This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോധ്പൂര്‍ സര്‍വകലാശാല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജോധ്പൂര്‍ സര്‍വകലാശാല

രാജസ്ഥാനിലെ ജോധ്പൂരില്‍ സ്ഥിതിചെയ്യുന്ന പഠനസൗകര്യങ്ങളോടു കൂടിയ ഒരു സര്‍വകലാശാല. 1962-ലെ ജോധ്പൂര്‍ സര്‍വകലാശാലാ നിയമപ്രകാരം സ്ഥാപിതമായി. ജോധ്പൂരിലെ സര്‍ക്കാര്‍ കോളജുകളായ ജസ്വന്ത് കോളജ്, ശ്രീ മഹാരാജ്കുമാര്‍ കോളജ്, കമലാ നെഹ്റു ഗേള്‍സ് കോളജ്, മാഗ്നിറാം ബംഗുര്‍ മെമ്മോറിയല്‍ എന്‍ജിനീയറിങ് കോളജ് എന്നിവ ഏറ്റെടുത്തുകൊണ്ട് 1962 ജൂണില്‍ ജോധ്പൂര്‍ സര്‍വകലാശാല പ്രവര്‍ത്തനമാരംഭിച്ചു. ജസ്വന്ത് കോളജും ശ്രീ മഹാരാജ്കുമാര്‍ കോളജും സര്‍വകലാശാലയുടെ വ്യത്യസ്ത ഫാക്കല്‍റ്റികളായി രൂപാന്തരപ്പെട്ടുവെങ്കിലും മറ്റു രണ്ടു സ്ഥാപനങ്ങളും അവയുടെ വ്യതിരിക്തമായ അസ്തിത്വം നിലനിര്‍ത്തി. കമലാനെഹ്റു ഗേള്‍സ് കോളജ്, 'കമലാ നെഹ്റു യൂണിവേഴ്സിറ്റി ഹാള്‍ ഫോര്‍ വിമെന്‍' എന്നു പുനര്‍നാമകരണം ചെയ്യപ്പെട്ടു.

സര്‍വകലാശാലയുടെ അധികാരപരിധി ജോധ്പൂര്‍ മുനിസിപ്പാലിറ്റിയില്‍ ഒതുങ്ങുന്നു. അഞ്ചു ഫാക്കല്‍റ്റികളിലായി 31 അധ്യയന വകുപ്പുകളും 3 അഫിലിയേറ്റഡ് കോളജുകളും സര്‍വകലാശാലയുടെ കീഴിലുണ്ട്. ആര്‍ട്ട്സ് എഡ്യൂക്കേഷന്‍ ആന്‍ഡ് സോഷ്യല്‍ സയന്‍സ്, സയന്‍സ്, കോമേഴ്സ്, എന്‍ജിനീയറിങ്, ലോ എന്നിവയാണ് അഞ്ച് ഫാക്കല്‍റ്റികള്‍. ശ്രീ ലച്ചു മെമ്മോറിയല്‍ കോളജ് ഒഫ് സയന്‍സ്, ശ്രീ മഹേഷ് ടീച്ചേഴ്സ് കോളജ്, ശ്രീ ഓങ്കാര്‍ മാല്‍ സൊമാനി കോളജ് ഒഫ് കോമേഴ്സ് എന്നിവയാണ് അഫിലിയേറ്റഡ് കോളജുകള്‍. ഒരു സായാഹ്ന കോളജും സര്‍വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നു; പ്രൈവറ്റായി പരീക്ഷ എഴുതുന്നതിനും സൗകര്യമുണ്ട്.

പതിനൊന്ന് ആഴ്ചകള്‍ വീതമുള്ള മൂന്നു ടേമുകളടങ്ങിയ അധ്യയനവര്‍ഷം ജൂലായില്‍ ആരംഭിക്കുന്നു. മൂന്നാമത്തെ ടേമിന്റെ അന്ത്യത്തിലാണ് വാര്‍ഷികപരീക്ഷ. ഫാക്കല്‍റ്റി ഒഫ് എന്‍ജിനീയറിങ്ങില്‍ സെമസ്റ്റര്‍ സമ്പ്രദായമാണ്. ഗ്രന്ഥശാലയില്‍ അതിവിപുലമായ പുസ്തകശേഖരവും 12,000-ല്‍ അധികം കാലിക പ്രസിദ്ധീകരണങ്ങളുമുണ്ട്. എന്‍ജിനീയറിങ് ഫാക്കല്‍റ്റിക്കും കമലാ നെഹ്റു ഹാള്‍ ഫോര്‍ വിമെനിനും പ്രത്യേക ഗ്രന്ഥശാലകളുണ്ട്.

പെണ്‍കുട്ടികള്‍ക്കായുള്ള ഹോസ്റ്റല്‍ ഉള്‍പ്പെടെ 15 ഹോസ്റ്റലുകള്‍, ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വേണ്ടി ചികിത്സാലയം, കായിക വിനോദങ്ങള്‍ക്കും കളികള്‍ക്കുമുള്ള സൗകര്യങ്ങള്‍ എന്നിവയും സര്‍വകലാശാലയിലുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍