ്റുയീസ എന്ന ഒരു കഥാസമാഹാരം പ്രസിദ്ധീകരിച്ചു. ഈ കൃതി ദ ബുക്ക് ഒഫ് വിസ്ഡം ആന്‍ഡ് ലൈസ് എന്ന പേരില്‍ 1894-ല്‍ ഒ. വാര്‍ഡ്രോപ് ഇംഗ്ലീഷിലേക്കു തര്‍ജുമ ചെയ്തിട്ടുണ്ട്. വാക്കതങ് ഢക-ാമന്‍ രാജാവ് (1675-1737) ഒരു അച്ചടി കേന്ദ്രം ത്ബിലിസില്‍ സ്ഥാപിക്കുകയും ജോര്‍ജിയന്‍ ചരിത്ര ഏടുകള്‍ എഡിറ്റുചെയ്യുകയും ചെയ്തു. അദ്ദേഹത്തിന്റെ പുത്രന്‍ വാക്കുഷ്ടി (1695-1722) ചരിത്രകാരനും ഭൂമിശാസ്ത്രജ്ഞനും ആയിരുന്നു. ഈ കാലഘട്ടത്തിലെ പ്രധാന കവികള്‍ ദാവീദ് ഗുറമീഷ്വിലി (1705-92), ബെസിക്കി എന്ന് അറിയപ്പെട്ടിരുന്ന ബെസാറിയോണ്‍ ഗബാഷ്വിലി (1750-91) എന്നിവരായിരുന്നു.

1801-ല്‍ റഷ്യ ജോര്‍ജിയയെ കീഴടക്കിയതോടെ യൂറോപ്യന്‍ സാഹിത്യസംസ്കാരം ജോര്‍ജിയന്‍ സാഹിത്യത്തെ സ്വാധീനിച്ചു. അലക്സാണ്ടര്‍ ചവ്റ്റ്ചവാറ്റ്സെയുടെ (1786-1846) കൃതികളിലും യുവകവി നിക്കൊളാസ് ബറതാഷ്വിലി(1817-45)യുടെ ബൈറോണിക് കവിതകളിലും കാല്പനികത്വം ദൃശ്യമാണ്. ആധുനിക ജോര്‍ജിയന്‍ നാടകത്തിന്റെ സ്ഥാപകനായ ഗിയോര്‍ഗി എരിസ്താവി (1811-64) ഹാസ്യനാടകത്തിന്റെ വികാസത്തിനു വളരെയധികം സഹായിച്ചു. റിയലിസ്റ്റിക് ആഖ്യാനങ്ങള്‍ക്ക് ജോര്‍ജിയന്‍ സാഹിത്യത്തില്‍ പ്രാമുഖ്യം നേടികൊടുത്തത് ലാവ്റെന്റി അര്‍ദാസിയാനിയും (1815-70) ഈലിയറ്റ് ചവറ്റ്ചവാറ്റ്സെയും (1837-1907) ആയിരുന്നു. പ്രബന്ധകാരനും കവിയുമായ ഈലിയറ്റ് ചാവ്റ്റ്ചവാറ്റ്സെ ആധുനിക കാലത്തെ ഏറ്റവും പ്രശസ്തമായ സാഹിത്യകാരന്‍ എന്ന ഖ്യാതി നേടി.

ജോര്‍ജിയന്‍ ഗിരിവര്‍ഗക്കാരുടെ ജീവിതത്തിന്റെ പ്രഗല്ഭമാ ചിത്രീകരണം അലക്സാണ്ടര്‍ ക്വാറ്റസ്ബെഗി (1848-93) തന്റെ കഥകളില്‍ നടത്തുന്നു. വാഷപ്ഷവേല(1861-1915)യുടെ ബാലഡുകളും ഗിരിവര്‍ഗക്കാരുടെ ജീവസ്സുറ്റ ആവിഷ്കാരം നടത്തുന്നു. ഇവരെക്കാള്‍ പ്രസിദ്ധനായിരുന്നു ദേശഭക്തിയുടെ വക്താവും കവിയും സാഹിത്യകാരനുമായിരുന്ന അക്കാക്കത്സേറെതെലി (1840-1915). ഇവാനെ മക്കാബെലി (1854-94) പല ഷെയക്സ്പീരിയന്‍ നാടകങ്ങളും തര്‍ജുമ ചെയ്തു. ഇക്കാലത്തെ ശ്രദ്ധേയനായ റൊമാന്റിക് കവിയാണ് നിക്കൊളാസ് ബറതാഷ് വിലി (1817-45).

സാര്‍ ഭരണത്തിന്‍ കീഴില്‍ ജോര്‍ജിയന്‍ സാഹിത്യം പലപ്പോഴും സന്മാര്‍ഗികവും പ്രചരാണാത്മകവുമായ ശൈലി സ്വീകരിച്ചു. കാല്പനിക ഭാവനകള്‍ നിറഞ്ഞ ഒരു കഥയായ ബുറാമിസ്റ്റ്സിക്കെ(സുറാം കൊട്ടാരം)യില്‍പോലും അക്കാലത്തു നടപ്പിലുണ്ടായിരുന്ന കുടിയാന്‍-അടിമത്ത സമ്പ്രദായത്തെപ്പറ്റിയുള്ള വിമര്‍ശനം ധ്വനിക്കുന്നു. ഇതിന്റെ കര്‍ത്താവ് ദാനിയല്‍ ചൊന്‍ കാറ്റ്സെ (1830-60) ആയിരുന്നു.

സോവിയറ്റു ഭരണകാലത്ത് നിരവധി ജോര്‍ജിയന്‍ എഴുത്തുകാര്‍ സ്റ്റാലിന്റെ 1937-ലെ ശുദ്ധീകരണ പ്രക്രിയയില്‍ കൊല്ലപ്പെട്ടു. ആഖ്യായികാകാരനായ മിഖയില്‍ ജാവക്കിപ്പ്വിലി, കവികളായ പൗലൊ ഇയാപ്പ്വിലി, റിറ്റ്സിയാന്‍ തബസ്സെ മുതലായവര്‍ ഇവരില്‍പ്പെടുന്നു. ഇയൊസബ് ഗ്രിഷാഷ്വിലിയെപ്പോലെ പ്രതിഭാശാലികളായ കവികളും ഷല്‍വദ ദിയാനി (1874-1959) യെപ്പോലെ പ്രസിദ്ധരായ നാടകകൃത്തുകളും കോണ്‍സ്റ്റന്‍റ്റൈന്‍ ഗംസക്കൂര്‍ദിയയെപ്പോലെ അനുഗൃഹീതരായ നോവലിസ്റ്റുകളും സര്‍ഗസൃഷ്ടിയുടെ ഉന്നത നിലവാരം നിലനിര്‍ത്തുന്നതില്‍ വിജയിച്ചു. 20-ാം ശ.-ലെ പ്രധാന കവികള്‍ ഗ്രിസോള്‍ ഫോബാകിഡ്സെ, ഗലാക്തെയോണ്‍ തബീഡ്സെ, ഗിയോര്‍ഗി ലിയോണിഡ്സെ എന്നിവരാണ്.

(ഡോ. സെലിന്‍ മാത്യു)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍