This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ജോര്‍ജിയ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ജോര്‍ജിയ
Georgia
യു.എസ്സിലെ തെക്കു കിഴക്കന്‍ സ്റ്റേറ്റുകളിലൊന്ന്. ഇംഗ്ലണ്ടിലെ ജോര്‍ജ് II-ന്റെ പേരില്‍ നിന്നാണ് സംസ്ഥാന ത്തിന്റെ പേര് രൂപമെടുത്തിട്ടുള്ളത്. തെ.അത്ലാന്തിക് ഭൂവിഭാഗത്തില്‍പ്പെടുന്ന ഈ സംസ്ഥാനം അത്ലാന്തിക് തീരം മുതല്‍ അപ്പലേച്ചിയന്‍ ഉന്നതതടങ്ങള്‍ വരെ വ്യാപിച്ചിരിക്കുന്നു. അതിരുകള്‍: വ.ടെനസ്സി; നോര്‍ത്ത് കാരളൈനാ; വ.കി.സൗത്ത് കാരളൈനാ; കി. അത്ലാന്തിക്; തെക്ക് ഫ്ളോറിഡ; പ. ആലബാമ; വിസ്തീര്‍ണം: 1,53,909 ച.കി.മീ.; ജനസംഖ്യ: 9,992,167 (2013 മതിപ്പുകണക്ക്); തലസ്ഥാനം: അത്ലാന്താ. മറ്റു പ്രധാന നഗരങ്ങള്‍: കൊളംബസ്, സവാന, മാകന്‍.
10,000 വര്‍ഷം മുമ്പുതന്നെ അമേരിന്ത്യര്‍ ജോര്‍ജിയയിലേക്കു വന്നു എന്ന് വിശ്വസിക്കപ്പെടുന്നു. മൃഗസംരക്ഷണവും മത്സ്യബന്ധനവും വേട്ടയാടലും അവര്‍ ഉപജീവനമാര്‍ഗമാക്കി. 900-മാണ്ടോടെ മൗണ്ട് ബില്‍ഡേഴ്സ് എന്നറിയപ്പെട്ടിരുന്ന അമേരിന്ത്യര്‍ ഈ പ്രദേശത്തെത്തിച്ചേര്‍ന്നു. യൂറോപ്യര്‍ എത്തിയ സമയത്ത് ക്രീക്, ചെറോ കീ എന്നീ ആദിവാസികളാണ് ജോര്‍ജിയയിലുണ്ടായിരുന്നത്.
സ്പാനിഷ് പര്യവേക്ഷകനായിരുന്ന ഹെര്‍നാന്‍ഡോ ദ് സോട്ടോ (1500-42)യാണ് ഇവിടെ ആദ്യം കാലുകുത്തിയ (1540) വിദേശി. അന്നു മുതല്ക്ക് ഈ പ്രദേശം സ്പെയിനിന്റെ ആധിനതയിലായി. ജോര്‍ജിയയുടെ ആധിപത്യം 1663-ല്‍ ഇംഗ്ലണ്ട് അവകാശപ്പെട്ടു. സ്പെയിന്‍കാര്‍ ഇവിടം വിട്ടുപോയത് ബ്രിട്ടീഷാധിപത്യം ഉറപ്പിക്കാന്‍ സഹായകമായി. ബ്രിട്ടീഷ് ജനറല്‍ ജേംസ് ഓഗ്ള്‍ തോര്‍പ് സവാന നദിക്കരയില്‍ ഒരു കോളനി സ്ഥാപിച്ചു (1733): 1742-ലെ ബ്ളഡി മാര്‍ഷ് യുദ്ധത്തില്‍ സ്പെയിന്‍കാര്‍ ഇവിടെ നിന്നും തുരത്തപ്പെട്ടു.
ഈ കോളനികളുടെ ഭരണം നടത്തിയിരുന്ന ട്രസ്റ്റികള്‍ 1752-ല്‍ ഭരണം ബ്രിട്ടീഷ് ഗവണ്‍മെന്റിനു കൈമാറി. മറ്റ് അമേരിക്കന്‍ കോളനികളോടൊപ്പം ജോര്‍ജിയയും ബ്രിട്ടീഷ് മേധാവിത്വത്തിനെതിരായി സമരം ചെയ്തു സ്വാതന്ത്ര്യം നേടി. 1777-ല്‍ ജോര്‍ജിയ സ്വന്തമായ ഭരണഘടന ഉണ്ടാക്കി. ഫെഡറല്‍ ഭരണഘടനയെ അംഗീകരിക്കുകയും ചെയ്തു (1788 ജനു.) 1890-കളോടെ ജോര്‍ജിയയില്‍ പരുത്തിക്കൃഷി വ്യാപകമായി. 19-ാം ശ.-ഓടെ ഫെഡറല്‍ ഗവണ്‍മെന്റും ജോര്‍ജിയയും തമ്മില്‍ തര്‍ക്കങ്ങള്‍ ആരംഭിച്ചു. 1861 ജനു. 19-നു ജോര്‍ജിയ യൂണിയനില്‍ നിന്നും ഭിന്നിച്ച് കോണ്‍ഫഡറേറ്റ് സംസ്ഥാനങ്ങളില്‍ ചേര്‍ന്നു. തുടര്‍ന്ന് യൂണിയന്‍ സേനയുടെ ആക്രമണമുണ്ടായി. ആഭ്യന്തരയുദ്ധത്തില്‍ ജോര്‍ജിയയ്ക്കു വമ്പിച്ച നാശനഷ്ടങ്ങളുണ്ടായി.
1864 മേയില്‍ ജനറല്‍ വില്യം ടി. ഷെര്‍മാന്റെ നേതൃത്വത്തിലുള്ള യൂണിയന്‍ സൈന്യം ജോര്‍ജിയയില്‍ കനത്ത ആക്രമണം നടത്തി. യുദ്ധം അവസാനിച്ചപ്പോഴേക്കും ജോര്‍ജിയ സാമ്പത്തികമായി തകര്‍ന്നിരുന്നു. 1868 ജനുവരിയില്‍ ജോര്‍ജിയ ഫെഡല്‍ സൈനികഭരണത്തിന്‍ കീഴിലായി. 1870-ല്‍ ജോര്‍ജിയയെ യൂണിയനില്‍ തിരികെ പ്രവേശിപ്പിച്ചു. 1900 ആയപ്പോഴേക്കും കൃഷ്ക്കു പ്രാധാന്യം കുറിച്ചുകൊണ്ട് ജോര്‍ജിയ വ്യവസായരംഗത്തു ശ്രദ്ധ കേന്ദ്രീകരിച്ചു. 1945-ല്‍ ജോര്‍ജിയയ്ക്ക് ഒരു പുതിയ ഭരണഘടനയുണ്ടായി. 1970-കളില്‍ ജനസംഖ്യയില്‍ വന്‍ വര്‍ധനയുണ്ടായി. 1990-കളില്‍ ഇത് ഒരു പ്രധാന വാണിജ്യ-വ്യവസായ കേന്ദ്രമായി മാറി.
ജോര്‍ജിയയുടെ ഭരണത്തലവന്‍ ഗവര്‍ണര്‍ ആണ്. ഗവര്‍ണറെ നാലുവര്‍ഷക്കാലത്തേക്കു തെരഞ്ഞെടുക്കുന്നു. 1977 ജനു. 1-നു പ്രാബല്യത്തില്‍ വന്ന പുതിയ ഭരണഘടനപ്രകാരം നിയമനിര്‍മാണാധികാരം 56 അംഗങ്ങളുള്ള സെനറ്റിലും 180 അംഗങ്ങളുള്ള പ്രതിനിധിസഭയിലും നിക്ഷിപ്തമാണ്. നിയമനിര്‍മാണസഭകള്‍ ജനുവരി രണ്ടാമത്തെ തിങ്കളാഴ്ച ആരംഭിച്ച് 40 ദിവസം സമ്മേളിക്കുന്നു; കാലാവധി രണ്ടു വര്‍ഷമാണ്. ജോര്‍ജിയ യു.എസ്, കോണ്‍ഗ്രസ്സിലേക്ക് 11 പ്രതിനിധികളെ തെരഞ്ഞെടുത്തയയ്ക്കുന്നു. സ്റ്റേറ്റിനെ 159 കൗണ്ടികളായി വിഭജിച്ചിട്ടുണ്ട്.
യു.എസ്സിലെ മൂന്നു ഭൂവിഭാഗങ്ങള്‍ ജോര്‍ജിയയില്‍പ്പെടുന്നു; അപ്പലേച്ചിയന്‍, പീഡ്മോണ്ട് പീഠഭൂമി, തീരപ്രദേശം. അപ്പലേച്ചിയന്‍ ഉന്നതതടങ്ങള്‍ സംസ്ഥാനത്തിന്റെ വടക്കേയറ്റത്താണ്. വ.കിഴക്കായി കാണുന്ന ബ്ളു റിജ്ജിന്റെ തെക്കേയറ്റവും വ.പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന പൊക്കം കുറഞ്ഞ സമാന്തരമലനിരകളും ഇവയെ മുറിച്ചുപോകുന്ന താഴ്വാരങ്ങളുമാണ് മുഖ്യമായി ഇതില്‍പ്പെടുന്നത്. ഈ രണ്ടു ഭൂവിഭാഗങ്ങളും വ.-കി.-തെ.-പ. ദിശയില്‍ സ്ഥിതിചെയ്യുന്നു. ഏറ്റവും പൊക്കം കൂടിയ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബ്ളൂ റിജ്ജിലെ ചില കൊടുമുടികള്‍ക്ക് 1,067 മീറ്ററിലധികം ഉയരമുണ്ട്. സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയ പ്രദേശമായ ബ്രാസ്ടൌണ്‍ ബാള്‍ഡ് (1,458 മീ.) ബ്ളു റിജ്ജില്‍ സ്ഥിതിചെയ്യുന്നു. ബ്ളു റിജ്ജ് പ്രവിശ്യയില്‍ ജനസാന്ദ്രത വളരെ കുറവാണ്. അപ്പലേച്ചിയന്‍ മലനിരകളിലും താഴ്വാരങ്ങളിലും പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, പരുത്തി എന്നീ വിളകള്‍ സമൃദ്ധമായി കൃഷിചെയ്യുന്നു. അവിടെ ധാരാളം മേച്ചില്‍പ്പുറങ്ങളുമുണ്ട്.
സംസ്ഥാനത്തിന്റെ മൂന്നിലൊരു ഭാഗത്തു വ്യാപിച്ചിരിക്കുന്ന പീഡ്മോണ്ട് പീഠഭൂമി അപ്പലേച്ചിയന്‍ ഭൂഭാഗത്തിനു തെക്കായിട്ടാണ്. നിമ്നോന്നതമായ ഭൂപ്രകൃതിയും ആഴമേറിയ നദീതാഴ്വാരങ്ങളും ഇതിന്റെ പ്രത്യേകതകളാണ്. 152-457 മീ. ഉയരത്തിലുള്ള ഈ പ്രദേശത്തിന്റെ ചരിവ് തെക്കു നിന്നു വടക്കോട്ടായാണ് കാണുന്നത്. തീരദേശസമതലത്തിലേക്കു കടക്കുമ്പോള്‍ പീഠഭൂമിക്കു പെട്ടെന്നുണ്ടാകുന്ന ഉയരവ്യത്യാസം വലുതും ചെറുതുമായ ജലപാതങ്ങള്‍ ജന്മമെടുക്കുവാന്‍ കാരണമായി. കൃഷിയിടങ്ങള്‍ കൂടുതലുള്ള ഈ പ്രദേശത്താണ് തലസ്ഥാന നഗരമുള്‍പ്പെടെയുള്ള പല പ്രധാന നഗരങ്ങളും സ്ഥിതിചെയ്യുന്നത്.
സംസ്ഥാനത്തിന്റെ അഞ്ചില്‍ മൂന്നുഭാഗം തീരദേശസമതലങ്ങളില്‍പ്പെടുന്നു. തീരത്തോടു ചേര്‍ന്നുവരുന്ന 161 കി.മീറ്ററോളം പ്രദേശത്ത് മണല്‍ നിറഞ്ഞ കടല്‍പ്പുറങ്ങളും ചതുപ്പ് നിലങ്ങളും കാണാം. തീരത്തിനടുത്തായി കാണുന്ന ദ്വീപുകള്‍ക്ക് ഗോള്‍ഡന്‍ ഐല്‍സ് എന്നാണ് പേര്‍. സംസ്ഥാനത്തിന്റെ തെ.കിഴക്കേയറ്റത്തുവരുന്ന ഓകെഫെനോകീ ചതുപ്പ് ജീവജാലസമ്പന്നമാണ്.
വടക്കനതിര്‍ത്തിയില്‍ നിന്ന് റ്റെനസ്സീ നദിക്കരയിലേക്കൊഴുകിയെത്തുന്ന അപൂര്‍വം നദികളൊഴികെ മറ്റെല്ലാ ജോര്‍ജിയന്‍ നദികളും തെക്കോട്ടൊഴുകി അത്ലാന്തിക്കിലോ മെക്സിക്കന്‍ ഉള്‍ക്കടലിലോ പതിക്കുന്നു. അത്ലാന്തിക്കില്‍ പതിക്കുന്ന സവാന, ഒജീചി, ആല്‍റ്റമാഹ, സാറ്റില, സെന്റ്മേരിസ് എന്നിവയും മെക്സിക്കന്‍ ഉള്‍ക്കടലില്‍ പതിക്കുന്ന സവനീ, ഫ്ളിന്റ്, ചാറ്റഹുചികൂസാ എന്നിവയുമാണ് ഇക്കൂട്ടത്തില്‍ മുഖ്യം.
ജോര്‍ജിയയിലെ പ്രകൃതിദത്തമായ മുഖ്യതടാകങ്ങള്‍ വടക്കന്‍ പ്രദേശത്തു സ്ഥിതിചെയ്യുന്നു. പ്രധാന അണക്കെട്ടുകളുടെ ജലസംഭരണികള്‍ എല്ലാംതന്നെ തടാകങ്ങളായാണു കരുതപ്പെടുന്നത്. സവനീനദി തെക്കെയറ്റത്തുള്ള ഓകെഫെനോകീ ചതുപ്പിനെ ജലസേചിതമാക്കുന്നു.
ജോര്‍ജിയയില്‍ ഈര്‍പ്പമുള്ള ഉപോഷ്ണമേഖലാ കാലാവസ്ഥയാണനുഭവപ്പെടുന്നത്. ഇത് അത്ലാന്തിക് തീരകാലാവസ്ഥാവിഭാഗത്തില്‍പ്പെടുന്നു. പര്‍വതപ്രദേശങ്ങളിലൊഴികെ മറ്റെല്ലായിടത്തും വേനല്‍ക്കാലത്ത് നല്ല ചൂടായിരിക്കും. മഞ്ഞുകാലം ഹ്രസ്വമാണ്; ചില സമയങ്ങളില്‍ കഠിനമായ തണുപ്പനുഭവപ്പെടാറുണ്ട്. ലഭ്യമായ ശരാശരി വര്‍ഷപാതത്തിന്റെ തോത് വര്‍ഷം തോറും വ്യത്യസ്തമാകുന്നു. ശരാശരി വര്‍ഷപാതം 1234 മി.മീ. സ്റ്റേറ്റിനുള്ളില്‍ വിവിധ പ്രദേശങ്ങളില്‍ ലഭിക്കുന്ന മഴയുടെ വാര്‍ഷിക തോതും വ്യത്യസ്തമാണ്. ബ്ളൂ റിജ്ജിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത്. തണുപ്പു കൂടുതല്‍ അനുഭവപ്പെടുന്നതും ഇവിടെത്തന്നെ. കൊടുങ്കാറ്റുകളും ചുഴലികൊടുങ്കാറ്റുകളും ചിലപ്പോള്‍ ഈ പ്രദേശത്തുണ്ടാകാറുണ്ട്.
ജോര്‍ജിയയിലെ വനസമ്പത്ത് കിഴക്കന്‍ യി.എസ്സില്‍ ഒന്നാം സ്ഥാനത്തും ഐക്യനാടുകളില്‍ നാലാം സ്ഥാനത്തും നില്ക്കുന്നു. സ്റ്റേറ്റിന്റെ മുന്നില്‍ രണ്ടുഭാഗവും വനങ്ങളാണ്. ഇവിടത്തെ പ്രധാന വൃക്ഷങ്ങള്‍ കൂടുതലും കടുപ്പമേറിയ തടിയുള്ളതും ഇലപൊഴിയുന്നതുമാണ്. ചതുപ്പ് നിലങ്ങളില്‍ ബാള്‍ഡ് സൈപ്രസ്, വാട്ടര്‍ ടൂപലോ എന്നിവയ്ക്കാണ് പ്രാമുഖ്യം. തീരപ്രദേശങ്ങളില്‍ പാമെറ്റോസ് ധാരാളമായി കാണുന്നു. പലതരം പൈനുകള്‍ (ലോബ്ലോല്ലി, ഷോര്‍ട്ട് ലീഫ്, ലോങ് ലീഫ്, വിര്‍ജനിയാ സ്ക്രബ്, സ്ലാഷ്, വൈറ്റ് പൈന്‍) ധാരാളമുള്ള ഈ സ്റ്റേറ്റിന്റെ തെക്കന്‍ ഭാഗത്തു കാണുന്ന 'ലൈവ്ഓക്ക്' ആണ് 'സ്റ്റേറ്റ് വൃക്ഷം'. വിവിധയിനം റോസാച്ചെടികള്‍ ജോര്‍ജിയയിലങ്ങളോമിങ്ങോളം വളരുന്നു. ചെറോക്കീറോസാണ് 'സ്റ്റേറ്റ് പുഷ്പം'. ഇവിടെ ഒരുലക്ഷത്തോളം വിര്‍ജീനിയാമാനുകള്‍ (വെളുത്ത വാലുള്ള മാനുകള്‍) ഉണ്ട്. ഓട്ടര്‍, കുറുക്കന്‍, ബീവര്‍, ഒപ്പോസം, കാട്ടുപൂച്ച, മുയല്‍, റാക്കൂണ്‍ തുടങ്ങിയ മൃഗങ്ങളും പലതരം ഇഴജന്തുക്കളും മുതലകളും പക്ഷികളും ഇവിടെയുണ്ട്. ഓകെഫെനോകീ ചതുപ്പില്‍ സാധാരണമായ കറുത്തകരടി വടക്കന്‍ മലമ്പ്രദേശങ്ങളിലും കാണപ്പെടുന്നു.
1930-കള്‍ വരെ ഇവിടെ കൃഷിക്കായിരുന്നു പ്രാധാന്യം.; പിന്നീട് വ്യാവസായിക പുരോഗതി നേടി. തലസ്ഥാനനഗരമായ അത്ലാന്താ ഇന്ന് യു.എസ്സിലെ തന്നെ ഒരു പ്രധാന വ്യാവസായിക കേന്ദ്രമാണ്. പരുത്തി-കൃത്രിമ വസ്ത്രനിര്‍മാണമാണ് മുഖ്യവ്യവസായം. ഗതാഗതയന്ത്രനിര്‍മാണവും ഭക്ഷ്യസംസ്കരണവും അടുത്ത സ്ഥാനങ്ങള്‍ കൊയടക്കിയിരിക്കുന്നു.
30-കളില്‍ മൊത്തം വിസ്തൃതിയുടെ മുന്നില്‍ രണ്ടുഭാഗം കൃഷിയിടങ്ങളായിരുന്നു. മണ്ണിന്റെ വളക്കൂറു നഷ്ടപ്പെട്ടതും മണ്ണൊലിപ്പും മൂലം ഇപ്പോള്‍ പകുതിയില്‍ കുറവാണ്. മുപ്പതുകള്‍ വരെ പ്രധാന വിളയായിരുന്നു പരുത്തിയുടെ ഉത്പാദനവും കാര്യമായി കുറഞ്ഞു. പരുത്തി, നിലക്കടല, ചോളം, സോയാബീന്‍, പുകയില പീച്ചുകള്‍, പികാനുകള്‍ എന്നിവ പ്രധാന കാര്‍ഷികോത്പന്നങ്ങളാണ്. തടിയുത്പാദനത്തിലും ജോര്‍ജിയ മുന്‍പന്തിയില്‍തന്നെ. തീരപ്രദേശങ്ങളില്‍ മത്സ്യബന്ധനമാണ് മുഖ്യ ഉപജീവനമാര്‍ഗം. ബ്രണ്‍സ്വിക് ആണ് പ്രധാന മത്സ്യബന്ധന തുറമുഖം. ഗ്രാനൈറ്റ്, കയോലിന്‍, ഫുളേഴ്സ്, എര്‍ത്ത് തുടങ്ങിയവ ഇവിടെ ഖനനം ചെയ്യപ്പെടുന്നു. ആഭ്യന്തരയുദ്ധം ജോര്‍ജിയയുടെ സമ്പദ്ഘടനയെ പ്രതികൂലമായി ബാധിച്ചെങ്കിലും രണ്ടാംലോകയുദ്ധാനന്തരം സ്റ്റേറ്റ് വ്യാവസായികപുരോഗതി നേടി.
20-ാം ശ.-ന്റെ ആരംഭത്തോടെ വിളകളിലുണ്ടായ വൈവിധ്യവും വ്യാവസായികപുരോഗതിയും ജോര്‍ജിയയുടെ സമ്പദ്ഘടനയ്ക്ക് നവജീവന്‍ നല്കി. 1970-ല്‍ ഇവിടത്തെ ഗവര്‍ണര്‍ ആയിരുന്ന ജിമ്മി കാര്‍ട്ടര്‍ (1924) ആണ് 39-ാമത്തെ യു.എസ്. പ്രസിഡന്റായത് (1977-81). യു.എസ്. പ്രസിഡന്റാകുന്ന ആദ്യത്തെ ജോര്‍ജിയക്കാരനും ഇദ്ദേഹം തന്നെ.
ജോര്‍ജിയയിലെ ജനസംഖ്യയില്‍ ഭൂരിഭാഗവും യൂറോപ്യന്‍ വംശജരായ തദ്ദേശീയരാണ്. മറ്റു സ്റ്റേറ്റുകളെ അപേക്ഷിച്ച് നീഗ്രോകള്‍ ഇവിടെ കൂടുതലാണ് (25.7 ശ.മാ.); ജനങ്ങളില്‍ 45.6 ശ.മാ. പ്രൊട്ടസ്റ്റന്റ് മതവിശ്വാസികളാണ്. റോമന്‍ കത്തോലിക്കര്‍ 3.2 ശ.മാ. മാത്രമേയുള്ളു.
സവാനയാണ് പ്രധാന ജോര്‍ജിയന്‍ തുറമുഖം. തലസ്ഥാനമായ അത്ലാന്തയില്‍ ഒരു മെട്രോ റെയില്‍പ്പാതയുണ്ട്. ഉത്തരജോര്‍ജിയന്‍ നഗരമായ ആതന്‍സിലുള്ള ജോര്‍ജിയന്‍ സര്‍വകലാശാല 1785-ല്‍ സ്ഥാപിതമായി. യു.എസ്സില്‍ ചാര്‍ട്ടര്‍ ചെയ്യപ്പെട്ട ആദ്യത്തെ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയാണിത്. അത്ലാന്തയുടെ പ്രാന്തപ്രദേശത്തുള്ള എമറി യൂണിവേഴ്സിറ്റി ബിരുദപഠനങ്ങള്‍ക്കും മെഡിക്കല്‍ സെന്ററിനും പേരുകേട്ടതാണ്. ഇറ്റാലിയന്‍ നവോത്ഥാന കലയ്ക്ക് ഉത്തമ ദൃഷ്ടാന്തമാണ് ഇവിടത്തെ സൗധങ്ങള്‍. വര്‍ണവിവേചനം ബാധിച്ചിട്ടില്ലാത്ത ക്ലാര്‍ക്ക് അത്ലാന്തായൂണിവേഴ്സിറ്റി പല നീഗ്രോ പ്രമുഖര്‍ക്കും ജന്മം കൊടുത്തു. ജോര്‍ജിയന്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റി (അത്ലാന്താ), ജോര്‍ജിയ സൗര്‍ഹീവ് യൂണിവേഴ്സിറ്റി (സ്റ്റേറ്റ്സ്-ബറോ), ജോര്‍ജിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി (അത്ലാന്താ) എന്നിവയാണ് മറ്റു പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. 1945 മുതല്‍ ജോര്‍ജിയയില്‍ സ്കൂള്‍ വിദ്യാഭ്യാസം നിര്‍ബന്ധിതമാണ്. 6 മുതല്‍ 18 വയസുവരെയുള്ളവര്‍ക്ക് വിദ്യാഭ്യാസം സൗജന്യമാണ്. ജോര്‍ജിയയുടെ ഇപ്പോഴത്തെ (1999-2003) ഗവര്‍ണര്‍ റോയ് ഇ.ബാര്‍ണസ് ആണ്.