This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോണ്‍ ജേക്കബ്, ഇ. (1913 - 78)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജോണ്‍ ജേക്കബ്, ഇ. (1913 - 78)

കേരളത്തിലെ ഒരു മുന്‍മന്ത്രി. കര്‍ഷകസംഘടനാ പ്രവര്‍ത്തനത്തിലൂടെ കേരള രാഷ്ട്രീയത്തില്‍ കടന്നുവന്ന ഇദ്ദേഹം കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളാണ്. അഭിഭാഷകനായിരുന്ന ഇ.ജെ. ജോണിന്റെ പുത്രനായി 1913 ആഗ. 23-ന് തിരുവനന്തപുരത്തു ജനിച്ചു. സ്കൂള്‍ വിദ്യാര്‍ഥിയായിരിക്കെ 1927-ല്‍ മര്‍ച്ചന്റ് നേവിയില്‍ ചേര്‍ന്നു. 1942-ല്‍ ഇന്ത്യന്‍ ആര്‍മിയില്‍ കമ്മിഷന്‍ഡ് ആഫീസര്‍ ആയി.

1944-ല്‍ സൈനിക സേവനത്തില്‍ നിന്നും വിരമിച്ച ജോണ്‍ ജേക്കബ് പൊതുപ്രവര്‍ത്തനത്തിലും കൃഷിയിലും വ്യാപൃതനായി. കുട്ടനാട് അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും ആള്‍ കുട്ടനാട് അഗ്രിക്കള്‍ച്ചറിസ്റ്റ് ഫോറത്തിന്റെയും പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. 1959-ലെ വിമോചനസമരത്തില്‍ ഇദ്ദേഹം സജീവമായ പങ്കുവഹിച്ചിരുന്നു.

രാഷ്ട്രീയപ്രവര്‍ത്തനങ്ങളുടെ പേരില്‍ 1958-ലും 69-ലും ഇദ്ദേഹത്തെ അറസ്റ്റു ചെയ്തിട്ടുണ്ട്. 1965-ലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി തിരുവല്ല മണ്ഡലത്തില്‍ നിന്നു വിജയിച്ച് നിയമസഭാംഗമായി. തുടര്‍ന്ന് 1967, 70, 77 എന്നീ വര്‍ഷങ്ങളില്‍ ഇതേ മണ്ഡലത്തില്‍ നിന്നും ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 1967-ല്‍ കേരള കോണ്‍ഗ്രസിന്റെ വൈസ് പ്രസിഡന്റായിത്തീര്‍ന്ന ഇദ്ദേഹം 1970-ല്‍ കേരള കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷിയുടെ ഉപനേതാവായി. 1974-ല്‍ ഇദ്ദേഹം ഒറിജിനല്‍ കേരള കോണ്‍ഗ്രസ് എന്ന പേരില്‍ ഒരു പുതിയ രാഷ്ട്രീയസംഘടനയ്ക്ക് രൂപംനല്കി. 1976-ല്‍ വീണ്ടും കേരള കോണ്‍ഗ്രസ്സിലേക്കു തിരിച്ചുപോയി; തുടര്‍ന്ന് ഇദ്ദേഹം കേരള കോണ്‍ഗ്രസ്സിന്റെ ചെയര്‍മാനായി (1976-77). 1977 ഏ. 11-ന് ജോണ്‍ ജേക്കബ് കേരളത്തിലെ ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പുമന്ത്രിയായി. മന്ത്രിയായിരിക്കെ രോഗബാധിതനായ ഇദ്ദേഹം ഹൃദയശസ്ത്രക്രിയയെ തുടര്‍ന്നു 1978 സെപ്. 26-ന് യു.എസില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍